Article POLITICS

ഉന്നതസ്ഥാനീയര്‍ക്ക് വേറെയുണ്ടോ നിയമ പുസ്തകം?

ഉന്നതസ്ഥാനീയനായ ഒരാള്‍ കുറ്റാരോപിതനാവൂമ്പോള്‍ അന്വേഷണസംഘം കൂടുതല്‍ ജാഗ്രത പുലര്‍ത്താറുണ്ട്. തന്റെ പദവിയും സമ്പത്തുമെല്ലാം ഇരകളെയും സാക്ഷികളെയും സ്വാധീനിക്കാനോ ഉന്മൂലനം വരുത്താനോ അയാള്‍ ഉപയോഗിച്ചേയ്ക്കും. അതിനാല്‍ സാധാരണ പൗരനു നല്‍കാവുന്ന അത്രപോലും സമയം ഉന്നതര്‍ക്ക് നല്‍കിക്കൂടാ. ആരോപണമുയര്‍ന്നാല്‍ ഉടന്‍ പിടികൂടി നിയമത്തിനു മുന്നില്‍ എത്തിക്കുകയാണ് വേണ്ടത്.

നമ്മുടെ നാട്ടില്‍ പക്ഷെ, സ്ഥിതി നേര്‍വിപരീതമാണ്. സാധാരണ പൗരന് ഒരാനുകൂല്യവും ലഭിക്കില്ല. വക്കീലിനെ കണ്ടെത്താനുള്ള സമയംപോലും അനുവദിച്ചെന്നു വരില്ല. ജാമ്യമില്ലാ വകുപ്പു പ്രകാരം ഉടന്‍ അറസ്റ്റു ചെയ്യേണ്ട ലൈംഗിക പീഡനക്കേസിലെ പ്രതിക്ക് മൂന്നു മാസത്തോളം സമയമാണ് ലഭിച്ചിരിക്കുന്നത്. അയാള്‍ ഉന്നതസ്ഥാനീയനായതുകൊണ്ട് ഉറച്ച തെളിവുകളോടെ വേണമത്രെ അറസ്റ്റ്. രാജ്യത്തെ ഭരണഘടനയ്ക്കും നിയമത്തിനും മുന്നില്‍ പദവിക്കോ സ്ഥാനത്തിനോ സമ്പത്തിനോ എന്തു കാര്യം? പരാതിയുടെ ഗൗരവത്തിനനുസരിച്ച് ഉടന്‍ ചെയ്യേണ്ടത് നിയമപാലകര്‍ ചെയ്യണം. അതാരാണെങ്കിലും നിയമത്തിന് ഒരുവഴിയേ കാണാവൂ.

അറസ്റ്റ് ചെയ്യപ്പെടുന്നവരൊക്കെ കുറ്റവാളികളാകണമെന്നില്ല. അവര്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കട്ടെ. എന്നാല്‍ അറസ്റ്റ് മഹാപാതകമാണെന്നു വരുത്തുന്നത് ഇപ്പോള്‍ പൊലീസ് തന്നെയാണ്. ഉന്നതരെ തൊടേണ്ടി വരുമ്പോള്‍ തൊടുന്യായത്തിലിഴയുകയാണവര്‍. കാലവിളംബം വരുത്തി ലൈംഗികാതിക്രമ ക്കേസില്‍ തെളിവു നശിപ്പിക്കാനോ കള്ളരേഖ ചമയ്ക്കാനോ ഇരകളെ സ്വാധീനിക്കാനോ മൊഴി മാറ്റിയ്ക്കാനോ ഉള്ള അവസരം വച്ചു നീട്ടുന്ന ആഭ്യന്തര വകുപ്പിന്റെ നടപടി കുറ്റകൃത്യമാണ്. ഇങ്ങനെ ബിഷപ്പിനോ അതുപോലുള്ള ഉന്നതസ്ഥാനീയര്‍ക്കോ മാത്രം ആനുകൂല്യമനുവദിക്കുന്നതിന്റെ യുക്തി മഹത്തായ നീതിന്യായബോധത്തിന്റേതാവാന്‍ ഒട്ടും ഇടയില്ല.

കന്യാസ്ത്രീകള്‍ സമരരംഗത്തിറങ്ങാന്‍ മടിക്കയോ ജനങ്ങളും മാധ്യമങ്ങളും അശ്രദ്ധ പുലര്‍ത്തുകയോ ചെയ്തിരുന്നെങ്കില്‍ ഈ കേസ് സഭയ്ക്കകത്ത് അടിച്ചമര്‍ത്തപ്പെടുമായിരുന്നു. അത്യുന്നത സ്ഥാനീയനായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കഴിഞ്ഞ മൂന്നുമാസക്കാലം എന്തുണ്ടായെന്ന് നമുക്കറിയാം. അറസ്റ്റില്ലാതെ വൈകിക്കുന്ന സമയമത്രയും പരാതിക്കാരിയെ ഒറ്റപ്പെടുത്താനോ വരുതിയിലാക്കാനോ നിശബ്ദമാക്കാനോ സകല സമ്മര്‍ദ്ദ തന്ത്രങ്ങളും പ്രയോഗക്ഷമമാകും. അതില്‍ സര്‍ക്കാറോ സര്‍ക്കാര്‍ബദ്ധ പ്രസ്ഥാനങ്ങളോ പ്രതിപക്ഷമോ ഒരാശങ്കയും പങ്കുവച്ചില്ലെന്നത് അത്ഭുതകരമാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ആര്‍ എം പി ഐ മാത്രമാണ് ഉറച്ച നിലപാടു സ്വീകരിച്ചത്. ജലന്ധറിലെ ബിഷപ്പ് ഹൗസിലേയ്ക്ക് സ്ത്രീകളുടെ മാര്‍ച്ച് സംഘടിപ്പിക്കാനും കൊച്ചിയിലെ സമരത്തെ അഭിവാദ്യം ചെയ്യാനും എങ്ങും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും അവര്‍ തയ്യാറായി. രാഷ്ട്രീയ കേരളത്തിന്റെ മാനംകാത്തത് അവരാണ്.

അന്വേഷണം നടക്കുന്നുണ്ടല്ലോ എന്ന ന്യായത്തില്‍ ഒഴിഞ്ഞുമാറുകയാണ് ഭരണ പ്രതിപക്ഷ പാര്‍ട്ടികളും അവയുടെ സ്ത്രീ യുവജന സംഘടനകളും. സമഗ്ര അന്വേഷണമല്ല, ആ പേരില്‍ ഫ്രാങ്കോയ്ക്ക് രക്ഷപ്പെടാനുള്ള സന്ദര്‍ഭമൊരുക്കലാണ് നടന്നത്. അതു വിജയിക്കാത്തത് കന്യാസ്ത്രീകളുടെ സമരജാഗ്രത കൊണ്ടു മാത്രമാണ്. ഇത്തരം അലംഭാവം ഭരണകൂടം ആദ്യമായല്ല പ്രകടിപ്പിക്കുന്നത്. സമീപ ഭൂതകാലത്തെ പല കേസുകളിലും കുറ്റാരോപിതര്‍ ഉന്നത സ്ഥാനീയരാകുമ്പോള്‍ പൊലീസിന് മുട്ടിടിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കുമേല്‍ സര്‍ക്കാര്‍ വിലക്കുകളുണ്ടായിട്ടുണ്ട്. കാലവിളംബംകൊണ്ട് രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. ഓരോന്നും അക്കമിട്ടു പറയാന്‍ ആര്‍ക്കും സാധിക്കും. ഇത്ര പ്രകടമായി നിയമത്തെ ദുരുപയോഗം ചെയ്യുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണെന്നത് നമ്മെ ലജ്ജിപ്പിക്കണം. എല്ലാവര്‍ക്കും തുല്യനീതി നല്‍കേണ്ടവര്‍ ‘ഉന്നതരെ’ തുണയ്ക്കാന്‍ അത്യുത്സാഹം കാണിക്കുന്നത് അപഹാസ്യം തന്നെ.

ആസാദ്
18 സെപ്തംബര്‍ 2018

1 അഭിപ്രായം

  1. പൊതുബോധം എന്നതിന് അനുസൃതമായ അഭിപ്രായ പ്രകടനം എന്നതില്‍ക്കവിഞ്ഞ് യാതൊന്നും ആസാദ് മാഷിന്‍െറ പോസ്റ്റിലില്ല (with due respect). നിയമത്തിന്‍െറ പാലനം വ്യക്തി അധിഷ്ഠിതമാണെന്ന് സുവ്യക്തം, എന്നാല്‍ത്തന്നെയും, കോടതി – അഭിപ്രായപ്പെട്ടത് അന്വേഷണ പുരോഗതിയില്‍ തൃപ്തിയുണ്ടെന്നു തന്നെയാണ്. അതിനര്‍ത്ഥം അന്വേഷണം ശരിയായ ദിശയിലാണെന്നു തന്നെ. പൊതുബോധമല്ല നീതി/ന്യായ വ്യവഹാരങ്ങളെ സ്വാധീനിക്കേണ്ടത്…..

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )