Article POLITICS

രാഷ്ട്രീയത്തിലുമുണ്ട് പരിഹാരക്രിയകള്‍

സമരം ഒരു രാഷ്ട്രീയ പ്രയോഗമാണ്. നാമജപം പ്രാര്‍ത്ഥനയും. സമരം അവകാശങ്ങളുടെ ഓര്‍മ്മപ്പെടുത്തലും വീണ്ടെടുപ്പുമാണ്. നാമജപ പ്രാര്‍ത്ഥന സമര്‍പ്പണത്തിന്റെ ആവിഷ്കാരവും. സമരം പുറത്തേക്കുള്ള കുത്തിയൊഴുക്കാണ്. പ്രാര്‍ത്ഥന അകത്തേയ്ക്കുള്ള നീരൊഴുക്കും. സമരം സംഘര്‍ഷാത്മകമാണ്. നാമജപം ശാന്തവും.

നാമജപ ഘോഷങ്ങളുയരാം. നാമജപ ഘോഷയാത്രകള്‍ ശാന്തമായി കടന്നുപോവാം. ആളുകള്‍ ആദരവോടെ നോക്കിക്കാണും. എന്നാല്‍ നാമജപത്തിനിടെ എതിരെ വരുന്ന കാറിലാരാണെന്നു തെരയല്‍ പ്രാര്‍ത്ഥനക്കു ഭംഗം വരുത്തും. ശ്രദ്ധ ദൈവത്തിലല്ല ഭൗതികത്തിലാണ് എന്നു വെളിപ്പെടും. നാമജപം ഒരു മുഖംമൂടിയാണെന്ന് സംശയിക്കപ്പെടും.

സമരമെന്ന പേരില്‍ നാമജപം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അവ നല്ല നേരവും സ്ഥലവും നിശ്ചയിച്ചു വൈദികക്രിയപോലെ സമരം ഒരു അനുഷ്ഠാനമാക്കാറുണ്ട്. അതുപോലെ വിശ്വാസികളില്‍ ചിലരൊക്കെ നാമജപത്തെ സമരമാക്കി അതിര്‍ത്തി ഭേദിക്കും. അങ്ങനെ വരുമ്പോള്‍ ഏതു സമരത്തോടും കൈക്കൊള്ളുന്ന സര്‍ക്കാര്‍ നിലപാടിന് നാമജപ സംഘവും വിധേയമാവും. അതില്‍ പരിഭവിക്കാനില്ല.

സമരം നാമജപ പ്രാര്‍ത്ഥനയല്ലാത്തതുപോലെ നാമജപ പ്രാര്‍ത്ഥന സമരവുമല്ല. ജപം നിര്‍ത്തി വഴിയാത്രികരെ തടയുമ്പോള്‍ ദൈവത്തെ വഴിയിലിറക്കി കുറ്റകൃത്യത്തിനൊരുങ്ങുന്ന വെറും ക്രിമിനലായി മാറും. ഒരു വിശ്വാസമുദ്രയും കുറ്റകൃത്യത്തെ സാധൂകരിക്കാനുള്ള സമ്മതപത്രമല്ല. ജനാധിപത്യ വ്യവസ്ഥയെയും അതിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളെയും തള്ളി ഒന്നിനും ഒരസ്തിത്വവും ആധുനിക സമൂഹത്തിലില്ല. തൊഴിലിനിടയില്‍ പ്രാര്‍ത്ഥനാ വേളകളില്ല. പ്രാര്‍ത്ഥന ഒരു തൊഴിലുമല്ല.

പൊതുസമൂഹം അനുവദിച്ചുതന്ന ഒരാനുകൂല്യമാണ് പാതയോരത്തുകൂടി നടത്താം ഘോഷയാത്രകളെന്നത്. സമരഘോഷയാത്രയോ നാമജപ ഘോഷയാത്രയോ ആകട്ടെ, അതത്രയേ പാടുള്ളു. സമരയാത്രയില്‍ അല്‍പ്പം ഒച്ചപ്പാടും അസഹിഷ്ണുതയും കാണും. കാരണം അത് രാഷ്ട്രീയാവകാശഘോഷമാണ്. നാമജപം ആത്മാവിലെ ഭാഷണമാണ്. അതു ദൈവത്തോടാണ്. പൊതുനിയമങ്ങളെ വെല്ലുവിളിക്കലല്ല. രാഷ്ട്രീയ ഘടന ഇളക്കി മറിക്കലല്ല. ശബരിമലയില്‍ നാമജപമല്ല ദൈവത്തെ ദുരുപയോഗപ്പെടുത്തുന്ന രാഷ്ട്രീയ സംഘര്‍ഷമാണ് കണ്ടത്. അതിനു രാഷ്ട്രീയ പരിഹാരവും വേണം.

തുറന്നു പറയാന്‍ കഴിയണം. നാമജപസമരമെന്ന അസംബന്ധ സംയുക്തത്തെ ആരാണ് നയിച്ചതെന്ന്. ശരിയായ വിശ്വാസികള്‍ സമരം ചെയ്യാറുണ്ട്. പക്ഷെ നാമജപത്തെ സമരമുദ്രാവാക്യമാക്കാറില്ല. ആത്മിയാനന്ദത്തെ തെരുവില്‍ കളങ്കപ്പെടുത്താറില്ല. ദൈവത്തെയും രാഷ്ട്രീയത്തെയും കബളിപ്പിക്കുന്ന യുക്ത്യാഭാസം ശബരിമലയില്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. നാമജപഘോഷയാത്രയിലാണോ പങ്കെടുത്ത് എന്നതിനെക്കാള്‍ അനുഷ്ഠാന ഭംഗം നടത്തി തെരുവുയുദ്ധത്തിനു പോയോ എന്നന്വേഷിക്കണം. ഉണ്ടെങ്കില്‍ രാഷ്ട്രീയ പരിഹാരക്രിയകളിലൂടെ കടന്നുപോയേ തീരൂ.

ആസാദ്
28 ഒക്ടോബര്‍ 2018

അമിത്ഷായുടെ ഹീനേന്ദ്രജാലം
*****************
അമിത്ഷാ കാലുകുത്തുംമുമ്പ് ആ ആ പ്രഭാവം ഹീനവേലകളുടെ ഗുജറാത്ത് മോഡലിന് തുടക്കം കുറിച്ചുകഴിഞ്ഞു. വിശ്വാസത്തില്‍ രക്തമിറ്റിച്ച് അതു രാഷ്ട്രീയവോട്ടാക്കാമെന്ന ‘മഹത്തായ’ പരീക്ഷണമാണ് അയാളെ ഇന്നിരിക്കുന്ന ഇരിപ്പിടത്തില്‍ എത്തിച്ചത്. വംശഹത്യയുടെ സൂത്രധാരനെ ജനനായകനാക്കുന്ന ഹീനേന്ദ്രജാലം ഇവിടെയും തുണയാകുമോ എന്നാണ് നോട്ടം.

വടക്ക് രാമനെന്നപോലെ തെക്ക് അയ്യപ്പന്‍ തുണയ്ക്കുന്നില്ല എന്ന വാസ്തവം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ മടിയുണ്ട്. നരസിംഹ റാവുവിനെപ്പോലെ താന്‍ അന്ധനോ ബധിരനോ അല്ലെന്ന് പിണറായി വിജയന്‍ ഉണര്‍ന്നിരിക്കുന്നു. റാവുവിന്റെ പാപത്തിന്റെ പിന്മുറക്കാര്‍ ഇവിടെ പാരമ്പര്യം ഉപേക്ഷിച്ചില്ല. ഹിംസാത്മക മനുവാദ ഹിന്ദുത്വത്തിന് ചവിട്ടിക്കയറാന്‍ മുതുകു വളച്ച് താഴ്ന്നു കൊടുക്കുകയാണ് കോണ്‍ഗ്രസ്സ്. ആ നില്‍പ്പില്‍നിന്ന് അവര്‍ക്കിനി തലപൊക്കാന്‍ ഏറെ ക്ലേശിക്കേണ്ടിവരും. സി പി എം ബാബറി മസ്ജിദ് വിഷയത്തിലെന്നപോലെ ശബരിമല വിഷയത്തിലും ഉറച്ച നിലപാടെടുത്തിരിക്കുന്നു. അത് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയനിലപാടാണെന്ന് പറയേണ്ടതുണ്ട്.

