ലോംഗ് മാര്‍ച്ചിന്റെ അലകളൊടുങ്ങുംമുമ്പ് മറ്റൊരു മഹാറാലിയിലേക്ക് മഹാരാഷ്ട്രയിലെ കര്‍ഷകരും ആദിവാസികളും അണിനിരക്കുകയാണ്. ഇന്നലെ താനയില്‍ ആരംഭിച്ച റാലി പതിനായിരങ്ങളുടെ പ്രക്ഷോഭമായി ഇന്ന് മുംമ്പെയിലെ ആസാദ് മൈതാനിയില്‍ എത്തിച്ചേരും. വടക്കന്‍ ജില്ലകളില്‍നിന്നും വിദര്‍ഭ, അഹമ്മദ് നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുമുള്ള ചെറു റാലികളും അവിടെ സന്ധിക്കും.
മറാത്തവാഡ, നാസിക് ജില്ലകളിലെ രൂക്ഷമായ വരള്ച്ചയോടു ഗവണ്മെന്റു പുലര്‍ത്തിയ നിസ്സംഗതയാണ് ഇപ്പോഴത്തെ അമര്‍ഷത്തിനു മുഖ്യകാരണം. മുന്‍ വര്‍ഷത്തേതില്‍നിന്നു മുപ്പതു ശതമാനം കുറവു മഴയേ ഇത്തവണ ലഭിച്ചുള്ളു. രൂക്ഷമായ പ്രതിസന്ധികളെ നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. നേരത്തേ ലോംഗ് മാര്‍ച്ചില്‍ നല്കാന് നിര്‍ബന്ധിതമായ വാഗ്ദാനങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്മാറുന്നു. കടബാധ്യതകള്‍ ഒഴിവാക്കാനോ വാഗ്ദാനം ചെയ്ത കടാശ്വാസം എത്തിക്കാനോ അധികാരികള്‍ തയ്യാറായില്ല. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യവും പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സമരം വീണ്ടും ആളിക്കത്തുകയാണ്.
ദില്ലിയില്‍ സമാനമായ കര്‍ഷക മുന്നേറ്റത്തെ കഴിഞ്ഞദിവസം മോഡി ഗവണ്മെന്റ് നേരിട്ടത് ജലപീരങ്കിയും ടിയര്‍ ഗ്യാസും ഉപയോഗിച്ചാണ്. ഉത്തരേന്ത്യയിലാകെ വലിയ കാര്‍ഷിക പ്രക്ഷോഭം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. മോഡിസര്‍ക്കാറിന്റെ ഭാവി നിശ്ചയിക്കും വിധം അതു കരുത്തു നേടിയിട്ടുണ്ട്. കാര്‍ഷികാടിത്തറ ആപല്‍ഘട്ടത്തെ നേരിടുമ്പോള്‍ ആയിരക്കണക്കിനു കോടിരൂപ പ്രതിമ നിര്‍മാണത്തിനു ചെലവഴിക്കുന്ന ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും തമ്പുരാനായി മോഡി അപഹാസ്യനാവുന്നു.
ജീവല്‍പ്രശ്നങ്ങളില്‍ ജ്വലിക്കുകയാണ് ഇന്ത്യ. ഇതിനെ നേരിടാന്‍ ബി ജെ പിയുടെ കൈവശമുള്ളത് മതഭ്രാന്തു മാത്രമാണ്. ബാബറി മസ്ജിദും ശബരിമലയും വടക്കും തെക്കുമായി തങ്ങളെ രക്ഷിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പ്രളയം വിഴുങ്ങിയ കേരളത്തിന് സാമ്പത്തിക സഹായം അനുവദിക്കാന്‍ വിമുഖത കാട്ടുന്ന മോഡി പ്രളയബാധിത ജനതയ്ക്കുമേല്‍ വിശ്വാസ സംഘര്‍ഷങ്ങളുടെ ഭാരം അടിച്ചേല്‍പ്പിക്കുന്നു. മന്ത്രിമാരെ വിട്ടു ശബരിമലയെയും ഇന്ത്യന്‍ നിയമ വ്യവസ്ഥയെയും ഭരണഘടനയെയും സംസ്ഥാനത്തെ ജനാധിപത്യ സര്‍ക്കാറിനെയും ദുര്‍ബ്ബലമാക്കാനാണ് ശ്രമം. കാശ്മീര്‍ നിയമസഭ പിരിച്ചു വിട്ടത് കേരളത്തിനു കൂടിയുള്ള മുന്നറിയിപ്പായി കാണണം.
വരള്‍ച്ചയെ നേരിടുന്ന കര്‍ഷക പ്രക്ഷോഭമാണ് മഹാരാഷ്ട്രയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാണുന്നത്. പ്രളയം വിഴുങ്ങിയ ഒരു സംസ്ഥാനത്തെ കര്‍ഷകരും ഇതര തൊഴിലാളികളും അനവധിപ്രശ്നങ്ങളെ നേരിടുന്നുണ്ട്. അവരുടെ അടിയന്തര ആവശ്യങ്ങളെക്കാള്‍ വലിയതല്ല വിശ്വാസത്തിന്റെ കെട്ടുകാഴ്ച്ചകള്‍. ഇവിടെ സമരങ്ങളുടെ വീറുറ്റ പാരമ്പര്യം ശീതനിദ്രയിലാണ്. ജീവിതം വഴിമുട്ടിയവരെ ജീവിതത്തിലേക്കാണ് നയിക്കേണ്ടത്. പരലോക സമാധാനത്തിലേക്കല്ല.
ആസാദ്
22 നവംബര്‍ 2018