Article POLITICS

ഫാഷിസം യെച്ചൂരിയെ തേടിയെത്തുമ്പോള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വന്ന പ്രക്ഷോഭം സ്വാതന്ത്രാനന്തര ഇന്ത്യയിലെ സമാനതകളില്ലാത്ത ഉജ്വല ജനമുന്നേറ്റം കാഴ്ച്ച വെച്ചു. അതുണ്ടാക്കിയ ഞെട്ടലില്‍നിന്നും കേന്ദ്ര ബി ജെ പി ഭരണവും അതിന്റെ ആര്‍ എസ് എസ് നടത്തിപ്പു സംഘവും ഒട്ടും പുറത്തു വന്നിട്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനരോഷത്തെ കലാപങ്ങളുടെ രക്തത്തിലും പൊലീസ് ഭീകരതയിലും അവസാനിപ്പിക്കാന്‍ കഴിയുമെന്ന് സംഘപരിവാരം വ്യാമോഹിച്ചു. അതിന്റെ ഫലമായാണ് ദില്ലി കലാപം നടന്നത്.

കലാപം ആസൂത്രണം ചെയ്തു പ്രഖ്യാപിച്ചവര്‍ നിയമത്തിനു മുന്നില്‍ എത്തിയില്ല. അവരെയല്ല, ഷഹീന്‍ബാഗ് പ്രക്ഷോഭങ്ങളില്‍ അണിനിരന്ന അനേകരെയാണ് പൊലീസിനു വേണ്ടിയിരുന്നത്. രാജ്യത്തെമ്പാടുമുള്ള തെരുവുകളില്‍ മാത്രമല്ല ലോകനഗരങ്ങളിലും സി എ എ വിരുദ്ധ സമരം ആളിപ്പടര്‍ന്നത് മോദി ഗവണ്‍മെന്റിനു വലിയ തലവേദനയായി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം അടച്ചു പൂട്ടലിനെയും കര്‍ക്കശമായ ആരോഗ്യ അച്ചടക്കത്തെയും നേരിട്ട നാളുകളില്‍ കേന്ദ്ര സര്‍ക്കാര്‍ സമര സൈനികരെ പിടികൂടി ജയിലിലടയ്ക്കാന്‍ ഉത്സാഹിച്ചു. അതിന് യു എ പി എപോലുള്ള ഭീകര നിയമങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്കൊട്ടും അറപ്പു തോന്നിയില്ല. രോഗത്തിന്റെ മറവില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കപ്പെടുന്നതു നാം കണ്ടു.

പ്രതിപക്ഷ രാഷ്ട്രീയത്തിലെ കനലുകള്‍ എങ്ങനെ അണച്ചുകളയാം എന്ന ചിന്തയാവും മോദിഭരണത്തിന്റെ ഉറക്കമില്ലാതാക്കുന്നത്. ഏറ്റവുമൊടുവില്‍ കുറ്റപത്രത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരും എഴുതിച്ചേര്‍ത്തിരിക്കുന്നു. ഒപ്പം സ്വരാജ്അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞ ജയതി ഘോഷ്, ദില്ലി സര്‍വ്വകലാശാലാ പ്രൊഫസര്‍ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി ചലച്ചിത്ര പ്രവര്‍ത്തകന്‍ രാഹുല്‍ റോയ് എന്നിവരുടെ പേരുകളും.

ഇടതുപക്ഷ / അടിത്തട്ടു ജനകീയ രാഷ്ട്രീയത്തിന്റെ ഉന്മൂലനമാണ് കുറെ കാലമായി ബി ജെ പിയുടെ മുഖ്യലക്ഷ്യം. ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരെ വേട്ടയാടുന്നതിന് പല പേരില്‍ പദ്ധതികളുണ്ടാക്കുന്നു. ധൈഷണിക വിപ്ലവത്തിനു ശേഷിയുള്ള രാഷ്ട്രീയ ധാരകളെ അര്‍ബന്‍ നക്സലുകളായി മുദ്രകുത്തുന്നു. അതിനപ്പുറം ഭീകരവാദ ഭീഷണി മുഴക്കുന്നു. കമ്യൂണിസ്റ്റ്- അംബേദ്കറിസ്റ്റ് – ന്യൂനപക്ഷ – സ്ത്രീ ഉണര്‍വ്വുകളെയെല്ലാം വേരരിഞ്ഞു കളയാമെന്നാണ് മോഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂപപ്പെട്ട പ്രക്ഷോഭം മോദി സര്‍ക്കാറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

ഷഹീന്‍ബാഗിനു പിറകിലെ രാഷ്ട്രീയ പ്രേരണകള്‍ തേടി ഗസ്റ്റപ്പോകള്‍ നെട്ടോട്ടം ഓടിയിരിക്കും. രാജ്യത്തു വളര്‍ന്നു തിടം വെയ്ക്കുന്ന പുതിയ പ്രതിപക്ഷ ധ്രുവീകരണം അവര്‍ക്കു തകര്‍ക്കാതെ വയ്യല്ലോ! എല്ലാ ഗൂഢാലോചനകളുടെയും ഭാരം ഇടതു രാഷ്ട്രീയ നേതൃത്വത്തില്‍ ചാര്‍ത്തി ആര്‍ എസ് എസ് മാനിഫെസ്റ്റോ ആദ്യമേ ലക്ഷ്യമിട്ടത് നടപ്പാക്കാനാവണം ശ്രമം. ഈ പ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയാവുന്ന ചിത്രമാണ് സീതാറാം യെച്ചൂരിയെയും മറ്റും പ്രതിചേര്‍ക്കുക വഴി പുറത്തുവരുന്നത്. ഇത് ആരംഭിച്ചത് പൗരത്വ പട്ടികയുടെയും പൗരത്വ നിയമ ഭേദഗതിയുടെയും ബില്ലുകളിലാണ്. ഇന്ത്യന്‍ ഫാഷിസത്തിന്റെ ഹിംസാടനഘട്ടം രാഷ്ട്രീയ ഉന്മൂലനങ്ങളിലേക്ക് പ്രവേശിക്കുന്നു എന്ന മുന്നറിയിപ്പാണ് സീതാറാം യെച്ചൂരിയെ ഗൂഢാലോചനാ കുറ്റത്തില്‍ തളയ്ക്കുകവഴി ഭരണകൂടം നല്‍കുന്നത്.

അതിനാല്‍ വളരെ ജാഗ്രതയോടെ ചുവടു വെയ്ക്കാന്‍ ജനാധിപത്യ വാദികള്‍ തയ്യാറാവേണ്ടതുണ്ട്. സീതാറാം യെച്ചൂരിക്കും യോഗേന്ദ്ര യാദവിനും ജയതിഘോഷിനും അപൂര്‍വ്വാനന്ദിനും രാഹുല്‍റോയിക്കും എതിരെയുള്ള നീക്കത്തെ കടുത്ത ഭാഷയില്‍ തന്നെ അപലപിക്കണം. ഇന്ത്യന്‍ മതേതര ജനാധിപത്യ ജീവിതങ്ങളുടെ അനുഭവവും സ്വപ്നവും വിട്ടുതരില്ലെന്ന് ഒറ്റശബ്ദത്തില്‍ പ്രഖ്യാപിക്കണം. ദില്ലി കലാപത്തിന്റെ യഥാര്‍ത്ഥ പ്രതികളെയാണ് പിടികൂടേണ്ടത്. ആ കലാപം ഇന്നത്തെ വേട്ടയ്ക്കുള്ള കൊടിയേറ്റമായിരുന്നു എന്നു വ്യക്തമാണ്. അതങ്ങനെ അനുവദിച്ചു കൊടുക്കാന്‍ നമുക്കാവില്ല. ഫാഷിസം തുലയട്ടെ.

ആസാദ്
13 സെപ്തംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )