Article POLITICS

രാഷ്ട്രമാണ് ശരീരം കാവല്‍ നില്‍ക്കണം ഭരണകൂടം

ഏതൊരാള്‍ക്കും തന്റേതെന്ന് ഒന്നാമത് അവകാശപ്പെടാവുന്ന വസ്തു തന്റെ ശരീരമാണ്. പിന്നെ തന്റെയെന്നു പറയാന്‍ ഒട്ടനവധി വസ്തുക്കളോ കാര്യങ്ങളോ കാണും. അതെല്ലാം മറ്റു പലരുടെതുകൂടിയാവാം എന്നതിനാലാണ് തന്റേത് എന്ന ഉറപ്പിച്ചു പറയലും അവകാശം രേഖപ്പെടുത്തലുമൊക്കെ വേണ്ടി വരുന്നത്.

ഇവിടെ അന്വേഷണം ശരീരത്തെക്കുറിച്ചാണ്. തന്റെ ശരീരത്തിനുമേല്‍ തനിക്കുള്ള അവകാശം അവിടെ നില്‍ക്കട്ടെ. ജീവിച്ചിരിക്കെത്തന്നെ പിന്നീട് ആര്‍ക്കൊക്കെയുണ്ട് അവകാശം? അതെങ്ങനെ വിശദീകരിക്കാം?

അങ്ങനെ നോക്കിയാല്‍, അടുത്ത ബന്ധുക്കള്‍ക്ക് അഥവാ കുടുംബത്തിനാവും ആദ്യ പരിഗണന. പിന്നീടോ? തന്റെ ജാതിയ്ക്ക്, മതത്തിന്, രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് എന്നിങ്ങനെയാവുമോ? അതോ പൊതുസമൂഹം അഥവാ രാഷ്ട്രം നേരിട്ട് വഹിക്കുന്ന അധികാരമാവുമോ ആ അവകാശം നിശ്ചയിക്കുന്നത്? ജനാധിപത്യ രാഷ്ട്രത്തില്‍ ബഹുവിതാന അധികാര ഘടനയിലോ ജനാധിപത്യ പൊതുമണ്ഡലത്തിലോ നിക്ഷിപ്തമായ അവകാശമായിരിക്കുമോ അത്?

ഭരണഘടനയ്ക്കും നീതിപീഠത്തിനും അഭിപ്രായമുണ്ടാവും. വ്യക്തികള്‍ക്കു മൗലികാവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. മത സാമുദായിക വിഭാഗങ്ങള്‍ക്കുമുണ്ട് ചില അവകാശങ്ങള്‍. അതെല്ലാം വ്യാഖ്യാനിച്ചു തങ്ങളുടെ ഇംഗിതങ്ങളിലേയ്ക്ക് വെട്ടിച്ചുരുക്കാനുള്ള ശേഷി മത സാമുദായിക രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്ക് കൈവന്നിട്ടുമുണ്ട്. ചോദ്യം പക്ഷെ, ഇങ്ങനെയാണ്. ജീവിച്ചിരിക്കെ ഒരാളുടെ ശരീരത്തില്‍ അയാള്‍ക്കല്ലാതെ ആര്‍ക്കെങ്കിലും അവകാശമുണ്ടോ? രണ്ടു മൂന്നുംഅവകാശികള്‍ ആരൊക്കെയാണ്? അഥവാ ഒരാളുടെ ശരീരത്തില്‍ അയാള്‍തന്നെ അതിക്രമം നടത്തിയാല്‍ തടയാനുള്ള അധികാരം ആര്‍ക്കെങ്കിലുമുണ്ടോ ? ഉണ്ടെങ്കില്‍ അതാരാണ്?
ഇവിടെ ഞാന്‍ കരുതുന്നത് പൊതു ജനാധിപത്യ സമൂഹത്തിനാണ് ആ അവകാശമെന്നാണ്. സ്റ്റേറ്റ് അഥവാ ഭരണകൂടം ശരീരത്തിനു കാവല്‍ നില്‍ക്കാന്‍ നിയുക്തവുമാണ്.

നമ്മുടേതുപോലുള്ള സമൂഹങ്ങളില്‍ ശരീരബോധം കേവലം വ്യക്തി നിഷ്ഠമോ വംശ വര്‍ണ ജാതി മത നിഷ്ഠമോ ആയിത്തീര്‍ന്നിരിക്കുന്നു. അതു വലിയ വെട്ടിച്ചുരുക്കലാണ്. രാഷ്ട്ര ശരീരത്തിന്റെ സൂക്ഷ്മമായേ ജനാധിപത്യ സമൂഹങ്ങളില്‍ വ്യക്തി ശരീരത്തെ കാണാനാവൂ. ശരീരമനുഭവിക്കുന്ന ആശ്ലേഷം രാഷ്ട്ര ജീവിതത്തെ ആനന്ദിപ്പിക്കും. അതു എല്ലാ സങ്കുചിതത്വങ്ങളും കൈ വെടിഞ്ഞുകൊണ്ടുള്ളതാവുമ്പോള്‍ പ്രത്യേകിച്ചും. ശരീരത്തിനേല്‍ക്കുന്ന അക്രമം കുടുംബത്തെ മുറിവേല്‍പ്പിക്കും. ശരീരമിടപെടുന്ന കൂട്ടങ്ങളെയെല്ലാം ആശങ്കയിലാഴ്ത്തും. പക്ഷെ, അക്രമം രാഷ്ട്രത്തിനു മേലുള്ള അതിക്രമമായി തിരിച്ചറിയപ്പെടാറുണ്ടോ? വികസിത സമൂഹം അക്രമികളെ രാഷ്ട്ര നിയമത്തിനു വിട്ടു കൊടുക്കാറുണ്ടോ?

ശരീരം തന്റേത്, താന്‍ ജാതിയുടേത്, മതത്തിന്റേത്, പാര്‍ട്ടിയുടേത്. അതിനാല്‍ ആശ്ലേഷമോ അക്രമമോ തന്റെയും തന്റെ കൂട്ടരുടെയും നിശ്ചയം എന്നു തീരുമാനിക്കുന്ന ബോധം അരാഷ്ട്രീയമാണ്. ജനാധിപത്യ വിരുദ്ധമാണ്. ശരീരത്തിന്റെ രാഷ്ട്രീയം അംഗീകരിക്കാതെ ഇനി മുന്നോട്ടു പോകാനാവില്ല.

ആസാദ്
25 സെപ്തംബര്‍ 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )