കേരളത്തില്‍ വീണ്ടും വിമോചന സമരത്തിന് ഒരുക്കം നടക്കുന്നതായി ഭയപ്പെടേണ്ടതുണ്ടോ? ഇല്ല എന്നാണ് എനിക്കു തോന്നുന്നത്.
1959ല്‍ ഇ എം എസ് ഗവണ്മെന്റിനെ അട്ടിമറിച്ച സമരം കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മത സാമുദായിക പ്രസ്ഥാനങ്ങളുടെയും അവിശുദ്ധ സഖ്യത്തിന്റെ മാത്രം നേതൃത്വത്തിലായിരുന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്വവും ലോകമുതലാളിത്തവും പിറകില്‍നിന്നു നയിച്ച യുദ്ധമായിരുന്നു അത്.
കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങളും സാമ്പത്തിക സഹായങ്ങളും പുറത്തുനിന്നെത്തി. അതിന്റെ പുളപ്പിലായിരുന്നു ആ സമരാഭാസം. എന്നാല്‍ ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാറിനെ താഴെ ഇറക്കാന്‍ അതിതീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബി ജെ പിപോലും ആഗ്രഹിക്കുന്നില്ലെന്നു വേണം കരുതാന്‍. അവര്‍ കോണ്‍ഗ്രസ് വിമുക്ത ഭാരതമേ ഈ ഘട്ടത്തില്‍ ലക്ഷ്യമാക്കുന്നുള്ളു. ലോക കോര്‍പറേറ്റ് മുതലാളിത്തമാകട്ടെ സി പി എമ്മുമായി ചങ്ങാത്തത്തില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്. ഒരെതിര്‍പ്പും കൂടാതെ കേരള വികസനത്തിലേക്കും കേരളത്തിലെ വിഭവങ്ങളിലേക്കും കടന്നെത്താന്‍ ആ ചങ്ങാത്തമാണ് ഉപകരിക്കുക എന്ന് അവര്‍ക്കറിയാം.
വലതുപക്ഷ പ്രസ്ഥാനങ്ങളാവട്ടെ തങ്ങളുടെ അജണ്ട ഫലപ്രദമായി ഇടതുപക്ഷം നടപ്പാക്കുന്നതിന്റെ അങ്കലാപ്പിലാണ്. 1959 പോലെ കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസ്സുമല്ല. ദേശീയ തലത്തില്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ കേരളത്തില്‍ വിമോചന സമരമെന്നല്ല ഒരു വിമോചന ധര്‍ണ നടത്താന്‍പോലും അശക്തരാണവര്. മാത്രമല്ല, ഹിന്ദുത്വഫാഷിസത്തിനെതിരായ രാഷ്ട്രീയ മുന്നേറ്റത്തിലേക്ക് ഇടതുപക്ഷത്തെക്കൂടി ദേശീയ തലത്തിലെങ്കിലും കൂട്ടി നിര്‍ത്തേണ്ടതിന്റെ ആവശ്യകത അവരുടെ നേതൃത്വത്തിന് ബോധ്യവുമാണ്. ഈ സാഹചര്യത്തില്‍ ഒരതിസാഹസത്തിനും കോണ്‍ഗ്രസ്സിനു മുതിരാനാവില്ല.
കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്ക് സി പി എമ്മുമായി വിമര്‍ശനാത്മക സൗഹൃദത്തിലാണ് താല്‍പ്പര്യം. മുസ്ലീംലീഗ് ഉള്‍പ്പെടെ വലിയ ശ്രദ്ധയോടെയാണ് നീങ്ങുന്നത്. കേന്ദ്ര ബി ജെ പി ഭരണത്തിന്റെ കടന്നുകയറ്റങ്ങളെ തടയാന്‍ ഇടതുപക്ഷ പാര്ട്ടികളുണ്ടാവുമെന്ന് അവര്‍ക്ക് പ്രതീക്ഷയുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ എല്‍ ഡി എഫോ കാമ്പസുകളില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകളോ ഏറ്റെടുത്തില്ലെങ്കിലും ആ പ്രതീക്ഷ അവര്‍ കൈവെടിയുന്നില്ല. അതിനാല്‍ എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ ജനാധിപത്യ മാര്‍ഗത്തിലല്ലാത്ത ഒരു പ്രക്ഷോഭത്തിനും അവര്‍ പിന്തുണ നല്‍കില്ല.
ജാതി സമുദായ സംഘടനകളും പഴയപോലെ അതൃപ്തരല്ല. അവരുടെ ആവശ്യങ്ങള്‍ നടക്കാതിരിക്കുന്നില്ല. ഇടതുപക്ഷത്തുതന്നെ വിഎസ് സര്‍ക്കാറിനു സഹിക്കാനാവാത്ത സാമുദായികാതിക്രമവും ശാഠ്യവും പിണറായി സര്‍ക്കാറിന്റെ കാലത്ത് സഹനീയമാവുന്നത് നാം കണ്ടു. വെള്ളാപ്പള്ളി ഇപ്പോഴും നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷനാണ്. ശബരിമല പ്രശ്നത്തില്‍ വിമര്‍ശനമുന്നയിച്ച എന്‍ എസ് എസ്സിനും (വിമോചന സമരത്തിന്റെ മുന്നണിപ്പടയാളിയായ മന്നത്തിന്റെ പിന്മുറക്കാര്) ബിജെപിയോടുള്ളതിനെക്കാള് താല്‍പ്പര്യം ഇടതുപക്ഷത്തോടാണ്. ദളിത് ആദിവാസി വിഭാഗങ്ങളാവട്ടെ ജനാധിപത്യ സമരങ്ങളിലാണ് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. എല്‍ ഡി എഫിനു പകരം യുഡി എഫ് വന്നതുകൊണ്ടു മാത്രം ശാശ്വതമായ പരിഹാരമുണ്ടാവില്ലെന്ന് അവര്‍ക്കറിയാം.
കേരളത്തിലെ സമ്പന്ന വിഭാഗങ്ങളാവട്ടെ, അവര്‍ക്ക് ഏറ്റവും അനുകൂലമായ സര്‍ക്കാറിനെ കിട്ടിയ സന്തോഷം മറച്ചു വെക്കാറില്ല. അവരുടെ പദ്ധതികള്‍ക്ക് ഇത്രയേറെ പിന്തുണ മറ്റൊരു സര്‍ക്കാറും നല്‍കിയിട്ടില്ല. വികസന അജണ്ടകളിലെല്ലാം ധന വിഭവ വിനിമയങ്ങളിലെ കണ്ണികളാണവര്‍. പാറ ഖനനത്തിന്റെയും ഭൂമി കൈയേറ്റ മാഫിയകളുടെയും പലവിധ നിര്‍മാണ ലോബികളുടെയും സുവര്ണകാലവുമാണിത്.
വിമോചന സമരകാലത്ത് വെള്ളവും അന്നവും നല്കിയ സാമ്പത്തിക ശക്തികള്‍ ഇപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷത്തെയാണ് തുണയ്ക്കുന്നത്. കടന്നുവന്ന കണ്‍സള്‍ട്ടന്‍സികളെ മാത്രം നോക്കിയാല്‍ അക്കാര്യം വ്യക്തമാവും. സോഷ്യലിസ്റ്റ് ലക്ഷ്യവും വര്‍ഗരാഷ്ട്രീയ മുന്നേറ്റവും തകര്‍ക്കാന്‍ വലതുപാര്‍ട്ടികള്‍ വേണ്ട എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മുള്ളുകൊണ്ട് മുള്ളെടുക്കാമെന്ന് അവര്‍ പഠിച്ചുകഴിഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയം തകര്‍ക്കാന്‍ പിണറായിക്കു കിട്ടുന്ന മുതലാളിത്ത പിന്തുണയുടെ ഭാരം മാത്രം മതിയാവും. അതിനാല്‍ ഇനിയൊരിക്കലും പഴയതുപോലെ ഒരു വിമോചന സമരാഭാസം കേരളത്തിലുണ്ടാവില്ല.
ഗോര്ബച്ചേവുമാരെയും പിണറായിമാരെയും അവര്‍ വളര്‍ന്നുവന്ന തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തില്‍നിന്ന് കോര്‍പറേറ്റ് വികസന രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തിപ്പിച്ച മുതലാളിത്തത്തിന് ഇപ്പോള്‍ പഴയ ആശങ്കകള്‍ കാണില്ല. ജനങ്ങളില്‍ പുതിയ രാഷ്ട്രീയവും പ്രതിരോധവും രൂപപ്പെടുംവരെ ഇവര്‍ക്കു ഭയപ്പെടേണ്ടതുമില്ല.
ആസാദ്
12 ആഗസ്ത് 2020