തിരുവനന്തപുരം ഇരട്ടക്കൊലപാതകം സംബന്ധിച്ചു രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും ചാനല്‍ചര്‍ച്ചകളും ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഓരോ ‘രാഷ്ട്രീയ കൊലപാതക’ വാര്‍ത്തയും പുറത്തു വരുമ്പോള്‍ പൊതു സമൂഹത്തില്‍ ഉയര്‍ന്നു വരാറുള്ള സംശയങ്ങള്‍ക്ക് മറുപടിയാണിത്.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കൊലകളില്‍ നേതാക്കള്‍ക്കു പങ്കു കാണും എന്ന ആരോപണമാണ് ഒന്ന്. ഇത്തരം ധാരാളം കൊലപാതകങ്ങള്‍ നടത്തിയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് അക്കാര്യത്തില്‍ സംശയമില്ല. ആര്‍ക്കൊക്കെ എന്നേ സംശയമുള്ളു. ‘മുകളിലറിയാതെയാണ്, പ്രാദേശിക തര്‍ക്കമാണ്’ എന്നൊക്കെ കേട്ടിട്ടുള്ള കൊലപാതകങ്ങളില്‍ നേതൃത്വത്തിനുള്ള പങ്ക് അവര്‍ സമ്മതിക്കുകയാവണം.
കൊല നടത്തിയാല്‍ പ്രതികള്‍ നേതാക്കളെ വിളിക്കും എന്നും അവര്‍ക്കു നിശ്ചയം. അതു നേതാക്കളുടെ ഫോണ്‍ പരിശോധിച്ചാല്‍ കാണുമെന്നു പറയുന്നതു പക്ഷെ പൂര്‍ണമായും വിശ്വസിക്കാന്‍ പ്രയാസം. പാര്‍ട്ടികള്‍ തീരുമാനിച്ച കൃത്യമാണെങ്കില്‍ അതു നടത്തിയ പ്രതികളുടെ ഫോണില്‍നിന്നു വിളിക്കരുതെന്ന് പരിചയ സമ്പന്നരായ നേതാക്കള്‍ ഉപദേശിക്കാതിരിക്കുമോ? പക്ഷെ വിവരം അറിയിച്ചിട്ടുണ്ടാവും എന്ന വാദം വിശ്വസിക്കാം. ആരുടെ ഫോണില്‍നിന്ന് അഥവാ ഏതു സിംകാര്‍ഡ് ഉപയോഗിച്ച് എന്നേ നോക്കേണ്ടൂ.
ഒളിയിടം ഒരുക്കുന്നതിലും നേതാക്കന്മാര്ക്കു പങ്കു കാണും. തിരുവനന്തപുരം കൊലപാതക കേസിലെ പ്രതികള്‍ക്ക് കോന്നിയിലാണ് ഒളിത്താവളമെങ്കില് അവിടത്തെ കോണ്‍ഗ്രസ് നേതാവിനെ സംശയിക്കണം. ഇതിനര്‍ത്ഥം മുഴക്കുന്നിലോ മുടക്കോഴിമലയിലോ ആണു പ്രതികള്‍ ഒളിച്ചതെങ്കില്‍ സി പി ഐ എം നേതൃത്വത്തെ സംശയിക്കണമെന്നാണ്. നിത്യ പരിചയത്തിലാണ് പാര്‍ട്ടികള്‍ വാഗ്പ്പോരു നടത്തുന്നത്.
പൊലീസ് സ്റ്റേഷനുമായി നേതാക്കള്‍ ബന്ധപ്പെടുന്നത് കുറ്റവാളികള്‍ക്കു വേണ്ടിയാണ്. അങ്ങനെ ബന്ധപ്പെടുന്നത് ആരൊക്കെയാവും? അവരെ കേസില്‍ ഉള്‍പ്പെടുത്തണ്ടേ? രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അതു വേണമെന്നു പറയുന്നു. ഓരോ കേസിലും അതൊക്കെ ശ്രദ്ധിക്കേണ്ടി വരും. കൊലക്കേസു പ്രതികളെ ജയിലില്‍ പോയി കാണുന്ന നേതാക്കളുള്ള നാടാണ്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടും നിങ്ങളുടെ പാര്‍ട്ടി നടപടി എടുത്തില്ല എന്ന് ആരോപിക്കുന്നത് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ആളെ പാര്‍ട്ടിയുടെ ഉന്നത ഘടകത്തില്‍ നില നിര്‍ത്തിയ പാര്‍ട്ടിയുടെ പ്രതിനിധിയാണ്. ദാരുണമായ ഒരു കൊലപാതകത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച കേട്ട് കരയാനോ ചിരിക്കാനോ വയ്യാതെ പ്രേക്ഷകരാണ് സ്തംഭിച്ചു പോവുക.
നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വളര്‍ന്നു വളര്‍ന്ന് നമുക്കൊന്നും നോക്കിയാല്‍ കാണാത്ത ഉയരത്തില്‍ എത്തിയിരിക്കുന്നു. അവര്‍ അനുഭവ സമ്പന്നരാണ്. കൈക്കൂലിയും കൊള്ളയും കയ്യേറ്റവും അഴിമതിയും അക്രമവും കള്ളക്കടത്തും കൊലപാതകവും കൈകാര്യം ചെയ്തു കൈത്തഴക്കം വന്നവരായിട്ടുണ്ട്. ഭരണ പങ്കാളിത്തം കിട്ടിയ പാര്‍ട്ടികളൊക്കെ വലിയ മെയ്യഭ്യാസികളുമാണ്. അവരുടെ പ്രസ്താവനകളിലും ചര്‍ച്ചകളിലും അതൊക്കെ പ്രകടമാണ്.
ഒരു കൊലപാതകം നടക്കുമ്പോഴേക്കും മുമ്പുള്ളതെല്ലാം മറന്നുപോവില്ല. ഒന്നു മറ്റൊന്നു കൊണ്ടു റദ്ദാവില്ല. ഒന്നും സമീകരിക്കാനും ആവില്ല. ഒരോ കൊലപാതകവും രാഷ്ട്രീയ അപചയത്തിന്റെ പരസ്യ പ്രഖ്യാപനമാണ്. ഇതില്‍ ഉള്‍പ്പെടുന്ന ഒരു രാഷ്ട്രീയ കക്ഷിയും അതേ കൃത്യം ചെയ്ത മറ്റു കക്ഷികളില്‍നിന്നു ഭേദപ്പെട്ടതാവില്ല. അവര്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളും അവരുടെ ദുര്‍വൃത്തികള്‍ കൂടുതല്‍ തുറന്നു കാട്ടുന്നേയുള്ളു. സ്വന്തം പാര്‍ട്ടിയുടെ അനുഭവ പരിചയം എല്ലാ കക്ഷിക്കാരും തുറന്നു പറയുന്നതായേ ജനങ്ങള്‍ കരുതൂ. ആരും മോശക്കാരല്ല!
ആയുധം കൊടുത്ത് അണികളെ പറഞ്ഞു വിടുന്നു. രക്ഷിക്കാന്‍ പൊലീസ് സ്റ്റേഷനിലേക്കും അഭിഭാഷകരിലേക്കും മാധ്യമങ്ങളിലേക്കും ആളുകളെ നിയോഗിക്കുന്നു. ന്യായീകരിക്കാന്‍ സാമൂഹിക മാധ്യമ സൈനിക നിരയെ ഒരുക്കുന്നു. വളരെ ക്ലേശകരമായ ജോലിതന്നെ. എവിടെയും പാളാതെ ചെയ്യണമല്ലോ! ഇത്രയും ശ്രദ്ധയും തയ്യാറെടുപ്പുമുണ്ടെങ്കില്‍ ഒരു സാമൂഹിക വിപ്ലവംതന്നെ നടത്താവുന്നതേയുള്ളു!
അനുഭവബലത്തില്‍ അന്യോന്യം വിചാരണ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏതെങ്കിലും പക്ഷം പിടിക്കാന്‍ ഞാനില്ല. ഒരിടത്ത് ആര് എസ് എസ്സിനെ ഒരിടത്ത് സി പി എമ്മിനെ ഒരിടത്ത് കോണ്‍ഗ്രസ്സിനെ പഴിച്ചും വിമര്‍ശിച്ചും മടുത്തു. ഇനി കൊലയാളികളെ ഒറ്റ പാര്‍ട്ടിയായേ കാണാന്‍ പറ്റൂ. ഓരോയിടത്തും വധിക്കപ്പെടുന്നവര്‍ മറ്റൊരു പാര്‍ട്ടിയും. ചൂഷിതരുടെയും മര്‍ദ്ദിതരുടെയും ഇരക്കൂട്ടം.
തിരുവനന്തപുരത്തു വധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നീതി കിട്ടണം. കൊലയാളികളെ തുണയ്ക്കുന്ന പാര്‍ട്ടികള്‍ അതു നല്‍കുമോ എന്നറിയില്ല. ആ കുടുംബങ്ങള്‍ക്കു ജീവിതവും നല്‍കേണ്ടതുണ്ട്. ഇനി അതിനുള്ള ശ്രമമുണ്ടാവണം. അവര്‍ക്കു ആശ്വാസമെത്തിക്കാന്‍ തീര്‍ച്ചയായും ഒപ്പമുണ്ട്. അവര്‍ക്കു സാമ്പത്തിക പിന്തുണ നല്കുന്നുണ്ടെങ്കില് കൊടുക്കാനുള്ളതു മാത്രം പിരിക്കുക. മുപ്പതു ലക്ഷത്തിനു മൂന്നു കോടി പിരിക്കരുത്. അതിനു സുതാര്യത വേണം.
ആസാദ്
03 സെപ്തംബര്‍ 2020