Article POLITICS

സി പി എം വിരുദ്ധരെന്ന ചാപ്പകുത്തല്‍ ഭീരുക്കളുടെ കല്ലേറ്

red

സമരത്തെ ഹൈജാക് ചെയ്യാന്‍ സി പി എം വിരുദ്ധര്‍ ശ്രമിച്ചുവെന്നാണത്രെ കോടിയേരിയുടെ പ്രധാന പരാതി.

ആരാണ് സി പി എം വിരുദ്ധര്‍? അങ്ങനെയൊരു കൂട്ടരുണ്ടോ? എന്റെ അറിവിലില്ല. ആര്‍ക്കെങ്കിലും എതിരെ തീര്‍ക്കാനുള്ളതല്ല ആരുടെയും ജീവിതം. അപ്പോള്‍ ആ വിമര്‍ശനത്തിന്റെ കാതലെന്താണ്? തങ്ങളുടെ പാര്‍ട്ടിയ്ക്കപ്പുറം നോക്കെത്താത്ത അല്‍പ്പത്തത്തിന്റെ മിഥ്യയാണത്. ഞങ്ങളും എതിരാളികളും എന്നവര്‍ ലോകത്തെ വിഭജിക്കുന്നു. ഞങ്ങളല്ലാത്തവരൊക്കെ എതിരാളികള്‍. വൈവിദ്ധ്യവും നാനാത്വവുമൊക്കെ അംഗീകരിക്കാവുന്ന ദര്‍ശന വിശാലതയൊന്നും അവര്‍ക്ക് കാണില്ല. മാര്‍ക്സിസത്തിന് സൂക്ഷ്മ വൈവിദ്ധ്യങ്ങളെ അഭിമുഖീകരിക്കാന്‍ ശേഷിയും സന്നദ്ധതയുമുണ്ടെങ്കിലും ആ പേരിലുള്ള കേരളത്തിലെ പാര്‍ട്ടിക്ക് അതു ഭയമാണ്. അവര്‍ക്കെല്ലാം വിരുദ്ധരും ശത്രുക്കളുമാണ്. അവര്‍ സ്വയം അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നതുപോലും കോണ്‍ഗ്രസ് വിരുദ്ധരെന്നോ ബിജെപി വിരുദ്ധരെന്നോ സി പി ഐ വിരുദ്ധരെന്നോ ഒക്കെയാണ്.

ഒരാളോ ഒരു പാര്‍ട്ടിയോ മറ്റൊരു പാര്‍ട്ടിയെ വിമര്‍ശിക്കുന്നതെപ്പോഴാണ്? അവരെടുക്കുന്ന നിലപാടുകളോടോ അവരുടെ സമീപനങ്ങളോടോ വിയോജിക്കേണ്ടി വരുമ്പോള്‍. അതു തിരിച്ചറിഞ്ഞു തിരുത്തുകയോ ധീരമായ സംവാദങ്ങളില്‍ ഏര്‍പ്പെടുകയോ ആണ് ആരോഗ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. സി പിഎമ്മിനോടു ഇതര ഇടതുപക്ഷം നടത്തുന്ന വിമര്‍ശനം പ്രധാനമായും സി പി എം വലതുപക്ഷ വികസന നയങ്ങളുടെ നടത്തിപ്പുകാരാവുന്നു എന്നതാണ്. ആ വിമര്‍ശനത്തിന് ഫലപ്രദമായ പ്രതിരോധം തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന ക്ഷീണത്തെ അതിജീവിക്കാനാണ് നിങ്ങള്‍ സിപിഎം വിരുദ്ധരാണ് എന്ന ഭീരുവിന്റെ കല്ലേറു നടത്തുന്നത്.

അധികാരത്തിന്റെ ഭാഷ സിപിഎം സ്വാംശീകരിച്ചു പ്രയോഗിക്കുകയാണ്. അക്രമിക്കാനുള്ള അധികാര വിശേഷണമാണ് നിങ്ങള്‍ വിരുദ്ധരാണ് എന്ന പ്രഖ്യാപനം. ശത്രുക്കളായി ആദ്യം ചിലരെ അടയാളപ്പെടുത്തുക, പിന്നെ അവര്‍ തൊട്ടതോ അവരെ തൊട്ടതോ ആയ എല്ലാം എല്ലാവരുടെയും ശത്രുക്കളാണെന്ന് പ്രചരിപ്പിക്കുക. പൊതുവെ ഫാഷിസ്റ്റുകളും ഏകാധിപതികളും സ്വീകരിക്കുന്ന മാര്‍ഗമാണത്. ജെ എന്‍ യു വിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടയില്‍ പാക്കിസ്ഥാന്‍ മുദ്രാവാക്യം ഉയര്‍ന്നുവെന്നു പറയുക, ജനകീയ സമരങ്ങളില്‍ മാവോയിസ്റ്റ് നിഴല്‍ കണ്ടു എന്നു പ്രചരിപ്പിക്കുക, കന്യാസ്ത്രീ സമരവേദിയില്‍ വര്‍ഗീയ വാദികള്‍, അല്ലെങ്കില്‍ അരാജകവാദികള്‍ ഹൈജാക്കിനൂ ശ്രമിക്കുന്നുവെന്ന് ആരോപിക്കുക — ഇതെല്ലാം ആ അക്രമോത്സുക രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ പകര്‍പ്പുകളാണ്. ഈ സ്വഭാവത്തിന്റെ തുറന്ന പ്രഖ്യാപനമാണ് പാര്‍ട്ടിവിരുദ്ധന്‍ എന്ന ചാപ്പകുത്ത്.

നേരിടാന്‍ ആവതില്ല എന്ന ദയനീയ വിലാപമാണത്. ഞങ്ങളോ എതിര്‍ പാര്‍ട്ടികളുടെ വിരുദ്ധന്‍ എന്നു വിശേഷിപ്പിക്കേണ്ടി വരുന്നതും സ്വന്തം അസ്തിത്വം സിദ്ധാന്ത– പ്രയോഗങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കാതെ പോകുന്നതുകൊണ്ടാണ്. ശേഷിക്കുറവും ഭീരുത്വവും ഇങ്ങനെ കൊട്ടിഘോഷിക്കണോ എന്നവര്‍ ആലോചിക്കട്ടെ. എല്ലാ ഫാഷിസ്റ്റുകളുടെയും ‘ധൈര്യം’ ഈ പ്രകടനപരത മാത്രമാണ്. അതുപേക്ഷിച്ച് ഞങ്ങളിതാണ് ഞങ്ങളിതാണ് എന്ന് സ്വന്തം ദര്‍ശനത്തിന്റെയും പ്രയോഗത്തിന്റെയും തുറന്നുവെപ്പാണ് ഇച്ഛാശക്തിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

വൈരുദ്ധ്യമാണ് പുരോഗമനത്തിന്റെ ജീവനെന്ന് കരുതേണ്ട പ്രസ്ഥാനം വിരുദ്ധരെ ഭയക്കുന്നതിന്റെ പൊരുളും രസകരം. വൈരുദ്ധ്യാത്മകത എന്തെന്നു തിരിഞ്ഞുകിട്ടാത്ത വൈരുദ്ധ്യാത്മക ഭൗതികവാദികളാണവര്‍. മാര്‍ക്സിസ്റ്റുകള്‍ വിപരീതത്തെ അഭിസംബോധന ചെയ്യാന്‍ സവിശേഷ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. എതിര്‍പ്പിന്റെ സൈദ്ധാന്തികാടിത്തറ തകര്‍ക്കുന്നതിന്റെ ആനന്ദത്തോളം വരില്ല അവര്‍ക്ക് മറ്റൊന്നും. എന്നാല്‍ വിരുദ്ധരെ കൊന്നുകളഞ്ഞ് വൈരുദ്ധ്യങ്ങളെയും വിപരീതങ്ങളെയും ജയിക്കാം എന്നു കരുതുന്ന ‘വിപ്ലവകാരികളെ’ക്കുറിച്ച് എന്തു പറയാന്‍! അധികാരോന്മാദത്തിന്റെയും ഫാഷിസത്തിന്റെയും ജീനുകള്‍ കയറി താളംപിഴച്ച പാര്‍ട്ടിജന്മങ്ങളായി മാറുന്നവര്‍ അങ്ങനെ സ്വയം പകര്‍ത്തി മദിച്ചു തീരട്ടെ. തിരുത്താനുള്ള വിവേകമുണ്ടെങ്കില്‍ ഇപ്പോഴും വൈകിയില്ല എന്നേ പറയുന്നുള്ളു.

ആസാദ്
22 സെപ്തംബര്‍ 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )