അലനും താഹയും ആ ഈന്തപ്പഴം തിന്നിട്ടില്ല. വായിക്കാനല്ലാതെ ഒരു വിശുദ്ധ ഗ്രന്ഥവും കൈകൊണ്ടു തൊട്ടിട്ടില്ല. ദുരൂഹ വ്യക്തിത്വങ്ങള്‍ക്കൊപ്പം അത്താഴമുണ്ടിട്ടില്ല. ദുസ്വപ്നങ്ങളെ ആശ്ലേഷിച്ചിട്ടില്ല. നിരാലംബ ജീവിതങ്ങളുടെ തണലിന് കൂലി ചോദിച്ചിട്ടില്ല.
വായിച്ചിട്ടുണ്ട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുതല്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടു വരെ. പ്രതിഷേധിച്ചിട്ടുണ്ട് വംശഹത്യകളിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും. കണ്ണും കാതും തുറന്നു വെച്ചിട്ടുണ്ട് സഹജീവികളുടെ നിലവിളികളിലേക്ക്. അവര്‍ ജിജ്ഞാസയുള്ള വിദ്യാര്‍ത്ഥികളായിരുന്നു. മനുഷ്യത്വത്തിന്റെ പടയാളികളായിരുന്നു. അതിനാല്‍ അവരെ ഭരണകൂടം പേടിച്ചുവോ?
നോക്കൂ, നേതാക്കന്മാരുടെ മക്കളെല്ലാം സുരക്ഷിതരാണ്. അവര്‍ തൊട്ടതെല്ലാം പൊന്നാവുന്നു. നിക്ഷേപങ്ങളെല്ലാം പല മടങ്ങായി പെരുകുന്നു. രാജ്യാന്തര വ്യാപാരത്തില്‍ കീര്‍ത്തിമുദ്ര നേടുന്നു! പഠനത്തില്‍ പിറകിലാവട്ടെ, അവസരങ്ങളില്‍ മുന്നിലുണ്ട്. ധനാഢ്യര്‍ ആശ്ലേഷിക്കുന്നു. സകല കോര്‍പറേറ്റുകളും ഭിക്ഷ നല്കുന്നു. റിയല്‍ എസ്റ്റേറ്റ് – ലഹരി മാഫിയ – കള്ളക്കടത്ത് ലോബികളുടെയെല്ലാം കഥകളില്‍ നായക വേഷം. രാജ്യദ്രോഹത്തിനു വാഴ്ത്തുപാട്ട്!
ഒരു പുസ്തകവും അവരെ കളങ്കിതരാക്കില്ല. ഒരു നിലവിളിയും അവരെ വഴി തെറ്റിക്കില്ല. ഒരനീതിയും അവരുടെ ഉറക്കം കെടുത്തില്ല. അച്ഛനമ്മമാര്‍ അവരെച്ചൊല്ലി തീ തിന്നില്ല. ഭരണകൂടം അവര്‍ക്കു പിറകേ അലയില്ല.
ഏതു പാരഗണിലും അവര്‍ക്കു ചായകുടിക്കാം. ആയിരമോ രണ്ടായിരമോ ടിപ്പു നല്കി പാവങ്ങളെ അമ്പരപ്പിക്കാം. രാത്രിവെട്ടത്തില്‍ കണ്ണൂര്‍ റോഡിലൂടെയോ എം ജി റോഡിലൂടെയോ കൈവീശി നടക്കാം. മസ്ക്കറ്റ് ഹോട്ടലില്‍ വിവാഹമുറപ്പിക്കാം. ബാംഗ്ലൂരിലോ തായ്ലന്റിലോ നെതര്ലാന്റിലോ ഹണീമൂണാവാം. ഇഷ്ടപ്പെട്ടിടത്ത് ക്വാറിയോ റിസോര്‍ട്ടോ ഐ ടി കമ്പനിയോ ഡാന്‍സ് ബാറോ തുടങ്ങാം. ഭരണകൂടത്തിന്റെ ശക്തി അവരാണ്. ഒരു യു എ പി എയും ഏശുകയില്ല.
ഈന്തപ്പഴം തിന്നുന്നവരും തിന്നാത്തവരും രണ്ടാണ്. പുസ്തകങ്ങള്‍ വായിക്കുന്നവരും അതില്‍ അര്ത്ഥമൊളിപ്പിക്കുന്നവരും രണ്ടാണ്. കുളത്തില്‍ കുളിക്കുന്നവരും കടലില്‍ വേട്ട നടത്തുന്നവരും രണ്ടാണ്. രണ്ടു വര്‍ഗങ്ങള്‍. അവര്‍ തമ്മിലൊന്നുമില്ല. ആരുമറിയാത്ത, ആരും പറയാത്ത വര്ഗസമരമൊഴികെ ഒന്നും.
ആസാദ്
14 സെപ്തംബര്‍ 2020
