ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രിയ സഖാക്കളേ,
വേറിട്ടൊരു രാഷ്ട്രീയ സംസ്കാരം പടുത്തുയര്‍ത്താന്‍ രൂപപ്പെട്ട മുന്നണിയാണിത്. അധികാരത്തിനുള്ള രാഷ്ട്രീയ കക്ഷികളുടെ കൂട്ടുകെട്ടായല്ല, ബഹുജന സമരൈക്യത്തിന്റെ മുന്നണി രൂപമായിട്ടായിരുന്നു തുടക്കം. ഭരണകൂടത്തിന്റെ വലതൊഴുക്കുകളെ തടഞ്ഞ് ജനപിന്തുണയോടെ ഇടതുബദല്‍ നടപ്പാക്കാന്‍ നിയുക്തമായ ജനശക്തി. ആ മുന്നണി ഇന്ന് എവിടെയാണ് എത്തി നില്‍ക്കുന്നത്?
രാഷ്ട്രീയമായും ധാര്‍മ്മികമായും തകര്‍ന്നു ദയനീയമായ അവസ്ഥയിലെത്തിയില്ലേ? ഓരോ വീഴ്ച്ച എടുത്തുകാണിക്കുമ്പോഴും അതു വലതുപക്ഷ രാഷ്ട്രീയവുമായി താരതമ്യം ചെയ്തു സാധൂകരിക്കേണ്ട ഗതികേട് വന്നു! വേറിട്ട മുഖമാണെന്നതു മറന്നു. ഇടതുപക്ഷ ആശയവ്യക്തതയോ സദാചാരമോ നേതൃത്വത്തിനില്ല. ജീര്ണതയില് വലതുപക്ഷ രാഷ്ട്രീയത്തോടു മത്സരിക്കുകയാണ്.
ഏതു വലതുപക്ഷ സര്‍ക്കാറും ഒട്ടേറെ ജനപ്രിയ നടപടികള്‍ സ്വീകരിക്കാറുണ്ട്. രാജഭരണത്തില്‍ പോലും എടുത്തു പറയാന്‍ ചില നേട്ടങ്ങള്‍ കാണും. അത്രയൊക്കെയേ ഉള്ളൂ ഒരിടതുപക്ഷ സര്‍ക്കാറിന് എന്നു വരുന്നത് നല്ലതാണോ? അടിസ്ഥാന കാഴ്ച്ചപ്പാടിലെ വ്യത്യസ്തതയാണ് കാത്തുപോരേണ്ടത്. പുറംതള്ളപ്പെടുന്ന ഇരകളെ സൃഷ്ടിക്കുന്ന മുതലാളിത്ത വികസനമല്ല, ഇരകളില്ലാത്ത ബദല്‍ വികസനമാണ് അഥവാ ജനപുരോഗതിയാണ് ഇടതുപക്ഷ അജണ്ടയിലുണ്ടാവേണ്ടത്. അതു മറന്നു വലതുപക്ഷ വഴിയില്‍ മുന്നേറുന്ന ഇടതുമുന്നണി പേരില്‍ മാത്രമാണ് ഇടതാകുന്നത്.
ഈ വഴിപ്പിശക് രാഷ്ട്രീയമായ തകര്‍ച്ച മാത്രമല്ല ധാര്‍മ്മികമായ തകര്‍ച്ചയും ഉണ്ടാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സ്വര്‍ണ കള്ളക്കടത്തു കേസില്‍ സംശയത്തിന്റെ മുനമ്പിലാവുന്നു. മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. മുഖ്യ ഭരണകക്ഷിയായ സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകനും ചോദ്യം ചെയ്യലിനു വിധേയമാകുന്നു. അയാള്‍ക്കെതിരെ മയക്കു മരുന്നു കേസിലെ അന്വേഷണംകൂടിയുണ്ട് എന്നത് ഞെട്ടിക്കുന്നു.
വലതു വികസനപാത അനിവാര്യമായും അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെയും കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെയും വിനീത ദാസരാക്കി ഇടതു രാഷ്ട്രീയ നേതൃത്വത്തെ മാറ്റിയിരിക്കുന്നു. അതു വായ്പാസമ്പദ്ഘടനയിലേക്കും അതിന്റെ കടുത്ത നിയന്ത്രണങ്ങളിലേക്കും കേരളത്തെ തള്ളിവിട്ടു. ഒപ്പം കമ്മീഷനും കോഴയും പിന്‍വാതില്‍ നിയമനവും സ്വജന പക്ഷപാതവും അഴിമതിയും വ്യാപകമായി. വലതു ജീര്‍ണതകളിലേക്കാണ് ഇടതുമുന്നണി ആവേശപുര്‍വ്വം കൂപ്പുകുത്തിയത്.
കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള ചെറുത്തു നില്‍പ്പുകള്‍ക്ക് യോജിച്ച പോര്‍മുഖം തുറക്കാന്‍ ഇടതുമുന്നണിക്കു സാധിച്ചില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ എല്‍ ഡി എഫ് വേറിട്ടു നിന്നു. കാശ്മീര്‍ വിഷയത്തിലോ എന്‍ ഐ എ – യു എ പി എ നിയമ ഭേദഗതികളിലോ പ്രസ്താവനകള്‍ക്കപ്പുറം കടന്ന് ജനകീയ പ്രക്ഷോഭം ഉയര്‍ത്താന്‍ എല്‍ ഡി എഫിനു സാധിച്ചില്ല. പുതിയ വിദ്യാഭ്യാസ നയം, പരിസ്ഥിതി ആഘാത വിശകലന വിജ്ഞാപനം എന്നിവയിലും ജനകീയ സമരം വളര്‍ത്തിയെടുത്തില്ല. ഇവയില്‍ പലതിനോടും വിയോജിക്കാന്പോലും അശക്തമായി ഇടതുപക്ഷ മുന്നണി എന്നതാണ് വാസ്തവം.
പരിസ്ഥിതി ആഘാത വിശകലനവുമായി ബന്ധപ്പെട്ടു കേന്ദ്രം കൊണ്ടുവന്ന ജനവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയണമെന്നും വിജ്ഞാപനം പിന്‍വലിക്കണമെന്നും സി പി എം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ ചില ഭേദഗതികള്‍ മതി എന്ന നിലപാടാണ് സ്വീകരിച്ചത്. ക്വാറി -ഖനന – നിര്‍മ്മാണ മേഖലകളില്‍ നിക്ഷേപക താല്‍പ്പര്യങ്ങള്‍ക്കു ജനങ്ങളെ ബലി നല്കുന്ന അവസ്ഥയുണ്ടായി. യുഎപിഎയ്ക്ക് എതിരായ നിലപാട് ഉയര്‍ത്തിയ മുന്നണി യുഎപിഎ പ്രയോഗിച്ചു. കോടതി യുഎപിഎ റദ്ദാക്കിയ കേസുകളില്‍ അപ്പീല്‍ പോകുന്ന അവസ്ഥപോലും ഉണ്ടായി.
വിഷയങ്ങളോരോന്നും ഇവിടെ എണ്ണി പറയുന്നില്ല. പ്രശ്നം ഇടതുപക്ഷത്തിന്റെ പേരോ കൊടിയോ ഇല്ലാത്തതല്ല. അത് ദുരുപയോഗം ചെയ്യുന്നതാണ്. അതുവഴി സാധാരണ ജനങ്ങളെയും പരമ്പരാഗത ഇടതനുഭാവി സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ച് വലതു രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതാണ്. അതിനാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി എത്തിച്ചേര്‍ന്ന പതനത്തില്‍നിന്നു ഇടതു – ജനപക്ഷ രാഷ്ട്രീയത്തെ മോചിപ്പിക്കേണ്ടത് ആവശ്യമാണ്. എല്‍ ഡി എഫിനെ ഏതൊരു വലതുപക്ഷ സര്‍ക്കാറിനെയും എതിര്‍ക്കുന്നതു പോലെ നേരിടേണ്ട ഗതികേടിലേക്കാണ് അതിന്റെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ജനങ്ങളെ എത്തിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പുകള്‍ വരുന്ന ഘട്ടത്തിലെങ്കിലും അടിസ്ഥാന സമീപനത്തിലെ പിഴവു പരിഹരിക്കാന്‍ ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്. പുഴുക്കുത്തുകള്‍ വെട്ടിമാറ്റി പാര്‍ട്ടിയും മുന്നണിയും അതിന്റെ തനതു രാഷ്ട്രീയ മുഖം വീണ്ടെടുക്കാന്‍ ശ്രമിക്കുമോ എന്നതാണ് അവയുടെ ഭാവി നിശ്ചയിക്കുക. ഇന്നിനപ്പുറം കാണാന്‍ ശേഷിയറ്റ നേതൃത്വവും ഏറാന്മൂളി ഭക്തജന സംഘത്തിന്റെ സ്തുതി ഗാന – ക്വട്ടേഷന്‍ ഏര്‍പ്പാടുകളും അവസാനിപ്പിക്കാന്‍ കഴിയുമോ എന്നതാണ് ലോകം ശ്രദ്ധിക്കുന്നത്. ജീര്‍ണ നേതൃരൂപങ്ങളെ കുരുത്തോലയും ചമയങ്ങളും കെട്ടി അഞ്ചാംവര്‍ഷ ഉത്സവത്തിന് ഇറക്കുന്നത് ഒട്ടും ഗുണം ചെയ്യാനിടയില്ല.
എത്രവേഗം തിരുത്തുന്നുവോ അത്രയും നല്ലത് എന്നേ പറയാനാവൂ. മുകളില്‍നിന്നും ശീതളഛായകളില്നിന്നും തിരുത്തലുകള്‍ വരില്ല. വെയിലും മഴയും കൊള്ളുന്ന അടിത്തട്ടു പ്രവര്‍ത്തകരില്‍ നിന്നേ അതുണ്ടാവൂ. ഇപ്പോഴില്ലെങ്കില്‍ ഇടതുപക്ഷം അതിവേഗം അസ്തമിക്കുന്നതിനിടയാവും. ഭരണം കയ്യാളുന്ന ഇടതുപക്ഷത്തെ മുന്‍നിര്‍ത്തി രാജ്യത്തെ ഇടതുപക്ഷ ചെറുത്തു നില്‍പ്പുകളെ മുഴുവന്‍ ഇല്ലാതാക്കുന്ന ഫാഷിസ്റ്റ് കൗശലങ്ങളാണ് കേന്ദ്രം പ്രയോഗിക്കുന്നത്. അതുകൂടി കാണുമ്പോള്‍ ഭാവി ആശങ്ക നിറഞ്ഞതാകുന്നു.
മതവിമര്ശനവും രാഷ്ട്രീയ വിമര്‍ശനവും നിര്‍വ്വഹിക്കാനുള്ള പ്രത്യയശാസ്ത്ര ആയുധം മുന്നിലുണ്ട്. ജനങ്ങളുടെ പിന്തുണയുമുണ്ട്. അവ പൊരുത്തപ്പെടുത്തി സമരശക്തി വീണ്ടെടുക്കാന്‍ ഇന്നത്തെ മുന്നണി നേതൃത്വത്തിന് താല്‍പ്പര്യമില്ല. പക്ഷെ ജനങ്ങള്‍ക്കും ഭാവിതലമുറയ്ക്കും അതു വേണം. വഞ്ചക നേതൃത്വങ്ങളെ വഴിയില്‍ തള്ളാതെ വിമോചന ശക്തികള്‍ക്ക് മുന്നോട്ടു പോകാനാവില്ല.
ആസാദ്
12 സെപ്തംബര്‍ 2020