ഹംഗറിയിലെ വിദ്യാര്‍ത്ഥികള്‍ വിളിക്കുന്ന മുദ്രാവാക്യം ഇപ്പോള്‍ നമുക്കും വിളിക്കാനുള്ള മുദ്രാവാക്യമാണ്. അവരുടെ പ്രക്ഷോഭം നമ്മുടേതുകൂടിയാണ്. ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ് മാസ്കു ധരിച്ച് തെരുവില്‍ പൊരുതുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഒളിപ്പൊരുളുകള് ഭയപ്പെടുത്തുന്ന നേരത്ത് നാം അതു കാണണം. കേള്‍ക്കണം.

വിക്തര്‍ ഓര്ബാന് നയിക്കുന്ന തീവ്രവലതു വംശീയ ഭരണ സംവിധാനമാണ് ഹംഗറിയിലേത്. ലോകത്തെ കീഴ്പ്പെടുത്തിയ പകര്‍ച്ചവ്യാധി അദ്ദേഹം സ്വേച്ഛാധികാര ഭ്രാന്തിനു മറയാക്കുന്നു. മാര്‍ച്ച് 11നു കോവിഡ്കാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാര്‍ച്ച് 30ന് അസാധാരണമാം വിധം അമിതാധികാരം ഉറപ്പാക്കുന്ന നിയമം പാര്‍ലമെന്റില്‍ പാസാക്കി. പത്തു വര്‍ഷമായി നടപ്പാക്കിപ്പോന്ന തീവ്രവലത് അജണ്ട അക്രമോത്സുകമാകുന്നതാണ് പിന്നീട് കണ്ടത്.
പൊതുവിഭവങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ വലിയ ആവേശമാണ് ഓര്ബാന് കാണിച്ചത്. രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളെല്ലാം വില്‍പ്പനയ്ക്കു വെച്ചു. തെരഞ്ഞെടുക്കപ്പെട്ട സെനറ്റും മറ്റു ഭരണ സംവിധാനങ്ങളും പിരിച്ചു വിട്ടു. സര്‍വ്വകലാശാലകളുടെ സ്വയംഭരണ അവകാശം എടുത്തു മാറ്റി. സര്‍ക്കാര്‍ ധനസഹായം നിര്‍ത്തി. പുതിയ മേല്‍നോട്ട സമിതികളുണ്ടാക്കി. പാഠ്യപദ്ധതിയില്‍ ഇടപെട്ടു. ജന്റര്‍ സ്റ്റഡീസ് പഠനം നിരോധിച്ചു. കൃസ്തീയ പാഠങ്ങളടങ്ങിയ പുതിയ പാഠ്യ പദ്ധതികള്‍ തയ്യാറാക്കി.
ഇടതുപക്ഷ ലിബറലുകളും സ്വതന്ത്ര ബുദ്ധിജീവികളും പ്രവാസി ഇസ്ലാമിക വിദ്യാര്‍ത്ഥികളും കാമ്പസുകളുടെ ധൈഷണിക സ്വഭാവം കയ്യടക്കുന്നുവെന്ന ആരോപണം ഉയര്‍ത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ഇടതാഭിമുഖ്യമുള്ളതോ സ്വതന്ത്ര അഭിപ്രായമുള്ളതോ ആയ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കള്ളക്കേസു ചുമത്തി നേരിട്ടു. അടിയന്തരാവസ്ഥയുടെ മറവില്‍ കാമ്പസുകളില്‍ വംശീയാധികാരം ശുദ്ധീകരണ ക്രിയയില്‍ മുഴുകി.

ഒന്നര നൂറ്റാണ്ടു പഴക്കമുള്ള ഒരു കാമ്പസ് സ്വകാര്യവത്ക്കരിക്കാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ അപ്രതീക്ഷിതമായ എതിര്‍പ്പിന് ഇടയാക്കിയത്. ബുഡാപെസ്റ്റിലെ യൂനിവേഴ്സിറ്റി ഓഫ് തിയേറ്റര്‍ ആന്റ് ഫിലിം ആര്‍ട്സ് വിഖ്യാതരായ ഒട്ടേറെ കലാകാരന്മാര് പഠിച്ച കലാലയമാണ്. രാജ്യത്തെ മികച്ച ആറു സര്‍വ്വകലാശാലകള്‍ വിറ്റശേഷം ഏഴാമത് തിരിഞ്ഞത് ഈ സ്ഥാപനത്തിനു നേരെയാണ്. ഹംഗറിയിലെ ഇടതു രാഷ്ട്രീയ ഉണര്‍വ്വിന്റെയും സൗന്ദര്യ ശിക്ഷണത്തിന്റെയും കേന്ദ്രമാണിത്.
സ്വതന്ത്ര സ്വയംഭരണ ക്രമം എടുത്തു കളയാനും സ്വകാര്യ മൂലധനത്തിന് സ്ഥാപനം കൈമാറാനുമുള്ള നീക്കം വലിയ പ്രതിഷേധം വിളിച്ചുവരുത്തി. ആഗസ്ത് 31 മുതല്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും സമരരംഗത്തുണ്ട്. സെപ്തംബര്‍ 6 ഞായറാഴ്ച്ച സര്‍വ്വകലാശാലയ്ക്കും പാര്‍ലമെന്റിനും ഇടയില്‍ കിലോമീറ്ററുകള്‍ നീണ്ട മനുഷ്യച്ചങ്ങല നിര്‍മ്മിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കണക്കാക്കാതെ പതിനായിരത്തിലധികം ആളുകളാണ് ചങ്ങലയില്‍ കണ്ണികളായത്.
ഓസ്കാര്‍ അവാര്‍ഡു ജേതാക്കളായ മിഷേല്‍ കര്ട്സും വില്മോസ് സിഗ്മോണ്ടും പഠിച്ച സര്‍വ്വകലാശാലയാണ്. അങ്ങനെ എത്രയോ പ്രശസ്തര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്ഥാപനം. വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭം ലോകമെങ്ങുമുള്ള എഴുത്തു കാരുടെയും കലാകാരന്മാരുടെയും ശ്രദ്ധ നേടി. സല്മാന് റഷ്ദിയെപ്പോലെയുള്ള ഒട്ടേറെ എഴുത്തുകാര്‍ പിന്തുണ പ്രഖ്യാപിച്ചു. ബ്രതോള്‍ഡ് ബ്രഹ്തും ഭാര്യ ഹെലന് വെയ്ഗലും ആരംഭിച്ചു ഇപ്പോഴും സജീവമായി നില്ക്കുന്ന ബര്‍ലിനര്‍ എന്‍സെമ്പിള്‍ എന്ന തിയേറ്റര്‍ ഗ്രൂപ്പ് വിദ്യാര്‍ത്ഥികളോടുള്ള അനുഭാവം പ്രഖ്യാപിച്ചു.
അമ്പത്തിയെട്ടു ശാസ്ത്രജ്ഞര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഓര്ബാന് ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചു. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കി, കടുത്ത സെന്‍സര്‍ഷിപ്പ് കൊണ്ടുവന്നു, ശാസ്ത്ര ഗവേഷണത്തില്‍ ഇടപെടുകയും തടസ്സങ്ങളുണ്ടാക്കുകയും ചെയ്തു, രാജ്യഭരണത്തെ പാവനാടകമാക്കി, പൊതുവിഭവങ്ങള്‍ സ്വകാര്യവത്ക്കരിച്ചു എന്നിങ്ങനെ ഓര്‍ബാന്റെ ദുഷ്ചെയ്തികള്‍ ഓരോന്നും അവര്‍ എടുത്തെഴുതി. പലരും തങ്ങളുടെ ജോലി രാജിവെച്ചാണ് പ്രക്ഷോഭത്തില്‍ പങ്കു ചേര്‍ന്നത്.

സര്‍വ്വകലാശാലകളുടെ സ്വയംഭരണ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണെന്ന് സമര നേതൃത്വം ഓര്‍മ്മിപ്പിക്കുന്നു. വിക്തര്‍ ഓര്‍ബാനും അദ്ദേഹത്തിന്റെ ഫിദെസ് പാര്‍ട്ടിയും തീവ്ര വലതു വംശീയ സ്വേച്ഛാവാഴ്ച്ചയുടെ നവനാസി അജണ്ടയാണ് നടപ്പാക്കുന്നത്. അമേരിക്കയില്‍ ട്രമ്പും ബ്രസീലില്‍ ബൊള്‍സനാരോയും ഇസ്രായേലില്‍ നെതഹ്ന്യാഹുവും തുര്‍ക്കിയില്‍ എര്ദഗോണും റഷ്യയില്‍ പുടിനും ഇന്ത്യയില്‍ മോദിയും ഒരേ തീവ്രവലതു സമീപനത്തിന്റെ പങ്കുകാരാണ്. ഒരേ കോര്‍പറേറ്റ് ദാസ്യത്തിന്റെ ദല്ലാള്‍ രാഷ്ട്രീയ നേതൃത്വങ്ങളാണ്. ഫാഷിസത്തിന്റെ അഴിഞ്ഞാട്ട രൂപങ്ങളാണ്.
ഇന്ത്യന്‍ കാമ്പസുകളില്‍ എന്തു നടക്കുന്നു എന്നു നമുക്കറിയാം. ജെ എന്‍ യുവിലും ജാമിയ മില്യയിലും അലിഗഡിലും വീശുന്ന കാറ്റിന്റെ സ്വഭാവം നമുക്കറിയാം. അവിടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തടങ്കല്‍ പാളയങ്ങളിലേക്ക് എടുത്തെറിയപ്പെടുകയാണ്. സര്‍വ്വകലാശാലകള്‍ സ്വകാര്യവത്ക്കരിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. പാഠ്യപദ്ധതികളും രീതിശാസ്ത്ര വഴക്കങ്ങളും അട്ടിമറിക്കപ്പെട്ടു. നേരിയ പ്രതിഷേധങ്ങള്‍പോലും സഹിക്കാന്‍ തയ്യാറല്ലാത്ത അധികാരമാണ് ദില്ലിയിലേത്. കോവിഡ്കാലം സ്വേച്ഛാധികാര വാഴ്ച്ചക്കു തണലാവുകയാണ്.
ഡാന്യൂബ് നദിയില്‍ പണ്ടു കവിയെറിഞ്ഞ കാക്കസസിന്റെ മുഴക്കമുള്ള പെരുമ്പറ അതിന്റെ മാന്ത്രിക ഇരമ്പമായി നമുക്കു പിറകേ വരുന്നുണ്ട്. ശ്രദ്ധിച്ചാല്‍ അതിന്റെ മുഴക്കം കേള്‍ക്കാം. ഹൃദയം തുറന്നാല്‍ അതിന്റെ ആഹ്വാനം ഉള്‍ക്കൊള്ളാം.
ബുഡാപെസ്റ്റിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരേ, പ്രിയ സഖാക്കളേ വിദൂരാഭിവാദ്യം.
ആസാദ്
15 സെപ്തംബര്‍ 2020
ഇത് തന്നെയാണ് ഇവിടേയും
നടക്കുന്നത്. ജെ.എൻ.യു, ജാമിയ തുടങ്ങിയ സർവകലാശാലകളിലെ നമ്മുടെ യുവത്വത്തിൻെറ ധീരമായ സമരങ്ങളെ
ഇല്ലാതാക്കാനുള്ള ഹിന്ദുത്വഫാസിസ്ററ് ഭരണകൂട ഭീകരത ഹങ്കറിയിലെ സാഹചര്യങ്ങൾപോലെതന്നെയാണ്.
നമ്മളുണർന്നേപററൂ. രണ്ടാം സ്വാതന്ത്ര്യ
സമരത്തിന് രാജ്യം തയാറെടുത്തേ പററൂ.
LikeLiked by 1 person