POLITICS

ജനകീയ പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തുന്നത്

ഭരണവും സമരവും ഒരുമിച്ച് എന്നത് പഴയ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടായിരുന്നു. ഭരണത്തില്‍ വന്നാലും സമരങ്ങള്‍ തീരുന്നില്ല. ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരും. ഈ പ്രക്ഷോഭങ്ങളിലെ ജനകീയ ഐക്യമാണ് പുരോഗമന രാഷ്ട്രീയത്തിന്റെ അടിത്തറ. മുന്നണി ബന്ധത്തിന്റെ രസതന്ത്രവും.

എന്നാല്‍ ഭരണം കിട്ടുന്നതോടെ സമരം തീരുന്നു എന്നതാണ് ഇപ്പോഴത്തെ കമ്യൂണിസ്റ്റ് ജീവിതം. സാമൂഹിക സാമ്പത്തിക ഘടനകളിലുണ്ടാകുന്ന ഇടര്‍ച്ചകളെ അഭിമുഖീകരിക്കാനും പരിഹാരം തേടാനും അധികാരകാലത്ത് മറന്നുപോകുന്നു. അതിനാലിപ്പോള്‍ ഭരണപക്ഷവും സമരപക്ഷവും വിപരീതപക്ഷങ്ങളായിട്ടുണ്ട്.

കോവിഡ്കാലത്തു മാത്രമുള്ള ഒരവസ്ഥയല്ല ഇത്. പൊതുവെ പാര്‍ട്ടികളും മുന്നണികളും ഭരിക്കാന്‍ മാത്രമുള്ളതായിരിക്കുന്നു. വികസന തീവ്രവാദത്തിന്റെ കരുക്കളായിരിക്കുന്നു. കോവിഡ് കാലം ജനകീയ സമരങ്ങളെ നിശബ്ദമാക്കാന്‍ പ്രയോജനപ്പെടുമെന്ന കാഴ്ച്ചയാണവര്‍ക്ക്. പുതുവൈപ്പിലെ എല്‍ പി ജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ പ്രക്ഷോഭം നോക്കൂ. കോവിഡ് ഭീഷണിയെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനവും സമരവും നിര്‍ത്തി വെച്ചതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം കൂടുന്ന ഘട്ടത്തില്‍ പെട്ടെന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാരംഭിച്ചു. ജനങ്ങളെ സമര രംഗത്തേക്ക് വലിച്ചിറക്കുകയാണ് സര്‍ക്കാര്‍. തര്‍ക്കപദ്ധതികള്‍ തല്‍ക്കാലം നിര്‍ത്തി വെക്കാനുള്ള വിവേകം സര്‍ക്കാറിനുണ്ടായില്ല.

അറുപതിനായിരത്തിലേറെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ വീടുകളില്‍നിന്ന് മുപ്പതു മീറ്റര്‍ മാത്രം അകലത്തിലാണ് മാരക ഭവിഷ്യത്തുകള്‍ ഉണ്ടാക്കാവുന്ന വാതക സംഭരണിയും ഫില്ലിംഗ് കേന്ദ്രവും സ്ഥാപിക്കുന്നത്. വിദ്യാലയങ്ങളും ആരാധനാലയങ്ങളുമുള്ള സ്ഥലം. സമീപ കാലത്ത് വിശാഖപട്ടണത്തുണ്ടായ വാതകച്ചോര്‍ച്ചയില്‍ നിരവധി ജീവനുകള്‍ നഷ്ടമായത് ഭീതി വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അപായകരമായ സ്ഥാപനങ്ങള്‍ ജനവാസം കുറഞ്ഞ പ്രദേശത്ത് അതീവ സുരക്ഷാ സംവിധാനങ്ങളോടെ മാത്രമേ സ്ഥാപിക്കാവൂ.

പുതുവൈപ്പിലെ ആബാലവൃദ്ധം ജനങ്ങള്‍ ചൊവ്വാഴ്ച്ച പ്രക്ഷോഭത്തിനിറങ്ങുന്നു. കോവിഡിനെക്കാള്‍ ചെറുതല്ലാത്ത ഭീഷണിയാണ് എല്‍ പി ജി ടെര്‍മിനല്‍ അവിടെ ഉയര്‍ത്തുന്നത്. ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനം വീണ്ടും നിര്‍ത്തിവെച്ച് സര്‍ക്കാര്‍ പ്രക്ഷോഭ സാഹചര്യം ഒഴിവാക്കണം.

ദൗര്‍ഭാഗ്യവശാല്‍ സമരങ്ങള്‍ സൃഷ്ടിക്കുന്ന ഭരണനയമാണ് സര്‍ക്കാറിന്റേത്. പമ്പയിലെ മണലെടുക്കലായാലും പശ്ചിമഘട്ടത്തിലെ ക്വാറികളായാലും തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനമായാലും ദേശീയപാതയിലെ കുടിയിറക്കലാണെങ്കിലും ചെറുവള്ളിയിലെ വിമാനത്താവളമാണെങ്കിലും കോവിഡ് കാലത്തുതന്നെ വേണമെന്ന കാര്യത്തില്‍ സര്‍ക്കാറിനു വാശിയുണ്ട്. ഈ വാശി കൊണ്ട് സൃഷ്ടിക്കപ്പെടുകയാണ് പ്രതിഷേധങ്ങള്‍ എന്നതുകൊണ്ട് പ്രതിഷേധങ്ങള്‍ തനിയേ നിലയ്ക്കുകയില്ല.

ഭരണസിരാ കേന്ദ്രത്തില്‍ വിദേശവായ്പാ ഏജന്‍സികള്‍ക്കും കണ്‍സള്‍ട്ടന്റ് ഇടനില സംഘങ്ങള്‍ക്കും കോര്‍പറേറ്റ് ഏജന്‍സികള്‍ക്കും ഓഫീസുകള്‍ തുറന്നു കൊടുത്തിരിക്കുന്നു സര്‍ക്കാര്‍. മര്‍മ്മപ്രധാന സ്ഥാനങ്ങളിലെ നിയമനാവകാശവും വിട്ടു കൊടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. അങ്ങനെ നിയമിക്കപ്പെട്ട പലര്‍ക്കും അധികാര കേന്ദ്രത്തില്‍ വലിയ സ്വാധീനവുമാണ്. രാജ്യത്തിന്റെ നിയമവും പരമാധികാരവും ജനാധിപത്യത്തിന്റെ തത്വങ്ങളും ബലികഴിക്കുന്ന പോക്കാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിവരെ ഇത്തരം ശക്തികളുടെ അധീനതയിലാണെന്നു വന്നാല്‍ ജനങ്ങള്‍ പ്രതിഷേധിച്ചു തുടങ്ങും. മുഖ്യമന്ത്രി അറിയാതെയാണ് ഇതെല്ലാം നടക്കുന്നതെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.

അപ്പോള്‍ സമരം ചെയ്യുന്നവര്‍ മാത്രം ജാഗ്രത പുലര്‍ത്തിയാല്‍ പോരാ. സര്‍ക്കാര്‍ നിലപാടാണ് സമരങ്ങള്‍ക്കു കാരണം. അതു തിരുത്തണം. ഭരണവും സമരവും എന്ന പഴയ മുദ്രാവാക്യം കൈവിട്ടിരുന്നില്ലെങ്കില്‍ ഭരണ കക്ഷിയാവുമായിരുന്നു ഈ സമരങ്ങള്‍ക്കു മുന്നില്‍. സര്‍ക്കാറിനു കോവിഡ് കാലമെന്ന ജാഗ്രതയില്ലെങ്കിലും സമരത്തില്‍ ഇറങ്ങുന്നവരും അല്ലാത്തവരുമായ ജനങ്ങള്‍ ജാഗ്രത കൈവെടിയരുത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിക്കണം. ജനങ്ങളുടെ സുരക്ഷയെക്കാള്‍ വലുതാണ് സര്‍ക്കാറിന്റെ വാശി എന്നത് ലജ്ജാകരമാണ്.

ആസാദ്
12 ജൂലായ് 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )