ഇടതുപക്ഷ നേതാക്കളുടെ മതവിശ്വാസികളായ കുടുംബാംഗങ്ങള്‍ ഞങ്ങളുടെ ചേരിയിലേയ്ക്ക് വരാന്‍ അധികസമയം വേണ്ടെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍പിള്ള ഓര്‍മിപ്പിക്കുന്നത് കേട്ടു. സഖാവ് എം എം ലോറന്‍സിന്റെ മകളുടെ മകന്റെ കൈപിടിച്ചു ആവേശപൂര്‍വ്വമായിരുന്നു ആ പ്രസംഗം.
തീര്‍ച്ചയായും അവഗണിക്കുന്നില്ല ആ വാക്കുകള്‍. വര്‍ഗീയതയും ഇതര ജീര്ണസങ്കുചിതത്വങ്ങളും ഏതു പഴുതിലും മുളച്ചുപൊന്തും. വലതുപക്ഷ രാഷ്ട്രീയം അവയുടെ വിളനിലവും കളിയിടവുമാണ്. എന്നാല്‍, വ്യവസ്ഥയുടെയും പൊതുബോധത്തിന്റെയും സ്വാഭാവിക ക്രമങ്ങള്ക്കകത്തുനിന്നും കുതറിമാറിയേ ബദലുകളെപ്പറ്റി സംസാരിക്കാനാവൂ. തിളക്കമാര്‍ന്ന ഒരു ദര്‍ശനവും സാഹസികമായ സമരപാതയും മുന്നില്‍ വേണം. കമ്യൂണിസ്റ്റുകാരാവുക എളുപ്പമല്ല. പാര്‍ട്ടി അംഗത്വം ആരെയും കമ്യൂണിസ്റ്റാക്കില്ല. ആന്തരികമായ ഒരട്ടിമറിക്ക് സ്വയം വിധേയപ്പെടണം. അത്ര തീവ്രമായ ഒരാത്മ സംഘര്‍ഷത്തെയും അതിലും കലുഷമായ സമരജീവിതത്തെയും ആശ്ലേഷിക്കുക പ്രയാസകരമാണ്. സ്വന്തം വീട്ടില്‍നിന്നു എതിര്‍പ്പു നേരിടും. നഷ്ടങ്ങളുടെ പാതയല്ല, നേട്ടങ്ങളുടെ വഴികളാണ് തേടേണ്ടതെന്ന് ഉപദേശങ്ങളുണ്ടാകും.
ഇതൊക്കെ പഴയ ഓര്മ്മകളല്ലേയെന്ന് സന്ദേഹം കേള്‍ക്കുന്നു. അങ്ങനെ തോന്നുംവിധം വ്യവസ്ഥയോട് ഒട്ടുകയാണ് നമ്മുടെ കാലത്തെ കമ്യൂണിസ്റ്റ് ജീവിതം. ബദലുകളുടെ സമരോത്സുകതയല്ല സമരസപ്പെടലിന്റെ വിധേയത്വമാണ് അതിന്റെ മുഖമുദ്ര. വ്യവസ്ഥയോട് എങ്ങനെ വേര്‍തിരിയുന്നു, ഏത് നവലോകമാണ് ലക്ഷ്യം എന്നെല്ലാം മറന്നിരിക്കുന്നു. വ്യവസ്ഥയെ മാറ്റാനല്ല അതിനകത്തെ സ്വാഭാവികത വിപരീതങ്ങളില്‍ രാഷ്ട്രീയ ലീലകളാടാനാണ് ശ്രമം. ഈ പരിമിതി വലതുപക്ഷ വഴുതലുകള്‍ എളുപ്പമാക്കുന്നു. പുതിയ തലമുറയിലെ ഇടതുപക്ഷം ഇവ്വിധം വിള്ളലുകളേറെയുള്ളതാണ്.
വാസ്തവത്തില്‍ സമരോത്സുക ജീവിതത്തിന്റെയും ഒത്തുതീര്‍പ്പു ജീവിതത്തിന്റെയും അനുഭവങ്ങളുള്ള ഇരുപക്ഷങ്ങളായി നമ്മുടെ കമ്യൂണിസ്റ്റു ജീവിതം പിളര്‍ന്നിരിക്കുന്നു. അതില്‍ ആദ്യപക്ഷം ജീവിക്കാനറിയാത്തവരായി അപഹസിക്കപ്പെടും. കാലത്തിനൊത്ത് ജീവിക്കാനറിയില്ലെന്ന് ആളുകള്‍ തള്ളിപ്പറയും. ധാര്മികവാശി തങ്ങളുടെ ജീവിതം തുലച്ചുവെന്ന് വീട്ടുകാര്‍ പഴിക്കും. പ്രത്യശാസ്ത്ര ശാഠ്യങ്ങള്‍ക്ക് പാര്‍ട്ടിയില്‍പ്പോലും ഒറ്റപ്പെടും. രണ്ടാംപക്ഷത്തിനാകട്ടെ ഏതു കാലാവസ്ഥയിലും അതിജീവിക്കാനാവും. അതിവേഗം വളരാം അധികാരത്തിന്റെ ഭാഗമാവാം. ഒരുമൂല്യബോധവും വേറിട്ടു വളര്‍ത്താതെ വര്‍ത്തമാനത്തിന്റെ തുടര്‍ച്ചയാവാം. വീട്ടുകാരും നാട്ടുകാരും അനുമോദിക്കും. ദാര്‍ശനിക പ്രതിസന്ധികളൊന്നും വഴിതടയില്ല. പ്രശ്നങ്ങളില്‍ വലതുരാഷ്ട്രീയ പ്രതിവിധികളുയര്ത്തി അതിജീവിക്കും.
കമ്യൂണിസ്റ്റു പക്ഷത്തെ ഈ വിള്ളലിലാണ് തീവ്ര വലതുപക്ഷം വേരുകളാഴ്ത്തുന്നത്. പലമട്ടു ചോദ്യങ്ങളിലൂടെ പൊതുബോധത്തെ സാധൂകരിച്ചാണ് വളര്‍ച്ച. ജാത്യാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എന്താണ് കുഴപ്പം? ജാതിയും ജാതകവും വേണ്ടേ വിവാഹത്തിന്? എന്നെല്ലാം സാധൂകരിക്കപ്പെടുന്നത് നവോത്ഥാന പൂര്‍വ്വ മൂല്യങ്ങളും ശീലങ്ങളുമാണ്. പുനരുത്ഥാന രാഷ്ട്രീയത്തിന് പാകപ്പെട്ട മണ്ണായിട്ടുണ്ട് കാര്‍ഷിക വിപ്ലവങ്ങളും തൊഴിലാളി സമരങ്ങളും ഉഴുതുമറിച്ച നാട്. ആശയവാദവുമായി നിരന്തരവും നിര്‍ദ്ദയവുമായ സമരം നടത്തിയേ പോയ നൂറ്റാണ്ടിലെ നേട്ടങ്ങള്‍ സംരക്ഷിക്കാനാവൂ. മതേതര ജനാധിപത്യ മൂല്യങ്ങള്‍ നിലനിര്‍ത്താനാവൂ. അതില്ലെങ്കില്‍ അതിനപ്പുറമുള്ള സമജീവിത സ്വപ്നങ്ങള്‍ എങ്ങനെ പ്രചോദിപ്പിക്കാന്‍?
അവനവനോടും വ്യവസ്ഥയോടും ഒരേസമയം പൊരുതേണ്ടതുണ്ട് ഓരോ കമ്യൂണിസ്റ്റുകാരനും. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദമാണ് അയാളുടെ വീക്ഷണത്തിന്റെ ആധാരം. അതുറപ്പിക്കാതെ മുകളിലേക്ക് തെഴുക്കാനാവില്ല. അടിത്തറയില്ലാത്ത വളര്‍ച്ചയാണ് ആശയവാദത്തെ കൊഴുപ്പിക്കുന്നത്. അതാണ് മനുവാദ ഹിന്ദുത്വത്തെ ഇപ്പോള്‍ കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നത്. സ്വന്തം ശക്തിയല്ല കമ്യൂണിസ്റ്റുജീവിതത്തിന്റെ വിള്ളലുകളാണ് ബിജെപിയെ പ്രചോദിപ്പിക്കുന്നത്. ഇക്കാര്യം ഓര്‍ക്കാന്‍ വൈകുന്നത് കേരളത്തിലെ കമ്യൂണിസ്റ്റു ജീവിതങ്ങള്‍ക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുക.
ആസാദ്
31 ഒക്ടോബര്‍ 2018