ഒപ്പമുണ്ടെന്ന്
ആശ്വസിപ്പിക്കാന്‍
അവളുച്ചരിച്ച വാക്കുകള്‍
വാതില്‍പ്പടിയില്‍ തട്ടിനിന്നു.
വാക്കിലവള്‍
വെപ്രാളപ്പെട്ടു നിറച്ച
ഉമ്മക്കൊട്ടകള്
ചെരിഞ്ഞു വീണു.
നെറുക മുതല്‍
കാല്വിരലുകളോളം
ഉരുണ്ടുരുണ്ടു പോകാറുള്ള
പലമട്ടുമ്മകള്.
ചുട്ടുപൊള്ളുമ്പോള്‍
തണുപ്പേകുന്നവ
മരവിച്ചു മയങ്ങുമ്പോള്‍
ചൂടു നിറയ്ക്കുന്നവ.
എത്തുന്നിടത്തൊക്കെ
സൂചികളാഴ്ത്തുന്നവ.
ചുണ്ടുകളില്‍ വന്നു
പൊട്ടിത്തെറിക്കുന്നവ.
എന്തു പറ്റിയെന്ന്
അവള് ഓടിവന്നു.
ഉരുണ്ടു കളിക്കുന്നുണ്ട്
എമ്പാടുമുമ്മകള്.
തന്റെ തന്നെയോ
എന്നവള്‍ക്കു വിസ്മയം.
അടിച്ചുവാരി
പറമ്പിലിട്ടേയ്ക്കാം!
ഇനിയുമുണ്ടല്ലോ
നാളുകള്‍, വിശ്രമിക്കൂ
വരും, കൊതികളില്‍
പൂ പിടിപ്പിക്കും കാലം.
മുള്വേലിയോടു
ചേര്ന്നുമ്മകള്
മുളയ്ക്കാതിരിക്കില്ല.
ഞാനതു വിളയിക്കാം.
കിളിവാതിലിലൂടെ
നിങ്ങളതു
കാണാതിരിക്കില്ല.
ഞാനതിലാനന്ദിക്കാം.
ഒറ്റയ്ക്കല്ലെന്ന്
ഓരോ നാമ്പും
നിങ്ങളോടു പറയും.
വേലിയിലതു വിളയും.
വാതില്ക്കല് വന്നു
മടങ്ങിയ വാക്കുകള്‍
അനേക മണമുള്ള
ഉമ്മകളുമായ് വീണ്ടും വരും.
അപ്പോഴേയ്ക്കും
ക്വാറന്റെയിന് തീരുമല്ലോ.
■
ആസാദ്
04 മെയ് 2020