Article POLITICS

അവര്‍ക്കു ഭൂമി നല്‍കൂ, ജീവിതവും

രാജമല പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചുപോയവര്‍ക്ക് നമ്മളിനി എന്തു കൊടുക്കാനാണ്! ഒരു തുണ്ടു ഭൂമിയോ ആഗ്രഹിച്ച കിടപ്പാടമോ മാന്യമായ കൂലിയോ ലഭിച്ചിട്ടില്ലാത്ത ഏറ്റവും ദരിദ്രരായ തൊഴിലാളികള്‍. എത്രയോ പതിറ്റാണ്ടുകളായി തലമുറകള്‍ തലമുറകളായി തോട്ടം ഉടമകളുടെ അടിമകളെപ്പോലെ ജീവിച്ചു പോന്നവര്‍. അവരില്‍ കടന്നുപോയവരുടെ ആഗ്രഹങ്ങളിലേക്ക് ജീവിച്ചിരിക്കുന്നവരെ ചേര്‍ത്തുപിടിക്കാനാണ് നമുക്കു കഴിയേണ്ടത്.

തോട്ടം ഉടമകള്‍ പതിനായിരക്കണക്കിന് അധിക ഭൂമിയില്‍ കള്ളപ്രമാണങ്ങളും കോടതിവിധികളും ചമച്ച് അവകാശം സ്ഥാപിച്ചപ്പോള്‍ ഒരുസെന്റ് ഭൂമിപോലും തൊഴിലാളികള്‍ക്ക് ലഭിച്ചില്ല. നിന്നു തിരിയാന്‍ ഇടമില്ലാത്ത ലായത്തില്‍ കുടുംബങ്ങള്‍ അന്തിയുറങ്ങി. പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചു. മിനിമം വേതനം ഇപ്പോഴും കടലാസിലേയുള്ളു.

മരിച്ചുപോയവര്‍ വ്യാകുലതകളില്‍നിന്നു മുക്തര്‍. അവര്‍ക്കിനി സര്‍ക്കാറിന്റെ കരുണ വേണ്ട. പക്ഷെ, ജീവിച്ചിരിക്കുന്നവര്‍ക്ക് എന്തു കൊടുത്താല്‍ അവരുടെ ദുഖമകലും? അഞ്ചോ പത്തോ ലക്ഷം രൂപ മരിച്ചവരുടെ ബന്ധുക്കള്‍ക്കു നല്‍കുന്ന പതിവു ദാനകര്‍മ്മം മതിയാവില്ല. അതവരുടെ വിശപ്പിന് ഇത്തിരി ശമനമുണ്ടാക്കിയേക്കും. പക്ഷെ, ഭൂരഹിതരും ദരിദ്രരുമായ തോട്ടം തൊഴിലാളികളുടെ ജീവിതത്തില്‍ ഇത്തിരി പ്രകാശമെത്താന്‍ അവര്‍ക്കു സ്വന്തമായ ഭൂമി നല്‍കണം. ചെയ്യുന്ന ജോലിക്കു മികച്ച വേതനം ലഭിക്കണം.

അത്രയും ഉറപ്പാക്കാനാവുമോ സര്‍ക്കാറിന്? ഭൂമികൈയേറ്റക്കാരില്‍നിന്നു ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതരെ ഏല്‍പ്പിക്കാനാവുമോ? കുന്നും പാറയുമിടിച്ചും പരിസ്ഥിതിക്കു ആഘാതമേല്‍പ്പിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും പശ്ചിമ ഘട്ടത്തെ തകര്‍ക്കുന്ന കൈയേറ്റ മാഫിയകളെ നിലയ്ക്കു നിര്‍ത്താനാവുമോ സര്‍ക്കാറിന്? നീണ്ട കാലത്തെ വനനശീകരണത്തിനും മണ്ണ് പാറ ഖനനങ്ങള്‍ക്കും വിഭവധൂര്‍ത്തുകള്‍ക്കും നാം ശിക്ഷിക്കപ്പെടുന്ന നേരമാണ്. തീര്‍ച്ചയായും മനുഷ്യനും പരിസ്ഥിതിക്കും നീതി നല്‍കുന്ന തീരുമാനമാണ് വേണ്ടത്. പൊതുവിഭവങ്ങളില്‍ അവര്‍ക്കുള്ള അവകാശം വിട്ടു നല്‍കണം. ഉരുള്‍പൊട്ടലില്‍ പെട്ടുപോയ ജീവിതങ്ങളുടെ സ്മരണയില്‍ അവശേഷിക്കുന്നവര്‍ക്കു നല്‍കേണ്ടത് അതാണ്.

ഓരോ വര്‍ഷവും നമ്മുടെ സഹോദരങ്ങള്‍ ഇങ്ങനെ മണ്ണിലാഴ്ന്നു മറഞ്ഞുകൂടാ. സുരക്ഷിതമായി കഴിയാവുന്ന ഇടങ്ങളിലേക്കും വീടുകളിലേക്കും തൊഴിലാളികളെ മാറ്റപ്പാര്‍പ്പിക്കണം. അവരുടെതായി ഭൂമിയും കൃഷിയിടവും വേണം. ചെയ്യുന്ന തൊഴിലിന് മതിയായ വേതനം വേണം. അവരുടെ തൊഴിലിടങ്ങളിലേക്കും താമസ സ്ഥലത്തേക്കും നല്ല റോഡുകള്‍ വേണം. അവര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണം. തോട്ടം മേഖലയിലെ ശബ്ദമില്ലാത്ത ജനതയുടെ നിലവിളി ജനാധിപത്യ സര്‍ക്കാര്‍ കേള്‍ക്കണം.

(ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നേതൃത്വം അഭിനന്ദനാര്‍ഹമാണ്. എല്ലാം മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന സാധാരണ മനുഷ്യരെയും വിവിധ വകുപ്പുകളിലെ സേവകരെയും അഭിനന്ദിക്കുന്നു. ആദരിക്കുന്നു.)

ആസാദ്
09 ആഗസ്ത് 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )