ആറന്മുളയില് കോവിഡ് ബാധിതയായ പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഡ്രൈവറുടെ പേരില്‍ മാത്രം കേസെടുത്താല്‍ പോരാ. രാത്രി, സ്ത്രീകളായ രോഗികളെ കൊണ്ടുപോകുമ്പോള്‍ പുലര്‍ത്തേണ്ട കരുതല്‍ ഉണ്ടായില്ല. ആരോഗ്യ പ്രവര്‍ത്തകരുടെയും ആരോഗ്യ വകുപ്പു മേധാവികളുടെയും അനാസ്ഥ കുറ്റകരമാണ്. അവരെക്കൂടി പ്രതിചേര്‍ക്കേണ്ട കേസാണിത്.
ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ കയറ്റുന്ന നിമിഷം മുതല്‍ രോഗി സര്‍ക്കാറിന്റെ സംരക്ഷണത്തിലാണ് എന്നേ വീട്ടുകാര്‍ കരുതൂ. അല്ലെങ്കില്‍ രാത്രിയില്‍ ആരും പെണ്‍കുട്ടികളെ തനിയെ അയക്കാന്‍ ധൈര്യപ്പെടില്ല. ആ ഗൗരവത്തില്‍ ചുമതല നിര്‍വ്വഹിക്കപ്പെട്ടില്ല. ആംബുലന്‍സ് ഡ്രൈവറെ സംബന്ധിച്ചു പുറത്തുവന്ന വിവരവും ഞെട്ടിക്കുന്നതാണ്. ക്രിമിനല്‍ കേസു പ്രതിയായ ഒരാള്‍ എങ്ങനെ ഈ ദൗത്യ നിര്‍വ്വഹണത്തിനു നിയോഗിക്കപ്പെട്ടു എന്നു പരിശോധിക്കപ്പെടണം. അതിനാല്‍ ഈ പീഡനത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ ക്ഷമാപണം നടത്തുകയെങ്കിലും വേണം.
കോവിഡ് 19 എന്ന മഹാമാരിയെ തടയുന്നതില്‍ കേരളം മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ആരോഗ്യമന്ത്രിയെ അക്കാര്യത്തില്‍ അഭിനന്ദിച്ചവരാണ് നാം. ഇപ്പോള്‍ പക്ഷെ കോവിഡ് രോഗിയായ പെണ്‍കുട്ടി നേരിട്ട ആരെയും ഞെട്ടിക്കുന്ന പീഡനം റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ സര്‍ക്കാറിന്റെ പിഴവും കാണാതിരിക്കാന്‍ കഴിയില്ല. ആ കുറ്റം സര്‍ക്കാര്‍ ഏല്ക്കണം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാന്‍ സ്ത്രീകളായ രോഗികളെ രാത്രി ആശുപത്രിയില്‍ എത്തിക്കാതിരിക്കുകയല്ല വേണ്ടത്. ആംബുലന്‍സില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് വേണ്ടത്. കോവിഡ് പ്രതിരോധ ചുമതല പൊലീസിനു കൈമാറിയതിനു ശേഷമാണ് ആറന്മുളയിലെ ദുരനുഭവം ഉണ്ടായതെന്നു കാണണം. സര്‍ക്കാര്‍ സംവിധാനത്തിലെ പിഴവാണ് ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടാന്‍ ഇടയാക്കിയത്.
മറ്റെവിടെയായിരുന്നെങ്കിലും തെരുവുകള്‍ കത്തുമായിരുന്ന ഒരനീതി, അമര്‍ത്തപ്പെട്ട നിലവിളിപോലെ മാഞ്ഞു പോവുകയാണ്. കുറ്റകരമായ നിശബ്ദതയാണ് മുഴങ്ങുന്നത്. പന്തളം പൊലീസ് കേസെടുത്തിട്ടുണ്ട് എന്നത് മതിയാവില്ല. ചുമതലയുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരും അധികാരികളും കൈകഴുകി വിശുദ്ധി നടിക്കരുത്. അന്വേഷണം നടക്കണം. നീതി ലഭിക്കാതെ പെണ്‍കുട്ടിയുടെ വേദനയും നിലവിളിയും ശമിക്കുകയില്ല.
ആസാദ്
08 സെപ്തംബര്‍ 2020