തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള നല്കിയ മികച്ച അനുഭവങ്ങളിലൊന്ന് നദീന്‍ ലബാകിയുടെ കാപര്‍നോം എന്ന സിനിമയാണ്. ലെബനോണില്നിന്നുള്ള സിനിമ എന്നതായിരുന്നു ആദ്യത്തെ ആകര്‍ഷണം. കണ്ടു കഴിഞ്ഞപ്പോള്‍ വിട്ടുപോകാതെ സെയിന്‍ എന്നെ പിന്തുടര്ന്നു. പിന്നെ സംവിധായികയായ നദീന്‍ ലബാകിയെ തേടിപ്പോകാതെ വയ്യെന്നായി. കാന്ഫെസ്റ്റിവലിനു ശേഷമുള്ള അഭിമുഖങ്ങളില്‍ നദീന്‍ ലബാകി തന്റെ സിനിമകളുടെ രാഷ്ട്രീയ ആസ്പദങ്ങള്‍ തുറന്നിടുന്നുണ്ട്.
ലെബനോണിലെ നവരാഷ്ട്രീയ മുന്നേറ്റങ്ങളില്‍ സജീവമായി നദീനുണ്ട്. മര്‍ദ്ദിതരുടെയും പ്രാന്തവല്‍കൃതരുടെയും പക്ഷം. നവസ്ത്രീപക്ഷ സമീപനം. അരക്ഷിതരും അനാഥരുമാകുന്ന അഭയാര്‍ത്ഥി ബാല്യങ്ങളെക്കുറിച്ചുള്ള ഉത്ക്കണ്ഠ. കലയെയും ജീവിതത്തെയും ഇഴചേര്‍ക്കുന്ന അസാമാന്യ സര്‍ഗവൈഭവം. കാപര്നോമിനു മുമ്പ് 2007ല്‍ കാരമനും 2011ല്‍ വേര് ഡൂ വി ഗോ നൗവും കാനില്‍ ആദ്യ പ്രദര്‍ശനത്തിനെത്തി. രണ്ടും നദീനിന്റെ പ്രാഗത്ഭ്യം തെളിയിക്കുന്നതായി.
കാപര്‍നോം, സെയിന്‍ എന്ന സിറിയന്‍ അഭയാര്‍ത്ഥി ബാലന്റെ അനുഭവങ്ങളിലൂടെ വികസിക്കുന്ന സിനിമയാണ്. ദാരിദ്ര്യവും അരക്ഷിതാവസ്ഥയും രോഷവും നിറഞ്ഞു നില്ക്കുന്ന വീടവസ്ഥ. പതിനായിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികളുണ്ട് ലെബനോണില്‍. അവരുടെ അടിത്തട്ടുജീവിതത്തെ അതിന്റെ എല്ലാ വൈവിദ്ധ്യങ്ങളോടെയും സങ്കീര്‍ണതകളോടെയും അടയാളപ്പെടുത്തണമായിരുന്നു നദീന്‍. അഭയാര്‍ത്ഥി ജീവിതത്തിന്റെ അസ്വാസ്ഥ്യം കുട്ടികളിലെന്നപോലെ തീവ്രമായി സ്പന്ദിക്കുന്ന മറ്റൊരിടമില്ല. തെരുവുകുട്ടികള്‍ ആരെക്കാളും മുതിര്‍ന്നവരാണെന്ന പാഠം മൂന്നു വര്‍ഷത്തോളം നീണ്ട പഠനങ്ങള്‍ക്കിടയില്‍ നദീനു ബോധ്യമായി.
നദീന്‍ സിറിയന്‍ അഭയാര്ത്ഥികളില്നിന്നുതന്നെ പന്ത്രണ്ടുകാരനായ തന്റെ നായകനെ കണ്ടെത്തി. തീര്‍ത്തും നിരക്ഷരനായ സെയിന്‍ അല്‍ റാഫി. 2004ല്‍ സിറിയയിലെ ദാറയില്‍ ജനനം. എട്ടു വര്‍ഷം മുമ്പാണ് ബെയ്റൂത്തിലേയ്ക്ക് രക്ഷിതാക്കളോടൊപ്പം എത്തിയത്. അഭിനയ പരിചയമോ അക്ഷരജ്ഞാനമോ ഇല്ലാത്ത സെയിനിനെയും മറ്റു കുട്ടികളെയും ലോകത്തിന്റെ നെറുകയിലേക്കു നദീന്‍ കയറ്റിനിര്‍ത്തി.
കാന്‍ ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡിന്റെ തിളക്കമല്ല, നായകനായ സെയിന്‍ അല്‍ റാഫിയുടെ ജീവിതത്തില്‍ ലബാകി സൃഷ്ടിച്ച പരിവര്‍ത്തനമാണ് കൂടുതല്‍ ശ്രദ്ധേയം. വിശപ്പില്‍നിന്നും നിരക്ഷരതയില്‍നിന്നും പുറത്തു കടത്തി. നെതര്‍ലാന്റില്‍ താമസത്തിനും പഠനത്തിനും സൗകര്യമേര്‍പ്പെടുത്തി. അഭയാര്‍ത്ഥികളായ കുട്ടികളുടെ സുരക്ഷയ്ക്ക് കാപര്നോമിന്റെ വിജയം പ്രയോജനപ്പെടുത്തി. സിനിമയെ വ്യവസായമായേ നാമറിഞ്ഞിട്ടുള്ളു. അതു സേവനത്തിന്റെയും അതിജീവനത്തിന്റെയും ഉപാധികൂടിയാണെന്ന് നദീന്‍ ലോകത്തോടു പറയുന്നു. കലയെങ്ങാണ് അതിരിടുന്നതെന്ന് അറിയാതെ ജീവിതം നമ്മെ വിഭ്രമിപ്പിക്കുന്നു.
പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ലോകം എങ്ങനെയൊക്കെ ഇടപെടുന്നുവെന്ന് നദീന്‍ സൂക്ഷ്മനേരങ്ങളായി കോറിയിടുന്നു. അനുജത്തിയുടെ ആര്‍ത്തവാരംഭം സെയിനെന്ന ബാലനിലുണ്ടാക്കുന്ന ഉത്ക്കണ്ഠ നദീനിന്റെ ഭിന്നസമീപനത്തിനു നിദര്‍ശനമാകുന്നു. ചോര കണ്ടു ഭയക്കുകയല്ല കഴുകാനും പാഡണിയാനും സൗകര്യമൊരുക്കി, വരാനിരിക്കുന്ന വിപല്നേരങ്ങളെ എങ്ങനെ നേരിടാമെന്ന് ഉപദേശിക്കുന്നുണ്ട് സെയിന്‍ എന്ന പന്ത്രണ്ടുകാരന്. സെയിന്‍ ഭയന്നപോലെ വിവാഹം എന്ന കച്ചവടത്തിന് സഹോദരി സമീറിനെ ഇരയാക്കുകയാണ് രക്ഷിതാക്കള്‍. രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ സെയിന്‍ വീടുവിട്ടിറങ്ങുകയാണ്.
സമീപ മാസങ്ങളില്‍ നടന്ന പല മേളകളിലും സെയിന്‍ അല്‍ റാഫി ശ്രദ്ധേയനായി. അന്ടാലിയ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ദി ന്യൂയോര്‍ക്ക് ടൈംസ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഭിനേതാവെന്നു വാഴ്ത്തി. ലോകമാധ്യമങ്ങളില്‍ സെയിന്‍ നിറഞ്ഞു. കലാരാഷ്ട്രീയത്തിന്റെ സര്ഗവീര്യവും സമരോത്സുകതയും ഇത്രമേല്‍ തീവ്രമാകുന്നത് അപൂര്‍വ്വമാണ്. നദീന്‍ ലബാകിയെയും സഹപ്രവര്‍ത്തകരെയും ഈ വിദൂരപ്രേക്ഷകന് അഭിവാദ്യം ചെയ്യുന്നു. സെയിന്‍ അല്‍ റാഫിയെ ഹൃദയത്തോടു ചേര്‍ക്കുന്നു.
ആസാദ്
12 ഡിസംബര്‍ 2018