Article POLITICS

എം എന്‍ വിജയന്റെ ചോദ്യങ്ങള്‍ ഇവിടെ ബാക്കി നില്‍ക്കുന്നു

images (7)

കൊട്ടിഘോഷിക്കപ്പെട്ട കേരള മാതൃക വിപല്‍സന്ദേശങ്ങള്‍ പുറപ്പെടുവിച്ചു തുടങ്ങിയപ്പോള്‍, ആ മാതൃകയുടെ പിറകിലെ പ്രേരണകളിലൊരാളായ ഇ എം എസ്തന്നെ നമുക്ക് മുന്നറിയിപ്പുകള്‍ തന്നു. ഉത്പാദനമില്ലാതെയുള്ള ഉപഭോഗത്തിന്റെയും അടിത്തറയില്ലാത്ത വളര്‍ച്ചയുടെയും അപകടത്തിലേയ്ക്ക് അദ്ദേഹം വിരല്‍ ചൂണ്ടി. ”കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പണ്ഡിതര്‍ ചൊരിയുന്ന പുകഴ്ത്തലുകള്‍ നാം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ഇടയാക്കരുത്. ഉത്പാദന മേഖലയുടെയും തൊഴില്‍ മേഖലയുടെയും പിന്നോക്കാവസ്ഥ ഇനിയും നമുക്ക് അവഗണിക്കാനാവില്ല”.

സാമ്പത്തിക വികസനമില്ലാതെയുള്ള ഉന്നത ജീവിത നിലവാരത്തിന്റെയും സാമൂഹിക വികാസത്തിന്റെയും പൊള്ളയായ അകം ആപല്‍സൂചനകള്‍ നിറഞ്ഞതാണെന്ന ഓര്‍മ്മപ്പെടുത്തല്‍ പലയിടങ്ങളില്‍നിന്നും ഉണ്ടായി. ഇ എം എസ്, അതിനു പരിഹാരം അടിത്തട്ടിലേക്ക് ആസൂത്രണാധികാരവും കര്‍മ്മശേഷിയും പകരലാവണമെന്ന് നിര്‍ദ്ദേശിച്ചു. വികസനത്തിന്റെ കേന്ദ്രീകൃതാധികാര പ്രയോഗങ്ങള്‍ ചോര്‍ത്തിക്കളഞ്ഞ ജീവിതത്തിന്റെ അടിസ്ഥാന യുക്തികളെ തിരികെ കൊണ്ടു വരണമായിരുന്നു. ജനാധിപത്യത്തിന്റെ അനുഭവം സൂക്ഷ്മവും സര്‍ഗാത്മകവും ആക്കണമായിരുന്നു. അധികാരം ജനങ്ങളിലെത്തിക്കാന്‍ രാജ്യത്തു നടന്ന അന്വേഷണങ്ങളുടെയും പ്രായോഗിക അനുഭവങ്ങളുടെയും കണക്കെടുപ്പും കൂടുതല്‍ ക്രിയാത്മകമായ വികേന്ദ്രീകരണത്തിനുള്ള അന്വേഷണവും എണ്‍പതുകളില്‍തന്നെ ആരംഭിച്ചു. സോവിയറ്റ്- കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റനുഭവങ്ങളുടെ തകര്‍ച്ചയില്‍ നിരാശപ്പെടുകയല്ല, കൂടുതല്‍ ജാഗ്രതയോടെ ബദലന്വേഷണം തുടരുകയാണ് ഇ എം എസും മറ്റും ചെയ്തത്. ആസൂത്രണവും വികസനവും സംബന്ധിച്ച അദ്ദേഹത്തിന്റെ രചനകള്‍ ഇക്കാര്യം വ്യക്തമാക്കും.

