ലൈഫ്മിഷ്യന് പദ്ധതിയുമായി ബന്ധപ്പെട്ട നാലേകാല്‍ കോടി രൂപ കൈമാറിയ അഴിമതിയുടെ വിശദചിത്രം കൈരളിയാണ് നല്‍കിയത്. വാര്‍ത്താ അവതാരകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ഒരാള്‍ പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ട കാര്യമില്ല.
എന്‍ ഐ എയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് ഉറവിടം എന്നു വ്യക്തമാക്കിക്കൊണ്ടാണ് ബ്രിട്ടാസ് ഈ വാര്‍ത്ത നല്‍കുന്നത്. മാധ്യമ പ്രവര്ത്തകന് എന്ന നിലയ്ക്ക് നല്ല സ്കൂപ്പാണ് അദ്ദേഹം പുറത്തുവിട്ടത്. ഒരു കോടി രൂപയുടെ കോഴ നടന്നതേ മറ്റു മാധ്യമങ്ങള്‍ അറിഞ്ഞിരുന്നുള്ളു.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവെന്ന നിലയില്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാണ്. സംസ്ഥാനത്ത് നാലേകാല്‍ കോടി രൂപയുടെ അഴിമതി ലൈഫ് മിഷ്യന് പദ്ധതിയുടെ മറവില്‍ നടന്നതായി അറിഞ്ഞ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്നുകൂടി പറയാനുള്ള ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. വെറുമൊരു മാധ്യമ പ്രവര്‍ത്തകനില്‍ കവിഞ്ഞ ചുമതലയാണത്.
ബ്രിട്ടാസ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് എന്ന് അംഗീകരിക്കുന്ന ധനമന്ത്രി തോമസ് ഐസക്കും കുറ്റം മറച്ചു വെക്കാനാണ് അതുവരെ ശ്രമിച്ചതെന്നു വ്യക്തമാകുന്നു. അത് എന്തുകൊണ്ടാവാം? അതല്ല അദ്ദേഹം ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലം കാണാത്തതുകൊണ്ടാവുമോ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി പറഞ്ഞത്? ആ ദുരൂഹത മാറ്റേണ്ടതുണ്ട്.
ഉറവിടത്തെ സംബന്ധിച്ച വെളിപ്പെടുത്തലും നന്നായി. മുഖ്യമന്ത്രിയുടെ ഓഫീസിന് എന്‍ ഐ എയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും വലിയ പിടിപാടാണെന്നു വ്യക്തം. മാധ്യമങ്ങളും പ്രതിപക്ഷവും അറിയുന്നതിനു മുമ്പ് മൊഴികളും കണ്ടെത്തലും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനും ഓഫീസിനും ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലുള്ള ഒരു കേസില്‍. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയ്ക്കോ അവരുടെ ചാനലിനോ ലഭ്യമാവാത്ത വിവരം ദേശീയ അന്വേഷണ ഏജന്‍സികളില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനും പാര്‍ട്ടി ചാനലിനും കിട്ടുന്നത് ചെറിയ കാര്യമല്ല.
ഈ ബന്ധങ്ങളുടെ ആഴമാണ് മുഖ്യമന്ത്രിയുടെയും ജലീല്‍ ഐസക് മന്ത്രിമാരുടെയും ആശ്വാസത്തിനും ആത്മവിശ്വാസത്തിനും അടിസ്ഥാനമെന്ന് ധരിക്കേണ്ടിയിരിക്കുന്നു. അതു വെളിവാക്കിത്തന്ന ബ്രിട്ടാസിന് അഭിനന്ദനം.
ആസാദ്
21 ആഗസ്ത് 2020