നമ്മുടെ കാലത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ ആചാര്യനാണ് യു കലാനാഥന്. യു എന്നത് യുക്തിവാദി എന്നതിന്റെ ചുരുക്കെഴുത്തായി കരുതിയാല്‍പോലും തെറ്റു പറയാനാവില്ല. ഇന്ത്യന്‍ ഭൗതികവാദ പാരമ്പര്യത്തിന്റെ നേര്‍ത്തതും തമസ്കൃതവുമായ ധാരകളെ കണ്ടെടുത്തു കരുത്തു നല്‍കാനായിരുന്നു അദ്ദേഹം ശ്രമിച്ചു പോന്നത്. മതാത്മകമോ ദൈവശാസ്ത്രപരമോ ആയ ആശയവാദ സമീപനങ്ങളെ മുഖാമുഖം നേരിട്ട യുക്തിചിന്തയുടെ കേരളീയ നേതൃത്വമായി കലാനാഥന് മാറി.
യുക്തിചിന്തയുടെ പ്രക്ഷുബ്ധാവിഷ്കാരം നിര്‍വ്വഹിച്ചുപോന്ന ഒരാള്‍ അകത്ത് എത്രമാത്രം ഭാവനകളുടെ വിളവെടുപ്പു നടത്തുന്നുവെന്നത് ആഹ്ലാദകരമായ ഒരന്വേഷണമാവും. അകത്തേയ്ക്ക് കാല്പനികതയുടെ വര്ണലോകങ്ങളുണ്ട്. അവിടെനിന്നാണ് ഊര്‍ജ്ജമെല്ലാം സംഭരിക്കുന്നത്. പുറത്തുനിന്ന് നോക്കുന്നവര്‍ പക്ഷെ പരുക്കനായ വിപ്ലവകാരിയെ മാത്രം കാണും. കലാനാഥന് തന്റെ കവിമുഖം വെളിപ്പെടുത്താത്തത് ഈ പ്രതിഛായാഭേദം ആഗ്രഹിക്കാത്തതുകൊണ്ടാവുമോ?
അരനൂറ്റാണ്ടുമുമ്പ് വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കവിതകളായിരുന്നു അദ്ദേഹത്തിന്റെ ലോകം. ചങ്ങമ്പുഴയ്ക്ക് ഒരു മുറിയുണ്ടായിരുന്നു അവിടെ. എഴുത്തില്‍ അതു തെളിഞ്ഞു നിന്നു. കോളേജുകാലം കഴിയുമ്പോള്‍ രാഷ്ട്രീയക്കാഴ്ച്ചകള് ചേര്‍ന്നു സ്വന്തം കാവ്യഭാഷ ഉറച്ചുവന്നതാണ്. എഴുപതുകളുടെ തുടക്കത്തില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച കവിതകളില്‍ പുതിയ ഭാവുകത്വത്തിന്റെ തെളിച്ചമുണ്ടായിരുന്നു. കലാനാഥന് പിന്നീടെപ്പോഴോ കവിയല്ലാതായി. അഥവാ കവിയില്‍ കവിഞ്ഞതായി.
എന്റെ സ്കൂള്‍കാല സ്മരണകളില്‍ കലാനാഥന്മാസ്റ്ററുടെ കവിതയുണ്ട്. സ്കൂള്‍ മാസികയിലേക്ക് ഇരുന്ന ഇരുപ്പിലെഴുതി നല്കിയ കവിത. പുഴയെക്കുറിച്ചായിരുന്നു അത്. ചില വരികള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ”ഒഴുകുന്നൂ പുഴ. കരയുടെ മാറില്‍ തട്ടിത്തഴുകി താരാട്ടേവമൊഴുക്കി പടരുന്നൂ പുഴ. കാലം ക്രൂരത മാത്രമുരുക്കിച്ചാലിച്ചാഴിയിലാകെ യോഴുക്കെ, വിമൂകം നിന്നൂ കര,യൊരു വൈരക്കല്ലിന് ദൃഢത നുകര്ന്നൂ.” പല പഴയ പദ്യങ്ങള്ക്കൊപ്പം ഈ വരികളും നാലരപ്പതിറ്റാണ്ടായി എന്നോടൊപ്പമുണ്ട്. യുക്തിവാദി സംഘം നേതാവായും കമ്യൂണിസ്റ്റ് നേതാവായും പഞ്ചായത്തു പ്രസിഡണ്ടായും പത്രാധിപരും എഴുത്തുകാരനുമായും നിറഞ്ഞു നിന്ന കലാനാഥന് കവികൂടിയാണെന്നത് ആ വ്യക്തിത്വത്തെമഹത്വപ്പെടുത്തുന്നുണ്ട്.
മതവിമര്‍ശനത്തിന്റെ വിപരീത കരയില്‍ ഒരു ഭാവനാലോകമുണ്ടെന്നും ആശയവാദ ആത്മീയതയുടെ എതിര്‍കരയില്‍ ഒരു ഭൗതികവാദ ആത്മീയതയുണ്ടെന്നും യുക്തിവാദിയായ ഒരാള്‍തന്നെ വേണം കണ്ടെത്താന്‍. അപ്പോഴാണ് ഇന്ത്യന്‍ ദര്‍ശനത്തിന്റെ ചോര്‍ന്നുപോയ ഉപദര്ശനങ്ങള് തെളിയുന്നത്. കെ ദാമോദരനും മറ്റും കണ്ടെത്താന്‍ ശ്രമിച്ച ഇന്ത്യയുടെ മനസ്സാണത്. ആ അര്‍ത്ഥത്തില്‍ കലാനാഥന്റെ കാവ്യജീവിതം തുറക്കുന്ന വാതിലുകള്‍ കാണാതിരുന്നുകൂടാ.
1965ലാണ് കലാനാഥന് കടല്‍ച്ചിപ്പികള്‍ എന്ന ഖണ്ഡകാവ്യം എഴുതുന്നത്. ”തട്ടും തടവുമില്ലാത്ത ഒരു ശൈലി, ഒരിക്കലും വസ്തുമാത്ര കഥനത്തിലേയ്ക്ക് താഴ്ന്നു നില്‍ക്കാത്ത ആവിഷ്ക്കരണ രീതി, ഭാവപൂര്‍ണത എന്നിവ കലാനാഥന്റെ കവിതയ്ക്ക് അവകാശപ്പെടാവുന്ന മേന്മകളാണ്” എന്ന് അതിന്റെ അവതാരികാകാരനായ എ പി പി നമ്പൂതിരി അഭിപ്രായപ്പെടുന്നു. പ്രവേശികയെഴുതിയ എരുമേലിയുടെ വാക്യങ്ങളും ശ്രദ്ധേയം. ” ഹൃദയാനുഭൂതിയുടെ നറുമണം പരത്തുന്ന കൊച്ചു കൊച്ചു കവിതകളുമായി സാഹിത്യ രംഗത്തു പ്രവേശിച്ച കലാനാഥന് ഉള്‍ക്കനമുള്ള ഒരു കവിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ശാസ്ത്ര തല്പ്പരന് കവിയാവുക, ആ കവിക്ക് പ്രകൃതിയോടൊപ്പം ജീവിതത്തിന്റെ അന്തര്‍ധാരകള്‍ ചൈതന്യവത്തായും സുന്ദരമായും ആവിഷ്ക്കരിക്കാന്‍ കെല്‍പ്പുണ്ടാവുക – എത്ര അഭികാമ്യമായ ഒന്നാണിത്.” എ പി പിയും എരുമേലിയും അടയാളപ്പെടുത്തിയ ആ വരവ് കലുഷമായ കാലത്തിന്റെ തീവ്രപ്രതികരണങ്ങളായി അടിയന്തരാവസ്ഥാകാലം വരെ സജീവമായി നാം കണ്ടു. പിന്നീട് പുറംതിരക്കുകളില് അടയ്ക്കപ്പെട്ട അകമായി അതു മാറിക്കാണണം.
അറുപതുകളുടെ അവസാനമാകുമ്പോഴേക്കും ചങ്ങമ്പുഴ സ്കൂളില്‍നിന്നു വിമോചിതനായി പുതുവഴി കണ്ടെത്തുന്നതിന്റെ പ്രഖ്യാപനമുണ്ട് പരിധി എന്ന കവിതയില്‍.
കുരുന്നു കൊക്കിലുമിളം ചിറകിലും
വിരലിലെ നഖത്തലപ്പിലുമെല്ലാം
സമൂര്ത്തമാം വര്‍ഗ പ്രതികാരത്തിന്റെ
കൊടുംവിഷം തേച്ചു മിനുക്കയായി ഞാന്‍!
പ്രവഹിപ്പിക്കയായജയ്യമാം ശക്തി-
പ്രവാഹമെന്നിലേക്കുണര്ന്ന ചേതന.
ഉരുക്കാണിന്നെന്റെ ചിറകുകള്! കോടി
മെഗാടണ്‍ തീ തുപ്പും കടുത്ത കൊക്കുകള്‍.
ബഹിരാകാശത്തിന് തെളിഞ്ഞ ‘എക്സ്റേ’-
യെടുക്കാന്‍ പോരുമെന്നിരു മിഴികളും!
ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ 1967 ഡിസംബറിലാണ് ഈ കവിത പ്രസിദ്ധീകരിച്ചത്. കവിതയുടെ മാനിഫെസ്റ്റോ കവി പ്രഖ്യാപിച്ചുകഴിഞ്ഞു.
പില്ക്കാല യുക്തിപ്രഭാവത്തിന്റെ മുളകള്‍ നിയോഗം എന്ന ചെറിയ കവിതയില്‍ എങ്ങനെ ഉള്ളടങ്ങിയിരിക്കുന്നു എന്നു നോക്കൂ.
ഭ്രൂണമായിരുന്നപ്പോള്‍, വിത്തിനുള്ളിലെ ഭദ്ര-
ഭൂമിയില്‍ സുശിക്ഷിത ശീലമാര്ന്നിരുന്നപ്പോള്
പൂര്വ്വകാലത്തിന് നിജസ്ഥിതിയെത്താലോലിക്കാ-
നാവാതെ, സ്വയം പൊട്ടി വിടരാന്‍ തുനിഞ്ഞപ്പോള്‍,
സ്നിഗ്ദ്ധദുര്ബ്ബലമായ ശൈശവപ്രായം പ്രേമ-
മുഗ്ദ്ധമാം മാറില്ച്ചേര്ത്തുകാത്തൊരാ കവചത്തെ
എത്ര ധീരമായ് ചിന്താശക്തമായ് പൊട്ടിച്ചെറി-
ഞ്ഞെത്ര മോഹനമായിട്ടെന്നെ ഞാന്‍ നിഷേധിച്ചൂ!
ചെടിയായ് വളര്‍ന്നപ്പോള്‍ ഭ്രൂണമെന്‍ വികാസത്തിന്
മടിയില്‍ നിഷേധത്തിന് ക്രൂരമാം നിഷേധമായ്!
നാളെ ഞാന്‍ കിളുര്പ്പിക്കുമായിരം ഫലങ്ങളാല്‍
നാളെ ഞാന്‍ സ്വയം നിഷേധിച്ചിടും സ്വയം വളര്‍ന്നീടാന്‍!
ഞാനെന്നെ നിഷേധിക്കാന്‍ ധീരമായൊരുങ്ങട്ടെ!”
(നിയോഗം, ദേശാഭിമാനി വാരിക 1974 ഫെബ്രുവരി 3) ഏതുതരം പരിവര്‍ത്തനമാണ് കവിയിലുണ്ടാകുന്നതെന്ന് ‘നിയോഗം’ പറയുന്നുണ്ട്. കവിതയില്‍ അത്ര സാധാരണമല്ലാത്ത ഒരു ശാസ്ത്രചിന്തയുടെ സൗന്ദര്യവിതാനം ഉയര്‍ന്നുതന്നെ നില്ക്കുന്നു. വിത്തിന്റെ വളര്‍ച്ചപോലെയാണ് കവിയിലെ പരിണാമവും. നിഷേധത്തിന്റെ ഭാവതീവ്രതയും സൗന്ദര്യശാസ്ത്രവും ഈ കവിതയില്‍ വിസ്മയകരമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ദീപാവലി നാളിലും പട്ടിണിമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന ഒരു കുടുംബത്തെക്കുറിച്ച് എഴുതിയ കവിതയാണ് ദീപാവലി.
ദീപാവലി!
നിറപൊലി നീളെ നിരത്തിയ
നിറദീപാങ്കുര നിരകള്‍
പീലി വിടര്‍ത്തിയ ദീപാവലി!
ആഹ്ലാദത്തിന്നാര്ഭാടങ്ങളി
ലസുലഭ മാദകസമ്പന്നതകളു
മഭിനവ ചൂഷക പ്രഭുവൃന്ദങ്ങളു
മവരുടെ സുന്ദര സങ്കല്പ്പങ്ങളു
മൊഴുകും ദീപാവലിയുടെ
നിറവെട്ടത്തില്‍ കാണ്മൂ ദൂരെ
കൂരിരുളുരുകിച്ചേര്ന്നു കലങ്ങിയ
മണ്ണിന് ബാഷ്പകണങ്ങളിലെഴുതിയ
ദുഖത്തിന് കരിവേഷം! (ചുടലകള്‍ – ദേശാഭിമാനി വാരിക 1974) വാര്‍ത്താധിഷ്ഠിതമായ ഒരു പ്രമേയത്തെ സമീപിക്കുമ്പോഴും കവിതയുടെ സഞ്ചാര പഥത്തിനും സംവേദനത്തികവിനും പരിക്കേല്‍ക്കുന്നില്ല. കലയുടെ രസതന്ത്രം അനുഭവങ്ങളെ എങ്ങനെ മാറ്റിത്തീര്‍ക്കുന്നുവെന്ന് ഒട്ടും പരിഭ്രമിക്കാതെ തിരിച്ചറിയുന്ന കവിത്വം കലാനാഥനില്‍ കാണാം. ഖുക്രി എന്ന കവിതയില്‍ ഇതു കൂടുതല്‍ മികവാര്‍ന്നു നില്ക്കുന്നു.
” ചുടുചോര മോന്തിത്തുടുത്ത
ചുണ്ടുകള്‍ വിറയ്ക്കവേ
കിതയ്ക്കുമുള്ളിലെ വികാര ജൃംഭണ
പ്പൊലിമകള് വെട്ടിത്തിളങ്ങവേ,
നിശിതമാം വജ്രമുനകളെക്കൂടി
കശക്കുവാനാഞ്ഞു കുതിക്കയാ
ണാത്മഹതിയില്നിന്നുയിര്ത്തെ-
ണീറ്റൊരപ്രതിഹത പ്രതികാര
ക്കനല്ക്കട്ടപോലെ പഴുത്ത
ഖുക്രിതന് ചുകന്നൊരാ ദലം.” (ഖുക്രി)
അടിയന്തരാവസ്ഥയില്‍ കവി നിശബ്ദനായില്ല. വൃശ്ചികവും കര്‍ക്കടകവും എന്ന കവിത ആ പ്രക്ഷുബ്ധതയെ പ്രകാശിപ്പിച്ചു. കലുഷമായ കാലത്തിനപ്പുറം ഒരുദയം കാത്തുവെച്ച കവിതയാണത്.
”വിഷക്കാറ്റൂളിയിട്ടരിച്ചു കേറുന്ന
പുളകക്കൂമ്പുകള് വിടര്‍ന്ന മേനിയില്‍
വധമഹിംസയായ് വളര്‍ന്ന ദ്വാപര-
യുഗത്തിന് നീലിമ മഷിയിട്ട മെയ്യില്‍
തമസ്സു താണ്ഡവം തിമര്‍ക്കവേ, പുച്ഛ-
ത്തലപ്പിലെ കൊടും വിഷകുംഭം പൊക്കി
തലക്കുമേല്‍ നിര്‍ത്തി, കൊടില്പദം രണ്ടും
നിവര്‍ത്തി നില്ക്കുന്നൂ കറുത്ത വൃശ്ചികം.
രൂപകസമൃദ്ധമാണ് ഈ കവിത. അതു സ്വാഭാവികമാണ്. സെന്‍സര്‍ഷിപ്പിനെ മറികടന്ന അടിയന്തരാവസ്ഥാവിരുദ്ധ കവിതയാണ് വൃശ്ചികവും കര്‍ക്കടകവും. 1975 നവംബറിലാണ് ദേശാഭിമാനി വാരിക ഈ കവിത പ്രസിദ്ധീകരിച്ചത്.
ഹോമകൂടം എന്ന കവിത ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പൊലീസുകാരിയെക്കുറിച്ചാണ്.
നീതിപാലിക്കുവോര്ക്കെങ്കിലുമിത്തിരി
നീതി ലഭിക്കുമെന്നാശിച്ച ചേതനേ
പൊലീസുകാരിയാണെങ്കിലും പെണ്ണൊരു

ഭോഗപദാര്ത്ഥമാണെന്നറിയുന്നു ഞാന്‍!
കാക്കിയുടുപ്പിലാണെങ്കിലും കാടിന്റെ
കാട്ടാള സംസ്കൃതി കാത്തു സൂക്ഷിക്കുവോര്‍
എന്നഭിമാനം കവര്‍ന്നൊരാ വേളയി
ലൊന്നു വിറയ്ക്കാത്ത നീതി പീഠങ്ങളേ
അഗ്നിസര്‍പ്പങ്ങള്‍ പുളയ്ക്കയാണിന്നെന്റെ
ഭഗ്നാശമാകും മനസ്സിന് തടങ്ങളില്‍!
കാമപൂര്ത്തിക്കന്നു മുക്കുവപ്പെണ്ണിനെ
ക്കേറിപ്പിടിച്ച മുനീന്ദ്ര സംസ്കാരമേ
ആര്ഷമാണൊക്കെയുമാര്ഷം – മനുഷ്യത്വ
മാഹുതി ചെയ്യുമീ ഹോമകൂടങ്ങളില്!
ദേശാഭിമാനി തന്നെയാണ് ഈ കവിതയും പ്രസിദ്ധീകരിച്ചത്. മുഖ്യധാരാ മാധ്യമങ്ങള്ക്ക്അപരിചിതമായ ഒരു സൗന്ദര്യാത്മക സമീപനം ദേശാഭിമാനിയില്‍ തളിര്‍ത്തു നിന്ന കാലമാണത്. കെ ജി എസ്സിന്റെ നിശബ്ദതയും ബംഗാളും സച്ചിദാനന്ദന്റെ അഞ്ചുസൂര്യനും വന്ന കാലം. കെ പി ജിയില്‍നിന്നും കെടാമംഗലത്തില്നിന്നും കവിത അതിന്റെ സമരോത്സുകസൗന്ദര്യത്തെ വികസിപ്പിച്ച കാലം. അക്കാലത്തെ കാവ്യാന്വേഷണങ്ങളില് യു. കലാനാഥന്റെ ധൈഷണികാടയാളവും പതിഞ്ഞു കിടക്കുന്നുണ്ട്.
പില്ക്കാല കലാനാഥനകത്ത് ഒളിഞ്ഞു കിടന്ന കവിയെ ഒന്നു പുറത്തിടാനാണ് ഞാന്‍ ഈ കുറിപ്പില്‍ ശ്രമിച്ചത്. കവിതകള്‍ വാസ്തവത്തില്‍ നല്ല പഠനം അര്‍ഹിക്കുന്നുണ്ട്. ശാസ്ത്രകാരനും യുക്തിവാദിയുമായ ഒരാള്‍ കവിതയില്‍ വേരാഴ്ത്തിയാണ് വളര്‍ന്നു തിടം വെച്ചതെന്നത് കൗതുകകരമാണ്. വിപ്ലവകാരികളുടെ അന്നം ഭാവനയാണെന്നത് വെറുതെ പറയുന്നതല്ല. മാഷ് അകത്തെ കവിതകളെ തെളിമയാര്‍ന്ന ചിന്തകളാക്കി മാറ്റിയിരിക്കണം. പ്രക്ഷുബ്ധ സമുദ്രത്തെ മെരുക്കി പുഴകളാക്കി ഒഴുക്കിയിരിക്കണം. കടലും പുഴയുമില്ലാത്ത അനുഭവവും ഭാവനയും കലാനാഥനില്ല. എണ്‍പതില്‍ ആദരം നേരുന്നു.
ആസാദ്
14 ആഗസ്ത് 2020
(യു കലാനാഥന് എണ്പതു തികയുന്ന സന്ദര്‍ഭത്തില്‍ അനില്‍ മാരാത്ത് എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുന്ന ‘ യു കലാനാഥന് : ചിന്ത, സര്‍ഗാത്മകത, ജീവിതം’ എന്ന അക്ഷരോപഹാരത്തിലേക്ക് എഴുതിയത്.)
“”മതവിമര്‍ശനത്തിന്റെ വിപരീത കരയില്‍ ഒരു ഭാവനാലോകമുണ്ടെന്നും ആശയവാദ ആത്മീയതയുടെ എതിര്‍കരയില്‍ ഒരു ഭൗതികവാദ ആത്മീയതയുണ്ടെന്നും യുക്തിവാദിയായ ഒരാള്‍തന്നെ വേണം കണ്ടെത്താന്‍. അപ്പോഴാണ് ഇന്ത്യന്‍ ദര്‍ശനത്തിന്റെ ചോര്‍ന്നുപോയ ഉപദര്ശനങ്ങള് തെളിയുന്നത്. കെ ദാമോദരനും മറ്റും കണ്ടെത്താന്‍ ശ്രമിച്ച ഇന്ത്യയുടെ മനസ്സാണത്. ആ അര്‍ത്ഥത്തില്‍ കലാനാഥന്റെ കാവ്യജീവിതം തുറക്കുന്ന വാതിലുകള്‍ കാണാതിരുന്നുകൂടാ.””യൂ. കലാ നാഥന്റെ കവിതകൾ ഞാൻ വായിച്ചിട്ടുണ്ട് . എവിടെ ഡോക്ടർ ആസാദ് എഴുതിയ ആസ്വദ ന കുറിപ്പ് ഹൃദ്യ മായിരിക്കുന്നു . കുറെ നാളുകൾക്കു ശേഷമാണ് കവിതയെ കുറിച്ച് അതിന്റെ. ു ലാവണ്യത്തെ കുറിച്ച്, അതിന്റെ സാമൂഹ്യ മാനത്തെക്കുറിച്ചു അതിന്റെ വിഭ്രാന്തിയെ കുറിച്ച്, ഒരു ലേഖനം വായിച്ചത് , കൂടാതെ അതിൽ പരാമർശിക്കപ്പെട്ട എരുമേലി ,
മലയാളഎന്റെ കോളേയ്ജ് പഠനകാലഘട്ടത്തിൽ ആലപ്പുഴ ജില്ലയി ലെയും കൊല്ലം ജില്ലയിലെയും മിക്ക സാഹിത്യ പരിപാടികളും എ പി കളീയ്ക്ക ടും
എരുമേലി സർ യുണ്ടാകു.. വേദിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ എന്നോട് പറയും ” കുട്ടി, പറഞ്ഞെതെല്ലാം അസലായിരിക്കുന്നു”
പൈൻ െ അനിൽ മാരത്തിന്റെ ഒരു ലിറ്റിൽ മാഗസിനിൽ എന്റെ കവിത വന്ന കാലവും ഒക്കെ ഓർക്കുവാൻ ഡോക്ടർ ആസാദിന്റെ ലേഖനത്തിനു കഴിഞ്ഞു
LikeLike