
വെളുത്ത രാവില്‍ ഞാ
നമര്ത്തിപ്പൂണുന്നു
കരിക്കറുപ്പിനെ.
പകല്‍ കടഞ്ഞതാം
കറുത്ത വെണ്ണയെ.
നിലാവു ചുംബിക്കും
കരിമിനുപ്പിനെ.
വിളര്‍ത്ത രാത്രിയില്‍
മുറുക്കുമാശ്ലേഷ
മകക്കറുപ്പിനെ.
ഉരിഞ്ഞുമാറ്റുവാന്‍
ഭയന്നൊരുണ്മയെ.
തണുപ്പിലും തിളയ്ക്കു
മുടല്വിയര്പ്പിനെ.
ഉതിര്‍ന്ന താരകള്‍
കനലണിയിക്കും
കളക്കറുപ്പിനെ.
ഉടലുരച്ചഗ്നി
തെറിക്കും പൂണ്മയെ.
ഉലയിലേക്കുരുകി
യുറയും സത്തയെ.
കറുത്ത രാവില്‍ ഞാ
നടര്ത്തിമാറ്റുന്നൂ
തനിവെളുപ്പിനെ.
ഇരുള്സ്രവത്തിന്റെ
വെളുത്ത പാടയെ.
വെറുത്ത നാളിന്റെ
വിജയചന്ദ്രനെ.
ആസാദ്
13 ജൂലായ് 2020