Article POLITICS

റാങ്ക്ലീസ്റ്റിലുള്ളവര്‍ സംഘടിച്ചാല്‍ പി എസ് സിക്കു പൊള്ളുന്നതെന്തിന്?

സംസ്ഥാനത്തെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനെതിരെ തിരിഞ്ഞിരിക്കുന്നു. പി എസ് സി ബുള്ളറ്റിന്‍ പുതിയ ലക്കത്തിന്റെ ആമുഖക്കുറിപ്പിലാണിത്. റാങ്ക്ലീസ്റ്റിലുള്ളവര്‍ എന്തിന് അസോസിയേഷനുണ്ടാക്കണം എന്ന് അദ്ദേഹത്തിനു മനസ്സിലാവുന്നില്ല. അങ്ങനെ ഒന്നിക്കാനുള്ള അവരുടെ അവകാശം ചെയര്‍മാന് ബോദ്ധ്യമാകുന്നേയില്ല.

പി എസ് സി നടപടികള്‍ വേഗത്തിലാക്കാന്‍ ഒരു അസോസിയേഷന്റെയും സ്വാധീനം ആവശ്യമില്ലെന്നും സാധാരണ ഉദ്യോഗാര്‍ത്ഥികള്‍ക്കും റാങ്ക് ഹോള്‍ഡേഴ്സിനും നല്‍കുന്നതിനെക്കാള്‍ പരിഗണന അസോസിയേഷന് നല്‍കുകയില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കുന്നു. സംഘടിക്കാനുള്ള പൗരന്മാരുടെ അവകാശവും അതിന്റെ ജനാധിപത്യ മൂല്യവും അദ്ദേഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല! പഴയ മാടമ്പി ജന്മിമാരും ഫാക്ടറി മുതലാളിമാരും സംഘടനകളെ ഭയന്നതുപോലെ പി എസ് സി ചെയര്‍മാന്‍ എന്തിനു ഭയക്കണം?

സംസ്ഥാനത്തു പിന്‍വാതില്‍ നിയമനം ധാരാളമായി നടക്കുന്നുവെന്നമാദ്ധ്യമ വാര്‍ത്തകള്‍ക്കിടയില്‍ ചെയര്‍മാന്റെ മുന്നറിയിപ്പിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. പി എസ് സിയുടെ റാങ്ക്ലീസ്റ്റ് നിലവിലിരിക്കെ ഒഴിവുവന്ന തസ്തികകളില്‍ പിന്‍വാതില്‍ നിയമനം നടന്നിട്ടുണ്ടോ? തസ്തികകള്‍ ഒഴിഞ്ഞു കിടക്കെ നിയമനം നല്‍കാതെ ലീസ്റ്റിന്റെ കാലാവധി അവസാനിച്ച അനുഭവം ഉണ്ടായിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ എന്തുകൊണ്ട് തസ്തികകള്‍ നികത്തിയില്ല?

റാങ്ക് ലീസ്റ്റ് നിലവിലിരിക്കെ ഒഴിവുവരുന്ന തസ്തികകളിലേക്ക് ആ റാങ്ക്ലീസ്റ്റില്‍നിന്ന് നിയമനം നടത്തണം. ആരെയും നിയമിക്കാതെയോ കുറച്ചുപേരെ മാത്രം നിയമിച്ചോ, അതല്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ വെച്ചോ സമയം നീട്ടിക്കൊണ്ടുപോയി ലീസ്റ്റിന്റെ കാലപരിധി മറികടക്കുന്ന പ്രവണത കുറെ കാലമായി കാണുന്നുണ്ട്. ഒഴിവുണ്ടായിട്ടും നിലവിലെ ലീസ്റ്റില്‍നിന്ന് എന്തുകൊണ്ടു നിയമിച്ചില്ല എന്ന ചോദ്യമുയര്‍ത്താന്‍ ലീസ്റ്റിലുള്ളവര്‍ക്ക് കഴിയാറില്ല. അവര്‍ സംഘടിതരാകുമ്പോള്‍ ജാഗ്രത കൂടും. ചോദ്യങ്ങളുയരും. അതാവട്ടെ, പി എസ് സി ചെയര്‍മാന് ഒട്ടും പിടിക്കുന്നില്ല!

ഇടതുപക്ഷം ഭരിക്കുന്ന കാലത്തെന്താണ് സംഘടനാ രൂപങ്ങളോട് വലിയ എതിര്‍പ്പ്! പരീക്ഷാനടത്തിപ്പിലെ പാകപ്പിഴയ്ക്ക് ഉദ്യോഗാര്‍ത്ഥികളോടു മാപ്പപേക്ഷിക്കേണ്ട ഒരു ഘട്ടത്തെ പി എസ് സി എങ്ങനെ മറികടന്നു എന്നു നാം കണ്ടതാണ്. കൃത്രിമം നടത്തി ലീസ്റ്റില്‍ കയറാന്‍ കഴിയുംവിധം കുത്തഴിഞ്ഞ ഒരു ക്രമമായിരുന്നു ആ പരീക്ഷയില്‍ കണ്ടത്. അവ്വിധമുള്ള പി എസ് സിയുടെ നായകനാണ് റാങ്ക്പട്ടികയില്‍ സംഘടിക്കുന്നവരെ എതിര്‍ക്കുന്നത്! നിലവിലെ ഒഴിവുകളിലേക്കു മുഴുവന്‍ നിലവിലുള്ള ലീസ്റ്റില്‍നിന്നു നിയമനം നല്‍കിയാണ് ലീസ്റ്റ് റദ്ദാക്കിയതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. അങ്ങനെയല്ലല്ലോ നടന്നത്.അതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ സംഘടിതരാവണമെന്നേ നമുക്കു പറയാനാവൂ.

ഏതൊരു റാങ്ക്ലീസ്റ് നിലനില്‍ക്കുമ്പോള്‍ ഒഴിവു വരുന്ന തസ്തികകളിലും ആ ലീസ്റ്റില്‍നിന്നേ നിയമനം നടത്താവൂ. ഏതു സാഹചര്യത്തില്‍ നീട്ടി വെയ്ക്കപ്പെട്ടാലും എപ്പോള്‍ നിയമനം നടത്തിയാലും അത് ആ ലീസ്റ്റില്‍നിന്നാവണം. അതാണ് നീതി.

ഉദ്യോഗാര്‍ത്ഥികള്‍ ഉണര്‍ന്നിരിക്കുകയും സംഘടിതരാവുകയും വേണം. തൊഴിലവകാശം മൗലികാവകാശമാണ്. ആരുടെയും ഔദാര്യമല്ല.

ആസാദ്
08 ആഗസ്ത് 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )