Article POLITICS

കാളപ്പോരിന്റെ നാട്ടിലെ കമ്യൂണിസ്റ്റു പരീക്ഷണങ്ങള്‍

ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലെ കോളമിസ്റ്റ് ഹരിത സാവിത്രിക്ക് നന്ദി. ദക്ഷിണ സ്പെയ്നിലെ ഒരു കമ്യൂണിസ്റ്റ് ഗ്രാമത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതിന്. നാലു പതിറ്റാണ്ടാവുകയാണ് ഒരു കമ്യൂണിസ്റ്റു മേയര്‍ മരീനാലേദ എന്ന പ്രവിശ്യയില്‍ മേയറായി അധികാരമേറ്റിട്ട്. 1979നുശേഷം തുടര്‍ച്ചയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നു. ജുവാന്‍ മാനുവല്‍ സാഞ്ചെസ് ഗോര്‍ദില്ലോ എന്നാണ് അദ്ദേഹത്തിനു പേര്.

കമ്യൂണിസ്റ്റ് ഉട്ടോപ്പിയ എന്നു ലോകമാധ്യമങ്ങള്‍ വാഴ്ത്തിയ മരീനാലേദയില്‍ പോയി അവരുടെ ചെഗുവേരയോട് സംസാരിക്കുകയാണ് ഹരിത. കര്‍ഷകരുടെ ഗ്രാമത്തില്‍ അവരിലൊരാളായി മേയറുണ്ട്. സര്‍വ്വസമ്മതനായ നേതാവ്. ഒരു പ്രദേശത്തിന്റെ ഭാഗധേയം തിരുത്തിയ നേതൃത്വം. ക്രിസ്തുവും ഗാന്ധിയും മാര്‍ക്സും ലെനിനും ചെയും ചേര്‍ന്ന് രൂപപ്പെടുത്തിയ രാഷ്ട്രീയത്തിലെ പ്രായോഗിക ബോധം. മുപ്പതാം വയസ്സില്‍ മേയറാവുമ്പോള്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഉയര്‍ന്ന നിരക്കിലായിരുന്നു. ഇപ്പോള്‍ അന്തലൂസിയ സംസ്ഥാനത്ത് മുപ്പത്തിയേഴു ശതമാനം തൊഴില്‍ രഹിതരുള്ളപ്പോള്‍ അതിലൊരിടത്ത് തൊഴില്‍രഹിതരില്ലാത്ത ഉട്ടോപ്പിയ സൃഷ്ടിച്ചിരിക്കുന്നു ഗോര്‍ദില്ലോ.

എണ്‍പതില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെയും വിശപ്പിനെയും ഗാന്ധിയന്‍ സഹന (നിരാഹാര) സമരത്തിലൂടെ നേരിട്ടു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തെ പ്രതിസന്ധിയെയും അസഹനീയമായ വിശപ്പിനെയും മറ്റൊരു വഴിക്കാണ് നേരിട്ടത്. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ കയ്യേറി ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതോടെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ റോബിന്‍ഹുഡ് മേയറെന്നും സ്പാനിഷ് പ്രതിസന്ധിയിലെ ഡോണ്‍ ക്യുക്സോട്ടെന്നും സ്പെയിനിന്റെ വില്യം വാലസെന്നും പലവിധ വിളിപ്പേരുകള്‍ നല്‍കി. സ്വന്തം ജനതയെ ജീവിതത്തിനും അതിജീവനത്തിനും പ്രാപ്തരാക്കാനുള്ള ദൃഢനിശ്ചയവും ഇച്ഛാശക്തിയും ഗോര്‍ദില്ലോയെ വ്യത്യസ്തനാക്കി.

കാര്‍ഷികവൃത്തി ചെയ്തു ജീവിക്കാനാവുമെന്ന് ഈ കൊച്ചു പ്രദേശം തെളിയിക്കുന്നു. എല്ലാവര്‍ക്കും തുല്യവേതനമാണവിടെ. അധിക വരുമാനം സമൂഹത്തിന്റെതാണ്. അത് പൊതുവികാസത്തിനാണ് ഉപയോഗിക്കുക. യന്ത്ര സാമഗ്രികള്‍ വാങ്ങാം, ജീവിത നിലവാരം മെച്ചപ്പെടുത്താം. വീട് മൗലികാവകാശമാണ്. ചുരുങ്ങിയ നിരക്കില്‍ അതു ലഭ്യമാണ്. എന്തിലും സോഷ്യലിസ്റ്റനുഭവങ്ങളുടെ തുടിപ്പുകളുണ്ട്. സ്പാനിഷ് ആഭ്യന്തര യുദ്ധം ഇളക്കിമറിച്ച മണ്ണ്. അവിടെ വിത്തെറിഞ്ഞ വിപ്ലവ ദര്‍ശനങ്ങള്‍ക്ക് അഭിമാനിക്കാം.

നവലിബറല്‍ മുതലാളിത്തം സകലതും കീഴ്പ്പെടുത്തി മുന്നേറുകയാണ്. മാറുന്ന കാലത്ത് ഒരു പ്രദേശത്തുമാത്രം എന്തു ബദല്‍ സാധ്യമാകും എന്നു ചോദിക്കുന്നവരുണ്ട്. അവര്‍ക്കുള്ള ഉത്തരമാണ് സ്പെയിനിലെ ഈ കമ്യൂണിസ്റ്റ് പരീക്ഷണം. ഹരിതയുടെ കുറിപ്പ് ഗോര്‍ദില്ലോ എന്ന പോരാളിയായ നേതാവിനെ നമുക്ക് പരിചയപ്പെടുത്തുന്നു. കമ്യൂണിസ്റ്റുകാരായി ജീവിക്കാനും പൊരുതാനുമുള്ള പ്രചോദനം തരുന്നു. സ്പെയിനിലെ മരീനലേദയില്‍നിന്നു സംസാരിക്കുമ്പോള്‍ കേരളത്തിലെ ഏതോ സമരനിലത്തുനിന്നെന്നവണ്ണം അതു നമ്മെ വികാരം കൊള്ളിക്കുന്നു. ഹരിതാ, നന്ദിയും സ്നേഹവും.
https://www.asianetnews.com/magazine/che-guevara-of-spanish-communist-village-by-haritha-savithri-pf036z

ആസാദ്
14 സെപ്തംബര്‍ 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )