പിണറായി സര്‍ക്കാറിനെ സംരക്ഷിക്കാന്‍ വര്‍ഗ ബഹുജന സേവന സംഘടനകളുടെ മഹാനിര കോട്ടതീര്‍ത്തു നില്‍ക്കുന്നത് കണ്ടിരുന്നു. അഭ്യുദയ കാംഷികളുടെ ഒരു നിര വേറെയുമുണ്ട്. ആരെങ്കിലും ഒരു വിമര്‍ശനമുന്നയിച്ചാല്‍ ചാടിവീണു സര്‍ക്കാറിനെ പ്രതിരോധിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍, രാജ്യമൊരു അപകടത്തില്‍ പെട്ടിരിക്കുന്നു, ഒരു മാസത്തെ ശംബളം നല്കി സഹായിക്കൂ എന്നു മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോള്‍ അവരിലേറെപ്പേരും അതു കേള്‍ക്കുന്നില്ല. ജീവന് നല്‍കുമെന്ന് പറഞ്ഞവര്‍ ഒരുമാസത്തെ ശംബളം പത്തുമാസംകൊണ്ടു നല്‍കൂ എന്ന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന തള്ളിക്കളയുകയാണ്.
രണ്ടു ദിവസം, മൂന്നു ദിവസം എന്നിങ്ങനെ ഇരുപത്തിയൊമ്പതു ദിവസംവരെയാവാം എന്ന കരുണകൊണ്ട് അവര്‍ സര്‍ക്കാറിനെ തോല്‍പ്പിക്കുന്നു. ഏറ്റവും അടുത്ത സഖാക്കള്‍ ഏറ്റവും വലിയ രഹസ്യ വിമര്‍ശകരാവുന്നു. സംഘടനാ പദവികളിലുള്ളവര്‍ മാത്രം നല്‍കാം എന്ന ഗൂഢധാരണയുണ്ടാകുന്നു. മറ്റുള്ളവരില്‍നിന്നു പിരിച്ച ചെറു ലക്ഷങ്ങള്‍ നല്കി സംഘടനകള്‍ ബാധ്യത നിറവേറ്റുന്നു. രാജ്യം വിപത്കാലത്തെ എതിരിടുമ്പോള്‍ ആരുണ്ട് തുണ? സര്‍ക്കാറിന്റെ അനുഭാവമൊന്നും പ്രതീക്ഷിക്കാത്ത അറിയപ്പെടാത്ത അനേകര്‍ ജീവിതം പങ്കുവച്ചു. പക്ഷെ, ആവശ്യങ്ങളേറെയുള്ളവര് തങ്ങളുടെ ആവശ്യങ്ങളെപ്പറ്റി മാത്രം ഓര്‍ത്തു തങ്ങളിലേക്കു വലിയുന്നു.
രാജ്യം കരുണയാവശ്യപ്പെടുമ്പോള് അതു നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്. സര്‍ക്കാറിന്റെ ഏതു പ്രവര്‍ത്തനത്തെയും വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യാം. നമ്മുടെ ബാധ്യത പക്ഷെ, മറന്നുകൂടാ. ജനങ്ങളോടൊപ്പം നില്‍ക്കാനുള്ള ആര്‍ജ്ജവം സംഘടനകള്‍ക്കു വേണം. തത്വാധിഷ്ഠിത നിലപാടും പ്രയോഗക്ഷമതയുമുള്ള നേതൃത്വത്തിന്റെ അഭാവവുമാണ് സംഘടനകളുടെ ഈ ഇരട്ടത്താപ്പില്‍ തെളിയുന്നത്. സര്‍ക്കാറിനൊപ്പം എന്ന പുലമ്പലുകള്‍ ഇനി വേണ്ട. വാക്കല്ല പ്രയോഗമാണ് ഇന്നാവശ്യം.
ആസാദ്
15 സെപ്തംബര്‍ 2018