Article POLITICS

വിറ്റത് വിമാനത്താവളമല്ല ജനങ്ങളുടെ അഭിമാനമാണ്

വികസനം പൊതുവിഭവങ്ങളിലുള്ള വന്‍കിട മുതലാളിത്തത്തിന്റെ കടന്നു കയറ്റവും അവകാശം സ്ഥാപിക്കലുമാണ്. ജനങ്ങളുടെ നീതിപൂര്‍വ്വമായ വളര്‍ച്ചയോ പുരോഗതിയോ അല്ല. വികസനം പുതിയ കോളനിവത്ക്കരണമാണ്. ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കലും ജനങ്ങളെ അടിമകളാക്കലുമാണ്.

സ്വകാര്യ മുതലാളിത്തം കയ്യേറുന്നത് കടലും ആകാശവും മലനിരകളും തീരദേശവും കായലും വയലും വനവും മണലും മണ്ണുമാണ്. അതിനുവേണ്ടി ഒഴിപ്പിക്കപ്പെടുകയാണ് ജനങ്ങള്‍. പുറംതള്ളപ്പെടല്‍ ജനങ്ങളുടെ പുരോഗതിയല്ല. പക്ഷെ, മുതലാളിത്തത്തിന് അതാണ് വികസനം. വലതുപക്ഷ രാഷ്ട്രീയത്തിന് ആ വികസനത്തിലാണ് കമ്പം. അതിന്റെ ദല്ലാള്‍ പണത്തില്‍ കണ്ണുടക്കിയ ഉദ്യോഗസ്ഥ – രാഷ്ട്രീയ കൂട്ടുകെട്ട് ജനങ്ങളുടെ ഒറ്റുകാരാണ്.

വിമാനത്താവളമോ തുറമുഖമോ റെയില്‍വേയോ ദേശീയപാതയോ പൊതുമേഖലാ വ്യവസായമോ വിദ്യാഭ്യാസമോ ആരോഗ്യമോ ഗതാഗതമോ സ്വകാര്യവത്ക്കരിക്കുന്നത് ജനങ്ങളുടെ പുരോഗതിയ്ക്കല്ല. സമ്പത്തു ചാലുകീറി കൊണ്ടുപോകാനാണ്. അതിനു കൂട്ടു നില്‍ക്കുന്നവരെ തിരിച്ചറിയണം. പല ഘട്ടങ്ങളിലായി ഈ സ്വകാര്യവത്ക്കരണത്തിന് അഥവാ വിഭവകൊള്ളയ്ക്ക് കൂട്ടു നില്‍ക്കാത്ത അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏതുണ്ട്? അവര്‍ അതു പറയട്ടെ.

നമ്മുടെ രാജ്യം ഇന്നാവശ്യപ്പെടുന്നത് ചെറുതും വലുതുമായ കൊള്ളക്കാരില്‍നിന്നും അവര്‍ക്കു വഴങ്ങിയ രാഷ്ട്രീയാധികാര ശക്തികളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള നിശ്ചയവും ഇച്ഛാശക്തിയുമാണ്. ദേശീയപാത വില്‍ക്കുന്നവന്‍ റെയില്‍വേസ്റ്റേഷന്‍ വിറ്റവനെ കള്ളനെന്നു വിളിക്കുന്ന രാഷ്ട്രീയമല്ല, എല്ലാ വിഭവകൊള്ളയും ജനതാല്‍പ്പര്യത്തിനും പുരോഗതിക്കും എതിരാണെന്നു പറയുന്ന ജനപക്ഷ രാഷ്ട്രീയമാണ് വളരേണ്ടത്.

വികസനം എന്ന പദംതന്നെ ജനാധിപത്യ നിഷേധം ഉള്ളടങ്ങിയതാണ്. അത് അസന്തുലിത വളര്‍ച്ച ലക്ഷ്യമാക്കുന്നു. വികസനമല്ല ജനങ്ങളുടെ പുരോഗതിയാണ് ലക്ഷ്യമെന്നു പറയാന്‍ കരുത്തുള്ള രാഷ്ട്രീയ മുന്നേറ്റമാണ് കാലം ആവശ്യപ്പെടുന്നത്.

വിമാനത്താവളം വിറ്റവര്‍ ഇന്നു പുതുതായി ഒരു വില്‍പ്പന തുടങ്ങുകയല്ല. വില്‍പ്പനയ്ക്കു മാത്രം മന്ത്രിയെ നിശ്ചയിച്ച സര്‍ക്കാറിന്റെ പിന്മുറക്കാരാണവര്‍. പുത്തന്‍ സാമ്പത്തിക നയത്തിനും ഘടനാപരമായ പരിഷ്കാരത്തിനും രാജ്യത്തിന്റെ വാതിലുകള്‍ തുറന്നു കൊടുത്ത റാവുഗവണ്‍മെന്റിനെ പിറകിലാക്കാന്‍ മത്സരിക്കുന്നവരുമാണ്. ധനകാര്യ സ്ഥാപനങ്ങളിലെ ജനങ്ങളുടെ നിക്ഷേപവും പൊതുഖജനാവിലെ നികുതിപ്പണവും നല്‍കി മൂലധനശേഷി വളര്‍ത്തി ഭരണകൂടം തിടംവെപ്പിച്ച മല്യമാരും മോദിമാരും അംബാനിമാരും അദാനിമാരും തിമര്‍ത്തു മദിച്ചു നടക്കുകയാണ്. അവര്‍ക്കു തീറെഴുതുകയാണ് സകല വിഭവങ്ങളും നരേന്ദ്രമോദി സര്‍ക്കാര്‍. ഇത് പുത്തന്‍ കോര്‍പറേറ്റ് കോളനിവത്ക്കരണമാണ്.

വിറ്റുപോയത് പലപല സ്ഥാപനങ്ങളാണ്. ധനകാര്യ ശേഷിയാണ്. പ്രകൃതി വിഭവങ്ങളാണ്. രാജ്യത്തിന്റെ അതിജീവന ശക്തിയാണ്. മനുഷ്യ വിഭവമാണ്. വൈദഗ്ദ്ധ്യമാണ്. അക്കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ തിരുവനന്തപുരം വിമാനത്താവളം വിറ്റപ്പോള്‍ മാത്രം വേദന അനുഭവിക്കുന്നവരുണ്ട്. അവര്‍ തങ്ങള്‍ക്കു ലാഭമുണ്ടാകുന്ന കച്ചവടത്തിന്റെ നഷ്ടത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണ്. കൊച്ചിയിലും കണ്ണൂരിലും പൊതു മൂലധനത്തെ സ്വകാര്യ ലാഭമാക്കുന്ന രാസവിദ്യ പരീക്ഷിച്ചവരാണ്. അവരുടെ ദുഖമല്ല രാജ്യത്തെ സാധാരണ പൗരന്റെ ദുഖം. പുറംതള്ളപ്പെടുന്ന അനേകരുടെ ദുഖം.

മലകളിലെ പാറകള്‍ വിറ്റും തീരദേശത്തെ കരിമണല്‍ വിറ്റും നദികളിലെ മണല്‍ വിറ്റും നീര്‍ത്തടങ്ങള്‍ വിറ്റും ദേശീയ പാത വിറ്റും വഴിയോര വിപണികള്‍ വിറ്റും സ്വകാര്യ മുതലാളിത്തത്തെ തടിപ്പിച്ചവര്‍ ഒരു വിമാനത്താവളത്തെയോര്‍ത്തു വീഴ്ത്തുന്ന കണ്ണീരില്‍ നമുക്കു വിശ്വാസം വേണ്ട. എന്നാല്‍ ഒന്നിച്ചും ഒറ്റയൊറ്റയായും ഇക്കൂട്ടര്‍ നടത്തുന്ന വില്‍പ്പനകള്‍ കോര്‍പറേറ്റ് കോളനിവത്ക്കരണത്തിലേക്ക് നമ്മുടെ രാജ്യത്തെ തള്ളിവിടുകയാണ്. വീണ്ടും അടിമ ജീവിതത്തിലേക്ക് ഒരു ജനതയെ എറിഞ്ഞു കൊടുക്കുന്നു. ഈ അധമദൗത്യത്തിന്റെ രാഷ്ട്രീയ മുഖങ്ങളെ തിരിച്ചറിയാതെ ഒരു സമരവും വിജയം കാണില്ല. ഇത്തരം ചൂഷണങ്ങള്‍ക്കെതിരായ സമരമാണ് പുതിയ സ്വാതന്ത്ര്യ സമരമായി മാറുക.

ആസാദ്
20 ആഗസ്ത് 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )