വാട്സപ്പില്‍ നെടുവീര്‍പ്പ്.
ഞാനൊരു സൂര്യകാന്തി വരച്ചു.
പതിവുള്ള ആ ചുവന്ന പൂവില്ലേ,
പ്രത്യാശയുടെ പനിനീര് ദലം?
ഓ, കാണുന്നില്ല. എനിക്കിപ്പോള്‍
സൂര്യന്റെ മുള്ളുകളാണ്.
ഇതു ജീയുടേതുപോലെ!
അല്ലല്ല, പേരു മാറ്റാം സൂര്യരൂപിപ്പൂ.
അതേ മഞ്ഞച്ച തൃഷ്ണകള്‍
മുള്ളഴകിന് ഉള്‍മുനകള്‍
അവനവളിന് ലിംഗരൂപകം.
കവിള്മിനുപ്പല്ല, ചോരയിറ്റും
യോനീദളമല്ല, ചുണ്ടില്‍ വിരിയില്ല.
നെഞ്ചിലുണ്ടെന്നു സാറ
വിടരുന്ന പെണ്പിറവിയായി.
തരിക്കും ആണ്മുലപ്പരപ്പിലും.
ഇരുപത്തിനാലു പര്ഗാനയി
ലൊരു വയല്‍ നിറഞ്ഞു തൂവി
ഋതുപര്ണയെന്നവളവന്
സൂര്യരൂപിപ്പൂവുകള് നട്ടു
ഞാനൊന്നിറുത്തെടുത്തു.
വാട്സപ്പിലതു സൂര്യകാന്തി.
സുര്യകാന്തികളുടെ നഗരം വരച്ച
സുഹൃത്തിനും ജീക്കുമപ്പുറം
വെയില് നാളങ്ങളാളിയുടലില്
കൊത്തിയ ഋതുനിശ്ചയം!
ചൂടാറില്ലാത്ത വാക്കുകള്‍
പറിച്ചു നല്കുമ്പോളത്യാനന്ദം
ചുട്ടുപൊള്ളുന്നിടത്തൊരു
പൂമണം, വെയിലഴക്.വിളക്കു
കാലൂര്ന്നിടത്തൊരു പൂവെളിച്ചം.
ഉടലാണു കണ്ടെടുത്തതു
തന്നെ മൊഴിമാറ്റുന്ന രൂപകം
ഞാനേതോ പഴയ പാര്‍ക്കിലെ
സിലോണ്‍ റേഡിയോയില്‍
കേട്ട പൂവുകള്‍ തരം തിരിച്ചില്ല!
ആസാദ്
26 മെയ് 2020