മുറിനിറയെ
ചില്ലുഭരണികള്‍.
വിശാലമായ ചുമരലമാറ
ക്വറന്റൈന് പ്രണയിയുടെ മ്യുസിയം.
ശബ്ദത്തിന്റെയും ശരീരത്തിന്റെയും ശേഖരം.
അഴിച്ചെടുക്കും
സുക്ഷ്മശ്രദ്ധയോടെ.
ശബ്ദത്തിന്റെ ഇഴകളാകുമാദ്യം.
ചൊല്ലിപ്പറഞ്ഞതും പാടിത്തിമര്ത്തതും.
പിന്നെയുടലുടവുകളോരോന്നായി അടര്‍ത്തും.
ശബ്ദഗ്രാഹിയില്
എത്രതരം ശബ്ദങ്ങള്‍!
‘നാമെപ്പോഴേ കാണേണ്ടതായിരുന്നു’
ആദ്യ കാഴ്ച്ചാ കണ്ഭാഷണമതേ ചൂടാര്ന്ന്
തുടരുന്നു, ‘നമുക്ക് കോഫിഹൗസിലിരുന്നാലോ?’
ശബ്ദം അതിന്റെ
അഭാവഭാഷയിലുമുണ്ട്.
പരിഭാഷപ്പെടുത്തുമെന്റെ സ്വനഗ്രാഹി.
തൊട്ടടുത്തു കായലോളങ്ങള്‍ പതുങ്ങുന്നു.
പിടിവിട്ടുകൂടാ, ചായയിലതു ചിതറിയെങ്കിലോ.
ഓരോ വിതാനത്തി-
ലിടറിയൊഴുകുന്നുണ്ടവള്
കാറ്റിനെ മാടി ശബ്ദസ്നേഹിത.
ഉടലില്നിന്നൂരിയ ഞരമ്പുകള്പോ,ലിതാ
ഞാനിങ്ങു ചായ്ച്ചുകെട്ടിയ ഡിജിറ്റലാഖ്യാനം.
അവളതൊക്കെ
മറന്നു കാണണം, പഴയ
കത്തുകള്‍ തിരിച്ചു വാങ്ങിയപോല്
പറഞ്ഞതത്രയും പിന്‍വലിച്ചു കാണണം.
ഏന്റെ സൂക്ഷിപ്പിന്നറകളിലാവുമപസങ്കേതനം.
ഒരൊറ്റ വാക്കും
അടര്‍ന്നു പോയില്ല.
ഇവിടെയുണ്ടുടല് പുണര്‍ന്നു നില്ക്കും
ശബ്ദസ്നേഹിത, അവള്ക്കുടലു വേണ്ടിനി.
ഇടഞ്ഞുനിന്നതെടുക്കണം ചോരപൊടിയാതെ.
ഉടലിലെന്തു
ണ്ടധിക ജീവിതം?
അവളതില്‍ ഗാനം വിളയിച്ചതല്ലേ
അവളതു കൊയ്തുമനവധി നുറുങ്ങു ഛായകളതി ലളിതമായി പകര്‍ന്നു തന്നില്ലേ?
ഓരോ ഭരണിയി-
ലുടലിന് പാളികള്‍
അതു വരച്ചതുപോലതി ചതുരം.
കണ്വെയില്തട്ടി ചുവന്നിരിക്കുന്നു
വലിയ മൂക്കും കുതികൊള്ളുന്ന മുലകളും.
വിയര്ത്തുഴുത
വയലുകളെങ്ങ്
മാടിയ നേര്‍ത്ത വരമ്പുകളെങ്ങ്
മഴയില്‍ ചൂളിയ മരച്ചുവ,ടിളം ചൂടു
വമിക്കും നീരൊഴു,ക്കതില്‍ തടയണയെങ്ങ്?
നിനക്കൊപ്പ
മൊരു ദേശം
അതെന് പ്രണയദേശമാകുന്നു
അതിന്പടമെന്റെ അറയില്‍ തൂങ്ങുന്നു.
ശബ്ദവും ശരീരവുമായി പകുത്ത രാഷ്ട്രം.
അറുതിയി-
ല്ലെന്‍ പ്രണയമേ
നിനക്കു പാര്‍ക്കുവാന്‍ മതി മ്യൂസിയം.
ക്വറന്റൈന്കാലം പണിത സ്മാരകം.
അതില്‍നിന്നു ഞാനും തിരിച്ചുപോകില്ല.
□
ആസാദ്
06 മെയ് 2020