എന്താണു തീവ്രവാദം?
മുറുകുന്ന വാദങ്ങളാണോ?
കുറുകുന്ന പാഠങ്ങളാണോ?
ഒരുവിധ സമവായത്തിനും
വഴിപ്പെടാത്ത ശാഠ്യമാണോ?
ഹിംസയിലേക്കു നയിക്കുന്ന
ആശയമോ ആയുധമോ ആണോ?
ഭരണകൂടങ്ങളുടെ
പൊളിച്ചെഴുത്താണോ ?
രക്തത്തില്‍ മാത്രമെഴുതാവുന്ന
വിജയങ്ങളാണോ?
വിശ്വാസങ്ങളുടെ
സാക്ഷാത്കാരമാണോ?
പ്രത്യയശാസ്ത്രങ്ങളുടെ
സാഫല്യമാണോ?
ആത്മബലിയിലേക്കുള്ള
കുതിപ്പുകളാണോ?
എന്താണ് തീവ്രവാദമെന്ന്
എവിടെയാണ് തെളിഞ്ഞു കിട്ടുക?
വെടിയുണ്ടകള്‍ തുളച്ച
വൃദ്ധന്റെ മാറിടത്തില്‍?
അദ്ധ്യാപകന്റെ
അറ്റുപോയ കൈപ്പത്തിയില്‍?
വാളും മഴുവും മത്സരിച്ച
സഖാവിന്റെ തലയോട്ടിയില്‍?
പാഠപുസ്തകങ്ങള്‍
കുതിര്‍ന്ന രക്തത്തില്‍?
അതു കാണുമോ
തട്ടിയെടുക്കപ്പെട്ട നജീബില്‍?
ഉന്നാവിലും വാളയാറിലും
പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടികളില്‍?
അലനും താഹയും വായിച്ച
മലയാള പുസ്തകങ്ങളില്‍?
ജാമിയ മില്ലിയയിലെ
വിദ്യാര്‍ത്ഥിനികളില്‍?
എവിടെയുണ്ടതിന്റെ
വേരുകള്‍, പടര്പ്പുകള്?
സ്പാര്ട്ടക്കസിന്റെയും ഡ്രാക്കസ്
ബേബൂഫിന്റെയും സാഹസങ്ങളില്‍?
കീഴാളരുടെ പടയോട്ടങ്ങളില്‍?
റെജിസ് ദബ്രെ ഉരിഞ്ഞുകളഞ്ഞ
കുപ്പായത്തില്‍?
കാബൂളിലെ നജീബുള്ളയില്?
മലപ്പുറത്തെ വാരിയംകുന്നനില്‍?
ഏതാണു തീവ്രവാദമെന്ന്
ആരെങ്കിലുമൊന്നു പറയൂ.
വംശീയമായ തീവ്രവാദം?
മതപരമായ തീവ്രവാദം?
സാമുദായിക തീവ്രവാദം?
ലിംഗപരമായ തീവ്രവാദം?
രാഷ്ട്രീയമായ തീവ്രവാദം?
വികസന തീവ്രവാദം?
പറയൂ
തീവ്രവാദമെന്നു വിളിക്കുമ്പോള്‍
വിളികേള്ക്കുന്നതേതാണ്?
അല്ലെങ്കില്‍
ഏതാണിതില്‍
തീവ്രവാദമല്ലാത്തത്?
ഏതു വാദമാണ്
ഏതു തീവ്ര വാദമാണ്
മനുഷ്യത്വത്തിലേക്കു
പിളര്ന്നൊഴുകുന്നതെന്ന്,
ഉമ്മകളും ആശ്ലേഷങ്ങളും
വിളയിക്കുന്നതെന്ന്,
ആരെങ്കിലുമൊന്നു പറയൂ.
■
ആസാദ്
02 ജൂലായ് 2020