ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യൂ, സഹോദരിമാരെ സംരക്ഷിക്കൂ എന്നെഴുതിയ പോസ്റ്റര്‍ നമ്മുടെ ചുമരുകളില്‍ നിറയുകയാണ്. ആ പോസ്റ്ററിലെ ചിത്രം ശ്രദ്ധേയമാണ്. കയ്യിലൊരു ഗ്രന്ഥവുമായി നില്ക്കുന്ന സിസ്റ്റര്‍. അശ്രദ്ധമായി നിരീക്ഷിച്ചാല്‍ പുസ്തകം ബൈബിളാണെന്നേ ആരും കരുതൂ. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ അതിന്ത്യന്‍ ഭരണഘടനയാണല്ലോ എന്നു നാം വിസ്മയിക്കും. ചെറിയതല്ലാത്ത മാറ്റമാണത്. ബൈബിളില്‍നിന്ന് ഭരണഘടനയിലേയ്ക്ക്.
സഭയില്‍ തീരാത്ത തര്‍ക്കമുണ്ട്. ആണധികാരവും ആണ്അവബോധവും ശമിപ്പിക്കാത്ത മുറിവുണ്ട്. ഒറ്റയുത്തരത്തില്‍ ചോദ്യങ്ങളൊടുങ്ങുന്ന കാലം കഴിഞ്ഞിരിക്കുന്നു. ദുഷ്ടന് പൊടുന്നനെ വളര്ന്ന്ആകാശം മുട്ടുകയും മേഘങ്ങളെ ചുംബിക്കുകയും ചെയ്യുന്നതു കണ്ടു പരിഭ്രമിക്കേണ്ട, തന്റെ വിസര്ജ്ജനംപോലെ അവന് തള്ളപ്പെടും എന്നു ബൈബിള്‍. പക്ഷെ, അതുപോലെയോ, നിശാദര്‍ശനം പോലെയോ അവന് മാഞ്ഞുപോകുന്നില്ലെന്നും അവന്റെ ക്രൗര്യം തന്നില്‍ വ്രണങ്ങളേല്പ്പിക്കുന്നുവെന്നും അനുഭവം. അവനെ വിചാരണ ചെയ്യാന്‍ സഭയിലാളില്ല. പക്ഷെ, ജനാധിപത്യമോ ഇരകളിലാണ് കെട്ടിപ്പൊക്കപ്പെട്ടത്. അവിടെ കുതറാനും പൊരുതാനും ഇടമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിയമ പുസ്തകം ഇരകളുടെ വേദപുസ്തകമത്രെ.
ദൈവശാസ്ത്രത്തിന്റെ തര്‍ക്കരഹിത ലോകത്തു നീതി ലഭിക്കാതെ ജനാധിപത്യ വ്യവഹാരങ്ങളുടെ സംവാദാത്മക ലോകത്തേയ്ക്ക് അവര്‍ ഇറങ്ങിയിരിക്കുന്നു. ക്രിസ്തു പീഡിതരിലാണെന്ന് മറക്കാന്‍ മതാധികാര ദുഷ്പ്രഭുകള്ക്ക് എളുപ്പമാവാം. എന്നാല്‍ ജനാധിപത്യ രാഷ്ട്രീയം ആ ബോധ്യത്തിലാണ് പടുക്കപ്പെട്ടത്. അതോര്മ്മിപ്പിക്കലാണ് സംവാദങ്ങളും സമരങ്ങളും നിരന്തരം ചെയ്യുന്നത്. ആണധികാര സഭകളില്‍നിന്ന് ജനാധികാര ലോകത്തേയ്ക്ക് എടുത്തുചാടുന്നവര്‍ ചരിത്രത്തിലെ ഇരുണ്ട കാലത്തെ പിറകില്‍ തള്ളി യഥാര്‍ത്ഥ രക്ഷകരെ കണ്ടെത്തുകയാണ്.
ബൈബിളിരുന്നിടത്ത് ജനാധിപത്യത്തിന്റെ പുതിയ നിയമ പുസ്തകം സ്വീകരിക്കപ്പെടുന്നത് ആവേശം നല്കുന്നു. ഇന്ത്യന്‍ ഭരണഘടനയേന്തിയ സഹോദരി പുതിയ വിമോചനപ്പോരാട്ടത്തിന്റെ ഐക്കണാവുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ സ്തംഭിച്ചുപോയ ഒരുറവ പൊടുന്നനെ പൊട്ടി പ്രവഹിക്കുകയാണ്. ശേഷിയുള്ളവര്‍ തടുക്കട്ടെ. ഭരണകൂടങ്ങള്‍ക്ക് അതു തടയാമെങ്കില്‍ കാണട്ടെ. ഓര്‍ക്കാപ്പുറത്തെ ഒരു നിലവിളിയോ ഇറങ്ങിപ്പുറപ്പെടലോ ചരിത്രമാവുന്നത് ഇങ്ങനെയൊക്കെയാവണം.
ആസാദ്
18 സെപ്തംബര്‍ 2018