POLITICS

ഭൂമി ഏറ്റെടുക്കല്‍ നിയമവും കര്‍ഷക സമരവും

രത്നഗിരി – നാഗ്പൂര്‍ ദേശീയപാതയിലെ സമര നേതൃത്വം സി പി എമ്മിന്റെതായിരുന്നു. അശോക് ധവ്ളെയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ കിസാന്‍ സഭ നടത്തിയ ഉജ്വലമായ സമരം. ചെന്നെ- സേലം പാതയിലും സി പിഎം സമര നേതൃത്വം വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ ഒന്നിലേറെ തവണ അറസ്റ്റു വരിച്ചു. രാജസ്ഥാനിലെ ചുങ്കപ്പാതയ്ക്കെതിരായ സമരത്തിലും സി പി എം നേതൃത്വം. സംസ്ഥാന സെക്രട്ടറി അമ്രാറാമായിരുന്നു മുന്നില്‍.

വര്‍ഷങ്ങള്‍ക്കു മുമ്പ് യമുന എക്സ്പ്രസ് വേയുടെ സമരത്തില്‍ ഭൂമി പിടിച്ചെടുക്കലിന് ചില വ്യവസ്ഥകള്‍ മുന്നോട്ടു വെച്ചിരുന്നു സി പിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിനുശേഷം 2013ല്‍ ലാന്റ് അക്യുസിഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ ആക്റ്റ് ലോകസഭ പാസാക്കി. 1894ലെ കൊളോണിയല്‍നിയമം തിരുത്തി കര്‍ഷകര്‍ക്കും ഇതര ഇരകള്‍ക്കും താരതമ്യേന നീതി കിട്ടുന്ന ഒരു നിയമമാണ് പാസായത്. 2015ല്‍ മോദി ചില ഭേദഗതികള്‍ വരുത്തി ഒരു തിരിച്ചു പോക്കു നടത്തിയെങ്കിലും ഭൂമിഏറ്റെടുക്കുന്നതിലും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിലും വെച്ച കര്‍ശന ഉപാധികള്‍ മുഴുവനും നഷ്ടമായിട്ടില്ല. അന്നു പാര്‍ലമെന്റില്‍ നിയമ ഭേദഗതിക്കെതിരെ സി പിഎമ്മും രാജ്യ വ്യാപകമായി കര്‍ഷകരും ഉയര്‍ത്തിയ പ്രതിഷേധം ചരിത്രമാണ്.

കേരളത്തിലെ ദേശീയപാതയ്ക്കു ഭൂമി പിടിച്ചെടുത്തു നല്‍കുമ്പോള്‍ തങ്ങളുടെതന്നെ നിലപാടിനും സമര മുദ്രാവാക്യത്തിനും വിപരീതമായി നീങ്ങുകയാണ് സി പി എം. രാജ്യത്തെ വലതു സര്‍ക്കാറുകള്‍ പറയുന്ന അതേ വികസന അജണ്ടയും പിടിച്ചെടുക്കല്‍ നയവുമാണ് അവര്‍ പിന്തുടരുന്നത്. ഏതു നിയമമനുസരിച്ചാണ് ഭൂമി ഏറ്റെടുത്തത് എന്നേ നമ്മള്‍ ചോദിച്ചുള്ളു. സി പി എം രാജ്യത്താകെ മുന്നോട്ടുവെച്ച ഉപാധികളോടെയാണോ കേരളത്തില്‍ ഭൂമി പിടിച്ചെടുത്തത് എന്നാണ് ചോദിക്കേണ്ടത്. പക്ഷെ, ഏതു ചോദ്യമായാലും ഉത്തരമുണ്ടാവില്ല. ആ നയത്തിന്റെ പാപ്പരത്തം അത്രയേറെയാണ്.

നന്ദിഗ്രാമില്‍ ഭൂമി പിടിച്ചെടുക്കുമ്പോള്‍ 2013ലെ നിയമം രൂപപ്പെട്ടിരുന്നില്ലല്ലോ. എന്നിട്ടും അതുണ്ടാക്കിയ ആഘാതം നാം കണ്ടു. ഇപ്പോള്‍ പുതിയ നിയമത്തെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ഏതു വലതുപക്ഷ ഗവണ്‍മെന്റിനെയും തോല്‍പ്പിക്കും മട്ടിലാണ് കേരള ഭരണം പോകുന്നത്. അധികാരികളുടെ വികസന ഭ്രാന്തിന് ജനം ശിക്ഷിക്കപ്പെടുകയാണ്.

നമ്മുടെ മാധ്യമങ്ങളെപ്പറ്റി അത്ഭുതം തോന്നുന്നു. ഭരണകൂടത്തിന്റെ വികസനഭ്രാന്ത് അവയ്ക്കുമുണ്ട്. കോര്‍പറേറ്റ് താല്‍പ്പര്യങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ക്കു മുക്തിയില്ല. പുനരധിവാസം നടൂത്താതെ എങ്ങനെ ഭൂമി ഏറ്റെടുക്കലാവും എന്നവര്‍ ചോദിക്കുന്നില്ല. ഒരു വികസനത്തിന് ഒന്നിലേറെത്തവണ ഒരേ കൂട്ടര്‍ ഇരകളാക്കപ്പെടാമോ എന്നു ചോദിക്കുന്നില്ല. മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയെങ്കിലും നല്‍കുമോ എന്നും ഓരോ പ്രദേശത്തും അതെത്ര വരുമെന്നും വ്യക്തമാക്കുന്നില്ല. സ്വകാര്യവത്ക്കരണമല്ലാതെ മറ്റുപാധികളില്ലേ എന്നു തിരക്കുന്നില്ല. ജനങ്ങളുടെ ജീവിതം ദേശീയ വികസനത്തിന്റെ ഭാഗമാണെന്ന എ കെ ജിയുടെ അമരാവതി പ്രഖ്യാപനം ഓര്‍ക്കുന്നില്ല.

രാജ്യം വികസിക്കാന്‍ കുറെ സഹോദരങ്ങളെ തെരുവിലിറക്കണമെന്ന വാശിയാണ് സര്‍ക്കാറിന്. രാജ്യത്തെങ്ങും ഇരകള്‍ക്കൊപ്പം പൊരുതുന്ന ഇടതുപക്ഷം കേരളത്തില്‍ എന്തുചെയ്തു എന്നു പറയാതെ വയ്യ. വികസനം എന്ന ഒറ്റപ്പദ മന്ത്രംകൊണ്ട് സി പി എമ്മിന് ഈ പ്രതിസന്ധി ചാടിക്കടക്കാനാവില്ല. രാജ്യമെങ്ങും പടരുന്ന പ്രതിഷേധം കേരളത്തില്‍മാത്രം അമര്‍ത്തിവെയ്ക്കാന്‍ സാധ്യമാവുകയില്ല.

ആസാദ്
7 മെയ് 2019

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )