പബ്ലിക് സര്‍വീസ് കമ്മീഷന് സ്വതന്ത്ര സ്വയംഭരണ സ്ഥാപനമാണ്. അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ മിക്കവാറും രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ്. പി എസ് സിക്കകത്ത് പാര്‍ട്ടി ഫ്രാക്ഷനുകള് സജീവവുമാവണം. എന്നിട്ടും പാര്‍ട്ടിയുടെയും മുന്നണിയുടെയും സര്‍ക്കാറിന്റെയും നിലപാടു നടപ്പാക്കാന്‍ പി എസ് സി വിമുഖത കാട്ടുന്നു!
പ്രൈമറി അദ്ധ്യാപക നിയമനത്തിനുള്ള പരീക്ഷയുടെ സിലബസ്സില്‍ മലയാള ഭാഷയും സാഹിത്യവുമില്ല. അടിസ്ഥാന വിദ്യാഭ്യാസം മാതൃഭാഷയിലാവണമെന്നു നിര്‍ബന്ധമുള്ള സര്‍ക്കാറാണ് ഭരിക്കുന്നത്. അതിനു നിയമം പാസാക്കിയ സര്‍ക്കാറുമാണ്. അതു പക്ഷെ പി എസ് സി അറിഞ്ഞിട്ടില്ല. ഈ അറിവില്ലായ്മ തിരുത്താന്‍ മലയാള ഭാഷാ സ്നേഹികള്‍ വലിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നുണ്ട്.

ഭരണ ഭാഷ മലയാളമാക്കി. ഫയലുകളും കത്തിടപാടുകളും അറിയിപ്പുകളും ബോര്‍ഡുകളും മലയാളത്തിലാക്കി. അതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ സമിതികളുണ്ടാക്കി. പിണറായി സര്‍ക്കാറിന്റെ കാലത്തു നടന്ന മികച്ച ഭരണ പരിഷ്കാരമാണത്. അതിന്റെ കാറ്റൊന്നും പക്ഷെ വിദ്യാഭ്യാസ രംഗത്തും പി എസ് സിയിലും പ്രതിഫലിച്ചില്ല.
കേരളത്തില്‍ ഒന്നാം ഭാഷ മലയാളമാവണം. അദ്ധ്യയന മാദ്ധ്യമവും മലയാളമാവണം. അധിക യോഗ്യതയായി മറ്റു ഭാഷകള്‍ പഠിക്കാനുള്ള സൗകര്യമുണ്ടാവണം. എത്രയോ കാലമായി ആവശ്യപ്പെടുന്ന കാര്യമാണെങ്കിലും ഇന്നും നടന്നിട്ടില്ല. കൊളോണിയല്‍ അച്ചുതണ്ടിലുള്ള കറക്കം നിര്‍ത്താന്‍ ഭാവമില്ല.
ഇംഗ്ലീഷില്ലാതെ എങ്ങനെയാണ് ശരിയാവുക എന്ന ചോദ്യത്തെ അതിജീവിക്കാന്‍ കെല്പ്പു നേടിയിട്ടില്ല. ലോകത്ത് ഒരു രാജ്യത്തിനും തോന്നാത്ത ശങ്കയാണ്. എല്ലായിടവും അതതു മാതൃഭാഷകളില്‍ അദ്ധ്യയനം നടത്താന്‍ ശീലിക്കുന്നു. എന്നാല്‍ നമ്മുടെ അടിമ മനസ്സ് മാറുന്നില്ല. ഇംഗ്ലീഷ് പഠിച്ചുകൊള്ളൂ എന്ന് നമുക്ക് അവസരം നല്‍കാം. അതു പക്ഷെ, ഒന്നാം ഭാഷയാവണമെന്ന ശാഠ്യം വേണ്ട. ലോവര്‍ പ്രൈമറി ക്ലാസുകള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ.
നമ്മുടെ സാമ്രാജ്യത്വ വിരുദ്ധവും ജാതി ജന്മി നാടുവാഴിത്ത വിരുദ്ധവുമായ സമര പാരമ്പര്യത്തില്‍ മാതൃഭാഷാവീറിന്റെ കനലുണ്ട്. അതു മറന്നുകൊണ്ടു നമ്മുടെ നവോത്ഥാന പാരമ്പര്യമോ സ്വാതന്ത്ര്യ സമര പാരമ്പര്യമോ ജാതിവിരുദ്ധ സാമൂഹിക പരിഷ്കരണ ശ്രമങ്ങളോ ജനാധിപത്യ മതേതര മൂല്യങ്ങളോ നിലനില്ക്കുകയില്ല. മാതൃഭാഷ ഉപേക്ഷിക്കുക എന്നത് കേരളീയ ഉപദേശീയതയെ തകര്‍ക്കലാണ്. ഭാഷാ സംസ്ഥാനങ്ങള്‍ എന്ന ആശയത്തില്‍ ഉള്‍ച്ചേര്‍ന്ന ദേശീയ വികാരത്തിന്റെ തിരസ്കാരമാണ്.
ഇതൊക്കെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് മലയാളിയുടെ ദൗര്‍ഭാഗ്യമാണ്. അധികാര സ്ഥാനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് മാനസികമായ അടിമത്തം ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. അവര്‍ ആരുടെയൊക്കെയോ നിയന്ത്രണത്തിലാണ്. നിയമസഭ പാസാക്കിയ ഒരു നിയമത്തിനു നേരെ കണ്ണടയ്ക്കാനുള്ള സ്വാതന്ത്ര്യം പി എസ് സിപോലുള്ള ഒരു സ്ഥാപനത്തിനു ലഭിക്കുന്നത് എങ്ങനെയെന്നു മനസ്സിലാവുന്നില്ല.
ഇക്കാര്യത്തില്‍ സര്‍ക്കാറിനും സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിക്കും അതിന്റെ സാംസ്കാരിക നയ ഉപദേഷ്ടാക്കള്‍ക്കും അഭിപ്രായമോ അതു നടപ്പാക്കാനുള്ള ഇച്ഛാശക്തിയോ കാണുന്നില്ല. ഒരു കൈകൊണ്ടു പി എസ് സിയെ താലോലിച്ചു മറുകൈകൊണ്ട് ശാസിക്കുന്ന കോമാളി നാടകം മടുപ്പുളവാക്കുന്നു. സര്‍ക്കാറിനും പാര്‍ട്ടിക്കും മലയാളത്തോടു പ്രതിബദ്ധതയുണ്ടെങ്കില്‍ അവരുടെ പ്രതിനിധികള്‍ക്ക് പി എസ് സിയില്‍ അതു നടപ്പാക്കാന്‍ എന്തു തടസ്സമാണുള്ളത്? പ്രശ്നം പാര്‍ട്ടിയും സര്‍ക്കാറും തന്നെയാണ്. പി എസ് സിയില്‍ തല്ലി കൈകുഴയേണ്ടതില്ല.
സര്‍ക്കാറിനെ ഒട്ടും വിമര്‍ശിച്ചുകൂടാ, ജനങ്ങളിലെ രോഷം അടക്കുകയും വേണം. അതിനെന്തു വഴി എന്നാണു നോട്ടം. അപ്പോള്‍ പി എസ് സി സ്വതന്ത്ര സ്ഥാപനമാണ്. അവിടത്തെ സാങ്കേതിക പരിമിതികളാണ് തടസ്സം എന്ന വിശദീകരണം നല്‍കേണ്ടിവരും. പാര്‍ട്ടിയും സര്‍ക്കാറും നിര്‍ദ്ദേശിച്ചവരാണ് അവിടെ ഇരിക്കുന്നതെന്നും കേരളത്തിലെ ജനങ്ങളുടെ താല്‍പ്പര്യം നടപ്പാക്കാനാണ് ബാധ്യതയെന്നും അവര്‍ മറന്നു പോകുന്നു.
അതുകൊണ്ട് പ്രൈമറി അദ്ധ്യാപക നിയമനത്തിനുള്ള പരീക്ഷയുടെ സിലബസ്സില്‍ മലയാള ഭാഷയും സാഹിത്യവും ചോര്‍ന്നു പോവുന്നെങ്കില്‍ പി എസ് സിയെന്ന ഒരു സ്ഥാപനത്തിന്റെ സമീപനം മാത്രമല്ല വെളിപ്പെടുന്നത്. സര്‍ക്കാറിന്റെയും അതിനെ നയിക്കുന്ന മുന്നണിയുടെയും നയവൈകല്യം കൂടിയാണ്. നിയമസഭ പാസാക്കിയ ഒരു നിയമം പോലും നടപ്പില്‍ വരുത്താനുള്ള ശേഷിയില്ലായ്മയാണ്. അതു പറയാന്‍ ധൈര്യമില്ലാത്ത സമരവും പൊന്തയില്‍ തല്ലലാണ്. അതു ലക്ഷ്യം കാണാന്‍ പര്യാപ്തമല്ല.
ആസാദ്
15 സെപ്തംബര്‍ 2020