Article POLITICS

ഡോ കഫീല്‍ ഖാന്‍ യോഗിസര്‍ക്കാര്‍ ഭയക്കുന്ന ഒറ്റയാള്‍

ഡോ കഫീല്‍ ഖാനെ ഉടനെ വിട്ടയക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത് ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരായ നീതിയുടെ ഉണര്‍വ്വായി വേണം കരുതാന്‍. മൂന്നു വര്‍ഷമായി യു പിയിലെ ബി ജെ പി സര്‍ക്കാര്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ്. പുറത്തു വരാത്തവിധം ജയിലിലടക്കാനുള്ള ഉന്നതതല ഗൂഢാലോചനയാണ് നടന്നത്.

2017 ആഗസ്തില്‍ ഗോരഖ്പൂരിലെ ബാബാ രാഘവ ദാസ് മെഡിക്കല്‍ കോളേജില്‍ എഴുപതോളം കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരണം നേരിട്ട സന്ദര്‍ഭത്തില്‍ അവിടത്തെ ശിശുരോഗ വിഭാഗം ഡോക്ടറായ കഫീല്‍ ഖാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം അദ്ദേഹത്തിനുതന്നെ വിനയാവുകയായിരുന്നു. ആശുപത്രി അധികാരികള്‍ പണമടയ്ക്കാത്ത സാഹചര്യത്തിലാണ് ഏജന്‍സികള്‍ ഓക്സിജന്‍ വിതരണം നിര്‍ത്തിയത്. കുട്ടികള്‍ മരണത്തോടു മല്ലടിക്കുന്നതു കണ്ട ഡോക്ടര്‍ സ്വന്തം ചെലവില്‍ പല ഏജന്‍സികളില്‍നിന്നു ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ചു. ഇത് യോഗി ആദിത്യനാഥ് സര്‍ക്കാറിനെ ചൊടിപ്പിച്ചു.

അനുമോദനം നല്‍കി ആദരിക്കേണ്ട പ്രവൃത്തിയ്ക്ക് ജാമ്യമില്ലാ കേസാണ് സര്‍ക്കാര്‍ സമ്മാനിച്ചത്. അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം കൊണ്ടുവന്നു. 2017 സെപ്തംബര്‍ 2ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഒമ്പതു മാസത്തിനു ശേഷം 2018 ഏപ്രില്‍ 25നാണ് അദ്ദേഹം പുറത്തുവന്നത്. അദ്ദേഹത്തിനു കോടതി ജാമ്യം നല്‍കി. വകുപ്പുതല അന്വേഷണങ്ങള്‍ക്കും വിസ്താരങ്ങള്‍ക്കും ശേഷം പൂര്‍ണമായ കുറ്റവിമുക്തിയുണ്ടായത് 2019 സെപ്തംബര്‍ 27 നാണ്. എന്നാല്‍ യോഗി സര്‍ക്കാറും സംഘപരിവാരങ്ങളും അദ്ദേഹത്തിന്റെ പിറകില്‍നിന്നു മാറിയില്ല. കഫീല്‍ ഖാനും കുടുംബത്തിനും നേരെ പല തവണ വധഭീഷണിയും അക്രമവുമുണ്ടായി.

അലിഗഢ് സര്‍വ്വകലാശാലയില്‍ നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രഭാഷണമാണ് അടുത്ത കേസിനു കാരണമായത്. 2019 ഡിസംബര്‍ 13ന് കഫീല്‍ ഖാന്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. 2020 ഫെബ്രുവരി 13ന് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ യോഗിയുടെ പൊലീസ് രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും വീണ്ടും അറസ്റ്റു ചെയ്തു. ഇത്തവണ ജാമ്യം കിട്ടാത്ത ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകളും ചേര്‍ക്കപ്പെട്ടു. ദേശദ്രോഹക്കുറ്റമാണ് ആരോപിക്കപ്പെട്ടത്. വാസ്തവത്തില്‍ ഒരു തരത്തിലുമുള്ള പ്രകോപനമുണ്ടായിരുന്നില്ല ആ പ്രസംഗത്തില്‍. എങ്കിലും ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചാര്‍ത്തി തടവിലിടാന്‍ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ഉത്സാഹിച്ചു. ആറു മാസത്തിനു ശേഷം ഇന്നലെ അലഹബാദ് ഹൈക്കോടതി രാജ്യദ്രോഹക്കുറ്റം തള്ളി ഡോ ഖാനെ ജയില്‍ വിമുക്തനാക്കി.

ഇനിയും യോഗിസര്‍ക്കാറും സംഘ പരിവാരങ്ങളും അടങ്ങിയിരിക്കുമെന്ന് കരുതാനാവില്ല. വിയോജിക്കുന്നവരോടും വിമര്‍ശിക്കുന്നവരോടും ന്യൂനപക്ഷ ദളിത് വിഭാഗങ്ങളോടും കടുത്ത പകയാണ് ഇക്കൂട്ടര്‍ വെച്ചുപുലര്‍ത്തുന്നത്. രാജ്യത്താകെ ഇങ്ങനെ കുറ്റം ചെയ്യാതെ ജയിലില്‍ കഴിയുന്നവരുടെ എണ്ണം ചെറുതല്ല. കൊള്ളയും കൊലയും കയ്യേറ്റവും അഴിമതിയും നടത്തുന്ന അനേകര്‍ ആദരിക്കപ്പെടുന്നു. ജനങ്ങളോടു പ്രതിബദ്ധതയുള്ള സാധാരണ മനുഷ്യരെ ഭരണകൂടം ഭയക്കുന്നു. അവരെ തടവറകളില്‍ തള്ളുന്നു.

ഫാഷിസം ഇതുതന്നെയാണ്. ഡോ കഫീല്‍ ഖാന്‍ പുറത്തു വന്നത് നീതിബോധം ഉറക്കം കെടുത്തിയ ചില വിധികര്‍ത്താക്കളെങ്കിലും ബാക്കി നില്‍ക്കുന്നതുകൊണ്ടാണ്. ഭാവിയില്‍ രാജ്യസഭയിലോ നിയമസഭയിലോ ഗവര്‍ണര്‍ പദവിയിലോ കണ്ണു വെയ്ക്കാത്ത ജഡ്ജിമാര്‍ ബാക്കിയുള്ളതുകൊണ്ടാണ്. പക്ഷെ, കുറ്റിയറ്റു പോകുന്ന വംശമാണത്. നീതി കൈയൂക്കില്‍ വളഞ്ഞു കിട്ടുന്ന ഒന്നാണെന്ന് ഭരണകൂടങ്ങള്‍ വരുത്തിവെച്ചിരിക്കുന്നു! അതിനാല്‍ സത്യം പറയുന്നവരും നീതിബോധമുള്ളവരും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരും അവരുടെ വഴി ഇതിലൂടെയാണെന്ന സത്യം ഉള്‍ക്കൊള്ളേണ്ടി വരുന്നു.

ഡോ കഫീല്‍ ഖാനെ ഇനിയും കേസുകളില്‍ പെടുത്തും. രാജ്യത്താകെ അസംഖ്യം കഫീല്‍ ഖാന്‍മാര്‍ തടവറകളില്‍ കഴിയുന്നുണ്ട്. പക പോക്കല്‍ രാഷ്ട്രീയത്തിന്റെ ഇരകളാണവര്‍. ഈ അനീതിയ്ക്കെതിരെ ചെറുത്തു നില്‍ക്കാതെ വയ്യ. മോദിയന്‍ ഫാഷിസത്തിന്റെ അമിത് ഷാ – യോഗി നടത്തിപ്പു സംഘങ്ങളും അവയുടെ ആര്‍ എസ് എസ് ഗൂഢാലോചനാ കേന്ദ്രവും സംഘപരിവാര സേവകരും ചേര്‍ന്ന് ജനങ്ങളെയും അവരുടെ ആത്മീയ ധാര്‍മിക മൂല്യങ്ങളെയും ചവിട്ടി മെതിക്കുകയാണ്. ഒറ്റ ശരീരമായി ഇന്ത്യന്‍ പ്രതിരോധം ഉണര്‍ന്നെണീറ്റേ മതിയാവൂ.

ആസാദ്
02 സെപ്തംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )