ഫാഷിസത്തിന്റെ ഹിംസാത്മകതയത്രയും സംഘപരിവാരത്തിലെ ഏറ്റവും ദുര്‍ബ്ബലമായ കണ്ണിയില്പ്പോലും പ്രകടമാണ്. സൗമ്യമെന്നു കരുതുന്ന പ്രതികരണത്തില്‍പ്പോലും ഒരു തേറ്റ എത്തിനോക്കുന്നു. അപരനോടുള്ള അസഹിഷ്ണുത ആരും മറച്ചുവെയ്ക്കുന്നില്ല. അതൊരു പകര്‍ച്ചവ്യാധിയായിരിക്കുന്നു.
വിശ്വാസം ഗാഢവും സ്ഥിരവുമാവാം. എന്നാല്‍ നവീകരണക്ഷമമല്ലാത്ത ആചാരമോ അനുഷ്ഠാനമോ ഇല്ല. അതസ്ഥിരമാണ്. അതു നിശ്ചയിക്കുന്നത് ഭൗതിക സാഹചര്യമാണ്. വിശ്വാസത്തെയും ആചാരത്തെയും നിര്‍ണയിക്കുന്ന അടിസ്ഥാനങ്ങള്‍ രണ്ടാണ്. ആചാരനവീകരണം വിശ്വാസത്തെ ഹനിക്കുമെന്നത് തെറ്റായ പ്രചാരണം മാത്രം.
ആചാരമാണ് വിശ്വാസമെന്ന അഥവാ വിശ്വാസം തന്നെ ആചാരമെന്ന സമപ്പെടുത്തല്‍ ശരിയായ വിശ്വാസത്തിന്റെ അഭാവമേ വെളിപ്പെടുത്തൂ. ആചാരാനുഷ്ഠാനങ്ങളിലെ മാറ്റം രണ്ടു രീതിയിലാണ്. അതത് പൗരോഹിത്യങ്ങളുടെ ബോധ്യമാണ് ഒന്ന്. ജീവിക്കുന്ന സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് രണ്ടാമത്തേത്.
എത്തിപ്പെടുന്ന രാജ്യം അഥവാ സന്ദര്‍ഭം തങ്ങള്‍ക്ക് ആചാരഭ്രംശമുണ്ടാക്കുമോ എന്ന ഭയമാണ് കടല്‍ കടന്നാല്‍ ഭ്രഷ്ടു കല്‍പ്പിക്കുന്നതിന് ഇടയാക്കിയത്. മുതലാളിത്ത വികാസത്തിന്റെ സാധ്യതകളാണ് ആ ആചാരം ഇല്ലാതാക്കിയത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ വിശ്വാസത്തെയല്ല, ആചാരത്തെയാണ് ആദ്യം പുതുക്കുക. മാറുന്ന സാഹചര്യം അറിയാത്തവരും ഉള്‍ക്കൊള്ളാന്‍ മടിക്കുന്നവരും എന്നും കലഹമുണ്ടാക്കിയിട്ടുണ്ട്. പക്ഷെ, ആ കലഹം കാലത്തെ അതിജീവിച്ചിട്ടില്ല.
തീര്‍ത്തും അപ്രസക്തവും ചരിത്രവിരുദ്ധവുമായ ആവശ്യമുയര്‍ത്തി മൂല്യങ്ങള്‍ അട്ടിമറിക്കാനും ജനാധിപത്യ ഭരണഘടനയ്ക്കുമേല്‍ മതാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കാനും സംഘപരിവാരം ആസൂത്രണം ചെയ്ത ഭീകര പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വം തകര്‍ക്കുന്ന യുദ്ധമായി അതു വളരുകയാണ്. ജനാധിപത്യ ഭരണകൂടങ്ങള്‍ ഈ ഘട്ടത്തില്‍ നിഷ്ക്രിയമായിക്കൂടാ. പരമോന്നത കോടതി രാജ്യത്തു പുലരേണ്ട മൂല്യങ്ങളും പൗരാവകാശങ്ങളും അടിവരയിട്ടു പറഞ്ഞിരിക്കുന്നു. അതനുസരിച്ച് ആചാരാനുഷ്ഠാനങ്ങള്‍ പുതുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. ഇല്ലാത്ത അവകാശങ്ങള്‍ ഉണ്ടെന്നു നടിച്ചു കോടതിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നവര് രാജ്യത്തിനെതിരെയാണ് പൊരുതുന്നത്. അവര്‍ മാപ്പര്‍ഹിക്കുന്നില്ല.
ഇന്ത്യന്‍ റിപ്പബ്ലിക്കിനെതിരെ മനുവാദ ഹിന്ദുരാജ്യം നടത്തുന്ന കടന്നാക്രമണമാണ് കാണുന്നത്. ഇന്ത്യ ഭൂപടത്തില്‍ നിലനില്‍ക്കുന്ന സ്വതന്ത്ര റിപ്പബ്ലിക്കാണ്. മനുവാദ ഹിന്ദുരാജ്യം സംഘപരിവാരത്തിന്റെ സ്വപ്ന രാജ്യവും. ഒരു രാഷ്ട്രത്തിനകത്ത് മറ്റൊരു രാഷ്ട്രമാണ് സൈനിക നിഷ്ഠയോടെ പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ത്ഥ്യം നമ്മെ ഉത്തരവാദിത്ത ബോധമുള്ള രാജ്യസ്നേഹികളാക്കേണ്ടതുണ്ട്. ഇന്ത്യ എന്റെ രാജ്യമെന്ന പ്രതിജ്ഞയും നാം ഇന്ത്യക്കാര്‍ എന്നു തുടങ്ങുന്ന ഭരണഘടനയും പാഴായിപ്പോവരുത്. സ്വതന്ത്ര പരമാധികാര മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിര്‍ത്താനുള്ള രാജ്യസ്നേഹികളുടെയും പുരോഗമനവാദികളുടെയും പോരാട്ടം തുടരുകതന്നെ ചെയ്യും. ആ ഐക്യവും മുന്നേറ്റവുമാണ് ഈ കാലം ആവശ്യപ്പെടുന്നത്.
ആസാദ്
16 നവംബര്‍ 2018