എന്റെ പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ, അനീതിയോടു സമരസപ്പെടാനാവാത്ത സമരയൗവ്വനങ്ങളായി നിങ്ങള്‍ തിളച്ചു മറിയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഫാഷിസത്തിനെതിരെ മഹാ സംഗമങ്ങള്‍. സദാചാര ഭീകരതക്കെതിരെ ചുംബനാശ്ലേഷങ്ങള്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ മഴവില്‍ പോരാട്ടങ്ങള്‍. ഇവയൊക്കെ പതിവു സമരങ്ങളെ അമ്പരപ്പിച്ച പുതു മുന്നേറ്റങ്ങളായി. കത്തിയാളുമേതിടവുമെന്ന് ഭരണകൂടങ്ങളെ അതു ഭയപ്പെടുത്തിക്കാണും. അതിനാല്‍ നിങ്ങള്‍ക്കു പിറകില്‍ തീവ്രവാദി നിഴലുകള്‍ തുന്നിച്ചേര്‍ക്കുന്ന അധികാരപ്പാഴ് വേല പലവുരുവുണ്ടായി. നിങ്ങളൊഴികെ എല്ലാവരും നിങ്ങളുടെ തുറന്നുവിടപ്പെട്ട ഊര്ജ്ജോറവകള് കണ്ടു നടുങ്ങി.
നിങ്ങളോ, കിടപ്പാടത്തില്‍നിന്നും തൊഴിലില്‍നിന്നും പുറം തള്ളപ്പെട്ട അനേകരുടെ സമരത്തെ കണ്ടില്ല. ചവിട്ടിമെതിക്കുന്ന മത/വര്‍ഗ/വംശ/ ലിംഗ ദുഷ്ടാധികാര വാഴ്ച്ചയ്ക്കെതിരെ പൊട്ടുന്ന അനേക ശബ്ദങ്ങളെ സംബോധന ചെയ്തില്ല. കക്ഷിരാഷ്ട്രീയ കെട്ടുകാഴ്ച്ചകള്ക്കപ്പുറത്ത് നീതി നിലവിളിക്കുന്നതു കേട്ടില്ല. കൊലചെയ്യപ്പെട്ടവരുടെ വിധവകള്ക്കൊപ്പമോ മാനഭംഗപ്പെടുത്തപ്പെട്ട സഹോദരിമാര്ക്കൊപ്പമോ തെരുവില്‍ അമര്‍ഷത്തിന് തീ കൊടുത്തില്ല. പാറ പൊട്ടിച്ചും കുന്നിടിച്ചും വയല്‍ നികത്തിയും മണല്‍ കടത്തിയും തിടംവെച്ച കൊള്ള മുതലാളിത്തത്തെ ചൂട്ടുകത്തിച്ചു ഭയപ്പെടുത്തിയില്ല. എല്ലായിടത്തും ചിലരുണ്ടായിരുന്നു. രോഷങ്ങളിലവരൊറ്റപ്പെട്ടു. അനീതിക്കെതിരെ കേരളീയ യൗവ്വനം എപ്പോഴും ഒന്നിച്ചുണര്ന്നില്ല.
ഇപ്പോള്‍ കന്യാസ്ത്രീ സഹോദരികള്‍ നമ്മുടെ തെരുവില്‍ കൈകളുയര്‍ത്തി നിലവിളിക്കുന്നു. ക്രിസ്തുവിനെപ്പോലും തിന്മയില് മുക്കുന്ന പാപികളെ ശിക്ഷിക്കണം ജനാധിപത്യമേ എന്ന്. ആണധികാരം എവിടെയെല്ലാമാണ് അശ്ലീല വേഴ്ച്ചകള്കൊണ്ട് കളങ്കിതമാക്കുന്നത്! പൊന്‍കുന്നം വര്‍ക്കിയോ സിജെ തോമസോ പറഞ്ഞപ്പോള്‍ അത് ആണസ്വസ്ഥതയെന്ന് തള്ളി. അഭയയുടെ വിസ്മൃതമാവാത്ത ജഡഛായ അകം ഭദ്രമല്ലെന്ന് പാടിക്കൊണ്ടിരുന്നു. ഇപ്പോള്‍ മഠം വിടാതെ തെരുവിലെത്തി സന്യാസിനിമാര്‍ ശങ്കയിലെ സത്യം തുറന്നു കാട്ടുന്നു.
അവര്‍ക്കിനി എന്തു പറ്റും? ഫ്രാങ്കോ തെളിവുകളോടെ പിടിക്കപ്പെടുകയും വിചാരണ നേരിട്ട് ശിക്ഷിക്കപ്പെടുകയും ചെയ്യുമോ? അതോ മാനഭംഗങ്ങളെ എതിരിട്ടതിന് സന്യാസിനിമാര്‍ പുറത്താക്കപ്പെടുമോ? തെരുവില്‍ നിലവിളിച്ച കുറ്റത്തിന് അവരെന്നേയ്ക്കും തെരുവിലിറക്കപ്പെടുമോ? സദാചാര ഭീകരതയ്ക്കും ജനാധിപത്യ ധ്വംസനത്തിനും എതിരെ മഹാ സംഗമങ്ങള്‍ നടത്തിയ യൗവ്വനത്തുടിപ്പുകളെവിടെ? എവിടെ കാമ്പസുകളിലാളിയ പുതിയ പെണ്‍വീര്യം? സൈനികച്ചട്ടയുള്ള മതഘടനയില്‍ തളയ്ക്കപ്പട്ടവര് ഇപ്പോള്‍ മേലാളരില്‍നിന്നു നീതി കാക്കുന്നില്ല. അവര്‍ ജനാധിപത്യത്തിന്റെ പൊതുമണ്ഡലത്തില്‍ വന്നിരിക്കുന്നു. അവരെ തുണയ്ക്കേണ്ടേ നാം യുവ സുഹൃത്തുക്കളേ? അല്ലെങ്കില്‍ പിന്നെ തിളച്ചുപൊന്തിയ ആ ഊര്‍ജ്ജത്തിന് എന്തു വില? എന്തു കാര്യം?
ആസാദ്
15 സെപ്തംബര്‍ 2018