സോളാര്‍ കേസ്, ബാര്‍ക്കോഴക്കേസ്, അവിഹിത സ്വത്തു സമ്പാദനക്കേസ്, വയല്‍ നികത്തല്‍ കേസ്, ഭൂമിയിടപാടു കേസ്, കയ്യേറ്റമൊഴിപ്പിക്കല്‍ കേസ് എന്നിങ്ങനെ എത്ര കേസുകളെക്കുറിച്ചാണ് സമീപ ഭൂതകാലത്ത് നാം ചര്‍ച്ച ചെയ്തിട്ടുള്ളത്! അവയൊക്കെ എവിടെയെത്തി നില്ക്കുന്നു?
വലിയ രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, തോട്ടം ഉടമകള്‍, കോര്‍പറേറ്റ് വ്യവസായികള്‍, ആള്‍ദൈവങ്ങള്‍, ക്വട്ടേഷന്‍ മാഫിയകള്‍ എന്നിവര്‍ക്കെതിരെയെല്ലാം കേസുകളുണ്ടായിരുന്നു. ഫ്രാങ്കോയ്ക്കെതിരെ ചുമത്തപ്പെട്ടപോലെയുള്ള കുറ്റകൃത്യങ്ങള്‍ ചില രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിതന്നെ പറഞ്ഞിരുന്നു. അതൊക്കെ എന്തായിക്കാണുമാവോ! മുന്‍ മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചു സമരം ചെയ്തവര്‍ അതൊക്കെ വിഴുങ്ങിയത് എത്ര പണിപ്പെട്ടാവണം! ആ ആരോപണങ്ങളൊക്കെ സദുദ്ദേശപരമായിരുന്നല്ലോ. വര്‍ഗീയവാദികളോ അരാജകവാദികളോ മാവോയിസ്റ്റുകളോ ഇടതു തീവ്രവാദികളോ തലയിടാത്ത വിശുദ്ധ യുദ്ധങ്ങളായിരുന്നു എല്ലാം. അവയ്ക്കൊക്കെ എന്തുപറ്റിക്കാണും ?
വലിയ പ്രസ്ഥാനവും അതിന്റെ വിപുലമായ ജനസ്വാധീനവും സോളാര്കേസന്വേഷണവുമായി ബന്ധപ്പെട്ടു തലസ്ഥാനത്തു നടത്തിയ സമരത്തെ വിജയിപ്പിച്ചില്ല. അന്വേഷണം നടത്താന്‍ ശേഷിയുള്ള പൊലീസും അതിനു നേതൃത്വം നല്കാന് പ്രാപ്തമായ ഭരണവും ഉണ്ടായിട്ടെന്തേ ആരോപിതരില്‍ ഒരാളെയെങ്കിലും അറസ്റ്റുചെയ്ത് നിയമത്തിനു മുന്നിലെത്തിക്കാന്‍ കഴിഞ്ഞില്ല? ആലപ്പുഴയില്‍ വയല്‍നികത്തി റിസോര്‍ട്ടു പണിഞ്ഞ മന്ത്രിയോ ജിഷ്ണുവിന്റെ മരണത്തിനിട വരുത്തിയെന്ന് ആരോപിക്കപ്പെട്ട സ്വാശ്രയ മുതലാളിയും ശിക്ഷിക്കപ്പെട്ടു കണ്ടില്ല. മലബാര്‍ സിമെന്റ്സിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിഞ്ഞില്ല. നാലു വര്‍ഷം മുമ്പ് മാനേജരുടെ പീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ച അനീഷുമാസ്റ്റര്ക്ക് നീതി നല്കാന് ആ മാനേജരെ ഒന്ന് അറസ്റ്റ് ചെയ്യുകപോലും ഉണ്ടായില്ല. കോഴിക്കോട്ടെ സി പിഎം ഓഫീസിനും കോടിയേരിയുടെ പ്രസംഗ മണ്ഡപത്തിനും നേരെ വന്നുവീണ ബോംബുകളുടെ ഉറവിടംപോലും കണ്ടെത്താനായില്ല. എന്നിട്ടും നമ്മുടെ പൊലീസ് വല്ലപ്പോഴും ലഭിച്ച പൊന്‍തൂവല്‍ പ്രകാശത്തില്‍ ആടിത്തിമര്‍ക്കുകയാണ്.
കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും പൊലീസ് ഫ്രാങ്കോയെ പിടിക്കുമായിരുന്നു എന്ന വാദം നാം അംഗീകരിച്ചുകൊടുക്കണമത്രെ! നീട്ടി നീട്ടി ഇടയിലെവിടെയെങ്കിലും വാദിയും പ്രതിയും കൈകൊടുത്തു പിരിയുംവരെ പോകാമെന്നേ അവര്‍ ധരിച്ചു കാണൂ. എംഎല്‍എയായ ഗണേഷ് കുമാറിനെതിരെ ഒരു സ്ത്രീ നല്കിയ പരാതിക്ക് എന്താണ് പറ്റിയത്? ലക്ഷ്മീ നായരുടെ പേരിലുയര്‍ന്ന ആരോപണങ്ങളും കേസുകളും എന്തായി? ഹ്രസ്വമായ ഓര്മകളേയുള്ളു മലയാളിക്കെന്നത് ഭരണക്കാരുടെ ഭാഗ്യം. എന്തിനും പിന്നില്‍നില്‍ക്കുന്ന അന്ധാനുയായി സംഘം പാപങ്ങളെ മായ്ച്ചുകളയും. അടിമത്തത്തിനപ്പുറം ഒരു ദര്‍ശനവും ആരെയും അസ്വസ്ഥമാക്കാത്തത് ഭരണകൂടത്തിന്റെ മറ്റൊരു മഹാഭാഗ്യം.
എന്നാല്‍ ചെറുതും വലുതുമായ സമരങ്ങള്‍ വ്യാപിക്കുകയാണ്. ഓരോയിടത്തും പീഡിതരും നിസ്വരുമായ മനുഷ്യര്‍ അഭയമന്വേഷിക്കുന്നുണ്ട്. ഒരിക്കല്‍ തുണയായിരുന്നവര്‍ ഇപ്പോള്‍ വേട്ടക്കാര്ക്കൊപ്പമാണെന്നത് അവരെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്. എങ്കിലും സമരമുഖങ്ങളില്‍ പുതിയ ബന്ധങ്ങള്‍ രൂപപ്പെടുന്നു. അവരെ എന്തു പേരില്‍ ആക്ഷേപിച്ചാലും അവര്‍ക്കു പൊരുതാതെവയ്യ. നാളത്തെ ലോകം രൂപപ്പെടുന്നത് പ്രക്ഷോഭങ്ങളുടെ ഉലകളിലാണ്. അതാണ് ചരിത്രം.
ആസാദ്
21 സെപ്തംബര്‍ 2018