അലനും താഹയും ജാമ്യം ലഭിച്ചു നമുക്കൊപ്പം എത്തുകയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തുകയായിരുന്നു. പിന്നീട് കേസ് എന്‍ ഐ എ ഏറ്റെടുത്തു.
ഏതെങ്കിലും ഒരു കുറ്റകൃത്യത്തെ തുടര്‍ന്നുള്ള അറസ്റ്റായിരുന്നില്ല അത്. പരാതിക്കാരും ഉണ്ടായിരുന്നില്ല. രണ്ടു സി പി ഐ എം പ്രവര്‍ത്തകരായാണ് അവര്‍ അറിയപ്പെട്ടിരുന്നത്. കേരളപ്പിറവിനാള് വൈകീട്ട് പന്തീരങ്കാവില്‍ വെച്ചു പൊലീസ് അറസ്റ്റു ചെയ്തു. മാവോയിസ്റ്റു ലഘുലേഖ കണ്ടെടുത്തുവെന്നാണ് പൊലീസ് വാദം. ഒരു ക്രിമിനല്‍ കേസിലും അതുവരെ ഉള്‍പ്പെട്ടിട്ടില്ലാത്ത ഈ വിദ്യാര്‍ത്ഥികളെ ഒരു പകപോക്കല്‍പോലെ യുഎപിഎ ചുമത്തി തടവില്‍ തള്ളുന്നതാണ് പിന്നീട് കണ്ടത്.
യു എ പി എ വിരുദ്ധ നിലപാടുള്ള ഇടതു സര്‍ക്കാറാണ് ഒരു തെളിവുമില്ലാതെ കുറ്റക്കാരെന്നു വിധിച്ച് യുഎപിഎ ചുമത്തിയത്. അതു ദേശീയ തലത്തില്‍തന്നെ ഇടതുപക്ഷത്തിന് അവമതിപ്പുണ്ടാക്കി. ഇവര്‍ മാവോയിസ്റ്റുകളാണെന്നു വാദിച്ചു ന്യായീകരണം കണ്ടെത്താനാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും സര്‍ക്കാറും ശ്രമിച്ചത്. മാവോയിസ്റ്റു രാഷ്ട്രീയമുള്ളവരെപ്പോലും യുഎപിഎ ചുമത്തി അകത്തിട്ടുകൂടാ എന്ന നിലപാടാണ് ദേശീയ തലത്തില്‍ ഇടതു രാഷ്ട്രീയത്തിന്റേത്. കേരളത്തില്‍ ഈ നിലപാട് അട്ടിമറിക്കപ്പെട്ടു.
അലനെയും താഹയെയും മോചിപ്പിക്കണമെന്നും യു എ പി എ റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടു ജനകീയ പ്രക്ഷോഭം ഉയര്‍ന്നു. അലന് താഹ മനുഷ്യാവകാശ കമ്മറ്റി രൂപീകരിച്ചു. സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നിലും വിവിധ ജില്ലാ ആസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങളുയര്‍ന്നു. സംസ്ഥാന മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചു. വിവിധ പ്രക്ഷോഭങ്ങളില്‍ കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുസമൂഹവും വലിയ പിന്തുണയാണ് നല്‍കിയത്.
അലന്റെയും താഹയുടെയും കുടുംബങ്ങള്‍ അത്യന്തം വേദനാകരമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോയത്. അവരോട് ഐക്യപ്പെടാന്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും ആളുകളുണ്ടായി. അലന് താഹ മനുഷ്യാവകാശ കമ്മറ്റി സര്‍ക്കാറിലും പൊതുസമൂഹത്തിലും അലന് താഹമാരുടെ വിമോചനത്തിനുവേണ്ടി കാമ്പെയിന് നടത്തുകയായിരുന്നു. വീട്ടുകാര്‍ക്ക് അപ്രതീക്ഷിത ആഘാതത്തിനെതിരെ പിടിച്ചു നില്‍ക്കാനും നിയമ പോരാട്ടങ്ങള്‍ നടത്താനും ഏറെ ക്ലേശിക്കേണ്ടി വന്നിരിക്കും. പത്തു മാസങ്ങള്‍ക്കു ശേഷം ജാമ്യം കിട്ടുമ്പോള്‍ എല്ലാവര്ക്കും അത് വലിയ സന്തോഷം നല്കുന്നു.
അലനെയും താഹയെയും അഭിവാദ്യം ചെയ്യുന്നു. അവരുടെ ധീരമായ ചെറുത്തു നില്‍പ്പ് മാതൃകാപരമാണ്. ഇതുപോലൊരു കെട്ട കാലത്ത് അവര്‍ പകരുന്ന ഊര്‍ജ്ജം ചെറുതല്ല. നമ്മുടെ നാടിന്റെ വരുംകാല മുന്നേറ്റങ്ങളില്‍ അവരുടെ സഹനങ്ങളുണ്ടാക്കിയ കുതിപ്പുകള്‍ കാണും. രണ്ടു വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ കൊണ്ട് അദ്ധ്യാപകരായി മാറിയിരിക്കണം. ജീവിതംകൊണ്ട് രാഷ്ട്രീയ പോരാളികളായി കാലത്തെയും ചരിത്രത്തെയും അഭിസംബോധന ചെയ്യാന്‍ പ്രാപ്തരായിരിക്കണം. തെളിമയാര്‍ന്ന ജനാധിപത്യ രാഷ്ട്രീയ ജീവിതത്തിലേക്ക് അവര്‍ കടന്നുവരുമെന്നാണ് പ്രത്യാശ.
നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഒത്തു ചേര്‍ന്ന അനേക സഖാക്കളേ അഭിവാദ്യം. എഴുത്തുകാര്‍, കലാകാരന്മാര്, ചലച്ചിത്ര പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സ്ത്രീ വിമോചന പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിങ്ങനെ എത്രയേറെ തുറകളില്‍ പെട്ടവരാണ് രംഗത്തു വന്നത്! ആ സമരൈക്യം ആവേശകരം. എല്ലാവരെയും അലന് താഹ മനുഷ്യാവകാശ കമ്മറ്റി അഭിവാദ്യം ചെയ്യുന്നു.
ആസാദ്
09 സെപ്തംബര്‍ 2020