Article POLITICS

വികസനമെന്ന കോര്‍പറേറ്റ് ഭാവനയുടെ തടവുകാര്‍

തൊണ്ണൂറുകള്‍വരെ കേരളത്തില്‍ വികസന മുഖമണിഞ്ഞിരുന്നത് കോണ്‍ഗ്രസ്സായിരുന്നു. കമ്യൂണിസ്റ്റുകളെ വികസനം മുടക്കികള്‍ എന്നായിരുന്നു അവര്‍ വിളിച്ചിരുന്നത്. ”കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആരു വരും? അപ്പോഴേക്കും സംഘടനയാവും കൊടിയാവും സമരമാവും” എന്നൊക്കെയാണ് ഇടതുപക്ഷത്തിനെതിരെ ഉയര്‍ന്നുപോന്ന ആക്ഷേപങ്ങള്‍.

ഇപ്പോള്‍ നേര്‍വിപരീത നിലയിലാണ് ഇവിടത്തെ ഇടതുപക്ഷം. അവര്‍ വികസനത്തെക്കുറിച്ചാണ് നിരന്തരം സംസാരിക്കുന്നത്. എതിരാളികളെ വികസനംമുടക്കികള്‍ എന്നാണ് വിളിക്കുന്നത്. സംഘടനകളും സമരങ്ങളും നിക്ഷേപകരെ അകറ്റുമെന്ന് അവരും ഭയപ്പെടുന്നു. സമരങ്ങള്‍ വിട്ട് സമവായത്തിന്റെ മധ്യവര്‍ഗ പാതയില്‍ മുന്നേറുന്നു. ജനകീയ സമരങ്ങളോടു വിമുഖത പുലര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

കേരളത്തിന്റെ വികസനം എന്ന മുദ്രാവാക്യം ഇടതു – വലതു – തീവ്രവലതു രാഷ്ട്രീയ കക്ഷികളെല്ലാം വിളിച്ചുപറയുന്നു. ഞങ്ങളെ എതിര്‍ക്കുന്നവരെല്ലാം വികസന വിരുദ്ധരാണ് എന്ന അടവുവാക്യമാണ് പ്രതിസന്ധികളില്‍ പുറത്തെഴുതുക. വാസ്തവത്തില്‍ വികസന നടത്തിപ്പിന്റെ വേഗവും ശൈലിയും മാത്രമാണ് ആ പാര്‍ട്ടികളില്‍ വേറിട്ടു നില്‍ക്കുന്നത്.

നവലിബറല്‍ വികസനത്തിന്റെ അവിഭാജ്യ ഭാഗമാണ് കണ്‍സള്‍ട്ടന്‍സിയും കമ്മീഷനും. അതു ഇവരില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ മാത്രം കണ്ടുപിടിച്ചതോ നടത്തുന്നതോ അല്ല. കോഴയും അഴിമതിയും വിശുദ്ധപ്പെടുന്ന മാന്ത്രിക സ്പര്‍ശമാണ് കോര്‍പറേറ്റ് നവലിബറല്‍ മുതലാളിത്തത്തിന്റേത്. അതിനോടു വലിയ വിമര്‍ശനമാണ് എപ്പോഴും ഇന്ത്യന്‍ ഇടതുപക്ഷം ഉയര്‍ത്തിയിട്ടുള്ളത്. എന്നാല്‍ ഭരണത്തിലിരിക്കെ ബംഗാളിലും കേരളത്തിലും (തൊണ്ണൂറുകള്‍ക്കു ശേഷം) മുഖ്യ നടത്തിപ്പുകാരാവാനാണ് ഇടതുപക്ഷം ശ്രമിച്ചത്. അതിനാല്‍ കണ്‍സള്‍ട്ടന്‍സിയോ കമ്മീഷനോ കോഴയോ വായ്പാകെണിയോ അവര്‍ക്കു കുറ്റബോധം ഉണ്ടാക്കില്ല.

വികസനമല്ല ഇടതുപക്ഷ മുദ്രാവാക്യം. ജനങ്ങളുടെ ജീവിത പുരോഗതിയാണ്. നിക്ഷേപകരെ സ്വാഗതം ചെയ്യുന്നത് അതു നല്‍കുന്ന തൊഴില്‍സാദ്ധ്യതകളും വിപണി വളര്‍ച്ചയും ജീവിത നിലവാര പുരോഗതിയും മുന്നില്‍ കണ്ടാണ്. അല്ലാതെ ജനങ്ങളെയാകെ കൊള്ളയടിക്കാനോ മേല്‍ത്തട്ടു ജീവിതത്തെ കുടുതല്‍ തടിപ്പിക്കാനോ അല്ല. എന്നാല്‍ കോര്‍പറേറ്റ് വികസനം പുറംതള്ളല്‍ വികസനമായി മാറിയിരിക്കുന്നു. അടിത്തട്ടിലെ അനേകരെയല്ല മേല്‍ത്തട്ടുപഭോഗത്തെയാണ് അതു ലക്ഷ്യമിടുന്നത്. ഈ വികസനാസക്തി ഇടതുപക്ഷത്തെ അതിന്റെ ധാര്‍മികവും ആദര്‍ശാത്മകവുമായ ഭൂതകാല മഹിമകളില്‍ നിന്നും അകറ്റിയിരിക്കുന്നു.

ഇന്നു വികസനത്തെക്കുറിച്ചു അഭിമാനപൂര്‍വ്വം പറയുകയോ മോഹിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും കോര്‍പറേറ്റ് ഭാവനയുടെ തടവുകാരനാണ്. നെറ്റിയില്‍ കമ്യൂണിസ്റ്റെന്നു എഴുതിവെച്ച് ചെങ്കൊടി ചുമന്നാല്‍ അയാള്‍ കമ്യൂണിസ്റ്റാവില്ല. വികസനത്തിന്റെ പുറമ്പോക്കിലാണ് വിപ്ലവത്തിന്റെ വിത്തു വീഴുക. ഇരകളാക്കപ്പെട്ടവരില്‍ നിന്നാണ് അതിന്റെ വിളവുകാലം നിശ്ചയിക്കപ്പെടുക. ഇരകളില്ലാത്ത വികസനം സാദ്ധ്യമാണെന്നും അതിനെ പുരോഗതിയെന്നു വിളിക്കാമെന്നും കമ്യൂണിസ്റ്റുകാര്‍ കരുതുന്നു.

കോര്‍പറേറ്റ് മുതലാളിത്തം വരച്ച വാഗ്ദത്ത ഭൂമിയിലേക്ക് ഇരമ്പിപ്പോകുന്ന അധികാരബദ്ധ ഇടതുപക്ഷത്തിന്റെ ബഹളം നാം കേള്‍ക്കുന്നു. അവരെ ഒരാദര്‍ശവും പിറകോട്ടു വലിക്കില്ല. അധര്‍മ്മത്തെക്കുറിച്ചുള്ള വേവലാതികളില്ല. വലതുപക്ഷത്തോടു” നോക്കൂ, നിങ്ങളെക്കാള്‍ മികവോടെ നിങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ നടപ്പാക്കുന്നതു കാണൂ”എന്നു വെല്ലുവിളിക്കാന്‍ അവര്‍ക്കൊട്ടും മനക്ലേശവും കാണില്ല. ആ അങ്കം പക്ഷെ, ചൂഷിത ജനസമൂഹത്തെ ലജ്ജിപ്പിക്കുന്നു. പോരാട്ടത്തിന്റെ ചോരക്കൊടികൊണ്ട് അരുതാത്തതു ചെയ്യുന്ന പരിഷകളെ അവര്‍ വെറുക്കുന്നു.

ആസാദ്
24 ആഗസ്ത് 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )