തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തു കേസ് തുറന്നുവിട്ട പാര്ശ്വവിഷയങ്ങള് ഇടതുപക്ഷ സര്‍ക്കാറിന്റെ മുതുകിലെ വലിയ കൂനായി വളര്‍ന്നു വന്നിരിക്കുന്നു. മുന്നണിയുടെയും മുഖ്യഭരണകക്ഷിയുടെയും മുതുകിലെ ഭാരം അവയെ ജനങ്ങള്‍ക്കു മുന്നില്‍ കുനിച്ചു നിര്ത്തിത്തുടങ്ങിയിരിക്കുന്നു. രണ്ടുമൂന്നു പതിറ്റാണ്ടായി വഴിതെറ്റി വളര്‍ന്ന വിപ്ലവേതര മോഹങ്ങളുടെ പടര്പ്പുകളത്രയുമാണ് പുറത്തു വന്നിരിക്കുന്നത്.
ശീതസമരം ശക്തമായിരുന്ന കാലത്തും അതവസാനിപ്പിച്ച സന്ദര്‍ഭത്തിലും ഉറച്ച നിലപാടുണ്ടായിരുന്ന ലോകത്തിലെ അപൂര്‍വ്വം കമ്യൂണിസ്റ്റ് പാര്‍ട്ടികളിലൊന്നായിരുന്നു സി പി ഐ എം. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും ബര്‍ലിന്‍ മതില്‍പോലെ തകര്‍ന്നപ്പോള്‍, അതിലൊന്നും പെട്ട് വര്‍ഗസമരം ഇല്ലാതായിട്ടില്ലെന്നും അതിനാല്‍ സോഷ്യലിസമാണ് ബദലെന്നും ഉറച്ചു പറയാന്‍ അധികം പാര്ട്ടികളുണ്ടായിരുന്നില്ല. എല്ലാവരും കൊടിയും പേരും മാറ്റുന്ന തിരക്കിലായിരുന്നു. കല്‍ക്കത്തയില്‍ ചേര്‍ന്ന ലോക കമ്യൂണിസ്റ്റ് കൂട്ടായ്മയും ചെന്നൈയില്‍ ചേര്‍ന്ന സി പി ഐ എമ്മിന്റെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സും ഇടതുപക്ഷ രാഷ്ട്രീയത്തിനു നല്കിയ ഊര്‍ജ്ജം ആവേശകരമായിരുന്നു.
എന്നാല്‍ ആ ഉണര്‍വ്വിലും ആവേശത്തിലും പുതഞ്ഞു കിടന്ന ശൈഥില്യത്തിന്റെ കീടങ്ങളെ ആരും അന്നു ശ്രദ്ധിച്ചില്ല. പുത്തന്‍ സാമ്പത്തിക നയത്തിന്റെ റാവു – മന്മോഹന് പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമായപ്പോള്‍ ബംഗാളിലെ പാര്‍ട്ടിയും ഭരണവും വഴുതിത്തുടങ്ങി. അതെത്രമാത്രം ദോഷകരമാവുമെന്ന് സിപിഐഎം നേതൃത്വത്തോടു പറഞ്ഞത് അന്നു പോളിറ്റ്ബ്യൂറോ അംഗമായിരുന്ന നൃപന് ചക്രവര്‍ത്തിയാണ്. മുതലാളിത്ത വികസനത്തിന്റെ പാതയിലാണ് ബംഗാളിലെ ജ്യോതിബാസു ഗവണ്മെന്റ് മുന്നേറുന്നതെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതി. സുര്‍ജിതും സംഘവും ആ കത്ത് ഗൗരവത്തില്‍ എടുത്തില്ലെന്നു മാത്രമല്ല നൃപന് ചക്രവര്‍ത്തിക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. അത് എഴുപതുകള്‍ക്കൊടുവില്‍ പി സുന്ദരയ്യ പ്രകടിപ്പിച്ചതുപോലെയുള്ള ശക്തമായ ഭിന്നാഭിപ്രായത്തിനു മുന്നില്‍ പാര്‍ട്ടി ഒരിക്കല്‍കൂടി പതറുന്ന ചിത്രമാണ് ബാക്കി വെച്ചത്.
സി പി ഐ എം നേതൃത്വം സൈദ്ധാന്തികമായി സോഷ്യലിസ്റ്റ് ലക്ഷ്യം പ്രഖ്യാപിച്ച ഘട്ടത്തില്‍ അതിനു പ്രാപ്തമായ കര്മ്മോതസുകത പ്രയോഗരംഗത്ത് നിലനിന്നിരുന്നില്ല. ബര്‍ലിന്‍ മതില് തകരുന്ന നാളുകളില്‍ കേരളത്തിലെ പാര്‍ട്ടി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത് പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ പാര്‍ലമെന്ററി രംഗത്തേയ്ക്കും പാര്‍ലമെന്ററി രംഗത്തുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്കും മാറേണ്ട അടിയന്തര സാഹചര്യത്തെക്കുറിച്ചായിരുന്നു. ലോകം കലുഷമായ കാലത്ത് ഈ വ്യാമോഹം നാലുവര്‍ഷം മാത്രം പിന്നിട്ട നായനാര്‍ സര്‍ക്കാറിനെ തെരഞ്ഞെടുപ്പിലേക്ക് എത്തിച്ചു. 1991ലെ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റു വാങ്ങിയതും അതു തുടര്‍ന്നുവന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തില്‍ പുതിയ വിഭാഗീയതയുടെ വിത്തിട്ടതും ചരിത്രം. അത്തരം വ്യതിയാനങ്ങളെ തിരുത്താന്‍ സോവിയറ്റ് തകര്‍ച്ചയുടെ അനുഭവം പാഠമാകണമെന്നാണ് പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് ഓര്‍മ്മപ്പെടുത്തിയത്. തെറ്റു തിരുത്തല്‍ കാമ്പെയിന് തുടങ്ങാനും പാര്‍ട്ടിയ്ക്കകത്തു ജനാധിപത്യം നിലനിര്‍ത്താന്‍ കണ്ട്രോള് കമ്മീഷന് രൂപീകരിക്കാനും ആ പാര്‍ട്ടി കോണ്‍ഗ്രസ്സാണ് തീരുമാനിച്ചത്.
സോഷ്യലിസമാണ് ബദല്‍ എന്ന സി പിഎം പ്രമേയം ലോകത്തെങ്ങുമുള്ള തൊഴിലാളിവര്‍ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആവേശത്തോടെ സ്വാഗതം ചെയ്തു. എന്നാല്‍ അതിന്റെ സത്ത ഒട്ടും ബോധ്യപ്പെടാത്തവര്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിലുണ്ടായി. 1991ലെ കോഴിക്കോട് സമ്മേളനത്തിന്റെ ഒടുവിലിട്ട വിത്ത് 1994ലെ കൊല്ലം സമ്മേളനത്തില്‍ വളര്‍ന്നു പന്തലിക്കുന്നതു കണ്ടു. 1998ലെ പാലക്കാടു സമ്മേളനത്തിലാവട്ടെ അതു പൊട്ടിത്തെറിച്ചു. തൊണ്ണൂറുകളില്‍ കേരളത്തിലെ പാര്‍ട്ടി സംഘടന അതേറ്റെടുത്ത രാഷ്ട്രീയ ലക്ഷ്യത്തിലല്ല, അധികാര മത്സരത്തിലാണ് ശ്രദ്ധയൂന്നിയത്. അതിനിടയിലും 1996ല്‍ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് നല്കിയ രാഷ്ട്രീയാവേശവും റാവു ഗവണ്മെന്റിന്റെ പുത്തന്‍ സാമ്പത്തിക പരീക്ഷണങ്ങളേല്പ്പിച്ച അതൃപ്തിയും ഇടതുപക്ഷ മുന്നണിയെ അധികാരത്തിലെത്തിച്ചു. മുഖ്യമന്ത്രി പദത്തിലേക്ക് പാര്‍ട്ടിയില്‍ വോട്ടെടുപ്പു നടന്ന ആദ്യ സന്ദര്‍ഭം അതായിരുന്നു. സുശീലാ ഗോപാലനെ തോല്‍പ്പിച്ച് നിയമസഭാംഗമല്ലാത്ത ഇ കെ നായനാര്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി.
കേരള ഘടകത്തില്‍ എണ്‍പതുകളിലെ ഭിന്നാഭിപ്രായങ്ങള്‍ ചെറിയൊരു പിളര്പ്പിനിടയാക്കിയിരുന്നു. എം വി രാഘവന്റെ നേതൃത്വത്തില്‍ സി എം പിയുടെ പിറവി നാം കണ്ടു. തൊണ്ണൂറുകളിലെ വിഭാഗീയത പിളര്‍പ്പിലേക്കു നീങ്ങിയില്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആരംഭിച്ച വിഭാഗീയത പതുക്കെ ശക്തിപ്പെട്ടു. തൊഴിലാളി വര്‍ഗത്തിന്റെ വിമോചന പ്രസ്ഥാനം ബഹുജന – പൗരസമൂഹ രാഷ്ട്രീയത്തിന്റെ പ്രവണതകളിലേക്ക് അതിവേഗം വഴുതി. പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന സിഐടിയു വിഭാഗം ദുര്‍ബ്ബലമായി. ട്രേഡ് യൂണിയനിസത്തിന്റെ അതിശാഠ്യങ്ങള്ക്കും വര്‍ഗസഹകരണ വഴിത്തെറ്റുകള്ക്കുമിടയില് ഒരു ഇടതുവഴി കണ്ടെടുക്കാനുള്ള വിവേകം നേതാക്കള്‍ക്ക് ഉണ്ടായില്ല. തൊണ്ണൂറുകള്‍ അവസാനിച്ചു പുതുസഹസ്രാബ്ദത്തിലേക്ക് കടക്കുമ്പോള്‍ സി പി എം പാര്‍ട്ടിപരിപാടിയില്‍ മാറ്റം വരുത്തി കാലാനുസൃതമാക്കിയിരുന്നു.
തൊണ്ണൂറുകളില്‍ പാര്‍ട്ടിയ്ക്കകത്ത് അധികാര മത്സരവും വിഭാഗീയതയും ശക്തിപ്പെട്ട കാലത്ത് അതിന്റെ പ്രത്യയശാസ്ത്ര പരിസരം രൂപപ്പെടുത്താന്‍ ഇരുപക്ഷത്തും ശ്രമമുണ്ടായി. പാര്‍ട്ടിയില്‍ പതിവുപോലെ ഇ എം എസ് രാഷ്ട്രീയ വ്യക്തതക്കു വേണ്ടിയുള്ള എഴുത്തു തുടര്‍ന്നു. എതിര്‍പക്ഷത്തിന്റെ മാനിഫെസ്റ്റോ പൂര്‍ണമായും പാര്‍ട്ടിക്കകത്തല്ല രൂപപ്പെട്ടത്. അതു മിക്കവാറും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലാണ് നടന്നത്. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ കൂടിയിരിപ്പുകളും ചര്‍ച്ചകളും പാര്‍ട്ടി നേതൃത്വത്തിനുള്ള കത്തെഴുത്തുകളും നടന്നു. സംസ്ഥാന സമിതിയിലേക്ക് 1991ല്‍ വന്ന തോമസ് ഐസക്കും സി പി നാരായണനും ഈ ശ്രമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. മുഖ്യ സൈദ്ധാന്തികന്‍ എം പി പരമേശ്വരനായിരുന്നു.
ഇക്കൂട്ടരുടെ സിദ്ധാന്തം പുസ്തകരൂപത്തില്‍ പുറത്തു വന്നപ്പോള്‍തന്നെ ഇ എം എസ് അതിന്റെ അരാഷ്ട്രീയ പക്ഷപാതം തുറന്നുകാട്ടി ദേശാഭിമാനിയില്‍ ലേഖനമെഴുതി. ആ പുസ്തകവും ചര്‍ച്ചയും പെട്ടെന്ന് അണിയറയിലേക്കു വലിഞ്ഞു. അതു പിന്നീട് പ്രകാശം കണ്ടത് ഇ എം എസിന്റെ മരണ ശേഷമായിരുന്നു. സിദ്ധാന്തം വെളിപ്പെടുത്താന്‍ താമസിച്ചുവെങ്കിലും ആ ദിശയില്‍ വളരെ മുന്നേറാന്‍ കഴിഞ്ഞതിന്റെ ആവേശവും ആത്മവിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. പാര്ട്ടിയോടൊപ്പംനിന്നു പാര്‍ട്ടിയ്ക്കകത്ത് തങ്ങളുടെ അജണ്ട കയറ്റാന്‍ ഐസക്കിനും സി പി നാരായണനും കഴിഞ്ഞു. 1994ലെ പഠന ഗവേഷണ സെമിനാറും 1996ല്‍ ഭരണത്തിലെത്തിയപ്പോഴുള്ള ആസൂത്രണ ബോര്‍ഡ് പ്രവര്‍ത്തനങ്ങളും നാലാംലോക വഴിയിലുള്ള കടന്നു കയറ്റങ്ങളായി. വികേന്ദ്രീകൃത ആസൂത്രണത്തിന് പഞ്ചായത്തീരാജ് നിയമങ്ങള്‍ പ്രയോജനപ്പെടുത്തേണ്ട സന്ദര്‍ഭത്തില്‍ അതു പാര്‍ട്ടി രഹിത പങ്കാളിത്ത ജനാധിപത്യത്തിന്റെ പരീക്ഷണ വേദിയാക്കി പരിവര്‍ത്തിപ്പിക്കപ്പെട്ടു.
1998ല്‍ സി ഐ ടി യു വിഭാഗത്തെ പുറന്തള്ളി പാര്‍ട്ടിയിലെ അധികാരം വിഎസ് പക്ഷം ഏറ്റെടുത്തതോടെ ഈ വ്യതിയാനങ്ങള്‍ക്കു പാകപ്പെട്ട സംഘടനാരൂപം കൈവന്നു. രാജ്യത്ത് പുത്തന്‍ സാമ്പത്തിക നയത്തിന്റെ കെടുതികള്‍ക്കെതിരെ കര്‍ഷകരും തൊഴിലാളികളും പൊതുമേഖലാ ജീവനക്കാരും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭങ്ങളില്‍ കേരളത്തിന്റെ ഇടപെടല്‍ അതീവ ദുര്‍ബ്ബലമായിരുന്നു. മോഡേണൈസിങ് ഗവണ്മെന്റ് പദ്ധതിയുമായി എത്തിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ സ്വീകരിച്ചിരുത്താന്‍ നായനാര്‍ സര്‍ക്കാര്‍ ഉത്സാഹിച്ചു. വായ്പാസമ്പദ്ഘടനയിലേക്കുള്ള കുതിപ്പ് ദൃശ്യമായി. 1996 മാര്‍ച്ചുവരെ ഡി പി ഇ പിയെ തള്ളിപ്പറഞ്ഞ പാര്‍ട്ടി രണ്ടു മാസം കഴിഞ്ഞ് നായനാര്‍ സര്‍ക്കാര്‍ വന്നതോടെ ഡിപിഇപിയുടെ നടത്തിപ്പുകാരായി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാലാംലോക പരീക്ഷണത്തെ ഐസക്കും ഇക്ബാലുമൊക്കെയുള്ള ആസൂത്രണ ബോര്‍ഡ് ജനകീയാസൂത്രണ പദ്ധതിയായി ഏറ്റെടുത്തു. രഹസ്യ അജണ്ടകള്‍ പാര്‍ട്ടിയില്‍ വിജയിപ്പിച്ചെടുക്കാന്‍ പ്രയാസമേതുമുണ്ടായില്ല.
ഇ എം എസ്സിനെ ഞങ്ങള്‍ ചാക്കിലാക്കിയെന്ന് നാലാംലോക നേതാക്കളിലൊരാള്‍ അവകാശ വാദമുന്നയിച്ചു കണ്ടിട്ടുണ്ട്. തൊണ്ണൂറുകളില്‍ കേരള പാര്‍ട്ടിയിലേക്ക് ഒളിച്ചു കടത്തിയ സിദ്ധാന്തവും പ്രയോഗവും മാര്‍ക്സിസത്തിന്റെ സത്ത ചോര്‍ത്തുന്നതായിരുന്നു. ലാവ്ലിന് പോലെയുള്ള വിദേശ കോര്‍പറേറ്റുകളെ സ്വാഗതം ചെയ്യാന്‍ ഇടതുപക്ഷ നിലപാടോ ബാലാനന്ദന് കമ്മറ്റിയുടെ നിര്‍ദ്ദേശമോ തടസ്സമായില്ലെന്ന് നാം കണ്ടു. ലോകബാങ്ക്, ഐഎംഎഫ്, എഡിബി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെ മാത്രമല്ല ലാവ്ലിന് പോലെയുള്ള കോര്‍പറേറ്റുകളെയും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ സ്വീകരിക്കാന്‍ ആരംഭിക്കുകയായിരുന്നു. അതിനു നേതൃത്വം കൊടുത്തവരില്‍ ഒരാളാണ് ഇന്നത്തെ മുഖ്യമന്ത്രി എന്നു മറന്നുകൂടാ. കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍സി കൊള്ളകള്‍ക്ക് പിന്‍വാതില്‍ ഓഫീസുകള്‍ തുറന്നു കൊടുക്കുകയും ഏതു നിസ്സാര വികസനത്തിലും പങ്കാളിത്തം നല്‍കുകയും ചെയ്യുന്ന ഇന്നത്തെ സ്ഥിതി വിശേഷം അവിടെയാണ് ആരംഭിച്ചത്.
തൊണ്ണൂറുകളിലെ പ്രവര്‍ത്തനങ്ങളുടെ കണക്കെടുപ്പ് പ്രധാനമായും നടന്നത് സാംസ്കാരിക രംഗത്തായിരുന്നു. അപ്പോഴേക്കും പുതിയ നൂറ്റാണ്ടിലേക്കു കടന്നിരുന്നു. സംവത്സരമാറ്റത്തിന്റെ ഉത്സവം കെങ്കേമമാക്കാന്‍ പാര്‍ട്ടി മാനവീയംപദ്ധതി ആവിഷ്ക്കരിച്ചപ്പോള്‍ വിമര്‍ശനം ഉറക്കെയായിത്തുടങ്ങി. എണ്പതുകളിലാരംഭിക്കുകയും ബാബറിമസ്ജിദ് തകര്‍ച്ചയ്ക്കു ശേഷം ശക്തിപ്പെടുത്തുകയും ചെയ്ത ഫാഷിസ്റ്റ് വിരുദ്ധ കാമ്പെയിനിന്റെ മറവില്‍ സംസ്ഥാനത്ത് സാമ്രാജ്യത്വ സാമ്പത്തിക രാഷ്ട്രീയ ശക്തികള്‍ നുഴഞ്ഞു കയറിയെന്ന് വിമര്‍ശനമുയര്‍ന്നു. ഡി പി ഇ പിയും ജനകീയാസൂത്രണ പരിപാടിയും ജലനിധിയും എഡിബി വായ്പകളും മോഡൈണൈസിങ് ഗവണ്മെന്റ് പദ്ധതിയും ലോകബാങ്ക് വായ്പകളും വിശകലനത്തിനു വിധേയമാക്കിത്തുടങ്ങി. അപ്പോഴാണ് കേരളത്തിലേക്ക് വിദേശ ഫണ്ടും പദ്ധതികളും വിദഗ്ദ്ധരും കടന്നുവന്നു നടത്തിയ രഹസ്യ പ്രവര്‍ത്തനങ്ങള്‍ പുറത്തു വന്നത്. ആശയരംഗത്തു കൊടുങ്കാറ്റുയര്‍ത്തിയ സമരമാണ് പിന്നീടു കണ്ടത്. എം എന്‍ വിജയന്റെ നേതൃത്വത്തിലാരംഭിച്ച ആ സമരം അദ്ദേഹംതന്നെ പറഞ്ഞതുപോലെ അരംകൊണ്ടു രാകി തുരുമ്പു കളഞ്ഞു പാര്‍ട്ടിയെന്ന ആയുധത്തെ മൂര്‍ച്ചപ്പെടുത്തുന്ന പ്രക്രിയയായിരുന്നു. അരവും കത്തിയും എന്ന ലേഖനം ആശയരംഗത്തെ വര്‍ഗസമരത്തിന്റെ ഒരു ഘട്ടം അടയാളപ്പെടുത്തുന്നതാണ്.
എം എന്‍ വിജയന്റെ നേതൃത്വത്തിലാരംഭിച്ച ഈ സമരത്തോടു സി പി എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ വി എസ് അച്യുതാനന്ദനും ഇ ബാലാനന്ദനും ഐക്യപ്പെട്ടു. ആ സമരത്തിന്റെ രഷ്ട്രീയത്തെ അവര്‍ വിപുലമാക്കി. തൊണ്ണൂറുകളില്‍ ഒളിച്ചു കടത്തപ്പെട്ട പാര്‍ട്ടി രഹിത പങ്കാളിത്ത ജനാധിപത്യത്തിന്റെയും നാലാംലോകത്തിന്റെയും ആശയങ്ങള്‍ക്കെതിരെ പാര്‍ട്ടിയ്ക്കകത്തു സമരം ശക്തമായി.അതിന്റെ ഒരു ഘട്ടത്തില്‍ നാലാംലോകത്തെയും പാര്‍ട്ടിരഹിത പങ്കാളിത്ത ജനാധിപത്യത്തെയും പാര്‍ട്ടി കേന്ദ്ര നേതൃത്വം തള്ളിപ്പറഞ്ഞു. എം പി പരമേശ്വരനെയും ജോയ് ഇളമണ്ണിനെയും ഡോ ഇക്ബാലിനെയും പാര്‍ട്ടി പുറത്താക്കി. ഐസക്കിനെ ശാസിച്ചു. പുറത്താക്കപ്പെട്ട എം പി പരമേശ്വരന് പ്രതികരിച്ചത് ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പാര്‍ട്ടിയില്‍ ആളുണ്ട് എന്നാണ്. അന്നു ഞങ്ങളൊക്കെ വാദിച്ചത് പാര്‍ട്ടി പുറത്താക്കേണ്ടത് അംഗങ്ങളെയല്ല നാലാംലോക കാഴ്ച്ചപ്പാടിനെയാണ് എന്നത്രെ.
രണ്ടായിരത്തിന്റെ തുടക്കത്തിനൊപ്പം കൈരളി ചാനലുമുണ്ടായി. പാര്ട്ടിയുടെആശയ പ്രചാരണത്തിന് ആരംഭിച്ച ചാനല്‍ സ്വതന്ത്ര സ്വഭാവത്തോടെ മാറിയ പാര്‍ട്ടിയുടെ ജിഹ്വയായി. വലിയ മൂലധന സ്വരൂപണത്തിന്റെ കളരിയിലേക്കുള്ള പാര്‍ട്ടിയുടെ പ്രവേശനമായിരുന്നു അത്. ചണ്ഡീഗഢ് കോണ്‍ഗ്രസ്സിനു ശേഷം 1996 ഒക്ടോബറില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി അംഗീകരിച്ച തെറ്റു തിരുത്തല്‍ പ്രമേയം വര്‍ഷങ്ങളോളം കേരളത്തിലേക്ക് എത്തിയില്ല. അതിന്റെ മലയാള പരിഭാഷയും ലഭ്യമായില്ല. പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയവും തീരുമാനവും പലരീതിയില്‍ അട്ടിമറിക്കപ്പെട്ടു. പാര്‍ട്ടിയില്‍ പിണറായി വിജയന് പരിഷ്കരണ വാദികളുടെ നേതൃത്വം ഏറ്റെടുത്ത് വിഎസ്സിനെ പിറകില്‍ തള്ളിയതോടെ വിഎസ് പിണറായി വിഭാഗീയതയുടെ ചരിത്രമാരംഭിച്ചു. ഈ സമര സാഹചര്യവും വിഎസ്സിനെ എം എന്‍ വിജയന്റെ നേതൃത്വത്തിലുള്ള ആശയസമരത്തോടടുപ്പിച്ചു. വിഭാഗീയതക്കപ്പുറം പാര്‍ട്ടിയിലെ സമരത്തിന് പ്രത്യയശാസ്ത്ര പരിസരമുണ്ടാക്കാന്‍ വിഎസിന്റെയും ബാലാനന്ദന്റെയും പങ്കാളിത്തം സഹായകമായി.
എം എന്‍ വിജയന്റെ കൂടെ ആശയരംഗത്ത് ഞങ്ങളാരംഭിച്ച സമരം പാര്‍ട്ടി വിഭാഗീയതക്കു വേണ്ടിയായിരുന്നില്ല. മറിച്ച് പുതുമുതലാളിത്ത അധിനിവേശങ്ങള്‍ക്കെതിരെ ജനങ്ങളെയും ഇടതുപക്ഷത്തെയും അണിനിരത്താനായിരുന്നു. സംഘടിത പ്രസ്ഥാനത്തിന്റെ പലവിധ അക്രമങ്ങളെ നേരിട്ടുകൊണ്ടാണ് ഞങ്ങളത് നിര്‍വ്വഹിക്കാന്‍ ശ്രമിച്ചത്. അന്ന് ആരംഭിച്ച സമരത്തിന്റെ തുടര്‍ച്ചയാണ് ഇന്നും നടത്തേണ്ടി വരുന്നത്. പാര്‍ട്ടി സമ്പന്ന വിഭാഗങ്ങളോട് കൂടുതല്‍ കൂടുതല്‍ ഐക്യപ്പെട്ടു. നവലിബറല്‍ നയങ്ങള്‍ മറ്റാരെക്കാള്‍ മികച്ച രീതിയില്‍ നടത്തുമെന്നായി. ഭൂപരിഷ്കരണത്തിന് തുടര്ച്ചയൊരുക്കാനോ പൊതു വിഭവങ്ങളില്‍ എല്ലാവര്ക്കും അവകാശം നല്‍കാനോ സന്നദ്ധമല്ലെന്നു വന്നു. ജനകീയ സമരങ്ങളോടുള്ള നിലപാടു മാറി. മണ്ണും മണലും പാറയും പ്രകൃതിയും കൊള്ളയടിക്കുന്നവരുടെ രക്ഷകനായി. കയ്യേറ്റക്കാര്‍ക്കു തണല്‍ വിരിച്ചു. പുറംതള്ളല്‍ വികസനം പാര്‍ട്ടിയെ എങ്ങനെ ജനങ്ങളില്‍ നിന്ന് അകറ്റുമെന്ന് ബംഗാള്‍ അനുഭവത്തില്‍നിന്നു പഠിച്ചില്ല.
തൊണ്ണൂറുകളില്‍ തുടക്കംകുറിച്ച വര്ഗസഹകരണത്തിന്റേ മാര്‍ക്സിസ്റ്റേതര പാതയിലാണ് ഇപ്പോള്‍ സി പി എമ്മുള്ളത്. പഴയപോലെ ഒന്നും ഒളിച്ചു വെയ്ക്കേണ്ടതില്ല. പിറകിലുള്ളത് പഴയപോലെ ദരിദ്രരരായ തൊഴിലാളികളോ ഭൂരഹിത കര്‍ഷകരോ പ്രാന്തവല്കൃത സമൂഹങ്ങളോ അല്ല. പുതുതായി ഉയര്‍ന്നുവന്ന മദ്ധ്യവര്‍ഗമാണ്. അലരുടെ ഇച്ഛകളിലും ഇച്ഛാഭംഗങ്ങളിലും കുരുങ്ങിക്കളിക്കുന്ന ഒരു ജനപ്രിയ രാഷ്ട്രീയത്തിനപ്പുറം നോക്കെത്തുകയുമില്ല. പാര്ട്ടിയത്രയും ഒരു വ്യക്തിയായി തീരുന്ന പതനത്തിന്റെ ആഴത്തിലാണ് ആ പ്രസ്ഥാനം ചെന്നെത്തിയിരിക്കുന്നത്. വിദേശവായ്പ മൂന്നു ലക്ഷം കോടിയിലേറെ ഉയര്‍ന്നിട്ടും വായ്പാ സമ്പദ്ഘടനയെ ആശ്ലേഷിച്ചു നില്ക്കുന്ന ലജ്ജാകരമായ നില കാണണം! കോര്‍പറേറ്റുകള്‍ക്ക് എല്ലാം അടിയറ വെച്ച് ദല്ലാള്‍ പണത്തിനു കൈനീട്ടി നില്ക്കുന്ന ഒറ്റുകാരുടെ പ്രസ്ഥാനത്തിന് എന്തു ലക്ഷ്യമാണ് ഇനി നിര്‍വ്വഹിക്കാനാവുക?
2
മാധ്യമങ്ങളിലെ ബഹളവും എങ്ങുമുള്ള ആസ്തിവകകളും കൊടിതോരണങ്ങളും വെള്ളക്കുപ്പായ രാഷ്ട്രീയവും കണ്ടാല്‍ സി പി ഐഎം കേരളത്തിലെ മഹാശക്തിയാണെന്ന് ആര്‍ക്കും തോന്നും. എന്നാല്‍ ആ സ്വാധീനം തെരഞ്ഞെടുപ്പുകളില്‍ കാണുന്നുണ്ടോ? ഇടതു വലതു മുന്നണികളായി മത്സരിച്ചപ്പോഴൊക്കെ ചെറിയൊരു ശതമാനം വോട്ടിന് ജയിച്ചും തോറ്റും പോന്നിട്ടുണ്ട് പാര്‍ട്ടി. എന്നാല്‍ വലതുപക്ഷം ശക്തമായ രണ്ടു മുന്നണികളായി രംഗത്തു വരുന്ന ഘട്ടത്തില്‍ അനായാസം ജയിക്കാന്‍ സി പി എമ്മിനു കഴിയാത്തതെന്ത്? അതു തെളിയിക്കുന്നത് ജനങ്ങളിലുള്ള സ്വാധീനത്തില്‍ വലിയ വളര്‍ച്ചയൊന്നും ഉണ്ടായില്ല എന്നാണ്.
സി പി ഐ എമ്മില്‍ നാലേകാല്‍ ലക്ഷത്തോളം അംഗങ്ങള്‍ കാണണം. മറ്റു പാര്‍ട്ടികളെപ്പോലെ അംഗത്വ രശീതി മുറിച്ചു കൊടുക്കുന്ന രീതിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേത്. പാര്‍ട്ടി അംഗത്വം വളരെഉയര്ന്നതാണെന്ന് അവര്‍ക്ക് അവകാശപ്പെടാം. എന്നാല്‍ ഈ വളര്ച്ചയുടെഅനുപാതം ശ്രദ്ധിച്ചാല്‍ കഴിഞ്ഞ രണ്ടു ദശകത്തിലും വളര്ച്ചാതോതു കുറഞ്ഞു എന്നു കാണാം. ആ കണക്കുകള്‍ ഒന്നു നോക്കാം.
1977മുതല്‍ 1987വരെയുള്ള പത്തു വര്‍ഷംകൊണ്ട് ഒരു ലക്ഷത്തിനു മേലാണ് അംഗത്വം വര്‍ദ്ധിച്ചത്. കൃത്യമായി പറഞ്ഞാല്‍ 111503 അംഗങ്ങള്‍. 1977ല്‍ അംഗസംഖ്യ 67366. 1987ല്‍ അംഗസംഖ്യ 178869.
1987 മുതല്‍ 1997വരെയുള്ള വര്‍ദ്ധനവ് 89314. 1997ലെ അംഗസംഖ്യ 268183.
2007 ആകുമ്പോഴേക്കും പത്തു വര്‍ഷംകൊണ്ട് പാര്‍ട്ടി അംഗത്വത്തിലുണ്ടായ വര്‍ദ്ധനവ്68461 ആണ്. 2007ല്‍ 336644 അംഗങ്ങള്‍. 2017ലെ അംഗസംഖ്യ 405591 ആണ്. പത്തു വര്‍ഷത്തെ വര്‍ദ്ധന68947 ആണ്. 1977 മുതല്‍ 87വരെയുള്ള കാലം തത്വാധിഷ്ഠിത നീലപാടിന്റെയും സമരോത്സുക രാഷ്ട്രീയത്തിന്റേതുമായിരുന്നു. അന്നുണ്ടായ വളര്‍ച്ച പിന്നീടൊരിക്കലും അംഗത്വത്തില്‍ ദൃശ്യമായിട്ടില്ല. പത്തു വര്‍ഷംകൊണ്ട് ഒരു ലക്ഷത്തി പതിനോരായിരത്തിനു മേല്‍ വളര്‍ന്ന കാലം ഇന്നത്തേതുപോലെ എളുപ്പം അംഗത്വം ലഭിക്കുന്ന കാലവുമായിരുന്നില്ല എന്നോര്‍ക്കണം.
പാര്‍ട്ടി അംഗത്വത്തിന്റെ കഥ അതാണെങ്കില്‍ വോട്ടര്‍മാരിലെ സ്വാധീനത്തിന്റെ കഥയും വ്യത്യസ്തമല്ല. 1965ല്‍ 19.87%. 1967ല്‍ 23.51%. 1970ല്‍ 23.83%. 1977ല്‍ 22.18%. 1980ല്‍ 19.35%. 1982ല്‍ 18.80%. 1987ല്‍ 22.86%. 1991ല്‍21.74%. 1996ല്‍ 21.59%. 2001ല്‍ 21.36%. 2006ല്‍ 30.45%. 2011ല്‍28.18%. 2016ല്‍ 26.52%.1967ലും 70ലും ലഭിച്ച വോട്ടിംഗ് ശതമാനത്തിന് അടുത്ത് പിന്നീടെത്തുന്നത് 1987ല്‍ ആണ്. പിന്നീട് വീണ്ടും കുറയുന്നു. വലിയ മാറ്റമുണ്ടാകുന്നത് വിഎസ്സിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിലാണ്. അപ്പോഴത് 30.45 ആയി ഉയര്‍ന്നു. അടുത്ത തെരഞ്ഞെടുപ്പിലും ആ ഓളമുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഭരണം കിട്ടിയില്ല എന്ന് പരിശോധിക്കേണ്ടതാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ലഭിക്കാറുള്ള മേല്‍ക്കെ 2011ല്‍ അവര്‍ക്കു കിട്ടിയില്ല. 26.40% മാത്രമേ കോണ്‍ഗ്രസ്സിനു കിട്ടിയിരുന്നുള്ളു. അംഗത്വത്തിന്റെ വളര്ച്ചാതോതു കുറഞ്ഞിട്ടും അവസാന തെരഞ്ഞെടുപ്പുകളില്‍ കണ്ട വോട്ടിംഗ് ശതമാനത്തിലെ നേരിയ ഉയര്‍ച്ച വിഎസ് എന്ന ഘടകത്തിന്റേതാണെന്നു വ്യക്തം.
ആകെ വോട്ടര്‍മാരിലെ സ്വാധീനം നോക്കിയാല്‍ കുറെകൂടി പിറകിലേക്കു പോകും. വാസ്തവത്തില്‍ അതാണ് നോക്കേണ്ടത്. ജനങ്ങളിലെ സ്വാധീനം വോട്ടായി മാറണമല്ലോ. 1977ല്‍ 16.97%. 1987ല്‍ 18.26%. 1996ല്‍14.89%. 2006ല്‍ 22.02%. 2016ല്‍20.55% എന്നിങ്ങനെയാണ് കണക്ക്.
ഇക്കാലയളവില്‍ കോണ്‍ഗ്രസ്സിനു ലഭിച്ച വോട്ടുകള്‍കൂടി നോക്കുന്നത് നന്നായിരിക്കും. 1965ല്‍ 33.55%. 1967ല്‍ 35.43%. 1977ല്‍ 20.02%. 1987ല്‍ 24.83%. 1991ല്‍ 32.07%. 1996ല്‍ 30.41%. 2001ല്‍ 31.43%. 2006ല്‍ 24.09%.2011ല്‍ 26,40%. 2016ല്‍ 23.07%.കോണ്‍ഗ്രസ്സിന്റെ ജനസ്വാധീനം പിറകോട്ടു പോയില്ലെന്നു വ്യക്തം. കോണ്‍ഗ്രസ് കോട്ടകളിലേക്ക് ഇടതുപക്ഷം കടന്നു കയറിയില്ല. സമാന്തരമായി ബി ജെ പിയുടെ വളര്‍ച്ചയും കാണാം. 1987ല്‍ 5.56% വോട്ടാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. 1991ല്‍ 4.76%. 1996ല്‍ 5.48%. 2001ല്‍ 5.02%. 2006ല്‍ 4.75%. 2011ല്‍ 6.03%. 2016 ആകുമ്പോള്‍ അത്10.53 ശതമാനമായി പെട്ടെന്ന് ഉയര്‍ന്നു. അതിന്റെ ക്ഷീണം നേരത്തേ പറഞ്ഞ ഇരുകൂട്ടരുടെ കണക്കുകളിലും കാണാം.
സിപിഐ എട്ടു ശതമാനത്തിനും ഒമ്പതു ശതമാനത്തിനും ഇടയിലുള്ള വോട്ടിംഗ് ശതമാനം നിലനിര്‍ത്തി പോരുന്നു. 1977ല്‍ മാത്രം അതു പത്തു ശതമാനത്തോടടുത്തു. മുസ്ലീംലീഗാവട്ടെ 1970നു ശേഷം എല്ലായ്പ്പോഴും ഏഴുശതമാനത്തിനും എട്ടു ശതമാനത്തിനുമിടയില്‍ വോട്ടുകള്‍ നില നിര്‍ത്തുന്നു. ഇതു കാണിക്കുന്നത് ബിജെപിയ്ക്ക് ഒഴികെ ആര്‍ക്കും വോട്ടിംഗ് ശതമാനത്തില്‍ സമീപകാലത്ത് കുതിപ്പുണ്ടായിട്ടില്ല എന്നാണ്. ഇതില്‍നിന്നും ഇടതുപക്ഷത്തിന് ഒന്നും പഠിക്കാനില്ലേ?
ജനപിന്തുണയില്‍ സി പി എം എവിടെ നില്ക്കുന്നു എന്നതിന്റെ ചിത്രമാണിത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ മറ്റു പല ഘടകങ്ങളും പ്രവര്‍ത്തിക്കാം എന്നതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
കേരളത്തില്‍ വലിയ ഒച്ചപ്പാടും സ്വാധീനവും പ്രകടിപ്പിക്കുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥനില ഇവ്വിധമാണ്. എണ്‍പതുകള്‍ക്കുശേഷം മരവിപ്പിന്റെ കാലമാണ്. സമരപാതയും സോഷ്യലിസ്റ്റ് ലക്ഷ്യവും കൈയൊഴിഞ്ഞ് ഏതു വലതുപക്ഷ പാര്‍ട്ടിയോടും താരതമ്യം ചെയ്യാവുന്ന അവസ്ഥയിലേക്കാണ് പാര്‍ട്ടി മാറിയത്. ഇതേ നയവും പരിപാടിയുമായി ഇനി വലിയ ദൂരം മുന്നോട്ടു പോകാനാവില്ല.
മറ്റു സംസ്ഥാനങ്ങളില്‍ സമരോത്സുക മുന്നേറ്റം നടത്തുന്ന സിപിഎം ഘടകങ്ങള്‍ക്കും വര്‍ഗ ബഹുജന പ്രസ്ഥാനങ്ങള്‍ക്കും വളര്‍ച്ചയ്ക്കു തടസ്സം കേരളത്തിലെ പാര്‍ട്ടിയാണ്. അധികാരത്തിലെത്തിയാല്‍ ഏതു സംസ്ഥാനത്തെ വലതുപക്ഷ ഭരണവും സ്വീകരിക്കുന്ന വലതുപക്ഷ നവലിബറല്‍ നയങ്ങളേ സിപിഎമ്മിനുള്ളു എന്ന വിമര്‍ശനം കേരളത്തെ ഉദാഹരിച്ചുകൊണ്ടാവും. അത് ഇതരസംസ്ഥാനങ്ങളിലെ വീറുറ്റ സഖാക്കളെ നിസ്സഹായരും നിശബ്ദരുമാക്കും. സമരങ്ങളും പ്രസ്ഥാനവും അവിടെ ദുര്‍ബ്ബലപ്പെടും. ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പതാകകള്‍ താഴെയിറക്കാനുള്ള ഭഗീരഥ യത്നമാണ് കേരളത്തിലെ പാര്‍ട്ടി ചെയ്യുന്നതെന്ന് പറയേണ്ടി വരും.
□
ആസാദ്
30 ജൂലായ് 2020
(ജനശക്തി 2020 ആഗസ്ത് 1-15 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)