POLITICS

തര്‍ക്കപദ്ധതികള്‍ നിര്‍ത്തി വെയ്ക്കണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം പുറത്തിറക്കി. മറ്റൊരു തിരുത്തല്‍ വിജ്ഞാപനം വന്നില്ലെങ്കില്‍ ഒരു വര്‍ഷത്തേയ്ക്കുള്ള നിയന്ത്രണങ്ങളാണിത്.

പുതിയ വിജ്ഞാപന പ്രകാരം രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതി വാങ്ങാതെ ധര്‍ണയും സമരവും സമ്മേളനവും മറ്റു കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു. കോവിഡ് നിയന്ത്രണം പാലിച്ചുകൊണ്ടാണെങ്കിലും പ്രതിഷേധങ്ങളോ സമരങ്ങളോ പാടില്ല എന്നതിനാണ് ഊന്നല്‍. നിശ്ചിത അകലം പാലിച്ചും മാസ്ക്കുകള്‍ ധരിച്ചും പത്തു പേരില്‍ കൂടാതെയും പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഇനി പ്രയാസമാണ്.

കോവിഡിനൊപ്പം ജീവിക്കുക എന്ന സാഹചര്യം വന്ന ശേഷം അതിന്റെ അച്ചടക്കത്തിനു വിധേയമായി നാം ജീവിതം ചിട്ടപ്പെടുത്തി വരികയാണ്. ജനാധിപത്യ അവകാശങ്ങള്‍ നിര്‍വ്വഹിക്കാന്‍ പരിമിതിക്കകത്തു ശ്രമിക്കുന്നു. സര്‍ക്കാര്‍ പക്ഷെ അച്ചടക്കപൂര്‍ണമായ പ്രതിഷേധങ്ങള്‍ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് ഒരുവിധത്തില്‍ അമിതാധികാര പ്രയോഗംതന്നെയാണ്.

ഇത്തരം ഒരു വിജ്ഞാപനം ഇറക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വിയോജിപ്പും എതിരഭിപ്രായവും ഉള്ള തര്‍ക്കപദ്ധതികള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെക്കണം. ദേശീയപാതാ സ്ഥലമെടുപ്പ്, പുതിയ തീവണ്ടിപ്പാതാ പദ്ധതി, ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളമാക്കല്‍ തുടങ്ങിയവ അതില്‍ പെടും. അനധികൃതമോ നിയമവിരുദ്ധമോ ആയ ക്വാറികള്‍ക്ക് ഷംരക്ഷണം നല്‍കല്‍, യുഎപിഎപോലുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കല്‍, ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്തല്‍, സമ്പന്നവിഭാഗ പ്രീണനത്തിനും രാഷ്ട്രീയ പക്ഷപാതങ്ങള്‍ക്കും അധികാരവും പൊതുഖജനാവും ഉപയോഗപ്പെടുത്തല്‍ എന്നിവയെല്ലാം ജനകീയ പ്രതിഷേധം വിളിച്ചു വരുത്തുന്നുണ്ട്.

കേരളത്തിന്റെ വിദേശ കടബാധ്യത മൂന്നു ലക്ഷം കോടിയിലേക്കാണ് ഉയരുന്നത്. വിദ്യാഭ്യാസ രംഗത്ത് ലോകബാങ്കിന്റെ സ്റ്റാര്‍സ് പദ്ധതി ഫണ്ട് പ്രതിഷേധാര്‍ഹമാണ്. ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളോടും വ്യക്തികളോടും സര്‍ക്കാര്‍ കാണിക്കുന്ന ഔദാര്യവും കോവിഡ് മറവില്‍ പൂഴ്ത്തിവെക്കാന്‍ കഴിയില്ല. ധൂര്‍ത്തും അഴിമതിയും സ്വജന പക്ഷപാതവും ജനവിരുദ്ധ നയങ്ങളും ജനകീയ പ്രതികരണമുണ്ടാക്കും. അതു പ്രകടിപ്പിക്കല്‍ ഭരണഘടന നല്‍കുന്ന അവകാശമാണ്. ഒരു ഉത്തരവുകൊണ്ട് അതു നിയന്ത്രിച്ചാല്‍ പ്രത്യാഘാതം ചെറുതാവില്ല.

കിടപ്പാടവും തൊഴിലും നഷ്ടപ്പെടുത്തുന്ന വികസനത്തോടു പ്രതിഷേധിക്കാന്‍ നിയമം തടസ്സമാകാതെ വരും. അതുകൊണ്ടു കുടിയും തൊഴിലും ഇല്ലാതാക്കുന്ന പദ്ധതികള്‍ നിര്‍ത്തിവെയ്ക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. സര്‍ക്കാറിന്റെ അവസാന വര്‍ഷം കണ്ണും വായും മൂടിക്കെട്ടി കൈകാലുകള്‍ ചങ്ങലയ്ക്കിട്ടു ഭരണം നടത്താം എന്നു കരുതുന്നത് മൗഢ്യമാണ്. ആ കാഴ്ച്ച ദയനീയവുമാണ്. അതിനാല്‍ തര്‍ക്കപദ്ധതികള്‍ നടപ്പാക്കുന്നത് ഉടന്‍ നിര്‍ത്തി വെയ്ക്കണം.

ആസാദ്
05 ജൂലായ് 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )