Article POLITICS

നാടകം മൂടിവെയ്ക്കാനാവില്ല. നാളെയുടെ വിത്തുകള്‍ മുളയ്ക്കാതിരിക്കില്ല

Master

റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് കണ്ടു. നാടകം അകം പിളര്‍ന്നെത്തുന്ന കാലവിമര്‍ശമാണെന്ന് അതു വീണ്ടും ഓര്‍മ്മിപ്പിച്ചു. അയമുവും കെ ടിയുമൊക്കെ മലപ്പുറത്തിന്റെ മണ്ണിലിട്ട വിത്തുകള്‍ വെറുതെയായിട്ടില്ല. അവരെ വേട്ടയാടിയ ഭൂതങ്ങള്‍ അവരെയോ നാടകത്തെയോ ഇല്ലാതാക്കിയില്ല. വര്‍ദ്ധിത വീര്യത്തോടെ നാടകം നെഞ്ചേറ്റുകയാണ് പുതുതലമുറ. ഏതു പാഠപുസ്തകത്തേക്കാളും സൂക്ഷ്മമായി ചരിത്രവും സാമൂഹികശാസ്ത്രവും തത്വചിന്തയും മാനവിക ദര്‍ശനങ്ങളും പാഠ്യേതര വ്യവഹാരമായി വിളയിക്കുകയാണ് നാടകം.

‘നാടകം കളിച്ചുകളിച്ചന്യാണ് ഇവിടെ പലതും മാറീട്ട്ള്ളത്’ എന്ന ‘കിത്താബി’ലെ മുക്രിയുടെ ഭയം മതാത്മകശാഠ്യ ജീവിതങ്ങളുടെ പൊതുഭയമാണ്. നാടകം മതവിരുദ്ധമാകുന്നത് അതിന് മതത്തിനപ്രാപ്യമായ ഇഴചേര്‍ക്കല്‍ ശേഷിയുള്ളതിനാലാണ്. അതിന് സ്വപ്നത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്ന മാന്ത്രിക രേഖ വരയ്ക്കാനാവും എന്നതിനാലാണ്. പൗരോഹിത്യം എത്രമേല്‍ ശ്രമിച്ചിട്ടും സ്വപ്നങ്ങള്‍ക്കു കടിഞ്ഞാണിടാനോ വര്‍ത്തമാനത്തെ പിടിച്ചു നിര്‍ത്താനോ കഴിഞ്ഞിട്ടില്ല. ഭൂതപ്പെരുമയുടെ ജീര്‍ണവും ദുര്‍ബ്ബലവുമായ കണ്ണികളറുത്തേ ഓരോ പുതുതലമുറയ്ക്കും കടന്നു വരാനാവൂ. പാഠപുസ്തകം ഇന്നലെകള്‍ നേടിത്തന്നതു പഠിപ്പിക്കും. നാടകം വരുംനാളുകളെ തയ്യാറാക്കും.

പട്ടാപ്പകല്‍ ചൂട്ടും മിന്നിച്ച് മനുഷ്യനെത്തേടി നടന്നൂ ഞാന്‍ എന്നു തുടങ്ങുന്ന അവതരണ ഗാനം, മതാത്മക ശാഠ്യങ്ങള്‍ക്കു വഴങ്ങാത്ത യുക്തിബോധത്തിന്റെ ദീര്‍ഘാന്വേഷണങ്ങള്‍ ഓര്‍മിപ്പിക്കുന്നു. വര്‍ത്തമാനം അതീവ കലുഷമാണ്. ഒരു മനുഷ്യനെപ്പോലും കാണുന്നില്ല. അതു പക്ഷെ നിരാശപ്പെടാനോ യാഥാസ്ഥിതികത്വത്തിന് അടിമപ്പെടാനോ മതിയായ കാരണമല്ല. അകത്തു പൊട്ടുന്ന സ്വപ്നങ്ങളെ ചരിത്രത്തിന്റെ മൂശയിലേക്കു ധൈര്യപൂര്‍വ്വം എടുത്തുവെയ്ക്കാതെ തരമില്ല. നവലോക നിര്‍മിതിയാണ് കലയുടെ മാനിഫെസ്റ്റോ.

റഫീഖ് മംഗലശ്ശേരി താന്‍ ജീവിക്കുന്ന ലോകത്തെ ധീരമായാണ് അഭിസംബോധന ചെയ്യുന്നത്. അയമുവിനെപ്പോലെ ജ്ജ് നല്ല മന്സനാവാന്‍ നോക്ക് എന്ന് പ്രേക്ഷകനോടു പറയുന്നു. ‘മുക്രി മാത്രമല്ല ബാപ്പയുമാണെന്ന’ തിരിച്ചറിവ് നാടകത്തിലെ മുക്രിയ്ക്കുണ്ടാവുന്നുണ്ട്. അത് അന്ധ മതശാഠ്യങ്ങള്‍ കൂടുവെയ്ക്കുന്നത് ജീവല്‍ പ്രശ്നങ്ങളുടെ ശിഖരങ്ങളിലാണെന്ന സത്യം ഓര്‍മ്മിപ്പിക്കുന്നു. കുട്ടികള്‍ അപരലോകത്തിന്റെ കെട്ടുകഥകളില്‍ മറഞ്ഞുപോകരുത് പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെന്നേ പറയുന്നുള്ളു.

കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ മേമുണ്ട സ്കൂളിന് ഒന്നാം സമ്മാനം നേടിക്കൊടുത്ത നാടകമാണിത്. അവതരണം ഗംഭീരം. അരങ്ങു ഭാഷയുടെ വേവും വേഗവും ത്രസിപ്പിക്കുന്നതാണ്. എന്നിട്ടും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിനു വിലക്കു വന്നു. നാം ഏതു കാലത്ത്, ഏതുലോകത്തു ജീവിക്കുന്നു എന്നു സ്വയം ചോദിക്കണം. ഈ നാടകത്തെക്കുറിച്ച് എന്തോ ചില തെറ്റിദ്ധാരണകള്‍ പരന്നിരിക്കണം. കാണുകയേ വേണ്ടൂ അതു തിരുത്താന്‍. പറഞ്ഞു പെരുപ്പിക്കുന്നത് അസഹിഷ്ണുതയുടെ വാദങ്ങളാണ്. അതു ജീവിതത്തെ ഒട്ടും തുണയ്ക്കുകയില്ല. കെ ടി മുഹമ്മദ് പുലര്‍ത്താത്ത ക്ഷോഭമൊന്നും റഫീഖിലില്ല. കെടിയെ വിപുലീകരിക്കുകയാണയാള്‍. വര്‍ത്തമാനത്തിന്റെ രാഷ്ട്രീയ ജീവിതത്തിലേയ്ക്ക് അനുഭവങ്ങളെ പരിവര്‍ത്തിപ്പിക്കുകയാണയാള്‍.

കിത്താബ് നാടകമാണ്. നല്ല നാടകം. അതിന്റെ വായനയും വിചാരണയും പുരസ്കാരവും ശിക്ഷയും അതിന്റെ അവതരണങ്ങളാണ്. അരങ്ങിലെത്തിക്കണം കലകളെ. ഭീഷണിയും ഹിംസയും ഒരു കലാസൃഷ്ടിയെയും ഇല്ലാതാക്കിയിട്ടില്ല. ഒരു പെണ്‍കുട്ടിക്കു സ്വപ്നമുണ്ട്, വാപ്പ ചെയ്യുന്ന കര്‍മ്മമനുഷ്ഠിക്കാന്‍ എന്നത് കുറ്റമാവില്ല. നിസ്കാരത്തിനു/ പ്രാര്‍ത്ഥനയ്ക്ക് സമയമായെന്നു ഞാന്‍ പറയാം എന്നു പെണ്‍കുട്ടികള്‍ മുന്നോട്ടു വരാം. സ്വപ്നങ്ങളെയും നാളെയുടെ വിത്തുകളെയും മണ്ണില്‍വീഴാതെ കാക്കാന്‍ ഏതു ചെകുത്താനു സാധ്യമാവും?

നാടകത്തിനും റഫീഖിനും ആശംസ, അഭിവാദ്യം.

ആസാദ്
13 ഡിസംബര്‍ 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )