ഒരു മാസത്തെ ശംബളത്തെച്ചൊല്ലിയുള്ള തര്‍ക്കമല്ല, പതിനായിരക്കണക്കിനു ജീവിതങ്ങളെ സംബന്ധിച്ചുള്ള ആശങ്കകളാണ് നമ്മെ അസ്വസ്ഥമാക്കേണ്ടത്. പ്രളയവും പ്രകൃതിക്ഷോഭവും ഒട്ടേറെപേരെ കൊണ്ടുപോയി. മൃതിമുനമ്പില്നിന്ന് സ്വന്തം പ്രാണനല്ലാതെ മറ്റൊന്നുമില്ലാതെ ജീവിതത്തിന്റെ അനിശ്ചിതത്വത്തിലേയ്ക്ക് എടുത്തെറിയപ്പെട്ടവര്‍ ഏറെയുണ്ട്. വീടോ കൃഷിയിടമോ തൊഴിലിടമോ വഴിയോ വിപണിയോ ബാക്കിനിന്നിട്ടില്ല. ആഹാരമോ വസ്ത്രമോ പാത്രമോ വീട്ടുപകരണങ്ങളോ വളര്‍ത്തു മൃഗങ്ങളോ ശേഷിച്ചില്ല. ഒറ്റരാത്രികൊണ്ട് നിരാലംബരും അഭയാര്ത്ഥികളുമായവര്. അവര്‍ക്ക് നാം എന്തു കൊടുക്കും? വസ്ത്രവും ഭക്ഷണവും സന്നദ്ധസേവനവും ധൈര്യവും ആശ്വാസവും നല്കി ഒപ്പം നിന്നിട്ടുണ്ട് കേരളം. എങ്ങുമുള്ള മനുഷ്യര്‍ കയ്യിലുള്ളതെല്ലാം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴും അതു തുടരുകയും ചെയ്യുന്നു. എന്നിട്ടും ഒന്നും എവിടെയും എത്തിയിട്ടില്ല. അരലക്ഷം കോടി രൂപയെങ്കിലും വേണ്ടിവന്നേക്കാം ഇനിയും കണക്കാക്കപ്പെട്ടിട്ടില്ലാത്ത നഷ്ടങ്ങളില്‍നിന്ന് ഒരു ചുവടെങ്കിലും ഉയര്‍ന്നു നില്ക്കാന്.
ഒരു മാസത്തെ ശംബളം, അതെത്രയായാലും തൊഴിലെടുക്കുന്നവരുടെ ജീവിതംതന്നെയാണ്. അതിപ്പോഴല്ലെങ്കില് പിന്നെ എപ്പോഴാണ് പകുക്കാനാവുക? അതു നല്കി നമുക്കവരെ നമ്മുടെ പ്രാണശ്വാസത്തിന്റെ ഭാഗമാക്കണം. ജീവിതമാണ് പകുക്കേണ്ടതെന്നു വരുമ്പോള്‍ ദുരിതമവരുടെ വിധിയെന്ന് തിരിഞ്ഞു പോകുന്നവന് മനുഷ്യനല്ല. മുഖ്യമന്ത്രിയുടെ നിധിയില്‍ അതു പലയിനക്കാശു ചേര്‍ന്ന് കളങ്കിതമാവും എന്നു ഖേദിക്കുന്നവര്‍ പണത്തിനപ്പുറം ജീവിതം കാണാത്തവരാണ്. ഉള്ളതാദ്യം പകുക്കുക എന്നു നിര്‍ബന്ധിക്കുന്നുണ്ട് മനുഷ്യത്വം. ദുരിത കേരളത്തിനു തുണയാവാന്‍ സര്‍ക്കാറിനു കരുത്താകണം. വിയോജിപ്പിനും വിമര്‍ശനത്തിനും നേരമുണ്ട്. അതിനപ്പുറമാണ് കേരളത്തിന്റെ നിലവിളികളാവശ്യപ്പെടുന്നത്.
പ്രളയമോ പകര്‍ച്ചവ്യാധിയോ യുദ്ധമോ ജനങ്ങളൂടെ ജീവിതം തകര്‍ക്കുമ്പോള്‍ രാജ്യത്തെ പൊതുവിഭവങ്ങളുടെ വിതരണവും ഉപയോഗവും പുനര്നിശ്ചയിക്കാനോ പരിമിതപ്പെടുത്താനോ ഭരണകൂടത്തിന് സ്വാതന്ത്ര്യമുണ്ട്. അപൂര്‍വ്വം ഘട്ടങ്ങളില്‍ സാമ്പത്തിക അടിയന്തരാവസ്ഥ വേണ്ടിവന്നേയ്ക്കാം. അത്തരമൊരു സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ജീവനക്കാരെ മാത്രമല്ല, വ്യാപാരികളെയും വ്യവസായികളെയും കര്‍ഷകരെയും തൊഴിലാളികളെയുമെല്ലാം ഇത്തരമൊരു പുനര്‍നിര്‍ണയത്തിലേക്കു കണ്ണി ചേരാന്‍ നിര്ബന്ധിക്കയുമാവാം.
സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങള്‍ അതിന്റെ ശക്തിയും പ്രതിബദ്ധതയും തെളിയിക്കേണ്ട സന്ദര്‍ഭമാണിത്. ജീവനക്കാരുടെ സംഘടനകള്‍ സേവനതുറയുടെ സവിശേഷത അടയാളപ്പെടുത്തേണ്ട സന്ദര്‍ഭവുമാണ്. സര്‍ക്കാര്‍ ഈ പണം എവിടെ തള്ളുമെന്നോ ആരെങ്കിലുമൊക്കെ പങ്കുവെയ്ക്കുമെന്നോ ആശങ്കപ്പെടേണ്ടതില്ല. ജനങ്ങളുടെ സമ്പത്ത് ആപത്ഘട്ടത്തില്‍ ജനാധിപത്യ സര്‍ക്കാറിന് ഉപയോഗിക്കാം. അത് സാമൂഹിക ഓഡിറ്റിങ്ങില്‍നിന്ന് വിമുക്തമാണെന്ന് കരുതേണ്ടതില്ല. പുതിയ കേരളം നിര്‍മിക്കുമ്പോള്‍ ആ പദ്ധതിയുടെ ബ്ലൂപ്രിന്റ് കാണണമെന്നു പറയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താം സമീപനത്തില്‍ തിരുത്ത് നിര്‍ദ്ദേശിക്കാം. അനിവാര്യ ഘട്ടമെങ്കില്‍ പ്രതിഷേധമോ പ്രതിരോധമോ നയിക്കുകയുമാവാം. എന്നാല്‍ ദുരിതം പെയ്തൊഴിയാത്ത മണ്ണില്‍ വിലപേശലുകള്‍ വേണ്ട. ലോകം കരുണയാവശ്യപ്പെടുമ്പോള് കഠിനഹൃദയരാവേണ്ടതില്ല.
സംഘടനകള്‍ സാമ്പത്തിക നേട്ടവും തൊഴില്‍ സുരക്ഷയും നേടിത്തരാന്‍ മാത്രമുള്ളതല്ല. ലോകം കരുണയും സേവനവും ആവശ്യപ്പെടുമ്പോള്‍ അതു നല്കാന്കൂടിയുള്ളതാണ്. സംഘവും ധര്‍മ്മവും വേറിട്ടു നില്ക്കേണ്ടതല്ല. മിക്കവരെയും വലിയ ശംബളംവാങ്ങാനും വലിയ പദവികളില്‍ വാഴിക്കാനും തുണച്ചിട്ടുണ്ടാവാം സംഘടനകള്‍. അതു പകര്‍ന്ന ആത്മബലവും അഭിമാനബോധവും ശേഷിക്കുന്നവര്‍ക്ക് ചരിത്രത്തിന്റെ വിളി കേള്‍ക്കാതിരിക്കാനാവില്ല. അല്ലെങ്കില്‍ ഈ തൃണസമാനരെയാണോ ചുമന്നതെന്ന് സംഘടനകള്‍ ലജ്ജിക്കട്ടെ.
ഒരു മാസത്തെ ശംബളം പല ഗഡുക്കളായെങ്കിലും നല്കി ഇപ്പോള്‍ ദുരിത കേരളത്തിനു തുണയാവൂ. ധൂര്‍ത്തിനും അധാര്‍മ്മികതയ്ക്കും പരിസ്ഥിതിയോടുള്ള വെല്ലുവിളിക്കും എതിരെ പുതിയ രാഷ്ട്രീയ ജാഗ്രത രൂപപ്പെടുത്തണം. ജന- പരിസ്ഥിതിപക്ഷ വികസനത്തിന്റെ പുതിയ യുഗം പിറക്കട്ടെ. യോജിപ്പും വിയോജിപ്പും സംവാദങ്ങളും ഇക്കാര്യത്തിലാണ് വേണ്ടത്. ഒരു മാസത്തെ ശംബളം നല്‍കുന്നത് ഇതുമായി ബന്ധപ്പെട്ട ഒരു തര്‍ക്കമേയല്ല.
ആസാദ്
12 സെപ്തംബര്‍ 2018