ശബരിമലയില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്ത്രീകളെ തെരഞ്ഞു പിടിച്ചു കയ്യറ്റം ചെയ്യാനും അസഭ്യം പറയാനും ആളുകളുണ്ടായിരിക്കുന്നു. വിവേചനത്തിനും അക്രമത്തിനും നേതൃത്വവും നല്‍കുന്നവരെ ഭക്തരെന്നോ വിശ്വാസികളെന്നോ വിളിക്കാനാവില്ല. പരമോന്നത നീതിപീഠവും ഭരണഘടനയും ജനാധിപത്യ മൂല്യബോധവും സര്‍ക്കാറും പിന്തുണച്ചിട്ടും സ്ത്രീകള്‍ക്ക് രക്ഷയില്ലെങ്കില്‍ അവര്‍ ഈ രാജ്യത്തു ജീവിക്കുന്നതെങ്ങനെയാണ്? ആണഹന്തയുടെ അസഹിഷ്ണുതയും ധിക്കാരവും അവസാനിപ്പിക്കാന്‍ അവയ്ക്കൊന്നിനും ശേഷിയില്ലെങ്കില്‍ അതില്‍പ്പരം ലജ്ജാകരമായി മറ്റെന്തുണ്ട്. വെറും ഗുണ്ടാപടയുടെ അക്രമത്തിന് ഒരു രാഷ്ട്രം കീഴടങ്ങുകയാണോ?
രാഹുല്‍ ഈശ്വറും പ്രയാറും ശ്രീധരന്‍പിള്ളയും സമാന്തര സൈന്യത്തെയുണ്ടാക്കിയാണ് രാജ്യത്തെ വെല്ലുവിളിക്കുന്നത്. അവരെ തളയ്ക്കാന്‍ ഗവണ്മെന്റ് അമാന്തിക്കുകയാണ്. ഛിദ്രവാസനകളുടെ ഹിംസോത്സവമാക്കി മാറ്റരുത് ശബരിമല തീര്‍ത്ഥാടനം. സമാന്തര ഭരണകൂടമായോ രാജ്യത്തെക്കാള്‍ വലിയ കൊള്ളക്കൂട്ടമായോ അവരെ വളരാന്‍ അനുവദിക്കരുത്. ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങാന്‍ വൈകിയിരിക്കുന്നു.
പാതിയിലേറെയുണ്ട് ജനസംഖ്യയില്‍ സ്ത്രീകള്‍. ചരിത്രത്തില്‍ ഇത്രയേറെ അവരിന്നോളം അപമാനിക്കപ്പെട്ടിട്ടില്ല. ജനാധിപത്യ അവകാശങ്ങളുടെ തുറന്ന വാതിലുകള്‍ അവരെ ഉത്സാഹിപ്പിക്കേണ്ടതാണ്. പക്ഷെ, അവിടം കയ്യേറുന്ന ഗുണ്ടാസംഘങ്ങള്‍ക്കു നേരെ നാവനക്കാന്പോലും വലിയ സ്ത്രീ വിപ്ലവ സംഘങ്ങള്‍ അറച്ചു നില്‍ക്കുകയാണ്. സ്ത്രീകളുടെ ശബ്ദമുയരേണ്ട സമയമാണിത്. അവരുടെ പ്രതിരോധം തെരുവുകളെ ജ്വലിപ്പിക്കണം.
ജനാധിപത്യ രാജ്യത്തിന്റെ ആത്മശക്തിയെക്കാള് വലിയ ആത്മീയ മൂല്യങ്ങളൊന്നും നമ്മെ നയിക്കാനില്ല. അതിനെ കീഴ്പ്പെടുത്താന്‍ ഒരധികാരശക്തിയും വളര്‍ന്നുകൂടാ. പണ്ടുപണ്ട് വലിയ അധികാരവും പ്രതാപവുമുണ്ടായിരുന്നു എന്ന് പഴയ രാജാക്കന്മാര്ക്കും ശിങ്കിടികള്‍ക്കും നെടുവീര്‍പ്പിടാം. അന്നത്തെ നിയമങ്ങളുടെ പുനസ്ഥാപനം സാധ്യമല്ല. അതിനുവേണ്ടി ഭൂതകാല ഇരുളില്‍നിന്ന് നുഴഞ്ഞെത്തുന്ന കൂളസംഘങ്ങളെ നിലയ്ക്കു നിര്‍ത്തിയേ തീരൂ.
ശബരിമലയില്‍ നടതുറക്കുന്ന ദിവസങ്ങളില്‍ ഒരു ദിനമോ നിശ്ചിത സമയമോ സ്ത്രീവിശ്വാസികള്ക്ക് നല്‍കണം. അവരെ സുരക്ഷിതമായി എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണം. അതിനു വേണ്ടത് പൊലീസോ സൈന്യമോ ആവട്ടെ, അതു സാധ്യമാക്കി നിയമവ്യവസ്ഥയുടെ ബാധ്യത നിര്‍വ്വഹിക്കണം. സ്ത്രീവിശ്വാസികളെ പുരുഷനോ പുലിയോ അക്രമിക്കുമെന്ന ഭീഷണിയെ നേരിടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. അത് അക്രമികളെ സഹായിക്കലാണ്. മാധവി മുതല്‍ സുഹാസിനി വരെയുള്ളവരുടെ തീര്ത്ഥാടനാവകാശം ആരാണ് തടഞ്ഞത്? അവരുടെ അവകാശ സംരക്ഷണത്തിന് പൊലീസും സര്‍ക്കാറും എന്താണ് ചെയ്തത്? കൂളസംഘത്തിനു മുന്നില്‍ തോല്ക്കുന്നതും തലകുനിക്കുന്നതും മഹത്തായ ഒരു രാജ്യത്തിന്റെ ആത്മാഭിമാനമാണ്. അതാരും നിസ്സാരമായി കാണരുത്.
ആസാദ്
18 ഒക്ടോബര്‍ 2018