അധികാരം ജനങ്ങളിലേയ്ക്ക് എന്ന മുദ്രാവാക്യം ഏറെ സ്വീകാര്യതയുള്ളതായി. അത്തരമൊരു ആഗോളാന്തരീക്ഷവും രൂപപ്പെട്ടിരുന്നു. പരാജയപ്പെട്ട സോഷ്യലിസ്റ്റ് അന്വേഷണങ്ങള്‍ക്ക് പഴുതടച്ച തുടര്‍ച്ച തേടുന്നവര്‍ ഒരു പക്ഷവും സോഷ്യലിസ്റ്റ് മുഖമുള്ള മുതലാളിത്തമാണ് ഇനി സ്വീകാര്യം എന്നു കരുതുന്ന മറുപക്ഷവുമുണ്ടായി. അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളും സാമ്രാജ്യത്വ രാഷ്ട്രീയ ഗൂഢാലോചനാ കേന്ദ്രങ്ങളും വ്യാജ സോഷ്യലിസ്റ്റ് ഉത്പന്നത്തെ വിപണിയിലെത്തിച്ചാണ് യഥാര്‍ത്ഥ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളെ തടഞ്ഞത്. ജനാധിപത്യത്തെ അഗാധമാക്കുക, അധികാരം ജനങ്ങളിലെത്തിക്കുക, അതിനുവേണ്ടി പഞ്ചായത്തീരാജ് സംവിധാനങ്ങള്‍പുതുക്കുന്ന നിയമ നിര്‍മാണം നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അമേരിക്കയില്‍നിന്നു കേട്ടുതുടങ്ങി. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകളെ കൂട്ടക്കൊല ചെയ്യാനും ജനാധിപത്യത്തിന്റെ മുളകളരിയാനും കോടിക്കണക്കിനു ഡോളര്‍ ചെലവഴിക്കുകയും സൈനികാതിക്രമങ്ങള്‍ നടത്തുകയും ചെയ്ത ഒരു രാജ്യമാണതെന്ന് നാം ഓര്‍ക്കണം. വ്യാജ സോഷ്യലിസ്റ്റ് പ്രചാരണങ്ങള്‍ നടത്തി ഏകധ്രുവലോകത്തിന് പുതുക്രമം കണ്ടെത്തുകയായിരുന്നു അമേരിക്ക.

കമ്യൂണിസ്റ്റുകളുടെ സോഷ്യലിസ്റ്റ് സങ്കല്‍പ്പവും സാമ്രാജ്യത്വത്തിന്റെ സോഷ്യലിസ്റ്റ് മുഖംമൂടിയുള്ള മുതലാളിത്തവും തമ്മിലായി യുദ്ധം. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ജനകീയ ജനാധിപത്യം പ്രാഥമിക ലക്ഷ്യമാക്കിയവരാണ്. അതിന്റെ ഛായയില്‍ പങ്കാളിത്ത ജനാധിപത്യം എന്ന സിദ്ധാന്തവുമായി ഒളിമുതലാളിത്തം കൗശലപൂര്‍വ്വം കടന്നു കയറി. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും യുഎസ് സ്വാധീനം ശക്തമായ ഐക്യരാഷ്ട്ര സംഘടനകളും ലോകത്തിന്റെ ഭാവി പങ്കാളിത്ത പരീക്ഷണങ്ങളില്‍ അധിഷ്ഠിതമാണെന്ന സിദ്ധാന്തം അംഗീകരിച്ചു. ലോക രാഷ്ട്രങ്ങളുടെ സമ്പദ്ഘടന പുനക്രമീകരിക്കുന്ന യു എസ് കേന്ദ്രിത മൂലധന ബൃഹദാഖ്യാനത്തിലേയ്ക്ക് എല്ലാം വലിച്ചടുപ്പിക്കപ്പെട്ടു. പരമാവധി രാജ്യങ്ങളില്‍ പഞ്ചായത്തീരാജ് നിയമ ഭേദഗതികള്‍ക്ക് സമ്മര്‍ദ്ദമുണ്ടായി. ആ പരിഷ്കാരം തങ്ങളുടെ സംഭാവനയെന്ന് സകല പാര്‍ട്ടികളും ഇവിടെ അവകാശവാദം ഉന്നയിക്കുന്നത് നാം കണ്ടതാണ്.

തൊണ്ണൂറുകള്‍ തുടങ്ങുമ്പോള്‍ കേരളം വലിയൊരു അട്ടിമറിയിലേയ്ക്കു നയിക്കപ്പെടുകയായിരുന്നു. ഒരു ജനതയുടെ സാംസ്കാരിക രാഷ്ട്രീയ ഈടുവെപ്പുകളെ ശിഥിലമാക്കാനും പുതു അധിനിവേശത്തിന് മണ്ണൊരുക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമമുണ്ടായി. സാമൂഹിക രാഷ്ട്രീയ സിദ്ധാന്തങ്ങളും പ്രക്ഷോഭങ്ങളും ഇളക്കിമറിച്ച മണ്ണിലേക്ക് ചെപ്പടിവിദ്യകളുമായി ചില ബുദ്ധിജീവികളവതരിച്ചു. അടിത്തട്ടു ബന്ധമില്ലാത്ത ഉട്ടോപ്പിയകളുമായി കമ്യൂണിസ്റ്റുകളെ അവര്‍ വിഭ്രമിപ്പിച്ചു. നേരിട്ടെതിര്‍ത്തല്ല, നുഴഞ്ഞു കയറി വിസ്മയിപ്പിച്ച് ആദ്യഘട്ട അധിനിവേശം വിജയിപ്പിക്കുകയായിരുന്നു. രാഷ്ട്രത്തിന്റെ ഭരണഘടനയ്ക്കും പരമാധികാരത്തിനും വിധേയപ്പെട്ടുതന്നെ അധികാരം ത്രിതല പഞ്ചായത്തു സംവിധാനംവഴി അടിത്തട്ടുവരെ വിന്യസിക്കാനുള്ള വികേന്ദ്രീകരണ ലക്ഷ്യമായിരുന്നു ഇ എം എസും പാര്‍ട്ടിയും മുന്നോട്ടു വെച്ചത്. അതു സോഷ്യലിസ്റ്റ് നിര്‍മാണത്തിലേയ്ക്കു നീളുന്ന ദീര്‍ഘവും ശ്രമകരവുമായ പ്രവര്‍ത്തനമായേ ഇ എം എസ് കണ്ടുള്ളു. എന്നാല്‍ നമ്മുടെ ബുദ്ധിജീവികള്‍ അമേരിക്കന്‍ പങ്കാളിത്ത ജനാധിപത്യത്തെ നാലാംലോക സിദ്ധാന്തമാക്കി മാര്‍ക്സിസത്തിന് നഷ്ടപ്പെട്ടതു ഞങ്ങള്‍ നികത്തുകയാണെന്നു ഭാവിച്ചു. ഇ എം എസിന്റെ അധികാര വികേന്ദ്രീകരണവും അതിന്റെ മറവില്‍ നടത്താന്‍ ശ്രമിച്ച ഒളിമുതലാളിത്ത പങ്കാളിത്ത ജനാധിപത്യവും രണ്ടായിരുന്നു.

നാലാംലോക വാദത്തിന് ആദ്യം മറുപടി നല്‍കിയത്ഇ എം എസ്സാണ്. പിന്നീട് ബാലാനന്ദനും അച്യുതാനന്ദനും ഒടുവില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയും മറുപടി നല്‍കി. പങ്കാളിത്ത ജനാധിപത്യത്തെ അകറ്റി നിര്‍ത്തണമെന്നു നിര്‍ദ്ദേശിച്ചു. പക്ഷെ, കേരളത്തിലെ വിഭാഗീയതയില്‍ ശക്തിപ്പെട്ടത് പങ്കാളിത്തവാദികളുടെ പക്ഷമാണ്. അവരുടെ പരീക്ഷണങ്ങള്‍ക്കാണ് സംസ്ഥാനം വിധേയമായത്. വലതുപക്ഷത്തിന് ഈ മുതലാളിത്ത പരീക്ഷണത്തോടു വിയോജിക്കേണ്ടതില്ലായിരുന്നു. അതിനാല്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിന് അവസരമുണ്ടായില്ല. വല്ല അഴിമതി ആരോപണങ്ങളുന്നയിച്ച് അവര്‍ പിടിച്ചുനിന്നു. എന്നാല്‍ മുതലാളിത്ത മത്സരങ്ങളോടു പൊരുതി നേടേണ്ട ജനാധിപത്യ അവകാശങ്ങളെ സംബന്ധിച്ചു ബോധ്യമുള്ളവര്‍ ഈ ഒളിമുതലാളിത്ത കൗശലത്തോടു രാജിയായില്ല. തൊണ്ണൂറുകളിലെ അവരുടെ ഓരോ ചുവടും ഇഴകീറി പരിശോധിച്ചുള്ള ചെറുത്തുനില്‍പ്പ് കേരളത്തില്‍ ഉയര്‍ന്നുവന്നു. ആ മുന്നേറ്റത്തിന്റെ നായകനായിരുന്നു എം എന്‍ വിജയന്‍.

ഡി പി ഇ പിയിലാരംഭിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളും ജനകീയാസൂത്രണത്തില്‍ ഒളിച്ചുകടത്തപ്പെട്ട പങ്കാളിത്ത ആസൂത്രണവും അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെ താല്‍പ്പര്യമാണ് നടപ്പാക്കിയതെന്ന് വ്യക്തം. അതു തടസ്സപ്പെടുത്തിയത് കേരളീയമായ തനതു പുരോഗതിയ്ക്കുള്ള അന്വേഷണങ്ങളെയാണ്. നാം രൂപപ്പെടുത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ ജനാധിപത്യ വ്യവഹാര ക്രമങ്ങളെ അരാഷ്ട്രീയ സന്നദ്ധസേവാ വ്യവഹാരങ്ങളോ പൗരസമൂഹ ആള്‍ക്കൂട്ട ഇടപെടലുകളോ ആക്കി ചുരുക്കുകയായിരുന്നു. രാഷ്ട്രത്തിന്റെ ഭാവി കരുപ്പിടിപ്പിക്കുന്നവര്‍ക്ക് എന്തിനാണ് രാഷ്ട്രീയ ദര്‍ശനവും സര്‍ഗാത്മക ഉണര്‍വ്വുകളുമെന്ന് ധനക്കോയ്മാ വികസനം ആശ്ചര്യപ്പെട്ടു. ആ നിലപാടിലേയ്ക്കാണ് അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം വലിച്ചടുപ്പിക്കപ്പെട്ടത്. അവര്‍ സമരങ്ങളുപേക്ഷിച്ച് സാന്ത്വന സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറിയിരിക്കുന്നു. വ്യവസ്ഥാപിത ഇടതുപക്ഷത്തെ അതിനു തുണച്ച കാഴ്ച്ചപ്പാട് ‘പങ്കാളിത്തസോഷ്യലിസ’ ത്തിന്റേതാണ്. ഇക്കാര്യമാണ് നാലാംലോക വിമര്‍ശനത്തിന്റെ കാതലായി അവതരിപ്പിക്കപ്പെട്ടത്.

മൂന്നാംലോക ജനതയെ പരീക്ഷണവസ്തുക്കളും അടിമകളുമാക്കുന്ന അധിനിവേശ നയങ്ങളും അതിന്റെ സമര്‍ത്ഥമായ പ്രയോഗങ്ങളും തുറന്നു കാട്ടാനാണ് എം എന്‍ വിജയന്‍ ശ്രമിച്ചത്. അധിനിവേശ മൂലധന വേഴ്ച്ചയുടെ കളമൊരുക്കു സംഘമായി വലിയ ഇടതുപക്ഷ പ്രസ്ഥാനം മാറുന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു. ആ ഖേദവും അമര്‍ഷവും തൊണ്ണൂറുകളവസാനിക്കുമ്പോള്‍ പലമട്ടു പ്രതികരണങ്ങളായി പുറത്തുവന്നുതുടങ്ങി. അധിനിവേശ ധനക്കോയ്മകള്‍ക്കു രാജ്യവും ജനതയും പണയം വെയ്ക്കപ്പെടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും രൂപപ്പെടുത്തുന്നതും ജനങ്ങളാവണമെന്ന വികേന്ദ്രീകരണ തത്വം അന്താരാഷ്ട്ര ധന ഏജന്‍സികള്‍ക്കു മുന്നില്‍ തലകുനിച്ചു വിധേയപ്പെടുന്നത് അസഹ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു. സാമ്പത്തിക കാര്യങ്ങളെപ്പറ്റി പറയാന്‍ കലാലയാധ്യാപകന് എന്തു യോഗ്യത എന്ന ചോദ്യമാണ് മറുപടിയായത്. വിമര്‍ശനത്തെ നേരിടാന്‍ വിമര്‍ശകന്റെ ജീവചരിത്രം തേടേണ്ടതില്ലെന്ന് എം എന്‍ വിജയന്‍ അവരെ ഓര്‍മിപ്പിച്ചു.

അധിനിവേശ ഏജന്‍സികളുടെ കരുക്കളാകുന്നവര്‍ പാര്‍ട്ടിതത്വങ്ങളെയും ജനാധിപത്യ മൂല്യങ്ങളും ധാര്‍മികതയും നല്‍കുന്ന സുരക്ഷിതത്വത്തെയും ഹനിക്കുകയായിരുന്നു. തന്റെ പ്രസ്ഥാനത്തെയും ജനതയെയും വഞ്ചിക്കുന്നവരെ തുറന്നു കാട്ടിയപ്പോള്‍ പ്രസ്ഥാനം അക്രമിക്കപ്പെടുന്നു എന്ന മുറവിളികൂട്ടി രക്ഷപ്പെടാനായി ശ്രമം. ഇതെല്ലാം സമീപ ഭൂതകാലത്തു നാം കണ്ട കാര്യങ്ങളാണ്. അധിനിവേശ മൂലധനക്കോയ്മകള്‍ക്കു കീഴ്പ്പെട്ടവര്‍ പുതുമുതലാളിത്ത വികസനത്തിന്റെ മുഖ്യ നടത്തിപ്പുകാരായി വളര്‍ന്നു. തൊണ്ണൂറുകളുടെ മധ്യത്തില്‍ മോഡേണൈസിംഗ് ഗവണ്‍മെന്റ് പദ്ധതിയില്‍ സെക്രട്ടറിയേറ്റില്‍ ലോകബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുറി തുറന്നു കൊടുത്തവര്‍ക്ക് അവരുടെ ധനകാര്യ പ്രമുഖരെ കയ്യൊഴിയാന്‍ വയ്യാതായി. അന്താരാഷ്ട്ര നാണയ നിധിയുടെ പ്രതിനിധിയെ കാവല്‍ നിര്‍ത്തിയുള്ള ഭരണമായി കേന്ദ്ര സംസ്ഥാന ഭരണങ്ങള്‍ മാറി. എം എന്‍ വിജയന്റെ മുന്നറിയിപ്പുകള്‍ സമരപ്രക്ഷുബ്ധ കേരളത്തില്‍ അലയടിക്കുന്നുണ്ട്.

കോര്‍പറേറ്റ് ആശ്രിതവും വായ്പാകേന്ദ്രിതവുമായ സമ്പദ്ഘടന ഒരു ബദലന്വേഷണവുമില്ലാതെ നടപ്പാക്കുന്ന ഭരണാധികാരികളാണ് നമ്മുടെത്. കുന്നിടിച്ചും മല തുരന്നും നീര്‍ത്തടങ്ങള്‍ നികത്തിയും കയ്യേറ്റങ്ങള്‍ വ്യാപിപ്പിച്ചും ദേശീയ പാതകള്‍ സ്വകാര്യവത്ക്കരിച്ചും കോര്‍പറേറ്റ് ദുരഹങ്കാരം ശക്തിപ്പെടുന്നു. എല്ലായിടത്തും മനുഷ്യര്‍ നിരന്തരം പുറന്തള്ളപ്പെടുന്നു. മണ്ണില്‍നിന്നും കുടിലില്‍നിന്നും തൊഴിലില്‍നിന്നും ഒഴിപ്പിക്കപ്പെടുന്നവരുടെ നിര നീളുന്നു. തൊണ്ണൂറുകളില്‍ ആരംഭിച്ച കീഴടങ്ങലിന്റെ ശിക്ഷയാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്. അക്കാര്യം അന്നേ പറഞ്ഞ എം എന്‍ വിജയന്റെ ശബ്ദം ഇപ്പോള്‍ നമ്മെ കുലുക്കിയുണര്‍ത്തണം. വിദേശഫണ്ടും പദ്ധതിയും കൈനീട്ടി വാങ്ങി സാമ്പത്തിക പുനര്‍ക്രമീകരണ അജണ്ടയ്ക്കു വഴങ്ങിയവര്‍ക്ക് ഇപ്പോഴും അതു തെറ്റായി തോന്നിയിട്ടില്ല. അവരുടെ താല്‍പ്പര്യം ജനങ്ങളുടെ താല്‍പ്പര്യമാവാത്ത കാലത്തോളം അതു ബോധ്യമാവുകയുമില്ല. പക്ഷെ ഇരകളും കരുക്കളുമാക്കപ്പെടുന്ന ജനതയ്ക്ക് ചെറുത്തു നിന്നേ തീരൂ. അവര്‍ക്ക് എം എന്‍ വിജയന്റെ വാക്കുകള്‍ കേള്‍ക്കാതിരിക്കാനാവില്ല.

ആസാദ്
2 ഒക്ടോബര്‍ 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )