ദൈവ/മത വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള തര്‍ക്കമായിരുന്നു മുമ്പൊക്കെ ഉയര്‍ന്നു കേട്ടിരുന്നത്. ഇപ്പോള്‍ പ്രശ്നം വിശ്വാസികള്‍ക്ക് അകത്താണ്. അവിടെ ശുദ്ധിയുള്ളവരും അശുദ്ധിയുള്ളവരുമുണ്ട്. പുരുഷര്‍ നിത്യശുദ്ധരും സ്ത്രീകള്‍ ചിലകാലശുദ്ധരുമാണ്.
ശബരിമല വിഷയം നോക്കൂ. പത്തു വയസ്സു കഴിഞ്ഞാല്‍ സ്ത്രീകളശുദ്ധരായി. പിന്നെ പുരുഷ ശുദ്ധി കളങ്കപ്പെടുത്തിക്കൂടാ. കൗമാരത്തില്‍ പിതാവിന്റെയും വാര്‍ദ്ധക്യത്തില്‍ പുത്രന്റെയും കൈപിടിച്ചു കയറേണ്ടതാണ് വിശുദ്ധിശൃംഗങ്ങള്. യൗവ്വനത്തില്‍ ഭര്ത്തൃമലയില് മാത്രം ശരണാര്ത്ഥിയാവണം.(സൂക്തം മനുനിയമത്തില്).
കര്‍ക്കിടകത്തിലെ രാമായണ വായനപോലെ ‘അനാദികാലം തൊട്ടെന്നപോലെ’ നിയമങ്ങള്‍ വരികയാണ്. കേരളത്തിലെ സംഘപരിവാര അജണ്ടയിലാണ് കര്‍ക്കിടക വായനയ്ക്ക് തുടക്കം. അതുപോലൊരു ഇടക്കാല ബുദ്ധിയാണ് മാളികപ്പുറത്തമ്മയ്ക്ക് ഏകാന്തത വിധിച്ചത്. കാട്ടുജീവിതങ്ങളുടെ ദേവസ്ഥാനങ്ങളെ നാട്ടധികാരികള്ക്കു തട്ടിപ്പറിക്കാം. ആദിവാസിക്ക് മണ്ണു വേണ്ട. പെണ്ണിന് വിശ്വാസവും വേണ്ട.
ഇടക്കാല പ്രഭുക്കളുടെ ഉത്തരവുകളാണ് തങ്ങളുടെ വിശ്വാസത്തിന്റെ പ്രമാണപത്രമെന്ന് സ്ത്രീകള്‍ക്കു കരുതാം. കാടധികാരം നാട്ടു പ്രമാണിമാര്‍ക്ക് വെട്ടിപ്പിടിക്കാനുള്ളതെന്ന് വനവാസികള്‍ക്കും വിധേയപ്പെടാം. പക്ഷെ, ഒരു പരിഷ്കൃത സമൂഹത്തിലെ നിയമ വ്യവസ്ഥയില്‍ ജനാധിപത്യം എന്ന വാക്കിനു കീഴെ ഇങ്ങനെ വേര്‍തിരിവുകള്‍ അസാധ്യമാണ്. രണ്ടായി പിളര്‍ക്കപ്പെട്ട വിശ്വാസികളിലെ വിശുദ്ധരാരെന്നും അശുദ്ധരാരെന്നും തര്‍ക്കം തുടരട്ടെ. ജനാധിപത്യ പൊതു ഇടങ്ങളില്‍ ആ തര്‍ക്കത്തിനു സ്ഥാനമില്ല.
വിശ്വാസികളില്‍ പാതിയിലേറെയും അശുദ്ധികൊണ്ട് മാറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്ന അറിവ് ആരെയും ഞെട്ടിക്കേണ്ടതാണ്. തങ്ങള്‍ക്ക് അശുദ്ധി വിധിക്കുന്ന ആചാരങ്ങളിലെ ലിംഗവേലി തകര്‍ത്തു കേറണം വിശ്വാസമലകളെന്ന് ഭക്തര്‍ക്ക് തോന്നുമ്പോള്‍ തോന്നട്ടെ. ഞങ്ങള്‍ അടിമകള്‍, ആണ്വിശ്വാസത്തിന്റെ പെണ്ണടിമകള്‍, മനുവാദ പെണ്ണുല്ബോധനങ്ങള്ക്കു കീഴ്പ്പെട്ടവര്‍ എന്ന തെരുവു പ്രഖ്യാപനങ്ങള്‍ പക്ഷെ ഭയപ്പെടുത്തുന്നു. ആടയാഭരണങ്ങളുരിഞ്ഞ് ഭൗതികനേട്ടങ്ങള്‍ ത്യജിച്ച് നേടുന്ന ‘ആചാര ശുദ്ധി’യിലേക്ക് അവരെ നയിക്കരുതേ മനുവാദക്കോമരങ്ങളേ.
വിശുദ്ധ വിശ്വാസത്തിന്റെ ആണ്പൊലിമയായി അയ്യപ്പനെ കാക്കുന്നവരോര്ക്കണം ആ പേരിലുണ്ടായിട്ടില്ല ഒറ്റ പൂജാരിപോലും. എല്ലാ ദൈവങ്ങള്‍ക്കും അവരുടെ നാമത്തിലുള്ള പൂജാരിമാരെ കിട്ടും. അയ്യപ്പനുമാത്രം അതു നിഷേധിക്കപ്പെടാമോ? അതോ അയ്യപ്പനാമത്തിനുമുണ്ടോ പൂജയില്‍ അശുദ്ധി? വിശ്വാസികളിലെ അശുദ്ധരുടെ നിരയ്ക്ക് എന്തു നീളം കാണും?
ആസാദ്
13 ഒക്ടോബര്‍ 2018
ദൈവപ്രതിഷ്ഠ എന്ന വ്യവസായ മൂലധനം
********
ഇനി ദേവാലയങ്ങളല്ല വിദ്യാലയങ്ങളും വ്യവസായ ശാലകളുമാണ് വേണ്ടതെന്ന് നൂറു വര്‍ഷം മുമ്പ് ഗുരു പറഞ്ഞു. വ്യവസായ പ്രദര്‍ശനം നടത്തി മനുഷ്യരുണ്ടാക്കുന്ന ലോകങ്ങളിലേയ്ക്കു വിരല്‍ ചൂണ്ടി. വിശ്വാസത്തിനുമേല്‍ യുക്തിചിന്തയെ, വിചാരത്തിനുമേല്‍ സാമൂഹികചിന്തയെ സ്ഥാപിച്ചു. ദൈവമിരുന്നിടത്തെല്ലാം മനുഷ്യരുടെ ചിത്രം പതിച്ചു.
ഗുരു ആദരിക്കപ്പെട്ടു. ദേവാലയങ്ങളോളം വലിയ വ്യവസായങ്ങളില്ലെന്നുവന്നു. അരുതെന്നു പറഞ്ഞതിനെ ആഘോഷമാക്കി. വിശ്വാസത്തെ യുക്തിയാക്കി. ത്യാഗവും വിനോദവും രണ്ടല്ലെന്നു വിഭ്രമിപ്പിച്ചു. ഏറ്റവും വലിയ മൂലധനം ദേവാലയങ്ങളിലാണ് കുടികൊള്ളുന്നതെന്ന് പൊതു സമ്മതമുണ്ടായി. അധികാരം അതിനു ചുറ്റും കറങ്ങി. തീവ്ര വലതുപക്ഷം ആ മൂലധനം തങ്ങളുടേത് മാത്രമെന്ന് കലഹമായി.
വ്യവസായത്തിന്റെയും അധികാരത്തിന്റെയും അടിമണ്ണാണ് തന്റെ വിശ്വാസമെന്ന് ഭക്തവേഷങ്ങള്മാത്രം അറിഞ്ഞില്ല. ആരുടേയോ വ്യവസായങ്ങള്‍ നില നില്‍ക്കുന്നത് തങ്ങളുടെ അന്ധ ഭക്തിയിലാണെന്ന് അവരറിയരുത്. അതു പഠിപ്പിക്കാന്‍ ഒരു വിദ്യാലയവുമുണ്ടാവരുത്. വിശ്വാസികളാവണം വിദ്യാലയങ്ങളുടെ നടത്തിപ്പുകാര്‍. കേരളീയ നവോത്ഥാനം അതിന്റെ ശിശുക്കളെ വിഴുങ്ങിക്കൊള്ളട്ടെ. വിപരീത രാഷ്ട്രീയത്തിന്റെ ഘോഷയാത്രകള്‍ ലോംഗ് മാര്ച്ചുകളാവട്ടെ!
വിശ്വാസങ്ങളുടെ ഭാരത്തെക്കാള്‍ ജീവിതത്തിന്റെ ബാധ്യതകള്‍ ആകുലപ്പെടുത്തുന്ന പൗരന്മാര് അവശേഷിക്കുന്നുവെങ്കില്‍ ഞാനുണ്ട് ഞാനുണ്ട് എന്നു വെളിപ്പെടാന്‍ ഇതാണ് നേരം. നാം നയിക്കുന്നത് ദൈവരാജ്യത്തെ സ്വപ്ന ജീവിതമല്ല മതേതര ജനാധിപത്യ ഭരണഘടനയ്ക്കു കീഴിലെ രാഷ്ട്രീയ ജീവിതമാണ്. അതുറപ്പിക്കുമ്പോള്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരമാവും.
ആസാദ്
12 ഒക്ടോബര്‍ 2018
അവനവനോടു നടത്തുന്ന യുദ്ധങ്ങള്‍
*************
നെല്ലും പതിരും വേര്‍തിരിയട്ടെ.
കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ എത്ര മാര്ക്സിസ്റ്റുകാരുണ്ടെന്ന്, ജനാധിപത്യ പാര്‍ട്ടികളില്‍ എത്ര ജനാധിപത്യവാദികളുണ്ടെന്ന്, രാജ്യസ്നേഹ പാര്‍ട്ടികളില്‍ രാജ്യത്തെ ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും കീഴ്പ്പെടാന്‍ തയ്യാറുള്ളവര്‍ എത്രയുണ്ടെന്ന് തെളിഞ്ഞുവരട്ടെ.
അവനവനോടു നടത്തുന്ന യുദ്ധങ്ങള്‍ നല്ലതുതന്നെ. ദൈവങ്ങളെ തോല്‍പ്പിക്കുന്ന യുക്തികളുടെ പെരുങ്കളിയാട്ടം ഇങ്ങനെയധികം കണ്ടിട്ടില്ല. വലിയ ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ദൈവശാസ്ത്രത്തില്‍നിന്ന് ജനാധിപത്യത്തിലേയ്ക്കുള്ള ദൂരം തിരിഞ്ഞു കിട്ടിയിട്ടില്ല. രാജ പൗരോഹിത്യ ഭരണങ്ങളില്‍നിന്ന് മതനിരപേക്ഷ സൊഷ്യലിസ്റ്റ് ഭരണത്തിലേയ്ക്കുള്ള കുതിപ്പറിഞ്ഞിട്ടില്ല. മനുസ്മൃതിയില്‍നിന്ന് നവീന ഭരണഘടനയിലേക്കുള്ള എടുത്തുചാട്ടം ഉള്‍ക്കൊള്ളാനായിട്ടില്ല. അതിനാല്‍ ലോകത്തോടും അവനവനോടും നടത്തുന്ന സമരങ്ങള്‍ അവരെ രക്ഷിക്കട്ടെ.
