Article POLITICS

വില്ലുവണ്ടിയുടെ പെണ്‍കുതിപ്പുകള്‍

പെണ്ണുങ്ങളോടിക്കട്ടെ വില്ലുവണ്ടികള്‍. നൂറ്റാണ്ടിനും അപ്പുറത്തുനിന്ന് അതൊരുക്കപ്പെട്ടതാണ്. കയറാന്‍ എന്തിത്ര വൈകിയെന്ന് ചതവുകള്‍ മറന്നു നിവര്‍ന്നുനിന്ന മനുഷ്യന്‍ ഖേദിച്ചേക്കും. നെഞ്ചുറപ്പോടെ നേരിടാതെ ഒരാളും ഒന്നും തന്നുപോവില്ലെന്ന് ജീവിതംകൊണ്ടു പഠിപ്പിച്ചതല്ലേ? വില്ലുവണ്ടിയുടെ ഒച്ചയില്‍ കിടുങ്ങിനിന്നല്ലോ ചരിത്രം. മാറിയല്ലോ ആചാരങ്ങള്‍. അറിവിലേക്കും അധികാരത്തിലേയ്ക്കും തുറക്കപ്പെട്ടില്ലേ പുതുവഴികള്‍. തുല്യജീവിതത്തിന്റെ വാഗ്വാദം ശ്രീമൂലം സഭയില്‍ പൊന്തി. സവര്‍ണന്റെ ചരിത്രത്തില്‍ അക്ഷരപ്പെടാത്ത കലഹങ്ങള്‍ ഇന്നു നാം കേള്‍ക്കുകയാണ്. നാമതിനു അക്ഷരവും ആയുധവുമാകണം.

ആണ്‍മല ചവിട്ടാമോ പെണ്ണുടലെന്ന്, അയ്യപ്പനെ തീണ്ടാമോ ആര്‍ത്തവപ്പെണ്ണെന്ന് ആണഹന്ത പൊട്ടിയൊലിക്കും. ഇതിനൊരു മറുപടി നൂറ്റാണ്ടുമുമ്പ് ഒരു പിള്ള എഴുതിയിട്ടുണ്ട്. പുലയര്‍ക്കൊപ്പമിരുന്ന് സവര്‍ണര്‍ പഠിക്കുകയോ, കഴുതയെയും കുതിരയെയും ഒരു നുകത്തില്‍ കെട്ടുകയോ എന്നൊക്കെ ആശങ്കിച്ച അതേ പിള്ളയാണ് എഴുതിയത്. ”സമുദായാചാരങ്ങള്‍ അതതു കാലത്തിനും ദേശത്തിനും അനുസരിച്ചിരിക്കയല്ലാതെ എല്ലാ കാലത്തേക്കും സ്ഥിരങ്ങളല്ല. ആചാര നിയമങ്ങള്‍ക്ക് കാലോചിതമായ പരിഷ്കാരം ചെയ്യുകയാവുന്നു സമുദായോന്നതിയെ ഇച്ഛിക്കുന്നവരുടെ കൃത്യം. അവ പ്രകൃതിനിയമങ്ങളെപ്പോലെ അഭേദ്യങ്ങളാണെന്നു ശഠിക്കുന്നതു നിമിത്തം ജനങ്ങള്‍ക്കുണ്ടാകുന്ന ദോഷം അല്‍പ്പമല്ല. ……അപരിഷ്കൃത ജനസമുദായ സമ്പ്രദായങ്ങളുടെ വരിയോലയില്‍ ഉള്‍പ്പെട്ട ആചാരങ്ങളെ ഉദ്ധരിപ്പിച്ച് പരിഷ്കാരത്തെ പ്രാപിച്ചു വരുന്ന ജനങ്ങളുടെ ഉല്‍ഗതിയെ തടയാന്‍ ഒരു ജനപാലകന്‍ ഒരിക്കലും ഉദ്യമിക്കാന്‍ പാടില്ലാത്തതാകുന്നു”.

ആചാര നിയമങ്ങള്‍ മാറാമെന്ന് അഥവാ മാറണമെന്ന് നൂറ്റിപന്ത്രണ്ടു കൊല്ലം മുമ്പാണ് ദോഷാവഹമായ ആചാര വഴക്ക് എന്നും ആചാര വിഷയ വിപ്ലവമെന്നും രണ്ടു ചെറു കുറിപ്പുകളില്‍ രാമകൃഷ്ണപിള്ള എഴുതിയത്. ഇപ്പോഴങ്ങനെ തീര്‍ത്തു പറയാന്‍ പത്രാധിപന്മാര്‍ക്കോ എഴുത്തുകാര്‍ക്കോ ധൈര്യം പോരാ. ആണ്‍മല തീണ്ടുമെന്ന് പെണ്ണുങ്ങളും സവര്‍ണാധികാര കാര്‍മ്മികത്വം മാറ്റുമെന്ന് ദളിതരും ഒരുപോലെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ആ പ്രഖ്യാപനത്തിന്റെ മുഴക്കത്തിന് വില്ലുവണ്ടിയുടെ പിന്നണി ശബ്ദം കനമേറ്റണം. ആദിവാസികള്‍ക്ക് അവരുടെ മലകള്‍ വേണം. മനുഷ്യരായി പിറന്നവര്‍ക്കെല്ലാം തുല്യാധികാരം വേണം. നീതി ആരുടെയും ദാനമല്ല. ഭരണഘടന നിര്‍മ്മിച്ചവരുടെ സന്തതികളെ ഭരണഘടനയോടെ പുറന്തള്ളുന്ന നവീന ബ്രാഹ്മണ്യത്തെ പിടിച്ചുകെട്ടാതെ വയ്യ. വിഭവങ്ങളെല്ലാം കൊള്ളക്കാരില്‍നിന്നു തിരിച്ചു പിടിക്കും. മണ്ണിലധികാരക്കൊടി നാട്ടും. ചാര്‍ത്തിത്തന്ന പേരുകളും കൊണ്ടുപോയി തള്ളിയ കോളനികളും സ്ഥാപിച്ചെടുത്ത അകലങ്ങളും നിങ്ങള്‍തന്നെ എടുത്തുകൊള്ളുക. പുതിയ മനുഷ്യരുടെ നവലോകം വില്ലുവണ്ടിയില്‍ വരികയാണ്.

ഏറ്റവും ഉജ്വലമായ ചരിത്രമുന്നേറ്റം എറണാകുളം വഞ്ചിസ്ക്വയറില്‍ ഞായറാഴ്ച്ച ആരംഭിക്കുന്നു. ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെ മകള്‍ മീര വേലായുധനാണ് സ്ത്രീകളുടെ വില്ലുവണ്ടി യാത്ര ഉദ്ഘാടനം ചെയ്യുന്നത്. ചരിത്രത്തിലേയ്ക്കുള്ള വില്ലുവണ്ടിയുടെ രണ്ടാം വരവിനെ അഭിമാനപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. പോരാളികളെ അഭിവാദ്യം ചെയ്യുന്നു.

ആസാദ്
15 ഡിസംബര്‍ 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )