ഇക്കാലമത്രയും ഭരിച്ചവര്‍ക്ക് ഭരണഘടനയുടെ സത്തയില്‍ സംശയം. അടിച്ചമര്‍ത്തപ്പെട്ടവരും പ്രാന്തവല്‍കൃതരും എന്തുകൊണ്ടാണത് നെഞ്ചില്‍ ചേര്‍ക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാവുന്നില്ല. നമ്മുടെ രാജ്യത്ത് ‘നാം ഇന്ത്യയിലെ ജനങ്ങള്‍’ പ്രഖ്യാപിച്ച ഭരണഘടനയാണുള്ളത്. ഭരിക്കുന്നവര്‍ ജനങ്ങളുടെ ഇച്ഛയല്ല, ജനങ്ങളെ ചൂഷണം ചെയ്യുന്ന ധനമുതലാളിത്ത നിര്‍ദ്ദേശങ്ങളാണ് നടപ്പാക്കുന്നത്. അതിനു യോജിച്ചവിധം ഭരണഘടനാ തത്വങ്ങള്‍ വ്യാഖ്യാനിക്കാന്‍ അവര്‍ക്കു മടിയില്ല. പൗരാവകാശങ്ങള്‍ അവര്‍ക്ക് അപ്രധാനമാണ്. തുല്യനീതിയെന്തെന്ന് അറിയില്ല.
അധികാരം രാഷ്ട്രീയ മത ചേരികളിലൂടെ അതിന്റെ താല്‍പ്പര്യം വിളയിക്കുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടനയെക്കാള്‍ മഹത്തരം പൗരാണിക- അധിനിവേശ ഇന്ത്യകളുടെ വിവേചന സംസ്കൃതിയെന്നു ഘോഷിച്ച്, ദേശീയപ്രസ്ഥാനം ശ്മശാനത്തില്‍ തള്ളിയ പുനരുത്ഥാനവാദികള്‍ സമസ്ത മേഖലകളിലും ഇഴഞ്ഞു കയറിയിരിക്കുന്നു. രാഷ്ട്രീയം അവരുടെ കളിസ്ഥലമാവുകയാണ്. ബാബറി മസ്ജിദ് മുതല്‍ ശബരിമലവരെ ഇന്ത്യന്‍ റിപ്പബ്ലിക്കിനുമേല്‍ വര്‍ണാധികാര വിവേചന രാഷ്ട്രം പടുക്കാനുള്ള പരീക്ഷണം നീളുന്നു.
മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്നത് സമയമെടുത്ത് വ്യാഖ്യാനിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ, അതിനു താഴെ വിശദീകരിക്കുന്ന അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തോന്നിയതുപോലെ വ്യാഖ്യാനിക്കാനാവില്ല. അതിന്റെ സത്തയിലൂന്നാതെ നീതിപീഠങ്ങള്‍ക്ക് വിധി പറയാനാവില്ല. അതു ലംഘിച്ചുകൊണ്ട് ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് പ്രവര്‍ത്തിക്കാനുമാവില്ല.
ഇപ്പോള്‍ ശബരിമല വിധിക്കെതിരെ സമരം ചെയ്യുന്നവര്‍ ഭരണഘടനയ്ക്കും നീതിപീഠത്തിനും എതിരായാണ് ശബ്ദമുയര്‍ത്തുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ താല്പ്പര്യങ്ങള്ക്കെതിരെയാണ് യുദ്ധം. ഭരണഘടനയിലൂന്നുന്ന വിധിപ്രസ്താവം വിശ്വാസികള്‍ക്ക് ബാധകമല്ലെന്നാണ് വാദം. വിശ്വാസികള്‍ ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ പെടാത്തവരാണോ? അതോ മതേതര ജനാധിപത്യ ഭരണഘടനയ്ക്കു മേല്‍ മതാധിഷ്ഠിത ഏകാധിപത്യ ഭരണഘടനയ്ക്കു വേണ്ടിയുള്ള പോരൊരുക്കമാണോ കാണുന്നത്?
ഈ ഘട്ടത്തില്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ അടിച്ചമര്‍ത്തപ്പെടുന്നവരും പ്രാന്തവല്കൃതരുമായ ജനവിഭാഗങ്ങള്‍ മുറവിളി കൂട്ടുന്നുണ്ട്. അവരല്ല, ഭരണകൂടവും ജനാധിപത്യ സംവിധാനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ചുനിന്നാണ് ഭരണഘടനാ വിരുദ്ധരെ നേരിടേണ്ടത്. നാം കണ്ടുശീലിച്ച സമരങ്ങളില്‍നിന്നു വേറിട്ട സമരമാണ് ഇപ്പോള്‍ കാണുന്നത്. ഭരണഘടനയോടുള്ള വെല്ലുവിളി രാഷ്ട്രത്തോടുള്ള യുദ്ധമാണ്. ഭരണഘടനാ തത്വങ്ങള്‍ക്കു കീഴ്പ്പെടാത്ത ഒരു മുദ്രാവാക്യവും അംഗീകരിക്കാനാവില്ല. അതിന് വളംവെയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും രാജ്യ താല്‍പ്പര്യത്തെ ഹനിയ്ക്കുകയാണ്.
രാഷ്ട്രീയ പാര്‍ട്ടികളും അന്ധഭക്ത സംഘങ്ങളും രാജ്യത്തിനും ഭരണഘടനയ്ക്കും എതിരായ സമരത്തില്‍നിന്നു പിന്മാറണം. കേരളത്തിലെ പിണറായി സര്‍ക്കാര്‍ ഇക്കാര്യത്തിലെടുത്ത ഭരണഘടനാനുസൃതമായ നിശ്ചയങ്ങളെ പിന്‍പറ്റണം. ശരിയായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ആര്‍ജ്ജവമുണ്ടാവണം.
ആസാദ്
14 ഒക്ടോബര്‍ 2018