വിമോചനസമരത്തിനാണ് പുറപ്പാടെങ്കില്‍ തോല്‍ക്കുകയേയുള്ളു. ‘ലോകത്തെ നിലനിര്‍ത്തുന്ന’ അഹങ്കാരി മൂലധനത്തിന് ഈ വിശ്വാസത്തര്ക്കത്തില് ഒട്ടും താല്‍പ്പര്യം കാണില്ല. അവര്‍ ധനക്കോയ്മാ താല്‍പ്പര്യമുള്ള ഭരണകൂടങ്ങള്‍ക്കൊപ്പം നില്ക്കും. അത് മോഡിയോ പിണറായിയോ രാഹുലോ എന്ന നോട്ടമൊന്നും കാണില്ല.
ആസാദ്
8 ഒക്ടോബര്‍ 2018
വിശ്വാസം ജനാധിപത്യത്തോടു വിലപേശുന്നു
*********
ഭരണഘടനയ്ക്കു മീതെയുണ്ടോ വിശ്വാസികളുടെ അദൃശ്യമായ നിയമപുസ്തകം?. പൗരന്മാരില് വിശ്വാസികളുടെ സ്ഥാനവും പദവിയും തുലോം ഉയരത്തിലാണോ? എല്ലാവര്ക്കും ബാധകമായ നിയമം ദൈവ/മത ഭക്തരെ ബാധിക്കില്ലെന്നോ ബാധിച്ചുകൂടെന്നോ ഉണ്ടോ?
ആരാധനാലയം പുരോഹിതരുടെയും ഭക്തരുടെയും കാര്യം. അവിടെ ഈ രാജ്യത്തെ ഇതര പൗരര്‍ക്കും ഭരണഘടനയ്ക്കും എന്തു കാര്യം എന്നാണ് ചോദ്യം. ചരിത്രം ചരിത്ര പണ്ഡിതര്‍ക്കോ വിദ്യാഭ്യാസം വിദ്യാഭ്യാസ വിചക്ഷണര്ക്കോ വിട്ടു നല്‍കാതെ രാഷ്ട്രീയതാല്‍പ്പര്യം അടിച്ചേല്‍പ്പിക്കുന്നവരാണ്. ബാബറി മസ്ജിദില്‍ കീഴ് വഴക്കവും ആചാരവുമല്ല കയ്യൂക്കാണ് കാര്യമെന്നു വിധിച്ചവരാണ്. കോടതിയില്‍ ആരിരുന്നുകൂടാ എന്നിടപെടുന്നവരാണ്. യുക്തി വിചാരങ്ങളെ നിഷ്ക്കരുണം തെരുവില്‍ അരിഞ്ഞു തള്ളുന്നവരാണ്. അവര്‍ക്ക് വിശ്വാസികളുടെ അവകാശത്തെപ്പറ്റി എന്തൊരു ഉത്ക്കണ്ഠ!
വിശ്വാസം വിശ്വാസത്തോടും ജനാധിപത്യത്തോടും വിലപേശുകയാണ്. കപട മതപടമണിഞ്ഞു രാഷ്ട്രീയത്തെ നേരിടാമെന്നും ജനാധിപത്യത്തെ വരുതിയില്‍ നിര്‍ത്താമെന്നും മോഹിക്കുകയാണ്. മനുവാദ ജീര്‍ണതകളും ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയവുമാണ് ഏറ്റുമുട്ടുന്നത്. അതില്‍ എവിടെ നില്ക്കുന്നു എന്നു പറയാതെ ഒരാള്‍ക്കും മുന്നോട്ടു പോകാനാവില്ല. പഴയപോലെ വിമോചന സമരാഭാസങ്ങള്‍ക്ക് മണ്ണ് പാകമാവില്ല. അതു തെരുവിലിറങ്ങുന്ന നേതാക്കളോര്‍ക്കണം.
ആസാദ്
7 ഒക്ടോബര്‍ 2018
ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്നവരാണ് രാജ്യദ്രോഹികള്‍
*****************************************
ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിടുന്ന ഒരു വിധിയാണ് യഥാര്‍ത്ഥത്തില്‍ കോടതിയില്‍നിന്നു ലഭിച്ചത്. വിശ്വാസികള്‍ക്കിടയില്‍ വിവേചനമരുത്, സ്ത്രീയായതുകൊണ്ട് തടയരുത് എന്നേ നിബന്ധന വെച്ചുള്ളു. അത്ര ലളിതമാണ് കാര്യം. ഇനിയുള്ളതെല്ലാം വിശ്വാസികള്‍ തീരുമാനിക്കട്ടെ. ശബരിമലയില്‍ പോകണോ വേണ്ടേ എന്നത് അവരുടെ താല്‍പ്പര്യം.
പക്ഷെ, വിശ്വാസികളുടെ കാര്യത്തില്‍ സര്‍ക്കാറോ കോടതിയോ ഇടപെട്ടുകൂടാ എന്നൊന്നും വാദിക്കേണ്ട. രാജ്യത്തെ ഭരണഘടനയും നിയമ വ്യവസ്ഥയും അനുസരിക്കാന്‍ ഈ രാജ്യത്തെ പൗരന്മാര്ക്ക് ബാധ്യതയുണ്ട്. രാഷ്ട്രത്തിനകത്ത് വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും വെവ്വേറെ സ്വതന്ത്ര റിപ്പബ്ലിക്കുകളൊന്നും ആരും അനുവദിച്ചിട്ടില്ല. പരമാധികാര മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കാണ് ഇന്ത്യ എന്നാണല്ലോ ഭരണഘടന പറയുന്നത്. അതറിഞ്ഞു ജീവിക്കാന്‍ ദേശസ്നേഹികള്‍ പരുവപ്പെടണം. ഭരണഘടനയെ തെരുവില്‍ വെല്ലുവിളിക്കുന്നത് രാജ്യദ്രോഹമാണ്. ഇവിടെ ആ ദ്രോഹചിന്ത മറച്ചുവെയ്ക്കുന്നതിന് ശത്രു സംസ്ഥാന സര്‍ക്കാറാണെന്നു വാദിക്കാന്‍ വിയര്‍ക്കുകയാണ് യാഥാസ്ഥിതിക മനുവാദികള്‍.
ശീലങ്ങളും കീഴ് വഴക്കങ്ങളും മാറ്റരുതാത്തതല്ല. അക്കാര്യം തീവ്രഹിന്ദുത്വവാദികളും സമ്മതിക്കും. ആരാണ് മാറ്റം തീരുമാനിക്കേണ്ടത് എന്നേ തര്‍ക്കമുള്ളു. രാജ്യത്തെ അധികാരക്രമമാണ് ഇന്നോളം ഇത്തരം ശീലങ്ങളും കീഴ് വഴക്കങ്ങളും മാറ്റിയിട്ടുള്ളത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പൊതുജീവിത സാഹചര്യത്തിനും രാഷ്ട്രത്തിന്റെ പൊതുവീക്ഷണത്തിനും വിധേയപ്പെട്ടു മാത്രം നിര്‍ണയിക്കപ്പെടുന്നതാണ്. മതങ്ങളുടെ നിയമവും വിചാരണയും അധികാര ക്രമവും തരംതിരിവും മതനിരപേക്ഷ രാജ്യത്ത് അതേപടി നിലനിര്‍ത്തുക പ്രയാസമാവും. രാജ്യപുരോഗതിയുടെ ഉരകല്ലില്‍ ഉരച്ചാണ് ഏതൊക്കെ ശീലങ്ങളുപേക്ഷിക്കണം എന്നു നിശ്ചയിക്കുക. വിശ്വാസികളെ വിളിച്ചു തൃപ്തിപ്പെടുത്തി പൂര്‍ണസമ്മതത്തോടെ ഒരു അനാചാരവും ഇല്ലാതാക്കിയിട്ടില്ല. അവര്‍ പുരോഗമന നടപടികള്‍ക്ക് നിര്‍ബന്ധപൂര്‍വ്വം വിധേയപ്പെടുകയായിരുന്നു.
ശബരിമലയില്‍ പോവുകയോ പോകാതിരിക്കയോ ചെയ്യാം. അതൊക്കെ അവരവരുടെ നിശ്ചയം. എന്നാല്‍ ഒരാളുടെയും മൗലികാവകാശം ഹനിക്കപ്പെടരുത്. ലിംഗപരമായ വിവേചനമരുത്. മാറ്റിനിര്ത്തപ്പെടേണ്ടവരായി ആരുമില്ല. സോഷ്യലിസ്റ്റ് ജനാധിപത്യ മൂല്യങ്ങള്‍ ജ്വലിച്ചു കാവല്നില്ക്കുന്ന ഒരിന്ത്യയാണ് ഭരണഘടനയുടെ വാഗ്ദാനം. അതാണ് നമുക്കു വേണ്ടത്. ഭരണഘടനയ്ക്കെതിരായ യുദ്ധം രാഷ്ട്രത്തോടുള്ള യുദ്ധംതന്നെയാണ്. അക്കാര്യം മറന്നുപോകരുത്.
ആസാദ്
6 ഒക്ടോബര്‍ 2018
കയറേണ്ടതാദ്യം നിയമ നിര്‍മാണ സഭകള്‍
************
നിയമ നിര്‍മാണ സഭകളില്‍ നീതിമാന്മാര് വേണം. അപ്പോഴേ ഭരണഘടന ഉറപ്പു നല്കുന്ന പൗരാവകാശം നിര്‍ബന്ധപൂര്‍വ്വം പാലിക്കപ്പെടൂ. പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിക്കണം. ജനസംഖ്യയില്‍ പാതിയിലേറെയുണ്ടായിട്ടും അര്‍ഹതപ്പെട്ട പങ്കാളിത്തം ലഭിക്കുന്നില്ല സ്ത്രീകള്‍ക്ക്. ത്രിതല പഞ്ചായത്തു സംവിധാനത്തിലെ മൂന്നിലൊന്നു വീതംവെപ്പു നിസ്സാരമാറ്റമല്ല സമൂഹത്തില്‍ വരുത്തിയത്. അതു നിയമസഭയിലും ലോകസഭയിലും കൊണ്ടുവരാന്‍ ഇന്നോളമായില്ല. അമ്പതു ശതമാനം സംവരണമാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കു നല്‍കേണ്ടത്. അതാവശ്യപ്പെടാന്‍ ആത്മബലമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ടോ?
അന്ധവിശ്വാസവും അനാചാരവും തെറ്റായ കീഴ് വഴക്കവും മിക്കവാറും ആണ്‍കേന്ദ്രിത താല്‍പ്പര്യങ്ങളുടെ ഏകപക്ഷീയോത്സവങ്ങളാണ്. അതു കീഴ്മേല്‍ മറിക്കാന്‍ അധികാരസ്ഥാനത്ത് സ്ത്രീയെത്തണം. ശബരിമലയിലേക്കുള്ള പ്രവേശനത്തെക്കാള്‍ പ്രധാനമാണത്. അക്കാര്യത്തില്‍ രാഷ്ട്രീയ സാംസ്കാരിക കേരളം എന്തു പറയുന്നു എന്നാണറിയേണ്ടത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ പാതി സീറ്റില്‍ സ്ത്രീകളെ നിര്‍ത്തും എന്നു പറയാന്‍ ഏതു പാര്‍ട്ടിക്കാവും? കല്ലും മുള്ളും താണ്ടി ശബരിമല കയറിയാലും സ്ത്രീകള്‍ നിയമനിര്‍മാണ സഭകളിലെത്തരുത് എന്ന വാശിയുപേക്ഷിക്കണം. അവളെത്തുമ്പോഴേ ഭരണഘടനയ്ക്കു പെണ്വായനയുണ്ടാവൂ. പ്രാന്തവല്കൃത സമരഭാഷകളില് അതു ഭിന്നവായനകളുണ്ടാക്കൂ.
ആസാദ്
5 ഒക്ടോബര്‍ 2018