കറുപ്പിന്റെ നീരിഴകളില്‍
വേഗം കുരുക്കുന്നു.
വഴിയോരങ്ങളില്‍ പൊട്ടുന്ന
കരിനദികളായി
അതു വെള്ളക്കൊട്ടാരത്തെ
വളഞ്ഞുകഴിഞ്ഞു.
അടഞ്ഞ ശ്വാസങ്ങളില്‍
കാറ്റു കുരുക്കുന്നു.
തെരുവില്‍ രൂപംകൊണ്ട
കരിഞ്ചുഴലികള്
വേള്ളഗോപുരങ്ങളുടെ
വേരറുക്കുന്നു.
അമര്‍ത്തപ്പെട്ട പ്രാണനാളികള്
പൊട്ടിത്തെറിക്കുന്നു.
ഒരിറ്റു ജലം ഒരിറ്റു വായു
എന്നു നിലവിളിച്ചവന്‍
വിഭവങ്ങള്‍ക്കുമേല്‍
അവന്റെ കൊടി കുത്തുന്നു.
അവന് സ്പാര്‍ട്ടക്കാസ്
അവന് ഡ്രാക്കസ് ബേബുഫ്
അവന് മാര്ട്ടിന് ലൂഥര്‍
അവന് ജോര്‍ജ് ഫ്ലോയ്ഡ്
അവന്
വെണ്മാടങ്ങളില്
കറുത്ത പുഷ്പങ്ങള്‍ വിരിയും.
വേട്ടയാടപ്പെട്ടവരും
വെട്ടിവീഴ്ത്തപ്പെട്ടവരും
വെയിലുദിക്കുംപോലെ
ഉടലുകളിലെഴുന്നേല്ക്കും.
വ്യാജസ്വാതന്ത്ര്യത്തിന്റെ
വെണ്പ്രതിമകള്
ശിരസ്സറ്റു വീഴും.
അവന്റെ നദികളും ചുഴലികളും
വന്കരകളില്നിന്നു
വന്കരകളിലേക്കു നീങ്ങും.
വിവേചനങ്ങളുടെ
ഏതളവിലും ഒരേയാഘാതം.
ഏതടവിലും സവര്‍ണ ധിക്കാരം.
ഏതു നാട്ടിലും
മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക്
അവന്‍തന്നെ നായകന്.
അവന് ബിസ്രാ മുണ്ഡെ.
അവന് സിധു മുര്‍മു
അവന് ഗൈധിന്ല്യു.
അവന് അംബേദ്കര്‍
അവന് അയ്യങ്കാളി.
അവന്
തീവ്രവംശീയതയുടെ
തെമ്മാടിനേതാക്കള്ക്ക് താക്കീത്.
‘ഞങ്ങള്‍’ക്കപ്പുറം കാണാത്ത
സകല പറ്റങ്ങള്‍ക്കും
അവസാനത്തെ താക്കീത്.
സ്വാതന്ത്ര്യത്തിന്റെ കറുത്ത നദി.
സ്വാതന്ത്ര്യത്തിന്റെ കരിഞ്ചുഴലി.
ആസാദ്
02 ജൂണ്‍ 2020