ശബരിമലയില്‍ അഴിഞ്ഞാടുകയായിരുന്നു അക്രമിസംഘം. പൊലീസ് കനത്ത നടപടികളിലേക്കു നീങ്ങുമെന്നും വിഷയം കത്തിച്ച് ആറു പതിറ്റാണ്ടു മുമ്പ് നടന്ന വിമോചന സമരാഭാസത്തിന്റെ പകര്‍പ്പാടാമെന്നും മോഹിച്ചവരെ ഭരണനേതൃത്വം നിരാശപ്പെടുത്തി. അല്‍പ്പമയഞ്ഞോ പിന്‍വാങ്ങിയോ മലയിലെ രക്തച്ചൊരിച്ചിലും കാലുഷ്യവും ഒഴിവാക്കി. അതേസമയം അഴിഞ്ഞാടിയ അക്രമി സംഘങ്ങളോടു പൊറുക്കില്ലെന്ന് തുടര്‍നടപടികള്‍ തെളിയിച്ചു. അമിത്ഷാ അജണ്ടയെ സമര്‍ത്ഥമായി പിണറായി വെട്ടിയെന്നര്‍ത്ഥം.

അവിടെ തോറ്റതിന്റെ അമര്‍ഷം സന്ദീപാനന്ദ ഗിരിയോടു തീര്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ കാണുന്നത്. ചുട്ടുകൊല്ലാനായിരുന്നു നീക്കം. ആശ്രമത്തിനു മുന്നിലെ വാഹനങ്ങള്‍ കത്തിയമര്‍ന്നു. വീടിലേയ്ക്കു തീയാളാത്തത് ഭാഗ്യം. പുറത്തു റീത്തുവെച്ചാണ് അക്രമികള്‍ മടങ്ങിയത് എന്നത് അവരുടെ ലക്ഷ്യം വ്യക്തമാക്കുന്നു. അമിത്ഷാ കാലുകുത്തുംമുമ്പ് ആ രാഷ്ട്രീയം തീക്കളിയാരംഭിച്ചിരിക്കുന്നു. കേരളത്തില്‍ അധികാരത്തിലിരിക്കുന്നത് റാവൂവല്ലെന്നത് മാത്രമാണ് മതേതര ജനാധിപത്യ ജീവിതത്തിന് പ്രതീക്ഷയാവുന്നത്.

ഇനി, ശ്രീധരന്‍പിള്ള രഥയാത്രയിലേക്കു നീങ്ങുകയാണെന്നു കേള്‍ക്കുന്നു. കാസര്‍കോട്ടുനിന്ന് പമ്പയിലേക്ക് ആര്‍ക്കും പോവാം. പക്ഷെ, വര്‍ഗീയ വികാരം കത്തിച്ച് സമാധാന ജീവിതത്തെ വെല്ലുവിളിച്ചു ഉത്തരേന്ത്യന്‍ ഹീനവലതു രാഷ്ട്രീയത്തെ ആനയിക്കാമെന്നു കരുതരുത്. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പ്രയോഗം രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും തകര്‍ക്കും വിധമാവരുത്. അമിത്ഷാ രാഷ്ട്രീയത്തിന്റെ ഗുജറാത്തുവിത്തുകള്‍ കേരളത്തിന്റെ മണ്ണില്‍ വിളവെടുപ്പിനെത്തുകയാണ്. ജനാധിപത്യ വിശ്വാസികളാണ് വിധിയെഴുതേണ്ടത്.

ആസാദ്
26 ഒക്ടോബര്‍ 2018

ആരാണ് രാജാവ്? ഏതാണ് രാജ്യം?
**********************

ഇപ്പോഴുമുണ്ട് നമുക്ക് കൊട്ടാരവും രാജാവും പരിവാരങ്ങളുമൊക്കെ. തമ്പുരാന്‍, തിരുമേനി വിളികളും കുറഞ്ഞിട്ടില്ല. സ്വത്തും അധികാരവും കുറെയേറെ നഷ്ടപ്പെട്ടുവെന്നേ കൊട്ടാരങ്ങള്‍ കരുതുന്നുള്ളു. അതു തിരിച്ചുകിട്ടണേ എന്നാവാം പ്രാര്‍ത്ഥന. പക്ഷെ, ലോകം ബഹുദൂരം മുന്നോട്ടു പോയല്ലോ. ആരു തമ്പുരാന്‍ ആരടിമ എന്നു സകല വിവേചനങ്ങളും ഭേദിക്കുന്ന ജനാധിപത്യത്തിന്റെ ശബ്ദമുയര്‍ന്നിട്ടു കാലമേറെയായി. ഇപ്പോഴും അതൊന്നും അംഗീകരിക്കില്ലെന്നു മാത്രമല്ല പുരോഗമനത്തമ്പുരാന്‍, വിപ്ലവരാജാവ് എന്നൊക്കെ പരിഷ്കരിച്ചെത്തുകയാണ് ഭൂതപ്രഭാവം.

അതൊക്കെയിരിക്കട്ടെ. അതിലും പ്രധാനപ്പെട്ട കാര്യം കൊട്ടാരങ്ങളിലുറങ്ങുന്ന ചരിത്ര രേഖകള്‍ ജനങ്ങള്‍ക്കു ലഭ്യമാവണം എന്നതാണ്. കേരളത്തിലെ പഴയ രാജകൊട്ടാരങ്ങളിലെ മുഴുവന്‍ ചരിത്ര രേഖകളും ചരിത്ര പുരാവസ്തു പഠന വിഭാഗങ്ങള്‍ക്കും രേഖാസൂക്ഷിപ്പു വിഭാഗങ്ങള്‍ക്കും കൈമാറണം. ലക്ഷക്കണക്കിനു ചരിത്ര രേഖകള്‍ ഇപ്പോഴും ഗവേഷകരുടെയോ ചരിത്രാന്വേഷകരുടെയോ കൈകളിലെത്താതെ ചിതലെടുക്കുകയാവണം. ജനങ്ങളുടെ ജീവിതവും വിശ്വാസവും പുലരുന്ന ഒന്നിന്റെയും അവകാശികളായി പഴയ ഭരണത്തിന്റെ പിന്മുറക്കാര്‍ ഇനി തുടരേണ്ടതുമില്ല. ജനാധിപത്യം എന്നത് കൗതുകത്തിനണിയാവുന്ന തൂവല്‍ത്തൊപ്പിയല്ല. അതു ജനാധികാരമാണ്.

അന്യോന്യം യുദ്ധം ചെയ്തിരുന്ന അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നു രൂപപ്പെട്ട ദേശീയതയില്‍ ആ ഭൂതകാലത്തിന്റെ വിദൂരപ്രവണതകള്‍ പ്രതിസ്പന്ദിക്കാതിരിക്കില്ല. അവയിലെ ബഹുസ്വരതകളെ ആദരിച്ചുതന്നെ ആ ഉപദേശീയതകളെയും അവയ്ക്കകത്തെ അനവധി സ്വരഭേദങ്ങളെയും ഏകോപിപ്പിക്കുന്ന ദര്‍ശനമായി മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭരണഘടന രൂപപ്പെട്ടിട്ട് അറുപത്തിയെട്ട് വര്‍ഷമായി. അതാണ് പുതിയ കാലത്തെ നിയമപുസ്തകം. എല്ലാ ചോദ്യത്തിനും ഒടുവിലെത്തേണ്ട ഉത്തരം. അതു മാറാന്‍ മറ്റൊരു വിപ്ലവത്തിന് കാത്തിരിക്കണം.

ഇപ്പോള്‍ ആ നിയമമൊന്നും ബാധകമല്ലെന്ന് ഏതെങ്കിലും തമ്പുരാന് തോന്നിയാല്‍ അതു വലിയ പ്രയാസമുണ്ടാക്കും. രാജാവിന് നല്‍കിപ്പോന്ന ആദരവും അവകാശവും എല്ലാ കാലത്തേക്കുമുള്ള ബഹുമതിയോ വിനീതവിധേയത്വമോ അല്ല. അറകളില്‍ നിധികളോ പുറത്തു കാഴ്ച്ചയോ അവകാശമായി കാണരുത്. എല്ലാം ജനങ്ങളുടേതാണ്. എല്ലാവരുടേതുമാണ്.

ആസാദ്
21 ഒക്ടോബര്‍ 20018

മനുവാദികള്‍ പിടി മുറുക്കുകയാണ്
*******************
ശബരിമല കയറണോ എന്നു വിശ്വാസികളായ സ്ത്രീകള്‍ തീരുമാനിക്കട്ടെ. അതവരുടെ കാര്യം. പക്ഷെ, ജനാധിപത്യ സംവിധാനവും രാജ്യത്തെ നിയമ വ്യവസ്ഥയും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടനയും ജനങ്ങളുടെ സ്വസ്ഥ ജീവിതവും സംരക്ഷിക്കാനുള്ള ബാധ്യത അതിലും പ്രധാനമാണ്. അതുണ്ടെങ്കിലേ മറ്റേതവകാശവും സംരക്ഷിക്കപ്പെടൂ.

സ്ത്രീകളെ തടഞ്ഞ് രാജ്യ താല്‍പ്പര്യത്തിന് എതിരു നില്‍ക്കുന്നവരോട് കരുണകാട്ടേണ്ടതില്ല. പക്ഷെ, മലകയറ്റത്തെക്കാള്‍ ഭയപ്പെടുത്തുന്നുണ്ട് രാജ്യത്തിനുമേല്‍ പടര്‍ന്നുപിടിക്കുന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ നീരാളിക്കൈകള്‍. നിയമ നിര്‍മാണവേദികളും ഭരണഘടനാ സ്ഥാപനങ്ങളും അധീനതയിലാക്കാന്‍ നടത്തുന്ന കുത്സിതനീക്കം ചെറുക്കപ്പെടണം. അവശേഷിച്ച മതേതര ജനാധിപത്യ തുരുത്തുകള്‍ തകര്‍ത്തുകൊണ്ടല്ല വിശ്വാസികളുടെ മലകയറ്റം പൂര്‍ത്തീകരിക്കേണ്ടത്.

സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് അനുവദിച്ചിരിക്കുന്നു. സര്‍ക്കാറും തടയില്ല. പോകാനൊരുക്കമെങ്കില്‍ സ്ത്രീകള്‍ക്കു പോകാം. ആരെങ്കിലും തടഞ്ഞാല്‍ നിയമപരമായി നേരിടാം. ആണ്‍പരാതികള്‍ മാത്രമല്ല പെണ്‍പരാതികളും കോടതി കേള്‍ക്കും. പൊലീസോ സൈന്യമോ കാണിക്കുന്ന അലംഭാവമോ കോടതിയലക്ഷ്യമോ ചോദ്യം ചെയ്യാം. എന്നാല്‍, ഇതിന്റെ പേരില്‍ വരുവരായ്കകളോര്‍ക്കാതെ തെരുവില്‍ ഏറ്റുമുട്ടി മതേതര ജനാധിപത്യ പൊതുബോധം തകര്‍ക്കുന്ന ഹിന്ദുത്വ ഭീകരതയുടെ ഗൂഢനീക്കത്തെ തുണച്ചുകൂടാ. അതു വിജയിക്കാനിടയായാല്‍ പ്രത്യാഘാതം ചെറുതാവില്ല.

ശബരിമല അവരുടെ ലക്ഷ്യമല്ല. വഴിമാത്രമാണ്. ലക്ഷ്യസ്ഥാനം അധികാര കേന്ദ്രങ്ങള്‍ തന്നെയാണ്. അതിനാല്‍ പ്രതിരോധ തന്ത്രം ആദ്യം ഭീകരരുടെ ലക്ഷ്യം തകര്‍ത്ത് ജനാധിപത്യം സംരക്ഷിക്കലാവണം. അതില്‍ വിട്ടുവീഴ്ച്ച വേണ്ട. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാറിന് പിന്തുണ നല്‍കേണ്ടത് ഈ യുദ്ധത്തിലെ പ്രാഥമിക ചുവടാവുന്നത്. ചെറിയ പിഴവുകളും വഴുതലുകളും ഈ ഘട്ടത്തില്‍ പൊറുക്കാതെവയ്യ. കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഫാഷിസത്തിനെതിരായ ജനകീയ മുന്നണിക്കുള്ള തയ്യാറെടുപ്പായേ ഇതിനെ കാണേണ്ടൂ.

ആസാദ്
20 ഒക്ടോബര്‍ 2018

ശബരിമല വിഷയത്തിലെ അനുഭാവം
*******************

ചില സുഹൃത്തുക്കള്‍ ചോദിക്കുന്നു; ശബരിമല വിഷയത്തില്‍ താങ്കള്‍ ഗവണ്‍മെന്റിനൊപ്പമുണ്ടോ?

ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ട്. തീര്‍ച്ചയായും ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാറും സി പി ഐഎമ്മും ഇതുവരെ സ്വീകരിച്ച നിലപാടുകളെ പിന്തുണയ്ക്കുന്നു. ഇന്നത്തേതുപോലുള്ള ഭരണ സംവിധാനത്തിനും രാഷ്ട്രീയ കാലാവസ്ഥയ്ക്കും അകത്ത് സ്വീകരിക്കാവുന്ന ഏറ്റവും പുരോഗമനപരമായ നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. പതറിപ്പോകാനോ വഴുതിപ്പോകാനോ ഇടയുള്ള സന്ദര്‍ഭങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.

ഈ പ്രശ്നമുണ്ടായ ശേഷം ഒരിക്കലേ എനിക്കു വിയോജിക്കേണ്ടി വന്നിട്ടുള്ളു. അത് ആക്റ്റിവിസ്റ്റുകളെയാകെ സംശയമുനമ്പില്‍ നിര്‍ത്തുന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന വന്നപ്പോഴാണ്. എന്നാല്‍ കോടിയേരിയും കടകംപള്ളിയും പിന്നീടു നല്‍കിയ വിശദീകരണം സ്വാഗതാര്‍ഹമാണ്. അതോടെ ആ വിയോജിപ്പു തീര്‍ന്നു.

ശബരിമലയിലൂടെ സംഘപരിവാര ഫാഷിസം നടപ്പാക്കുന്ന അധിനിവേശ പദ്ധതികള്‍ക്കു മുന്നില്‍ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ഒപ്പം വിശ്വാസികളെ ശുദ്ധരെന്നും അശുദ്ധരെന്നും തിരിക്കുന്ന, ആണെന്നും പെണ്ണെന്നും തിരിക്കുന്ന പ്രാങ്ജീവിത വിവേചനാവശിഷ്ടങ്ങളെ ഇല്ലായ്മ ചെയ്യണം. എല്ലാ വിഭാഗീയ സങ്കുചിതാധികാര കെട്ടുകാഴ്ച്ചക്കും മേല്‍ ജനാധിപത്യത്തെ വിജയിപ്പിക്കണം. അതിനു സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചു നല്‍കിയ വിധി ഉയര്‍ത്തിപ്പിടിക്കണം. അത്രയും ബോധ്യമുണ്ട് സര്‍ക്കാറിനെന്നത് സന്തോഷം നല്‍കുന്നു.

ചില ചെറിയ വിയോജിപ്പുകള്‍ കൊട്ടിപ്പാടേണ്ട സമയമല്ലിത്. പ്രളയത്തെക്കാള്‍ ഭീകരമായ മതശാഠ്യ കുത്തൊഴുക്കില്‍ ഇതുവരെ നേടിയ ഭൗതികവും ആത്മീയവുമായ നേട്ടങ്ങളെല്ലാം നഷ്ടപ്പെടാനിടയുണ്ട്. ഈ പ്രതിലോമ സാംസ്കാരിക പ്രവാഹത്തിലേക്ക് കളിയായും കാര്യമായും തടംതുറന്നിട്ടവരെല്ലാം അക്കാര്യത്തില്‍ വീണ്ടുവിചാരം നടത്തേണ്ടതുണ്ട്. ഫാഷിസ്റ്റു വിരുദ്ധ പോരാട്ടത്തിന്റെ പ്രധാനവും ശ്രദ്ധേയവുമായ ഒരു ഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ആ സന്ദര്‍ഭത്തില്‍ പുലര്‍ത്തേണ്ട ജാഗ്രത നഷ്ടപ്പെട്ടുകൂടാ. സര്‍ക്കാറിന്റെ ഉറച്ച നിലപാടിനും അതിസാഹസികമോ തണുപ്പാര്‍ന്നതോ അല്ലാത്ത സമീപനത്തിനും പിന്തുണ. അഭിവാദ്യം.

ആസാദ്
20 ഒക്ടോബര്‍ 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )