അകത്തിടമില്ല
ബുദ്ധന് പുറത്തിരിക്കട്ടെ.
അകം പിളര്‍ന്നു പുറത്തു ചാടിയ
പൊരുത്തക്കേടിന്റെയെരിപൊരിയല്ലേ
പുറത്തലഞ്ഞലഞ്ഞ,വസാനിക്കാത്ത
അഹമ്പൊരുളിനെ പുലര്‍ത്തിപ്പോന്നത്?
അകത്തവനെ ഞാന്‍ തളയ്ക്കുകയില്ല.
പുറത്തവനെ ഞാനയക്കയുമില്ല.
പടിയ്ക്കല്‍ പീഠം വെച്ചിരുത്തണം, ബോധി
യിത്തണല്തന്നെയെന്നെഴുതി വെക്കണം.
മകള്‍ക്കു പേരിട്ടു ഗയയെന്നവള്
അറിഞ്ഞില്ല ശാന്തി പിറന്നിടത്തൊട്ടും
അലഞ്ഞു തീര്‍ക്കുന്നു തീക്ഷ്ണയൗവ്വനം
ഗവേഷണമെന്ന കുലപ്പെരുമയില്.
മകനാണെങ്കില്‍ പേര് ഗൗതമനെന്നാം
വഴിയില്‍ പക്ഷെ വരുത്താമോ മാറ്റം?
ഇരിക്കുമെത്രനാളൊരു മരത്തണല്‍
വിരിക്കുമദൃശ്യമാം സിരാവലയത്തില്?
തിരിച്ചുപോക്കില്ലാത്ത നടത്തത്തിനേതു
ഗൃഹമുണ്ടന്നം കരുതിവെയ്ക്കുന്നു?
സകലസത്രവുമിരന്നു നീങ്ങണം
പകലിരവുകള്‍ പൊരുള്‍ തിരക്കണം.
വരച്ചുകൊണ്ടവള്‍ നടന്നുപോകുമ്പോള്‍
തെളിയും ചിത്രത്തിലവന്റെ നേരുകള്‍.
ഇഴപിരിച്ചവള് തിരക്കു,മാരുടെ
വേവാണു ശമനമില്ലാതലയ്ക്കുന്നു ചുറ്റും?
തലയ്ക്കധികാരത്തടിപ്പുകൂടിയ
പിതാവിനെ വെല്ലുവിളിക്കണം മകള്‍
വഴികളിലെങ്ങും പിതൃവൃക്ഷങ്ങളു
ണ്ടവതെളിക്കുമോ അഹിംസതന് വഴി?
അതിനാലൊറ്റയ്ക്കലഞ്ഞു തീര്‍ക്കുവാന്‍
അനുഗ്രഹിക്കേണ്ട തണല്‍ മരങ്ങളേ
തണുത്ത കൈകളാലകവേരിന് സ്പര്‍ശം
നെറുകയില്‍ ചേര്ക്കാനടുക്കല്ലേ വീണ്ടും.
കഥയില്‍ ഞാനില്ല, തിരിച്ചുമങ്ങനെ
പഠിച്ച പാഠങ്ങള്‍ തിരിഞ്ഞു കൊത്തട്ടെ
അലച്ചിലിന് ദൈവമകത്തിരിക്കുമ്പോള്
ഇരിപ്പുറയ്ക്കുമോ ക്ഷണനേരത്തേയ്ക്ക്?
അകത്തുവേണ്ടിനി
ബുദ്ധന് പുറത്തിരിക്കട്ടെ.
□
ആസാദ്
08 മെയ് 2020