ഏതെങ്കിലും ഒരു യുവതി സന്നിധാനത്ത് എത്തിയാല്‍ നടയടച്ചു പൂട്ടുമെന്ന് പറയാന്‍ ആര്‍ക്കാണവകാശം? യുവതി കയറുന്നു എന്നു കേട്ട് പൂജ നിര്‍ത്തി താഴെയിറങ്ങാന്‍ കര്‍മ്മികള്‍ക്ക് ആരാണ് നിര്‍ദ്ദേശം നല്‍കിയത്? സുപ്രീംകോടതി അതിന്റെ അധികാര പരിധിക്കു പുറത്തുള്ള ഒരു പ്രശ്നത്തിനാണോ തീര്‍പ്പു കല്‍പ്പിച്ചത്? അതു ബാധകമല്ലാത്ത മഹാന്മാര് ഏതു റിപ്പബ്ലിക്കില്‍ ഉള്ളവരാണ്? ഓരോ മതത്തിനും ഓരോ ദൈവരാജ്യവും നിയമ വ്യവസ്ഥയും ഇന്ത്യന്‍ റിപ്പബ്ലിക്കിനകത്തില്ല.
വിശ്വാസവും നിയമവും ഏറ്റുമുട്ടുമ്പോള്‍ എന്തുണ്ടാവുമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന് അറിയാതെ വരുമോ? ഏതു വ്യവസ്ഥയാണ് നടപ്പാക്കേണ്ടതെന്ന് സര്‍ക്കാറിനും അറിയാതിരിക്കില്ല. അപ്പോള്‍പിന്നെ അരങ്ങേറുന്ന പ്രതിഷേധത്തിന് ഒരതിരൊക്കെ വേണം. അവ നിലയ്ക്കു നിര്‍ത്താന്‍ ഭരണകൂടത്തിനു കഴിയണം. അരാജകത്വം സകല അതിരുകളും ലംഘിക്കുകയാണ്. അക്രമിസംഘങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അഴിഞ്ഞാടുന്നതെങ്കില്‍ ആ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണം. ഭരണഘടനയും നിയമ വ്യവസ്ഥയും ബാധകമല്ലാത്ത പാര്‍ട്ടികള്‍ക്ക് നിയമപരമായി നിലനില്‍പ്പില്ല. തുടരാന്‍ അവകാശമില്ല.
തങ്ങളുടെ മതവികാരത്തെ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് വ്രണപ്പെടുത്തിയെങ്കില്‍ അതു തുറന്നു പറയണം. നിയമപരമായി പരിഹാരം തേടണം. അതല്ലാതെ സര്‍ക്കാറിനെയും ജനങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുന്ന ലഹളയ്ക്കല്ല പുറപ്പെടേണ്ടത്. റിവ്യുഹര്ജിയൊക്കെ രണ്ടാമത്തെ കാര്യമാണ്. ഒന്നാമതു വേണ്ടത് ഭരണഘടനാ ബഞ്ചിന്റെ വിധി അംഗീകരിക്കലാണ്. അതിനൊരുക്കമില്ലാത്ത ആര്‍ക്കും റിവ്യു ഹര്‍ജി നല്‍കാനും ധാര്‍മികമായ അവകാശമില്ല. നിയമവ്യവസ്ഥയ്ക്കു കീഴ്പ്പെടാന്‍ തയ്യാറല്ല എന്നു വെല്ലുവിളിക്കുന്നവര്‍ക്ക് മുന്നില്‍ ജനാധിപത്യ ഗവണ്മെന്റുകള് തല കുനിച്ചുകൂടാ.
ജനങ്ങളാണ് മറുപടി പറയേണ്ടത്. ദേശീയബോധം ഇപ്പോഴാണ് ഉണരേണ്ടത്. വിധി മാനിക്കാതെ രാജ്യത്തെ വെല്ലുവിളിക്കുന്നത് വിശ്വാസമല്ല. തീവ്രഹിന്ദുത്വമാണ്. അവരുടെ കൗശലങ്ങള്‍ക്ക് വഴങ്ങിക്കൂടാ. വേണ്ടത് ദേശാഭിമാനമോ സങ്കുചിത മതശാഠ്യമോ എന്ന ചോദ്യത്തിന് തലയുയര്‍ത്തി മറുപടി പറയണം. രാജ്യം മാതാവാണെന്ന് വെറുതെ ജല്പ്പിച്ചതുകൊണ്ടായില്ല. ഭരണഘടനയും നിയമവും വെല്ലുവിളിക്കപ്പെടുമ്പോള്‍ എവിടെ നില്ക്കുന്നു എന്നു പറയണം. ഇപ്പോള്‍ ഒാരോ പൗരനും അതുറക്കെ പറയേണ്ടതുണ്ട്.
ആസാദ്
19 ഒക്ടോബര്‍ 2018