ലോകമെങ്ങും വിദ്യാര്‍ത്ഥി രാഷ്ട്രീയം പുതിയ ദിശയിലേക്കു നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം നടന്ന കാലാവസ്ഥാ നീതിക്കു വേണ്ടിയുള്ള പ്രക്ഷോഭം വിളിച്ചു പറയുന്നു. മനിലയിലും കോപ്പന് ഹേഗനിലും സിഡ്നിയിലും മെല്‍ബണിലുമെല്ലാം വന്‍ പ്രക്ഷോഭങ്ങളാണ് നടന്നത്. ഗ്രേറ്റാ തന്‍ബര്‍ഗിന്റെ School strike for the Climate ആഗോള പ്രക്ഷോഭമായി വളര്‍ന്നിരിക്കുന്നു. കൊച്ചിയിലെ വിദ്യാര്‍ത്ഥികളും കാലാവസ്ഥാ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ അണി ചേര്‍ന്നിരിക്കുന്നു. അഭിരാമിയും സുഹൃത്തുക്കളും നേതൃത്വം നല്കുന്ന ക്ലൈമറ്റ് റെവലൂഷനറീസ് കാമ്പസുകളെ തെരുവുകളിലേക്ക് ആനയിച്ചു കഴിഞ്ഞു.
ഇതിനൊപ്പം,ലോകമെങ്ങും അക്കാദമിക ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലും വിദ്യാര്‍ത്ഥികള്‍ സജീവമാണ്. പല രാജ്യങ്ങളിലും വിദ്യാഭ്യാസ സ്വകാര്യവത്ക്കരണത്തിനും വിവേചനങ്ങള്‍ക്കും സാമ്രാജ്യത്വ അജണ്ടകള്‍ക്കും എതിരായ സമരങ്ങളും വളര്‍ന്നു വന്നിട്ടുണ്ട്. ആശയരംഗം സംവാദതീഷ്ണമാക്കുന്ന ഇടപെടലുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ കാമ്പസുകളിലും അതു കാണാം. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ആളിത്തുടങ്ങിയ തീ പടര്‍ന്നു പിടിച്ചിട്ടുണ്ട്.
കേരളത്തിലെ കാമ്പസുകള്‍ സാര്‍വ്വദേശീയ വിദ്യാര്‍ത്ഥി ഉണര്‍വ്വുകള്‍ സ്വാംശീകരിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് മുമ്പൊക്കെ. എന്നാല്‍ സമീപകാലത്ത് ആശയങ്ങളുടെ നവീകരണമോ സംവാദമോ അത്ര സജീവമല്ല. വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള ബലപ്രയോഗങ്ങളിലേക്കും പോപ്പുലര്‍ സംസ്കാരത്തിന്റെ പുനരുത്പ്പാദന പ്രവണതകളിലേക്കും അവ ദിശമാറ്റുന്നു. ലോകത്തെ തൊട്ടറിയാനും ഞെട്ടിയുണരാനും നമ്മുടെ കാമ്പസുകള്‍ക്കു സാധിക്കുന്നില്ല.
ലോക വിദ്യാര്‍ത്ഥിസമൂഹം പ്രക്ഷോഭരംഗത്തു വന്ന സമീപ ദിവസങ്ങളില്‍ നമ്മുടെ തലസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ ഏറ്റവും ലജ്ജാകരമായ ഏറ്റുമുട്ടലുകകളിലായിരുന്നു. ഞങ്ങള്‍മാത്ര ധിക്കാരത്തിന്റെ തിമര്‍പ്പുകള്‍ നഗരത്തില്‍ കണ്ടു. ജനാധിപത്യ മൂല്യങ്ങളും സമരോത്സുകതയും ചോര്‍ന്നുപോയ ഗുണ്ടാ സംഘങ്ങളായി വിദ്യാര്‍ത്ഥി സംഘടനകള്‍ പിന്‍യാത്ര നടത്തുകയാണ്. ജീര്‍ണമായ രാഷ്ട്രീയത്തിന്റെ സന്തതികളാണ് പെരുകുന്നത്.
വളരെ ദീര്‍ഘമായ സമര ചരിത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ളത്. ലോകത്തെ മാറ്റി മറിച്ച വൈജ്ഞാനികവും സാമൂഹികവുമായ വിപ്ലവങ്ങളുടെ പാരമ്പര്യമാണത്. ലോകത്തെ അറിയാനും മാറ്റിത്തീര്‍ക്കാനുമുള്ള കാമ്പസുകളുടെ വെമ്പലുകള്‍ നമുക്കു തിരിച്ചു പിടിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥി സമൂഹം അതു സംബന്ധിച്ചു ഗൗരവപൂര്‍വ്വം ആലോചിക്കട്ടെ.
ആസാദ്
1 ഡിസംബര്‍ 2019
