Article POLITICS

പൗരത്വ ബില്ലിനൊപ്പം ഐ എല്‍ പിയും അമിത്ഷായുടെ ഹിന്ദുത്വകൗശലങ്ങള്‍


രാജ്യത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന് എന്തിനു പ്രത്യേകാവകാശങ്ങള്‍ എന്നാണ് കാശ്മീരനുകൂല 370-ാം വകുപ്പ് എടുത്തു മാറ്റി കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചത്. അതു ബി ജെ പിയും ആര്‍ എസ് എസ്സും സംഘപരിവാരങ്ങളും ആവര്‍ത്തിച്ചുപോന്നു. കാശ്മീരിന്റെ ചരിത്രമോ സവിശേഷ പ്രശ്നങ്ങളോ പരിഗണിക്കാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍ അതേ കേന്ദ്ര സര്‍ക്കാര്‍തന്നെ പൗരത്വ ബില്ലിനോടൊപ്പം മണിപ്പൂരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന നിയമവും അംഗീകരിച്ചിരിക്കുന്നു!

ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുകൂടി ഇന്നര്‍ ലൈന്‍ പെര്‍മിറ്റെന്ന പ്രത്യേക നിയമം നടപ്പാക്കാന്‍ പരിപാടിയുണ്ട്. നേരത്തേ, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്റ് തുടങ്ങിയ വടക്കു കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് ഈ അവകാശം ലഭിച്ചിരുന്നു. കൊളോണിയല്‍ ഭരണകാലത്ത് സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളിലേക്കുള്ള യാത്രയും കുടിയേറ്റവും നിയന്ത്രിച്ചിരുന്നു. അവിടെ ഭൂമി വാങ്ങാനോ താമസിക്കാനോ തോട്ടം – കൃഷി – വ്യവസായ സംരംഭങ്ങളാരംഭിക്കാനോ തടസ്സമുണ്ടായിരുന്നു. കൊളോണിയല്‍ താല്‍പ്പര്യങ്ങളുടെ സംരക്ഷണാര്‍ത്ഥമായിരുന്നു അത്.

സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായ ശേഷവും ചില പ്രദേശങ്ങള്‍ സവിശേഷാധികാരങ്ങള്‍ നില നിര്‍ത്തുന്നു. ചില സംസ്ഥാനങ്ങളിലേക്കു കടക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കു തന്നെ വിലക്കു നിലനില്‍ക്കുന്നു. അത്തരം സംസ്ഥാനങ്ങളുടെ പട്ടികയ്ക്ക് നീളം കൂട്ടുകയാണ് മോദി അമിത്ഷാ ഭരണകൂടം. 370-ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ കാശ്മീരിനെ തടങ്കലിലാക്കി. എന്നാല്‍ അതിലുമേറെ ആനുകൂല്യങ്ങള്‍ മറ്റു ചില സംസ്ഥാനങ്ങള്‍ക്കു വെച്ചു നീട്ടുന്നു.

കാശ്മീരിലേക്കു യാത്ര ചെയ്യാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കു വിലക്കുണ്ടായിരുന്നില്ല. അവിടെ ഭൂമി വാങ്ങുന്നതിനു മാത്രമായിരുന്നു നിയന്ത്രണം. എന്നാല്‍ ഐ എല്‍ പി( Inner Line Permit) ലഭിച്ച സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ അവിടത്തെ സര്‍ക്കാറിന്റെ അനുമതി പത്രം വേണം. ഏഴു ദിവസത്തെ വിസ കിട്ടും. പിന്നീട് നീട്ടണമോ നീട്ടാമോ എന്നെല്ലാം അവര്‍ നിശ്ചയിക്കും. അതിര്‍ത്തിയില്‍ സുരക്ഷാ സേനയെ വിന്യസിക്കും. തങ്ങളുടെ ദീര്‍ഘകാലത്തെ മോഹമാണ് പുഷ്പിച്ചതെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരാന്‍ സിങ് അമിത്ഷായെ അനുമോദിച്ചു പുളകിതനാവുന്നു.

അമിത് ഷാ, വരം തരാം വരം തരാമെന്ന് മേഘാലയ, സിക്കിം, ആസാം, ത്രിപുര സംസ്ഥാനങ്ങളെ വിളിച്ചു മോഹിപ്പിക്കുന്നുണ്ട്. അവര്‍ക്കും ഇനി ആവശ്യമുന്നയിക്കുന്ന ഹിന്ദുത്വ പ്രതിബദ്ധതയുള്ള ആര്‍ക്കും ഐ എല്‍ പി അനുവദിച്ചേക്കും. ആഭ്യന്തര വകുപ്പ് രാജ്യത്തു തീക്കളിയാണ് ആരംഭിച്ചിട്ടുള്ളത്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സങ്മയെ കണ്ട് അമിത്ഷാ ഈ ഉറപ്പു നല്‍കിയതായറിയുന്നു. മേഘാലയ നിയമസഭയുടെ നടപ്പു സമ്മേളനം ഈ ആവശ്യം ഉന്നയിച്ചുള്ള പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്.

ആസാമില്‍ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്ന യുവജനങ്ങളും സാംസ്കാരിക പ്രവര്‍ത്തകരും ഈ പ്രത്യേക നിയമത്തിന്റെ പരിരക്ഷ ആവശ്യപ്പെടുന്നു. അവര്‍ക്ക് ഐ എല്‍ പി നല്‍കാന്‍ അമിത്ഷായ്ക്ക് സന്തോഷമേ കാണൂ. ആസാമില്‍ പൗരത്വ പട്ടിക ചയ്യാറാക്കിയപ്പോഴുണ്ടായ തിരിച്ചടിയില്‍നിന്നും ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍നിന്നും തലയൂരാന്‍ അമിത് ഷായ്ക്ക് അത് അവസരം നല്‍കും. ത്രിപുരയെയും ഐ എല്‍ പി നല്‍കി വരുതിയിലാക്കാമെന്നാണ് അമിത്ഷാ കരുതുന്നത്.

തന്ത്രപ്രധാനമായ ചില പ്രദേശങ്ങള്‍ പ്രൊട്ടക്റ്റഡ് ഏരിയാ പെര്‍മിറ്റായി നിലനില്‍ക്കുന്നുണ്ട്. അതിനു പുറത്തു ചില സംസ്ഥാനങ്ങള്‍ സവിശേഷ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ രാജ്യത്തിനകത്തു സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ തീര്‍ക്കുന്ന നയം ആപത്ക്കരമാണ്. അതു വിലപേശി വാങ്ങാനാവുമെന്ന അവസ്ഥ നമ്മെ ഞെട്ടിക്കണം. ആര്‍ എസ് എസ് ആഭ്യന്തര ശത്രുക്കള്‍ക്കെതിരെ പ്രഖ്യാപിച്ച യുദ്ധത്തിന്റെ പടയോട്ടമാണ് നാം കാണുന്നത്. മുസ്ലീം വിരുദ്ധതയുടെ അരിച്ചെടുക്കല്‍ പ്രക്രിയയും അണകെട്ടി തടയലുമാണ് നാം കാണുന്നത്.

സംസ്ഥാനങ്ങള്‍ക്ക് ഹിന്ദുത്വ റിപ്പബ്ലിക്കിലേക്കുള്ള പ്രവേശന കവാടമായി, പൗരത്വ ഭേദഗതി ബില്ലിനെക്കാള്‍ ശക്തിയാര്‍ന്ന ഉപാധിയായി ഐ എല്‍ പി മാറുകയാണ്. ഇനി കേരളം ഉള്‍പ്പെടെ ഏതു സംസ്ഥാനത്തിനും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ആവശ്യപ്പെടാം. അതിനുള്ള സമ്മര്‍ദ്ദം വേണ്ടയിടങ്ങളിലെല്ലാം സംഘപരിവാര്‍ രാഷ്ട്രീയ ആയുധമാക്കും. ഇന്ത്യ എന്ന സ്വതന്ത്ര റിപ്പബ്ലിക്ക് പലതായി ചിതറിക്കുന്നതിന്റെ ആസൂത്രണം എവിടെയൊക്കെയോ നടക്കുന്നുണ്ട്. രാജ്യം നമ്മുടെ ഉണര്‍വ്വും ഐക്യവും ആവശ്യപ്പെടുന്നു.

ആസാദ്
18 ഡിസംബര്‍ 2019

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )